ഇറാനും ഇസ്രയേലും തമ്മിലുള്ള സമ്പൂർണ്ണ വെടിനിർത്തലിന് ധാരണയായെന്ന യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പ്രഖ്യാപനത്തിന് പിന്നാലെ ഇസ്രയേലിൽ ആക്രമണം നടത്തി ഇറാൻ. ടെഹ്റാനിൽ നടത്തിയ ആക്രമണത്തിന് മറുപടിയായാണ് ഇന്ന് രാവിലെ ടെൽ അവീവിൽ ഇറാൻ ആക്രമണം നടത്തിയതെന്നാണ് റിപ്പോർട്ട്. ജറുസലേം ഉൾപ്പെടെയുള്ള പല നഗരങ്ങളിലും തുടർച്ചയായ സൈറണുകൾ മുഴങ്ങിയതായും തുടർന്ന് ഫോണുകളിൽ അലർട്ടുകൾ ലഭിച്ചതിനെ തുടർന്ന് ജനങ്ങൾ ബങ്കറുകളിലേക്ക് മാറുകയും ചെയ്തതായി ഇക്കണോമിക് ടൈംസിന്റെ റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിൽ ഇസ്രയേലിലെ ഒരു റസിഡൻഷ്യൽ അപ്പാർട്ട്മെന്റിൽ കനത്ത നാശനഷ്ടമുണ്ടായതായാണ് ലഭിക്കുന്ന വിവരം. സംഘർഷം ആരംഭിച്ചതിന് ശേഷം നാലാം തവണയാണ് ഇറാൻ ഇസ്രയേലിലേക്ക് മിസൈൽ ആക്രമണം നടത്തുന്നത്.
അതേസമയം, ഖത്തറിലെ യുഎസ് സൈനിക വ്യോമതാവളത്തിൽ ഇറാൻ ആക്രമണം നടത്തിയതിന് പിന്നാലെ സമ്പൂർണ വെടിനിർത്തലിന് ധാരണയായെന്ന അവകാശവാദവുമായി ട്രംപ് രംഗത്തെത്തിയിരുന്നു. ട്രൂത്ത് സോഷ്യലിലെ പോസ്റ്റിലൂടെയാണ് വെടിനിർത്തൽ പ്രഖ്യാപിച്ചെന്ന കാര്യം ട്രംപ് അറിയിച്ചത്.
എല്ലാവർക്കും അഭിനന്ദനം അറിയിച്ചുകൊണ്ട് ആരംഭിച്ച പോസ്റ്റിൽ, ഇസ്രയേലും ഇറാനും തമ്മിൽ പൂർണ്ണമായ വെടിനിർത്തലിന് ധാരണയായതായി ട്രംപ് കുറിച്ചു. വരുന്ന ആറ് മണിക്കൂറിനുള്ളിൽ വെടിനിർത്തൽ ആരംഭിക്കുമെന്നും 12 മണിക്കൂർ വരെ വെടിനിർത്തൽ നീണ്ടുനിൽക്കുമെന്നും ട്രംപ് പറഞ്ഞു.’ 24 മണിക്കൂറിനുശേഷം 12 ദിവസത്തെ യുദ്ധം ഔദ്യോഗികമായി അവസാനിച്ചതായി പ്രഖ്യാപിക്കുകയും ആഗോളതലത്തിൽ അംഗീകരിക്കപ്പെടുകയും ചെയ്യും. സമാധാനപരമായ ഒരു പരിഹാരത്തിലെത്തുന്നതിൽ ഇരു രാജ്യങ്ങളും കാണിച്ച മനോഭാവം പ്രശംസ അർഹിക്കുന്നതാണ്’, ട്രംപ് തന്റെ പോസ്റ്റിൽ പറഞ്ഞു.
എന്നാൽ ട്രംപിന്റെ വെടിനിർത്തൽ പ്രഖ്യാപനത്തെ ഇറാൻ നിഷേധിച്ചു. വെടിനിർത്തലിന് ഇതുവരെ ധാരണയായിട്ടില്ലെന്നും നിയമവിരുദ്ധമായ ആക്രമണം ഇസ്രയേൽ നിർത്തിയാൽ മാത്രം വെടിനിർത്തൽ പരിഗണിക്കാമെന്നും ഇറാൻ വിദേശകാര്യമന്ത്രി പറഞ്ഞതായി മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഇസ്രയേലാണ് ഇറാനെതിരെ യുദ്ധം ആരംഭിച്ചതെന്നും ഇറാൻ അറിയിച്ചു. ട്രംപിൻ്റെ പ്രഖ്യാപനം തെറ്റാണെന്നും ഇറാൻ അറിയിച്ചു. ജനശ്രദ്ധ തിരിച്ചുവിടാനാണെന്നാണ് യുഎസ് ശ്രമിക്കുന്നതെന്ന് ഇറാൻ ആരോപിച്ചു. എന്നാൽ ട്രംപിൻ്റെ പ്രഖ്യാപനത്തോട് ഇസ്രയേൽ ഇതുവരെ പ്രതികരിച്ചിട്ടില്ല.
തിങ്കളാഴ്ച രാത്രിയോടെയാണ് അല്‍ ഉദൈദ് വ്യോമതാവളം ലക്ഷ്യമാക്കിയുള്ള ഇറാന്റെ ആക്രമണം നടന്നത്. എന്നാൽ വ്യോമതാവളത്തിലേക്ക് വന്ന മിസൈലുകള്‍ നിര്‍വീര്യമാക്കിയെന്നും ആര്‍ക്കും അപകടം ഒന്നും സംഭവിച്ചിട്ടില്ലെന്നും ഖത്തര്‍ അറിയിച്ചു.
വ്യോമതാവളത്തിൽ ആക്രണം നടത്തിയതിൽ തങ്ങളുടെ നിലപാട് ഇറാൻ വ്യക്തമാക്കിയിരുന്നു. അൽ ഉദൈദ് വ്യോമതാവളത്തിന് നേരെയുള്ള മിസൈൽ ആക്രമണം ഖത്തറിലെ ജനവാസ മേഖലകളിൽ നിന്ന് വളരെ അകലെയാണെന്നും നടപടി സഹോദരതുല്യമായ രാജ്യമായ ഖത്തറിനും അവിടുത്തെ ജനങ്ങൾക്കും ഒരു ഭീഷണിയും ഉയർത്തുന്നതല്ലെന്നും ഇറാൻ അറിയിച്ചിരുന്നു. യുഎസിനുള്ള തിരിച്ചടി മാത്രമായിരുന്നു തങ്ങളുടെ ലക്ഷ്യമെന്നും ഇറാൻ വിശദീകരിച്ചു. സംഘർഷത്തിന് തുടക്കമിട്ടത് ഇറാനല്ലെന്നാണ് നേതാവ് ആയത്തൊള്ള അലി ഖമേനിയുടെ അവകാശവാദം. ഒരു ആക്രമണത്തിനും ഇറാൻ വഴങ്ങില്ലെന്നും ഖമേനി അറിയിച്ചിരുന്നു.
Content Summary: Iran launched missiles at Israel hours after Trump claimed a ceasefire
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.