തൃശൂര്‍ പൂരത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് ഒരുക്കുന്ന മുണ്ടത്തിക്കോട് പടക്ക നിര്‍മാണ കേന്ദ്രത്തില്‍ വന്‍ സ്‌ഫോടനം. സംഭവത്തില്‍ അഞ്ച് പേര്‍ മരിക്കുകയും നിരവധി തൊഴിലാളികള്‍ക്ക് പരുക്കേറ്റതായും റിപ്പോര്‍ട്ട്. പലരുടെയും പരുക്ക് ഗുരുതരമായതിനാല്‍ മരണസംഖ്യ ഇനിയും ഉയരുമെന്നാണ് സൂചന. തുടര്‍ സ്‌ഫോടനങ്ങള്‍ നടക്കുന്നതിനാല്‍ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായിരിക്കുകയാണ്.
സതീഷ് എന്നയാളുടെ വെടിക്കെട്ട് പുരയിലായിരുന്നു ആദ്യ സ്‌ഫോടനം നടന്നത്. പലരുടെയും ശരീരഭാഗങ്ങള്‍ സമീപത്തെ പാടത്തേക്ക് ചിന്നിച്ചിതറിയതായി ദൃക്‌സാക്ഷികള്‍ മാധ്യമങ്ങളോട് പറഞ്ഞു. സ്‌ഫോടനത്തിന്റെ ശബ്ദം കിലോമീറ്ററുകള്‍ക്കപ്പുറം വരെ കേട്ടതായി നാട്ടുകാര്‍ പറയുന്നു.
തൃശൂര്‍ പൂരത്തിന്റെ ഭാഗമായുള്ള സാമ്പിള്‍ വെടിക്കെട്ടിനായി തയാറാക്കിവെച്ച അമിട്ടുകളും ഗുണ്ടുകളും ഉള്‍പ്പെടെയുള്ള സാമഗ്രികളാണ് സ്‌ഫോടനത്തില്‍ കത്തിയത്. നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുന്നതിനിടെയാണ് അപകടമെന്നാണ് പ്രാഥമിക നിഗമനം. സ്‌ഫോടനത്തിന്റെ ആഘാതത്തില്‍ വെടിക്കെട്ട് പുര പൂര്‍ണ്ണമായും തകര്‍ന്നു വീണു.
അപകടം നടന്ന സ്ഥലത്തേക്കുള്ള വഴി ചെറുതായതിനാല്‍ ഫയര്‍ഫോഴ്സിന് ഇവിടേയ്ക്കെത്തുന്നതില്‍ ബുദ്ധിമുട്ടുണ്ടാക്കി. തുടര്‍ന്ന് സമീപത്തെ മതില്‍ തകര്‍ത്താണ് ഫയര്‍ഫോഴ്സ് സംഘം സ്ഥലത്തെത്തിയത്. വലിയൊരു പാടശേഖരത്തിന്റെ കരയിലായാണ് വെടിക്കെട്ട് നിര്‍മ്മാണശാല സ്ഥിതിചെയ്തിരുന്നത്. സ്ഫോടനത്തെ തുടര്‍ന്ന് ഈ പാടശേഖരത്തിലേക്ക് പടക്കങ്ങള്‍ തെറിച്ചുവീണ് പൊട്ടാന്‍ തുടങ്ങി. ഉഗ്രസ്ഫോടനത്തെ തുടര്‍ന്ന് അവശിഷ്ടങ്ങള്‍ ദൂരേക്ക് തെറിച്ചുവീണു പൊട്ടിത്തെറിക്കുന്ന ഭീകരസാഹചര്യമാണ് നിലവിലുള്ളത്. അതിനാല്‍ മറ്റാരെയും ഉള്ളിലേക്ക് കടത്തിവിടുന്നില്ല. തീ അണച്ചതിനുശേഷം മാത്രമേ പരിക്കേറ്റവര്‍ക്കായുള്ള തെരച്ചില്‍ ഊര്‍ജിതമാക്കാനാകൂ.
Content Summary: Thrissur Pooram tragedy: 5 dead in massive explosion at firework manufacturing unit