ലൈം​ഗികാതിക്രമ കേസ്; വേടന് ലുക്കൗട്ട് നോട്ടീസ്

, അന്വേഷണം അന്യസംസ്ഥാനത്തേക്കും വ്യാപിപ്പിച്ചു

ലൈം​ഗികാതിക്രമ കേസിൽ റാപ്പർ വേടനെതിരെ ലുക്കൗട്ട് നോട്ടീസിറക്കി തൃക്കാകര പൊലീസ്. കേസിൽ ഹിരൺ ദാസെന്ന വേടനായി അന്യ സംസ്ഥാനത്തേക്കും അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. ഇതിന്റെ ഭാ​ഗമായി വിമാനത്താവളങ്ങളിലും റെയിൽവേ സ്റ്റേഷനുകളിലുമാണ് ലുക്ക്‌ ഔട്ട്‌ നോട്ടീസും സർക്കുലറും പുറത്തിറക്കിയത്. വേടൻ ഒളിവിൽ തുടരുന്ന സാഹചര്യത്തിലാണ് പൊലീസ് ലുക്കൗട്ട് നോട്ടീസിറക്കിയത്.

വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചെന്ന യുവ ഡോക്ടറുട പരാതിയില്‍ വേടനെതിരെ പൊലീസ് കേസ് എടുത്തിരുന്നു. 2021 ഓഗസ്റ്റ് മുതല്‍ 2023 മാര്‍ച്ച് വരെ വിവിധ സ്ഥലങ്ങളില്‍ എത്തിച്ച് പീഡിപ്പിച്ചെന്നാണ് 31കാരിയുടെ പരാതി. കേസിൽ സാക്ഷികളുടെ മൊഴികൾ രേഖപ്പെടുത്തി തുടങ്ങിയിട്ടുണ്ടെന്നും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കിയിരുന്നു. വേടൻ്റെ പിൻമാറ്റം തന്നെ ഡിപ്രഷനിലേക്ക് നയിച്ചുവെന്നും ആളുകൾ എങ്ങനെ പ്രതികരിക്കും എന്ന് ഭയപ്പെട്ടാണ് ഇതുവരെ പരാതി നൽകാതിരുന്നതെന്നും പരാതിയിൽ പറയുന്നു.

ഇന്‍സ്റ്റഗ്രാമിലൂടെയാണ് വേടന്‍ യുവ ഡോക്ടറെ പരിചയപ്പെട്ടത്. അതിന് പിന്നാലെ കോഴിക്കോടുള്ള ഡോക്ടറുടെ വീട്ടില്‍ എത്തി ബലാത്സംഗം ചെയ്തുവെന്നാണ് പരാതി. തുടര്‍ന്ന് ഇവരെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നല്‍കി വിവിധ ഇടങ്ങളില്‍ വച്ച് പീഡിപ്പിച്ചെന്നാണ് പരാതിയില്‍ പറയുന്നത്. 2023 അവസാനമായപ്പോള്‍ ചില കാര്യങ്ങള്‍ പറഞ്ഞ് വേടന്‍ തന്നെ ബോധപൂര്‍വം ഒഴിവാക്കിയതായി യുവ ഡോക്ടർ പറയുന്നു. അതിന് ശേഷം താന്‍ വിഷാദാവസ്ഥയിലായെന്നും ചികിത്സ തേടിയതായും ഡോക്ടറുടെ മൊഴിയില്‍ ഉണ്ട്. നേരത്തെ തന്നെ വേടനെതിരെ മീടൂ ആരോപണം ഉയര്‍ന്നിരുന്നു. വ്യാഴാഴ്ച പുലർച്ചെയാണ് കേസെടുത്തത്. ഇന്ത്യൻ ശിക്ഷാ നിയമം 376 (2) (N) വകുപ്പ് പ്രകാരമാണ് കേസെടുത്തിരിക്കുന്നത്.

പലപ്പോഴായി പണം വാങ്ങിയിരുന്നുവെന്നും ഇതിന്റെ രേഖകള്‍ കൈയിലുണ്ടെന്നും പരാതിയില്‍ പറയുന്നു. ഭാരതീയ ന്യായസംഹിത നിലവിൽ വരുന്നതിന് മുമ്പ് നടന്ന സംഭവമായതിനാലാണ് ഐപിസി പ്രകാരം കേസെടുത്തത്. 2023 ലാണ് വേടന്‍ തന്നെ ഒഴിവാക്കിയതെന്നും യുവതി പറയുന്നു. ടോക്‌സിക് ആണെന്ന ആരോപിച്ചാണ് തന്നെ വേടന്‍ ഒഴിവാക്കിയതെന്ന് യുവ ഡോക്ടർ മൊഴി നൽകി.

content summary: Thrikkakara police issue lookout notice for rapper Vedan in sexual abuse case

This post was last modified on August 11, 2025 11:38 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment