February 14, 2025 |
Share on

ഇത്തവണ പ്രശ്നം ‘ജിജ്ഞാസ’; മോദിയുടെ ബിരുദ സർട്ടിഫിക്കറ്റിൽ നിന്ന് വീണ്ടും തലയൂരി ഡി.യു

ജനുവരി അവസാനം കേസ് വീണ്ടും പരിഗണിക്കും

മൂന്നാം കക്ഷിയുടെ ജിജ്ഞാസ തൃപ്തിപ്പെടുത്താൻ വിവരാവകാശ നിയമം (ആർടിഐ) ഉപയോഗിക്കരുതെന്ന് ഡൽഹി സർവ്വകലാശാല ഹൈക്കോടതിയിൽ അറിയിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ കോളേജ് ഡി​ഗ്രി സർട്ടിഫിക്കറ്റ് പുറത്ത് വിടണമെന്നുള്ള കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവിലായിരുന്നു സർവ്വകലാശാലയുടെ പ്രതികരണം. modi degree certificate issue
ഒരു വിദ്യാർത്ഥിയുടെ വിവരങ്ങൾ സർവ്വകലാശാലയുടെ വിശ്വാസ്യതയുടെ ഭാ​ഗമാണെന്നും അപരിചിതർക്ക് വെളിപ്പെടുത്താനാകില്ലെന്നും സർവ്വകലാശാലയെ പ്രതിനിധീകരിച്ച് സോളിസ്റ്റർ ജനറൽ തുഷാർ മേത്ത പറഞ്ഞു. സെഷൻ ആറ് പ്രകാരം ആർടിഐ ഫയൽ ചെയ്താൽ വിവരങ്ങൾ നൽകേണ്ടതുണ്ട്. എന്നാൽ അത് ഒരാളുടെ ജിജ്ഞാസയെ തൃപ്തിപ്പെടുത്തുന്നതിന് വേണ്ടിയാകരുതെന്ന് ജസ്റ്റിസ് സച്ചിൻ ദത്ത അധ്യക്ഷനായ ബെഞ്ചിനോട് തുഷാർ മേത്ത പറഞ്ഞു.

1978ൽ ബിരുദാനന്തര ബിരുദം നേടിയ വിദ്യാർത്ഥികളുടെ രേഖകൾ പരിശോധിക്കാൻ അനുവദിക്കണമെന്ന കേന്ദ്ര വിവരാവകാശ കമ്മിഷൻ്റെ ഉത്തരവിനെതിരെ ഡൽഹി സർവകലാശാല നൽകിയ 2017ലെ ഹർജി പരിഗണിക്കുകയായിരുന്നു ഹൈക്കോടതി. ഈ വർഷമാണ് മോദി പരീക്ഷ പാസായത്.

1978ല്‍ ബിരുദ പരീക്ഷയെഴുതിയ വിദ്യാര്‍ത്ഥികളുടെ മാര്‍ക്ക്, വിജയശതമാനം, പേര്, റോള്‍നമ്പര്‍ തുടങ്ങിയ വിവരങ്ങള്‍ വ്യക്തമാക്കണമെന്ന ആവശ്യം ഉന്നയിച്ച് ആക്ടിവിസ്റ്റ് നീരജ് കുമാര്‍ വിവരാവകാശ കമ്മീഷനെ സമീപിച്ചതോടെയാണ് വിവാദം ആരംഭിക്കുന്നത്. ഡല്‍ഹി സര്‍വ്വകലാശാലയിലെ സെന്‍ട്രല്‍ പബ്ലിക്ക് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ വിവരാവകാശം സംബന്ധിച്ച അപേക്ഷ നിരസിക്കുകയായിരുന്നു. വിവരങ്ങള്‍ തരാന്‍ കഴിയില്ലെന്നും മൂന്നാം കക്ഷിയായ വ്യക്തിക്ക് വിവരങ്ങള്‍ കൈമാറാന്‍ കഴിയില്ലെന്നുമായിരുന്നു ഓഫീസര്‍ പറഞ്ഞത്.

തുടര്‍ന്ന് നീരജ് കുമാര്‍ കേന്ദ്ര വിവരാവകാശ കമ്മീഷനെ സമീപിക്കുകയും അപ്പീല്‍ നല്‍കുകയും ചെയ്തു. തുടർന്ന് കമ്മീഷന്‍ നീരജ് കുമാറിന് അനുകൂലമായ ഉത്തരവ് പുറപ്പെടുവിക്കുകയായിരുന്നു. വിദ്യാഭ്യാസ രേഖകള്‍ പൊതുവിവരമാണെന്നും വിദ്യാര്‍ത്ഥികളുടെ ഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ വെളിപ്പെടുത്തണമെന്നും കേന്ദ്ര വിവരാവകാശ കമ്മീഷന്‍ അറിയിച്ചു. സര്‍വകലാശാലകള്‍ പൊതുസ്ഥാപനമാണെന്നും അവയുടെ രേഖകള്‍ പൊതു രേഖകളാണെന്നും കമ്മീഷന്‍ വ്യക്തമാക്കി.

ഹർജിയില്‍ 2017 ജനുവരി 24ന് നടന്ന ആദ്യ ഹിയറിങ്ങില്‍ തന്നെ കേന്ദ്ര വിവരാവകാശ കമ്മീഷന്റെ ഉത്തരവ് കോടതി സ്റ്റേ ചെയ്തിരുന്നു. വിദ്യാര്‍ത്ഥികളുടെ വിവരങ്ങള്‍ പുറത്ത് വിടരുതെന്നും വ്യക്തിഗത വിവരങ്ങള്‍ പുറത്ത് വിടുന്നത് തെറ്റാണെന്നുമായിരുന്നു അന്ന് സര്‍വകലാശാല വാദിച്ചിരുന്നത്. ജനുവരി അവസാനം കേസ് വീണ്ടും പരിഗണിക്കും. modi degree certificate issue
Content Summary: This time the problem is ‘curiosity’;delhi university again escapes from modi degree certificate issue
narendramodi delhi university degree certificate 

×