June 13, 2026 |
Share on

കെട്ടടങ്ങാത്ത വിവാദങ്ങൾക്കിടെ വീണ്ടുമൊരു പൂരക്കാലം

എന്താണ് രാഷ്ട്രീയ വാ​ഗ്വാദങ്ങൾക്ക് വഴിവെച്ച പൂരം കലക്കൽ വിവാദം?

പൂരങ്ങളുടെ പൂരമായ തൃശ്ശൂർ പൂരത്തിന് തുടക്കമായി. ആയിരങ്ങളെ സാക്ഷിയാക്കി തെക്കേ ​ഗോപുരനട തുറന്നു. നെയ്തലക്കാവിലമ്മയുടെ തിടമ്പേറ്റി എറണാകുളം ശിവകുമാർ ഇന്ന് ഉച്ചയ്ക്ക് പൂരവിളംമ്പരം നടത്തി. ഘടകപൂരങ്ങള്‍ക്ക് വടക്കുന്നാഥക്ഷേത്രത്തില്‍ പ്രവേശിക്കാനുള്ള അനുവാദം വാങ്ങാനാണ് നെയ്തലക്കാവിലമ്മ എ‍ഴുന്നള്ളുന്നതെന്നാണ് സങ്കല്‍പം. നാളെയാണ് തൃശ്ശൂർ പൂരം നടക്കുക. നാളെ രാവിലെ ഏഴ് മണി മുതൽ ഘടകപൂരങ്ങളുടെ വരവ് തുടങ്ങും. ഇതോടെ തൃശൂർ പൂരത്തിന്റെ ആവേശത്തിലേക്ക് നാടും ജനങ്ങളും ചെന്നിറങ്ങുകയാണ്.

സാംസ്കാരിക തലസ്ഥാനത്തെ ആവേശത്തിലാഴ്ത്തി പൂരത്തിന് കൊടിയേറുമ്പോഴും കഴിഞ്ഞ വർഷത്തെ പൂരം കലക്കലുമായി ബന്ധപ്പെട്ട വിവാദങ്ങൾ ഇപ്പോഴും കെട്ടടങ്ങിയിട്ടില്ല. 2024 ഏപ്രിൽ 19 നാണ് സർക്കാരിനെ പ്രതിക്കൂട്ടിലാക്കിയ പൂരം കലക്കൽ വിവാദം നടക്കുന്നത്. വൈകുന്നേരം തെക്കോട്ടിറക്ക സമയത്ത് ആനകളുടെ പട്ടയുമായി എത്തിയ ജനങ്ങളെ കമ്മീഷണർ അങ്കിത് അശോകൻ തടഞ്ഞതാണ് പ്രശ്നങ്ങളുടെയെല്ലാം ആരംഭത്തിലേക്ക് നയിച്ചതെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.

തിരുവമ്പാടി വിഭാ​ഗത്തിന്റെ മഠത്തിൽ വരവ് എത്തുന്ന സമയത്തായിരുന്നു പോലീസിന്റെ ബാരിക്കേടുകൾ തടസമായത്. സംഘാടകർക്കുൾപ്പെടെ സ്വരാജ് റൗണ്ടിലേക്കും വടക്കുംനാഥ ക്ഷേത്ര മൈതാനത്തിലേക്കും കടക്കാൻ കഴിയാത്തത് വലിയ പ്രതിഷേധത്തിന് കാരണമായി. തുടർന്ന് തിരുവമ്പാടി വിഭാ​ഗം തങ്ങൾ പൂരം നിർത്തിവെക്കുകയാണെന്ന് അറിയിക്കുകയായിരുന്നു. അതേതുടർന്ന് പ്രശ്നം കൂടുതൽ രൂക്ഷമാവുകയായിരുന്നു. പൂരം കാണാനെത്തിയവരെയും കമ്മിറ്റി ഭാരവാഹികളെയുമെല്ലാം പോലീസ് തടഞ്ഞതോട് കൂടി പ്രശ്നം വലിയ സംഘർഷത്തിലാണ് കലാശിച്ചത്. പോലീസിന് നേരെ നാട്ടുകാർ ഉൾപ്പെടെയുള്ളവർ തിരിഞ്ഞു. അതിനിടെയാണ് തിരുവമ്പാടി ദേവസ്വം ഓഫീസിൽ നാടകീയ രം​ഗങ്ങൾ അരങ്ങേറുന്നത്. പൂരം നല്ല രീതിയിൽ നടത്താമെന്ന് അന്ന് ഉറപ്പ് നൽകിയിരുന്ന അന്നത്തെ തൃശ്ശൂർ കളക്ടർ വി. ആർ കൃഷ്ണ തേജ സംഭവങ്ങളിൽ ഒന്നിലും തന്നെ ഇടപെട്ടില്ല. കളക്ടറുടെ പിന്മാറ്റത്തെ തുടർന്ന് പൂരവും വെടിക്കെട്ടും നിർത്തിവെക്കുകയാണെന്ന്
തിരുവമ്പാടി ദേവസ്വം നിലപാടെടുത്തു. തുടർന്ന് ഇനിയൊരു ചർച്ചയിലൂടെ മാത്രമേ പൂരം തുടരാനാകൂ എന്ന സ്ഥിതിയെത്തുകയായിരുന്നു. പൂരം നിർത്തിവെച്ച് എല്ലാം പ്രതിസന്ധിയിലായ ഘട്ടത്തിലാണ് അന്നത്തെ ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ​ഗോപി ആംബുലൻസിൽ തിരുവമ്പാടി ഓഫീസിലേക്കെത്തുന്നത്. ശേഷം വിഷയത്തെക്കുറിച്ച് തിരുവമ്പാടി ദേവസ്വം ഭാരവാഹികളുമായി ചർച്ച ചെയ്തു. അന്നത്തെ എൽ.ഡി.എഫ് സ്ഥാനാർത്ഥിയായിരുന്ന വി. എസ് സുനിൽകുമാറും തിരുവമ്പാടി ഓഫീസിലെത്തിയിരുന്നു. പൂരം വിഷയത്തിൽ രാഷ്ട്രീയ നേതാക്കൾ ഇടപെട്ട രീതിയും ഏറെ ചർച്ചയായിരുന്നു. ആംബുലൻസിലുള്ള ബിജെപി സ്ഥാനാർത്ഥിയായിരുന്ന സുരേഷ് ​ഗോപിയുടെ വരവും വിവാദങ്ങൾക്ക് കാരണമായി. പുലർച്ചെ നടക്കുന്ന വെടിക്കെട്ട് കാണുന്നതിനായി നിരവധി പേരാണ് കാത്തിരുന്നത്. എന്നാൽ പറഞ്ഞിരുന്ന സമയത്ത് വെടിക്കെട്ട് നടന്നില്ല. ശേഷം മന്ത്രി കെ. രാജന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളുടെ ഫലമായി ഏകദേശം ഏഴ് മണിയോടെ വെടിക്കെട്ട് നടത്താൻ ദേവസ്വങ്ങൾ സമ്മതിക്കുകയായിരുന്നു.

എന്നാൽ വിവാദങ്ങൾ അപ്പോഴും അവസാനിച്ചിരുന്നില്ല. മാത്രമല്ല, കൂടുതൽ വിവാദങ്ങളിലേക്കാണ് സംഭവം നീങ്ങിയതും. തൃശൂർ ലോക്സഭാ മണ്ഡലത്തിലെ ബിജെപി സ്ഥാനാർഥി സുരേഷ് ഗോപിയെ സഹായിക്കാൻ ആസൂത്രണം ചെയ്ത പദ്ധതിയായിരുന്നു പൂരം കലക്കൽ എന്ന ആരോപണം ഉയർത്തതോടെ വിഷയം രാഷ്ട്രീയ പാർട്ടികൾക്കിടയിൽ വലിയ വാ​ഗ്വാദങ്ങൾക്ക് വഴിവെച്ചു.

പൂരത്തിന്‍റെ രാത്രി സുരേഷ് ഗോപി ആംബുലൻസിൽ വന്നിറങ്ങുന്ന ദൃശ്യങ്ങൾ പുറത്തുവന്നതോടെയാണ് വിഷയം ചർച്ചയായത്. സേവാഭാരതിയുടെ ആംബുലൻസിൽ സ്ഥാനാർതിയെ കൊണ്ടു വന്നത് ബിജെപിയുടെ തിരഞ്ഞെടുപ്പ് കൺൾട്ടൻസിയായി പ്രവർത്തിച്ചിരുന്ന വരാഹി അനലിറ്റിക്സ് ആയിരുന്നു എന്നും ആരോപണം ഉയർന്നിരുന്നു. മന്ത്രി കെ. രാജനും എൽഡിഎഫ് സ്ഥാനാർഥി വി.എസ്. സുനിൽ കുമാറും അടക്കമുള്ളവർ, വാഹനം കടത്തി വിടാത്തതിനാൽ നടന്നാണ് സ്ഥലത്തെത്തിയത്.

പൂരം അലങ്കോലമാക്കാൻ ബോധപൂർവമായ ശ്രമം നടന്നു എന്ന് അന്ന് ആദ്യം ആരോപണം ഉന്നയിക്കുന്നതും സുരേഷ് ഗോപി തന്നെയാണ്. എന്നാൽ പൂരം ബോധപൂർവം കലക്കുകയും പ്രശ്നം പരിഹരിച്ചതിന്‍റെ ക്രെഡിറ്റ് സുരേഷ് ഗോപിക്കു നൽകുകയും ചെയ്യാനുള്ള ശ്രമമാണുണ്ടായതെന്ന് കോൺഗ്രസ് സ്ഥാനാർഥി കെ. മുരളീധരൻ അടക്കമുള്ളവർ ആരോപിച്ചിരുന്നു. പൂരം കലക്കലിൽ ബിജെപിക്കു മാത്രമല്ല, സംസ്ഥാന സർക്കാരിനും പങ്കുണ്ടെന്ന ആരോപണം പല കോൺഗ്രസ് നേതാക്കളും ഉയർത്തിയിരുന്നു.

സുരേഷ് ഗോപിയെ ജയിപ്പിക്കാൻ സിപിഎമ്മിന്‍റെ ഒത്താശയോടെയാണ് ഈ പദ്ധതി നടപ്പാക്കിയതെന്നായിരുന്നു ആരോപണം. എഡിജിപി എം.ആർ. അജിത് കുമാറിനെതിരേ പി.വി. അൻവർ എംഎൽഎ ഉന്നയിച്ച ആരോപണത്തിലും തൃശൂർ പൂരം വിഷയമായിരുന്നു. എന്നാൽ തൃശൂർ പൂരം കലക്കിയതാണെന്ന ആരോപണത്തെക്കുറിച്ച് അന്വേഷിക്കാൻ സംസ്ഥാന സർക്കാർ അന്നു നിയോഗിച്ചത് ഇതേ അജിത് കുമാറിനെത്തന്നെയായിരുന്നു എന്നതാണ് വിചിത്രം. അജിത് കുമാർ ആർഎസ്എസ് നേതാവുമായി മാത്രമല്ല, വരാഹി അനലിറ്റിക്സിന്‍റെ പ്രതിനിധിയുമായും ചർച്ച നടത്തിയിരുന്നു എന്നാണ് പുതി‍യ ആരോപണം. തൃശൂർ പൂരം അട്ടിമിറിക്കാൻ ബോധപൂർവമായ ശ്രമം ഉണ്ടായിട്ടില്ലെന്ന മട്ടിലുള്ള അന്വേഷണ റിപ്പോർട്ടാണ് അജിത് കുമാർ സംസ്ഥാന സർക്കാരിനു സമർപ്പിച്ചിരിക്കുന്നത്. ആഴ്ചകൾക്കുള്ളിൽ സമർപ്പിക്കാൻ നിർദേശിച്ചിരുന്ന റിപ്പോർട്ട് അഞ്ച് മാസം വൈകി, വിവാദം ഉയർന്ന പശ്ചാത്തലത്തിൽ മാത്രമാണ് സമർപ്പിച്ചതും.

Content Summary: thrissur pooram 2025; what is thrissur pooram controversy that led to political arguments?

Leave a Reply

Your email address will not be published. Required fields are marked *

×