സി.ആര്‍.ഓമനക്കുട്ടന്‍ അഥവാ ഓര്‍മ്മക്കുട്ടന്‍; പിന്നെ ക്രോമനക്കുട്ടന്‍

സര്‍വോപരി കോട്ടയംകാരന്‍

കൊട്ടാരത്തില്‍ ശങ്കുണ്ണിക്ക് ശേഷം കോട്ടയം മിത്തോളജി പകര്‍ന്ന് തന്നത് സി.ആര്‍. ഓമനക്കുട്ടനാണ്. ദേശ സ്‌നേഹം മൂത്ത് ‘കോട്ടയത്തുകാരായ ഞങ്ങള്‍’ എന്നൊരു പുസ്തകമെഴുതി. താമസം എറണാകുളത്തായിരുന്നെങ്കിലും വീടിന് പേര് ഇട്ടത് ‘തിരുനക്കര’.

എഴുത്തുകാരനും കോളേജ് അദ്ധ്യാപകനുമായിരുന്ന സി. ആര്‍ ഓമനക്കുട്ടന്‍ മാഷിന്റെ ചരമദിനമാണിന്ന്.

വിട വാങ്ങുന്നതിന് രണ്ടാഴ്ച മുന്‍പാണ് സി ആര്‍ ഓമനക്കുട്ടന്‍ മാഷ് കൊച്ചിയിലെ മറൈന്‍ ഡ്രൈവിലുള്ള ടാജ് ഗേറ്റ് വേ ഹോട്ടലിലെ വേദിയില്‍ തന്റെ രണ്ട് പുസ്തകങ്ങളുടെ പ്രകാശന ചടങ്ങില്‍ ഇരുന്നത്. ആ ഇരിപ്പ് ഒരു ചരിത്ര സംഭവമായിരുന്നു. മഹാരാജാസ് കോളേജിലെ സാറിന്റെ രണ്ട് നടന ശിഷ്യന്‍മാരാണ് വലത്തും ഇടത്തും ഇരുന്നത് – അഭിനയത്തിന് ദേശീയ പുരസ്‌കാരം നേടിയ രണ്ട് നടന്മാര്‍ മമ്മൂട്ടിയും സലിം കുമാറും. മമ്മൂട്ടി ‘ശവം തീനികള്‍’ എന്ന പുസ്തകവും സലിം കുമാര്‍ ‘ സിആറിന്റെ തിരഞ്ഞെടുത്ത കഥകളും’ അവിടെ പ്രകാശനം ചെയ്തു.

ഓമനക്കുട്ടൻ സാർ പങ്കെടുത്ത അവസാന പൊതു ചടങ്ങിൽ ശിഷ്യന്മാരായ മമ്മൂട്ടി, സലിം കുമാർ എന്നിവരോടൊത്ത്

മമ്മൂട്ടിയും സലിം കുമാറും തന്റെ പുസ്തകങ്ങള്‍ പ്രകാശനം ചെയ്യുക. ഏത് അശീതിക്കാരന്‍ (80 വയസുകാരന്‍) എഴുത്തുകാരന് കിട്ടും ഈ അംഗീകാരം? ആ ചടങ്ങ് ഓമനക്കുട്ടന്‍ സാറെഴുതുന്ന ലേഖനങ്ങള്‍ പോലെയായി പരിണമിച്ചു. കാലവും ചരിത്രവും രാഷ്ട്രീയവും സാഹിത്യവും ഗാനവും അഭിനയവും നര്‍മ്മവും എല്ലാം അവിടെ സമ്മേളിച്ചിരുന്നു. മഹാരാജാസിന്റെ ചരിത്രകാരനും അദ്ധ്യാപകനുമായിരുന്ന സി.ആര്‍ ഓമനക്കുട്ടന്‍ സാര്‍ വിട പറഞ്ഞതോടെ ഒരു ചരിത്രത്തിന്റെ ഏട് വായിച്ച് തീര്‍ന്ന പോലെയായായി.

ഒരു ദിവസം എറണാകുളം മഹാരാജാസ് കോളേജിലെ ചുറ്റുഗോവണിയില്‍ ഇരുന്ന് ഒരാള്‍ ഉറക്കെ അലറി വിളിക്കുന്നു. ‘ക്രോമനക്കുട്ടന്‍ ഉണ്ടോ?’ വിദ്യാര്‍ത്ഥികള്‍ ഉടനെ ഓമനക്കുട്ടന്‍ സാറിനെ വിവരമറിയിച്ചു. സാറിനെ തപ്പി വന്നതാണ് ഓമനക്കുട്ടനെ ക്രോമന കുട്ടനാക്കിയത് സാക്ഷാല്‍ ജോണ്‍ എബ്രഹാമിന്റെ മറ്റൊരു ക്രൂരകൃത്യം…

താന്‍ ജനിച്ചു വളര്‍ന്ന കോട്ടയത്ത് വളരെ ചെറുപ്പത്തിലേ ഡി സി കിഴക്കേ മുറിയുമായി അടുത്ത ബന്ധം സ്ഥാപിച്ചിരുന്നതിനാല്‍ ഓമനക്കുട്ടന് വലിപ്പ ചെറുപ്പമില്ലാതെ എല്ലാ സാഹിത്യകാരന്മാരോടും അടുപ്പം സ്ഥാപിക്കാനായി. എന്‍ ബി എസിന്റെ ആദൃ കാലത്തെ പബ്ലിഷിങ് മാനേജറും പിന്നീട് സാഹിത്യ അക്കാദമി സെക്രട്ടറിയുമായ എം കെ മാധവന്‍ നായരുമായി അസാധാരണമായ ആത്മബന്ധമുണ്ടായിരുന്നതിനാല്‍ സാഹിത്യ ലോകത്തെ അപസര്‍പ്പക കഥകളൊക്കെ ഓമനക്കുട്ടന്‍ സാറിന് നന്നായി അറിയാമായിരുന്നു. ഇവയ്ക്കൊപ്പം അദ്ധ്യാപകനായി എറണാകുളത്തും കോഴിക്കോടും ചിലവഴിച്ചപ്പോള്‍ കിട്ടിയ അനുഭവങ്ങളും ചേര്‍ന്നപ്പോള്‍ 25 ഓളം മികച്ച പുസ്തകങ്ങള്‍ പിറന്നു.

അറുപത്തഞ്ച് വയസ് പൂര്‍ത്തിയായപ്പോള്‍ ഓമനക്കുട്ടന്‍ സാറ് അത് ആഘോഷിച്ചു. എങ്ങനെ? പലപ്പോഴായി പലയിടത്ത് എഴുതിയ 65 ലേഖനങ്ങള്‍ രണ്ട് പുസ്തകങ്ങളാക്കി അച്ചടിപ്പിച്ചു – സത്യം ജ്ഞാനം ആനന്ദം, നിറം പിടിപ്പിക്കാത്ത നേരുകള്‍. രണ്ട് പുസ്തകങ്ങളിലും മനോഹരമായ കുറെ ലേഖനങ്ങള്‍. ഒരു വിജ്ഞാന കോശത്തിലും വിക്കിപീഡിയയിലും കാണാന്‍ പറ്റാത്തവ!

കോട്ടയത്ത് വെച്ച് മുണ്ടശ്ശേരിയുടെ വിമര്‍ശന പ്രസംഗത്തിന് മുട്ടത്ത് വര്‍ക്കി അതേ വേദിയില്‍ മറുപടി പറഞ്ഞത് ഒരു ലേഖനത്തില്‍ വായിക്കാം. ഡി സി കിഴേക്ക മുറി കാരൂരിന്റെ പേരില്‍ പുസ്തകം മറ്റൊരാളെക്കൊണ്ട് എഴുതിച്ച് ബാലചന്ദ്രന്‍ എന്ന പേരില്‍ പാഠപുസ്തകമാക്കി. അങ്ങനെ സാഹിത്യ പ്രവര്‍ത്തക സംഘത്തിന് സര്‍ക്കാര്‍ റോയല്‍റ്റി വാങ്ങിക്കൊടുത്ത കഥയും അദ്ദേഹം പറയുന്നുണ്ട്.

സി. ആര്‍ ഓമനക്കുട്ടന്‍

വിമോചന സമരകാലത്ത്, കമ്യൂണിസ്റ്റ് മന്ത്രിസഭയെ താഴെ ഇറക്കാന്‍ അമേരിക്കന്‍ ഡോളര്‍ ഇന്ത്യന്‍ രൂപയായി കേരളത്തില്‍ പലര്‍ക്കും വിതരണം ചെയ്ത ഇന്ത്യയിലെ അമേരിക്കന്‍ സ്ഥാനപതി പാട്രിക്ക് മൊയ്‌നിഹാന്‍, കോട്ടയത്ത് വന്ന്, ഓക്‌സ്ഫഡില്‍ തന്റെ സഹപാഠിയായ കോട്ടയം പാലത്തിങ്കല്‍ ജോര്‍ജ് ഐസക്കിന്റെ കുടുംബ ഉല്‍പ്പന്നമായ, ‘പാലാട്ട്’ അച്ചാറും കൂട്ടി തെങ്ങിന്‍ ചാരായം മോന്തിയ രസകരമായ സംഭവം അതിലുണ്ട്. ഈയിടെ വീണ്ടും വാര്‍ത്തയിലെ താരമായ, അരുന്ധതി റോയിയുടെ അമ്മാവനാണ് ജോര്‍ജ് ഐസക്.

അതിനുമപ്പുറം, ചെമ്മീന്‍ എന്ന വിഖ്യാത ചിത്രത്തിന് നടന്മാരെ തിരഞ്ഞെടുത്ത്, പടം സഹിതം വരച്ച്, രാമു കാര്യാട്ടിന് അയച്ച ചിത്രത്തിന്റെ അനൗദ്യോഗിക കാസ്റ്റിങ് ഡയറക്ടര്‍ ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടിയാണെന്ന കഥ നമ്മളറിഞ്ഞതും ഓമനക്കുട്ടന്‍ സാര്‍ എഴുതിയപ്പോഴാണ്. ദേശസ്‌നേഹം മൂത്ത് ‘കോട്ടയത്തുകാരായ ഞങ്ങള്‍’ എന്നൊരു 12 അദ്ധ്യായം ഉള്ള ഒരു പുസ്തകവും എഴുതി. താമസം എറണാകുളത്താണെങ്കിലും വീട്ടുപേര് ‘തിരുനക്കര’. പോരെ, ഇതില്‍ കൂടുതല്‍ ദേശസ്‌നേഹം ഒരാള്‍ എങ്ങനെ കാണിക്കും?

ഒരു ലേഖനത്തില്‍ മുട്ടത്ത് വര്‍ക്കിയെ അവതരിപ്പിച്ചത് ഇങ്ങനെ: മുട്ടത്ത് വര്‍ക്കി അര നൂറ്റാണ്ട് കാലം നോവലെഴുതിക്കൂട്ടി. 75 പഞ്ചാര നോവല്‍സ്. ഒപ്പം കഥക്കൂട്ടങ്ങളും, നാടകങ്ങളും, കവിതകളും ബാലസാഹിത്യങ്ങളും. തര്‍ജ്ജമകളുമായി വെറെ 52 പുസ്തകവും മൊത്തം 127. കൂടാതെ മുപ്പതിലേറെ തിരക്കഥകളും. രണ്ടല്ല എട്ട് കൈകളായിരുന്നു ബ്രഹ്‌മാവിന്. വാസന ചുണ്ണാമ്പും, പാവുകാച്ചിയ പുകയിലയും എലത്തരിയും ഇരട്ടിമധുരവും കൊപ്രാക്കഷ്ണവും കൂട്ടി മുറുക്കി തുടങ്ങി. കരകാണാക്കടലും അക്കരപ്പച്ചയും ഒരു കുടയും കുഞ്ഞു പെങ്ങളും ഡോക്ടര്‍ ഷിവാഗോയുമൊക്കെയായ് പാടും പൈങ്കിളിയായ് പറന്നു നടക്കുകയാണ്. നോവലുകളുടെ ചരിത്ര പതിപ്പുകളും വെറെ. മുറുക്കിയാല്‍ തുപ്പാന്‍ നേരമില്ല. വിക്കിപീഡിയയില്‍ മുട്ടത്ത് വര്‍ക്കിയെ ഇതുപോലെ വായിക്കാന്‍ പറ്റുമോ?

സിനിമാ നടന്‍ സത്യന്‍ തൊട്ട് അരൂര്‍ സത്യനെ വരെ വായനക്കാര്‍ക്ക് പരിചയപ്പെടുത്തി. മഹാരാജാസിന്റെ ചരിത്രം പറഞ്ഞു. കോട്ടയം മിഥോളജി കൊട്ടാരത്തില്‍ ശങ്കുണ്ണിക്ക് ശേഷം പകര്‍ത്തിയത് ഓമനക്കുട്ടന്‍ സാറാണ്. കോട്ടയത്തെ അരനൂറ്റാണ്ട് കാലത്തെ വ്യക്തികളും സംഭവങ്ങളും അറിയാന്‍ സാറെഴുതിയത് വായിച്ചാല്‍ മതി.

ഓമനക്കുട്ടന്‍ സാറിന്റെ എഴുത്തില്‍ അര നൂറ്റാണ്ടിന്റെ കോട്ടയത്തെ, സാഹിത്യ, സാംസ്‌ക്കാരിക ചരിത്രമുണ്ട്. മുട്ടത്ത് വര്‍ക്കി മുതല്‍ പൊന്‍കുന്നം വര്‍ക്കി വരെയുണ്ട്. നടന്‍ അച്ചന്‍ കുഞ്ഞുണ്ട്. സംവിധായകന്‍ ജോണ്‍ എബ്രഹാം ഉണ്ട്. ആദ്യകാല ഗാനരചയിതാവ് അഭയദേവ് ഉണ്ട്. സാഹിത്യ പ്രവര്‍ത്തക സംഘമുണ്ട്. അതിലെ ഇലക്ഷനും അലമ്പുകളും ഉണ്ട്. തിരുനക്കര മൈതാനമുണ്ട്, ആനന്ദമന്ദിരം ഹോട്ടലുണ്ട്, നാട്ടകത്തെ ഗസ്റ്റ് ഹൗസ് ഉണ്ട്, എന്‍ ബി എസും ഡി സി കിഴക്കേ മുറിയുമുണ്ട്. കോട്ടയംകാരുടെ ദിവ്യപുരുഷന്മാരായ പ്രഭാകര സിദ്ധയോഗി, കപ്പ്യാര് കൊച്ചുട്ടി, എലിച്ചെറിയാന്‍, ബിഷപ്പ് എറിക്ക് മുറിക്ക് എന്നിവരുണ്ട്. കൂടെ ആരേയും ഭാവ ഗായകരാക്കാവുന്ന ആത്മ സൗന്ദര്യമെന്ന് അദ്ദേഹം തന്നെ വിളിക്കുന്ന പഴയ കോട്ടയം പോലീസ് സ്റ്റേഷന്‍ മന്ദിരമുണ്ട്. എഴുതിയതെല്ലാം അനുഭവ കഥകള്‍!

എന്തു കൊണ്ടാണെന്നറിയില്ല ഓമനക്കുട്ടന്‍ സാര്‍ എഴുതിയത് അധികവും പ്രചാരമില്ലാത്ത പ്രസിദ്ധീകരണങ്ങളിലായിരുന്നു. സാറിന്റെ പുസ്തകങ്ങള്‍ പലതും പുറത്ത് വന്നത് ചെറുകിട പ്രസാധകരിലൂടേയും. അതിനാല്‍ അറിയേണ്ട രസക്കഥകള്‍ പലതും വായനക്കാര്‍ക്ക് നഷ്ടമായിരുന്നു.

കുറച്ച് കാലം അന്നത്തെ ചലചിത്ര പ്രസിദ്ധീകരണമായ സിനിമാ മാസികയുടെ ലേഖകനായിരുന്നു. രണ്ട് സത്യന്‍മാരുടെ കഥ ഒരിക്കല്‍ ഓമനക്കുട്ടന്‍ സാര്‍ എഴുതി. ഒരു സിനിമ കാണും പോലെ രസകരമായി വായിച്ച കഥ.’
ആദ്യത്തേത് അഭിനയ ചക്രവര്‍ത്തി സത്യനെ കുറിച്ച് തന്നെ. ഒരു ദിവസം ആലപ്പുഴ ഉദയാസ്റ്റുഡിയോവില്‍ ചെന്ന ലേഖകന്‍ ഓമനക്കുട്ടനെ പ്രേം നസീര്‍ സ്വീകരിച്ചിരുത്തി സര്‍ബത്തൊക്കെ നല്‍കി സല്‍ക്കരിച്ചു. പുല്‍ത്തകിടിയില്‍ നിത്യ ഹരിതനായകനുമായി സംസാരിച്ചിരിക്കെ ദാ വരുന്നു സാക്ഷാല്‍ സത്യന്‍ മാസ്റ്റര്‍.
‘ഞങ്ങള്‍ എഴുന്നേറ്റു കൈ കൂപ്പി.
ഉം ? പോലീസ് എമാന്റെ ചോദ്യം
ഞാന്‍ ആദരപൂര്‍വ്വം അറിയിച്ചു.’ കാണാന്‍ വന്നതാ.
ഞാനിപ്പോള്‍ ആരേയും കാണിക്കാറില്ലല്ലോ’

സത്യന്‍ കനത്ത ചുവട് വെച്ച് മുറിയിലേക്ക് മാര്‍ച്ച് ചെയ്ത് പോയി. ഞങ്ങളാകെ ചമ്മി. പ്രേം നസീറിനും ക്ഷീണം തോന്നിക്കാണും. പതുക്കെ പറഞ്ഞു. ചിലപ്പോഴങ്ങേരങ്ങനെയാ’
മറ്റൊരിക്കല്‍ ഒരു കാറില്‍ സിനിമാ മാസിക എഡിറ്റര്‍ സി.കെ. സോമന്‍ – സത്യന്‍ – ഓമനക്കുട്ടന്‍ എന്നിവര്‍ യാത്ര ചെയ്യുന്നു. സി.കെ. സോമന്‍ ഓമനക്കുട്ടനെ പരിചയപ്പെടുത്തി.

‘ഉം ഒന്നു മൂളിയതേയുള്ളൂ.
അപ്പോള്‍ ഞാന്‍ അയവിറക്കി. ഞാന്‍ വിശദമാക്കിപ്പറഞ്ഞു. ‘ഞാനിപ്പം ആരേയും കാണിക്കാറില്ലല്ലോ എന്ന കഥ’. രസിക്കുമെന്നാണ് കരുതിയത്. ശ്രദ്ധിച്ചു കേട്ടു. പക്ഷേ, ഒരു ഭാവവും മുഖത്ത് ഉദിച്ചില്ല. മൗനം. കാര്‍ നീങ്ങുമ്പോള്‍ വഴിയരികെ മതിലുകളില്‍ സിനിമാ പോസ്റ്ററുകള്‍. സത്യന്‍ ഒരു യുവനടിയെ കെട്ടിപ്പുണരുന്ന ചിത്രമുള്ള പോസ്റ്ററുകള്‍. ഏതോ പുതിയ സിനിമയുടെ.

സത്യൻ

കാറില്‍ ഘനീഭവിച്ച മൗനം മുറിക്കാനായി സോമന്‍ ചേട്ടന്‍ പറഞ്ഞു. ‘എന്റെ സത്യന്‍ മാഷെ, വയസ്സായില്ലേ. ഇനിയെങ്കിലും ഈ കെട്ടിപിടുത്തോം മരം ചുറ്റിയോട്ടോം ഒക്കെ നിറുത്തരുതോ! മക്കള് വലുതായില്ലെ? അവര്‍ വഴിയിലിറങ്ങി നടക്കുമ്പോള്‍ ഇതെല്ലാം കാണില്ലെ? അത് കേട്ടിട്ടും അദ്ദേഹം മിണ്ടിയില്ല. അനക്കമില്ലാതെയിരുന്നു.
‘അല്‍പ്പ സമയം കഴിഞ്ഞ് സാവധാനം ശബ്ദം താഴ്ത്തി പറഞ്ഞു.
‘എന്റെ മക്കള്‍ക്ക് ശരിക്ക് കണ്ണ് കണ്ടുകൂടാ സോമന്‍’
വല്ലാത്തൊരു വിങ്ങല്‍ ഞങ്ങളെ വിഴുങ്ങി. നൊമ്പരം നെഞ്ചില്‍ തിങ്ങി.
സോമന്‍ ചേട്ടന്‍ ദയനീയ ഭാവത്തില്‍ മാപ്പിരന്നു. സത്യന്‍ മാഷ് ചെറുതായി തലയനക്കി. സാരമില്ലെന്നറിയിച്ചു. പിന്നെ പതുക്കെ പറഞ്ഞു. ‘കുറെ പണം വേണം. എന്നിട്ട് എന്റെ മക്കളെ മോസ്‌കോവില്‍ കൊണ്ടു പോയി ചികിത്സിക്കണം’. ആ കറുത്ത സത്യം സോമന്‍ ചേട്ടന്റെ കണ്ണു നിറച്ചു. കണ്ണീരൊഴുകി എന്റെ കവിളും ഈറനായി.

രണ്ടാമന്‍ പ്രതൃക്ഷപ്പെടുന്നത് കോട്ടയത്തെ ക്ലാസിക്ക് ബാര്‍ ഹോട്ടലായ അംബാസിഡറില്‍. ഒരുദിവസം വൈകീട്ട് ഓമനക്കുട്ടനോട് സിനിമാ മാസിക എഡിറ്റര്‍ സി.കെ സോമന്‍ പറഞ്ഞു. അംബാസിഡറില്‍ ഒരു സിനിമാ താരം നമ്മളേയും കാത്തിരിക്കുന്നു. അങ്ങോട്ട് പോകാം. അംബാസിഡര്‍ ഹോട്ടലില്‍ എത്തി. കലാപരിപാടി തുടങ്ങി. എഡിറ്റര്‍ സി.കെ. സോമനും മറ്റാരൊക്കെയോ ഉണ്ട്. സോമന്‍ ചേട്ടനെ സിനിമാ താരം കെട്ടിപ്പുണര്‍ന്ന് വീര്‍പ്പുമുട്ടിച്ചു. എന്നെ പരിചയപ്പെടുത്തിയത് ഒട്ടും ഗൗനിച്ചില്ല. താരത്തെ ഓര്‍ത്തെടുക്കാനുള്ള തത്രപ്പാടിലായിരുന്നു ഞാന്‍.

ഡിന്നര്‍ തുടങ്ങി. അവസാനിക്കാത്ത അത്താഴം. അദ്ദേഹം ഇതിനിടയില്‍ മൂന്നു തവണ എന്നോടു ചോദിച്ചു. ‘നിങ്ങടെ പേരെന്താന്നാ പറഞ്ഞത്.’
മൂന്നു പ്രാവശ്യവും എളിമയോടെ ഞാനറിയിച്ചു. ഓമനക്കുട്ടന്‍ !
മൂളിയിരുത്തി ഒരു നിമിഷം മൗനം പൂകും താരം.
നാലാമതും അദ്ദേഹം ആരാഞ്ഞു. : നിങ്ങടെ പേരെന്താന്നാ പറഞ്ഞത്.’
ഞാന്‍ സോമന്‍ ചേട്ടനോട് ഗര്‍ജ്ജിച്ചു: ഇവനെ ഞാന്‍ തല്ലും !
മറ്റേടത്തെ ഒരു സിലുമാതാരം. ഇവനാരാ? ഇവന്റെ പേരെന്താ?
ഒച്ചപ്പാട് ഒതുക്കി തീര്‍ത്തു സോമന്‍ ചേട്ടന്‍. താരത്തടിയന്‍ എന്നെ കെട്ടിപ്പിടിച്ച് കരഞ്ഞു. കാര്‍ ഓടി തുടങ്ങിയപ്പോഴും അദ്ദേഹം കരയുകയായിരുന്നു. ഇത്രയും വലിയ മനുഷ്യന്‍ കരയുക. എനിക്കും കരച്ചില്‍ വന്നു.
അപ്പോള്‍ ചോദ്യമുണ്ടായി. നിങ്ങടെ പേരെന്താന്നാ പറഞ്ഞെ?
കാറു നിറുത്തടാ. ഡ്രൈവര്‍ പതുക്കെ കാറു നിറുത്തി. അകത്തെ ലൈറ്റിട്ടു. ഞാന്‍ ഇറങ്ങാന്‍ തുടങ്ങുമ്പോള്‍ ആത്മഗതം പോലെ അദ്ദേഹം പറയുന്നു. ‘എനിക്കൊരു സ്‌നേഹിതന്‍ ഉണ്ടായിരുന്നു. സി. ആര്‍. ഓമനക്കുട്ടന്‍. എന്റെ ജീവിതം നശിപ്പിച്ചവന്‍. എന്നെ ഈ പരുവത്തിലാക്കിയവന്‍ …. നിങ്ങടെ പേരെന്താന്നാ പറഞ്ഞത്?

ഞാന്‍ മിഴിച്ചു നിന്നു. ഒച്ച താഴ്ത്തി ചോദിച്ചു. പേര്?
സത്യന്‍, അരൂര്‍ സത്യന്‍. ഞാന്‍ ഓര്‍ത്തെടുക്കാന്‍ ശ്രമിച്ചു. ഈ തടിയന്റെ ജീവിതം നശിപ്പിച്ചവന്‍ ഞാനോ? ഓമനക്കുട്ടന്‍ സാര്‍ എഴുതി.

പിന്നെ താരം ആ കഥ പറഞ്ഞു. എസ്. എന്‍ കോളേജില്‍ പ്രീഡിഗ്രിന് പഠിക്കുന്ന പതിനേഴുകാരന്‍ പയ്യന്‍ സത്യന്‍… നല്ല കാശുള്ള വീട്ടിലെ നല്ല തടിമിടുക്കുള്ള പയ്യന്‍. അപ്പോള്‍ എം.എ. വിദ്യാര്‍ത്ഥിയായ ഓമനക്കുട്ടന്‍ വന്ന് ചോദിച്ചു. നാടകത്തിലഭിനയിക്കാമോ?
അഭിനയിച്ചു. പ്രീഡിഗ്രി തോറ്റെങ്കിലെന്ത് നടനായില്ലെ?
രണ്ട് നാടകങ്ങളില്‍ അഭിനയിച്ചതോടെ സിനിമാ മോഹം വളര്‍ന്നു. അഭിനയ മോഹവും. ഉദയാ സ്റ്റുഡിയോയിലെത്തി. ഒരുപാട് നാള്‍ ശ്രമിച്ച ശേഷം കുഞ്ചാക്കോ മുതലാളിയെ കാണാന്‍ പറ്റി.

‘നടനാവാന്‍ മോഹിച്ചവന്‍ മുതലാളിയുടെ മുറിയില്‍ നിന്ന് അറിയിച്ചു. പേര് സത്യന്‍, വീട് അരൂരില്‍’.
കുഞ്ചാക്കോ ഒന്ന് നോക്കി. വികാരരഹിതനായി ചോദിച്ചു. നീയാ കമ്പിവല ശങ്കൂന്റെ മകനല്ലേ? സത്യന്‍ തലകുലുക്കി സമ്മതിച്ചു.
കുഞ്ചാക്കോ പറഞ്ഞു ‘ഞാന്‍ കള്ളുഷാപ്പ് നടത്തിയിരുന്നപ്പോള്‍ മീന്‍ തന്നിരുന്നത് നിന്റപ്പനാ. തന്ത കഷ്ടപ്പെട്ടുണ്ടാക്കിയത് കളഞ്ഞു കുടിക്കാന്‍ നീ സിനിമായെന്നു പറഞ്ഞ് ഇറങ്ങിയിരിക്കുകാ ? അങ്ങനെ കുഞ്ചാക്കോ മുതലാളി വിരട്ടിയെങ്കിലും, ഒരു പടത്തില്‍ ആദ്യമായി ചെറിയ റോള് നല്‍കി. ഒപ്പം അഭിനയിച്ചത് ഷീല. ഒരു ആന ചിന്നം വിളിച്ച് ഷീലക്ക് നേരെ വരും. ‘ഷീല പേടിച്ച് കരഞ്ഞു കൊണ്ട് ഓടും… ആ ആനയെ കൊമ്പില്‍ പിടിച്ച് നിറുത്തണം. ഓമനക്കുട്ടന്‍ സാര്‍ ആ രംഗം ഇങ്ങനെ എഴുതി.
മുതലാളി ഉത്തരവായി ‘പോയി കൊമ്പേല്‍ പിടിച്ച് നിറുത്തടാ’.
സത്യന്‍ ആനയുടെ നേരെ ചെന്നു. ആന ഒന്ന് നോക്കി. ഏതാണ്ട് തന്റെയത്രയുള്ള ഒരു മനുഷ്യന്‍. ആന തലതാഴ്ത്തി.
ഒ.കെ. ടേക്ക് ഒ.കെ.’

അരൂർ സത്യൻ

അങ്ങനെ സത്യന്‍ സിനിമയില്‍ അഭിനയിച്ചു. ഷീലയുടെ കൂട്ടത്തില്‍ അഭിനയിച്ചു. ചേര്‍ത്തല ലയണ്‍സ് ക്ലബില്‍ വന്‍ പാര്‍ട്ടി നടത്തി. പടം വന്നപ്പോള്‍ സംഭവം എല്ലാമുണ്ട് പക്ഷേ, സത്യന്റെ മുഖമില്ല. പിന്‍ഭാഗം മാത്രമുണ്ട്. മുതലാളിയോട് പരാതിപ്പെടാനൊന്നും പോയില്ല. പോയാല്‍ തെറിയായിരിക്കും കിട്ടുക..
പിന്നെ ഉദയായുടെ പൊന്നാപുരം കോട്ടയില്‍ കാവല്‍ ഭൂതമായി അഭിനയിച്ചു. വിജയശ്രീയെ ബലാല്‍കാരം ചെയ്യുന്ന ബധിരനും മുകനുമായ ആറാം ഗോപുര കാവല്‍ക്കാരനായി അഭിനയിച്ചു. അങ്ങനെ ചെറിയ വേഷങ്ങളില്‍ ഒന്നുമാകാതെ പോയ അരൂര്‍ സത്യന്റെ കഥ കേട്ട് കഴിഞ്ഞ് ഓമനക്കുട്ടന്‍ സാര്‍ എഴുതി.
‘സത്യന്‍ എന്നെ കെട്ടിപ്പിടിച്ച് ചിരിച്ചു. എന്നെ നശിപ്പിച്ചവനേ, എന്നെ ഈ പരുവത്തിലാക്കിയവനേ!

ഓമനക്കുട്ടന്‍ സാറിന്റെ മുന്‍പില്‍ വെച്ചാണ് ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടി ചെമ്മീനിലെ ചെമ്പന്‍ കുഞ്ഞിനേയും ചക്കിയേയും, പളനിയേയും കറുത്തമ്മയേയും നടന്മാരുടെ വേഷത്തില്‍ വരച്ച് രാമുകാര്യാട്ടിന് അയച്ചത്. ചെമ്മീന്റെ 35-ാം വാര്‍ഷികാഘോഷത്തിലാണ് ചെമ്മീന്റെ തിരക്കഥാകൃത്ത് എസ്.എല്‍.പുരം സദാനന്ദന്‍ ഓമനക്കുട്ടന്‍ സാറിന് മാത്രമറിയാവുന്ന ഈ രഹസ്യം വെളിപ്പെടുത്തിയത്. ഓമനക്കുട്ടന്‍ സാറിന് സന്തോഷമായി. സാര്‍ എഴുതി ‘ചെമ്മീന്‍ സിനിമയുടെ കാസ്റ്റിംഗിന്റെ ക്രഡിറ്റ് ആര്‍ട്ടിസ്റ്റ് ശങ്കരന്‍ കുട്ടിക്കുള്ളതാകുന്നു.’

ഓമനക്കുട്ടന്‍ സാര്‍ ചെമ്മീന്റെ നിര്‍മാതാവ് ബാബു സേട്ടിനോടൊരിക്കല്‍ പറഞ്ഞു. ‘ചെമ്മീന്‍’ എന്നൊരു പുസ്തകം പ്ലാന്‍ ചെയ്താലോ – രാജ് കപൂറിന്റെ ‘അവാര’ സിനിമയെ കുറിച്ച് ഗായത്രി ചാറ്റര്‍ജി എഴുതിയ പുസ്തകം പോലെ. ഇംഗ്ലീഷിലും മലയാളത്തിലുമായി. നല്ല പേപ്പറില്‍ ചിത്രങ്ങളും ഗാനങ്ങളുമൊക്കെ ചേര്‍ത്ത് നല്ല ലേ ഔട്ടില്‍ ഒരു മനോഹരമായ പുസ്തകം.
ബാബുവിന്റെ കണ്ണുകള്‍ തിളങ്ങി. ചോദിച്ചു ‘എന്ത് ചിലവാകും?
ഓമനക്കുട്ടന്‍ സാര്‍ വെറുതെ, അക്കാലത്തെ വമ്പന്‍ തുക പറഞ്ഞു’ അമ്പതിനായിരം’.
ബാബുസേട്ട് അതിലും വലുത് ചിന്തിച്ചു. പോരാ മൂന്നു ലക്ഷമാവട്ടെ !
ബാബു സേട്ടിന്റെ വാക്കുകള്‍ ഓമനക്കുട്ടന്‍ സാറിനെ ഞെട്ടിച്ചു. ഹിന്ദി, തമിഴ്, ബംഗാളി ഭാഷകളിലും പുസ്തകം. അഞ്ച് ലക്ഷത്തിന്റെതാവട്ടെ നമ്മുടെ പ്രൊജക്റ്റ്..
അത് കേട്ട് ഓമനക്കുട്ടന്‍ സാര്‍ പേടിച്ചു. ബാബുസേട്ടിനെ പറ്റിക്കാന്‍ ഒരുത്തന്‍ കൂടെ കൂടിയിരിക്കുന്നു എന്നല്ലേ സംഭവം അറിയുന്നവര്‍ പറയൂ. അതോടെ ഓമനക്കുട്ടന്‍ സാര്‍ മുങ്ങി. പിന്നീട് എവിടെയും ബാബുവിന്റെ ബെന്‍സ് കാര്‍ കണ്ടാല്‍ ഓടിയൊളിക്കും. അങ്ങനെ ‘ചെമ്മീന്‍ പാകം ചെയ്ത കഥ’ നിര്‍ഭാഗ്യവശാല്‍ പുസ്തകമായില്ല.

ഓമനക്കുട്ടന്‍ സാര്‍ ബാച്ചിലര്‍ ലൈഫില്‍ കഴിയുന്ന സമയത്ത് കൂട്ടുകാരോടൊത്ത് താമസിക്കുന്ന എറണാകുളത്തെ വീട്ടില്‍ ഉച്ച നേരത്ത് ഒരു മദ്ധ്യവയസ്‌കന്‍ കേറി വന്നു. നല്ല കനപ്പിടി ശബ്ദത്തില്‍ അയാള്‍ പറഞ്ഞു. ചോറു തന്നാല്‍ പാട്ട് പാടാം !
അയാളെ ഒപ്പമിരുത്തി ചോറ് കൊടുത്തു. വയറു നിറയെ കഴിച്ച അയാള്‍ കൈ കഴുകി വന്ന് തറയില്‍ ഇരുന്ന് പാടാന്‍ തുടങ്ങി. ഹൃദ്യമായ ശബ്ദത്തില്‍ കുറെ കീര്‍ത്തനങ്ങള്‍. ആരോ പറഞ്ഞു സിനിമാ പാട്ട് പാടൂ. ഉടനെ അയാള്‍ പ്രസിദ്ധങ്ങളായ കുറച്ച് പാട്ട് പാടി. നല്ല ആലാപനം. പക്ഷേ, അവിടെയുള്ളവര്‍ അന്നത്തെ പ്രസിദ്ധ ഗാനങ്ങളായ – താമസമെന്തെ വരുവാന്‍ തുടങ്ങിയ പാട്ടുകള്‍ പാടാന്‍ ആവശ്യപ്പെട്ടു.
അയാള്‍ നിര്‍വികാരമായി പ്രതികരിച്ചു. ഖാദറിന്റെയും പുരുഷോത്തമന്റെയും ദാസിന്റെയും പാട്ടുകള്‍ ഞാന്‍ പാടില്ല.
എന്നിട്ട് അയാള്‍ പാടാന്‍ തുടങ്ങി, ‘കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം…’
ഉടനെ കേള്‍വിക്കാരനായ ഓമനക്കുട്ടന്‍ സാറടക്കമുള്ളവര്‍ നിര്‍ത്താന്‍ പറഞ്ഞു.
നിങ്ങള്‍ ചോറു തന്നുവെന്നതിനാല്‍ നിങ്ങള്‍ പറയുന്ന പാട്ട് ഞാന്‍ പാടില്ല. ഞാന്‍ എന്റെ പാട്ടേ പാടൂ, അതിനേ ആത്മാവുണ്ടാവൂ, എന്നായിരുന്നു അയാളുടെ മറുപടി.
കലിപൂണ്ട അവിടത്തെ അന്തേവാസികള്‍ അയാളെ ചീത്തവിളിച്ചു. ഒരാള്‍ ചോദിച്ചു താന്‍ മെഹ്ബൂബിന്റെ പാട്ട് പാടുന്നതോ? അയാള്‍ ശബ്ദം താഴ്ത്തി പറഞ്ഞു, ”അത് ഞാന്‍ മെഹബൂബ് ആയതു കൊണ്ട്!” നിമിഷങ്ങള്‍ വേണ്ടി വന്നു അത് കേട്ടവര്‍ക്ക് സമനില കിട്ടാന്‍. ഓമനക്കുട്ടന്‍ സാറെഴുതിയ ‘ആ പാട്ടും ചോറും” എന്ന കുറിപ്പ് പറയുന്നത് ഹൃദയസ്പര്‍ശിയായ ഈ സംഭവമാണ്.

അടിയന്തരാവസ്ഥക്കാലം കഴിഞ്ഞ് രാജന്‍ കേസ് കോടതിയില്‍ വന്ന് കേരളമാകെ ഇളകി മറഞ്ഞപ്പോള്‍ പേനയെടുത്ത് ദേശാഭിമാനിയില്‍ ‘ശവം തീനികള്‍’ എന്ന പേരില്‍ ഒരു ഉഗ്രന്‍ സാധനം ‘അഘശംസി’ എന്ന തൂലികാ നാമത്തില്‍ എഴുതി. ഒന്നല്ല പതിനെട്ടു ലക്കങ്ങളായ് അത് അടിച്ചു വന്നു. (അഘശംസി എന്നാല്‍ പാപം റിപ്പോര്‍ട്ട് ചെയ്യുന്നവന്‍, ദുഷ്ടന്‍ എന്ന് ശബ്ദതാരാവലി).

അടിയന്താരാവസ്ഥയോടുള്ള എതിര്‍പ്പോ രാഷ്ട്രീയ ആവേശമോ ആയിരുന്നില്ല ഇതെഴുതാന്‍ കാരണം. ആ കാലത്ത് രാജന്റെ പിതാവ് ഈച്ചരവാര്യര്‍ കോഴിക്കോട് കോളേജില്‍ പഠിപ്പിച്ചിരുന്നു. അവിടെ അദ്ധ്യാപകനായിരുന്ന ഓമനക്കുട്ടന്‍ സാറിന്റെ സഹപ്രവര്‍ത്തകനും ഒരേ മുറിയില്‍ താമസിക്കുന്നയാളുമായിരുന്നു അദ്ദേഹം. രാജനെ തേടി തിരുവനന്തപുരത്തും കോഴിക്കോട്ടും ഈച്ചരവാര്യര്‍ അലഞ്ഞപ്പോള്‍ കൂടെ ഓമനക്കുട്ടന്‍ സാറുമുണ്ടായിരുന്നു. ആ വേദനകളും വീര്‍പ്പുമുട്ടലുകളും ഇരുവരും അന്ന് പങ്ക് വെച്ചിരുന്നു. ഒടുവില്‍ രാജന്‍ കസ്റ്റഡിയില്‍ കൊല്ലപ്പെട്ടു എന്ന വിവരം ഓമനക്കുട്ടന്‍ സാര്‍ അറിയുന്നത് ഇത് പോലെ ഈച്ചരവാര്യരുടെ കൂടെ പോയ ഒരു യാത്രക്കിടയിലാണ്. അത് ആ പിതാവിനോട് പറയാനാവാതെ കുഴങ്ങി. ആ പിതാവിന്റെ വേദനയും വിഷമവും നേരിട്ടറിഞ്ഞത്, മനസില്‍ തൊട്ടത് തീക്ഷ്ണമായി അവതരിപ്പിച്ചതാണ് ‘ശവം തീനികള്‍’ രാജന്‍ കേസിന്റെ നേര്‍സാക്ഷ്യമായ അത് പുസ്തകമായപ്പോള്‍ നാലു മാസം കൊണ്ട് പതിനായിരം കോപ്പി വിറ്റഴിഞ്ഞു. തമിഴ് പരിഭാഷ ‘പിണന്തിന്നികള്‍’ ഇരുപത്തയ്യായിരം കോപ്പിയും. രാജനെ കസ്റ്റഡിയില്‍ എടുത്തത് തൊട്ടുള്ള സംഭവങ്ങള്‍ പലതും അന്ന് കേരളമറിഞ്ഞത് ഈ കൃതിയിലൂടെയാണ്…

ഏറെക്കഴിഞ്ഞ് ഇ എം എസ് കൊച്ചി ദേശാഭിമാനിയില്‍ വന്നപ്പോള്‍, അവിടെയുണ്ടായിരുന്ന ഇ എം എസിന്റെ മകന്‍ അനിയന്‍ ഓമനക്കുട്ടന്‍ സാറിനെ ഇ എം എസിന് പരിചയപ്പെടുത്തി – ഇതാണ് നമ്മുടെ ‘അഘശംസി.’ ഇ എം എസ് ഒന്ന് നോക്കി. എന്നിട്ട് പറഞ്ഞു പി ജിയാണെന്നാ കരുതിയത് (പി. ഗോവിന്ദപിള്ള). ഓമനക്കുട്ടന്‍ മറുപടി പറഞ്ഞു: പി ജി ആണെന്നാ ഞാനും പറയുന്നത്. ഇഎംഎസ് ചോദിച്ചു, അതെന്താ? ‘അടി വരുന്നത് പി ജിക്കാകട്ടെ’ യെന്ന് മറുപടി. ഇ എം എസ് മനസ് തുറന്നു ചിരിച്ചു.

ജീവിച്ചിരുന്നെങ്കില്‍ അടിയന്തരാവസ്ഥയുടെ ഈ 50-ാം വാര്‍ഷികത്തില്‍ ‘ശവമാക്കിയവര്‍’ എന്ന് പേരിട്ട് ഒരു പുസ്തകം കൂടി സാര്‍ എഴുതിയേനെ. അപാര ഓര്‍മ്മ ശക്തിയുള്ളതിനാല്‍ രാജന്‍ സംഭവത്തിന്റെ അന്ന് എഴുതാന്‍ പറ്റാത്ത കാര്യങ്ങള്‍ ഓമനക്കുട്ടന്‍ സാര്‍ ഇന്ന് എഴുതിയേനെ.

സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘം മുടിഞ്ഞ് കുത്തുപാളയെടുത്ത കാലം. അന്ന് സഹകരണ മന്ത്രിയായ പിണറായി വിജയന്‍ സംഘത്തെ രക്ഷിക്കാന്‍ കോട്ടയത്ത് യോഗം വിളിച്ചുകൂട്ടി. സി പി ശ്രീധരന്‍ പ്രസംഗിച്ചു, ”സംഘം ഭരിക്കാന്‍ ഒരു ഐ എ എസ് കാരനെ നിയമിക്കണം.” ഡി സി കിഴക്കേ മുറി തന്നെ പറഞ്ഞു. ”സംഘത്തില്‍ ഇപ്പോള്‍ വേണ്ടത് ഐ എ എസ് അല്ല, ഐ പി എസ് ഓഫീസറാണ്. അതാണ് ഇപ്പോഴത്തെ സ്ഥിതി.” എന്നാല്‍ സംഘത്തിലെ മുന്‍കാല മെമ്പറായ സി ആര്‍ ഓമനക്കുട്ടന്‍ സാര്‍ പറഞ്ഞു, ”ഐ എ എസും ഐ പി എസുമൊന്നുമല്ല, സംഘത്തിനു വേണ്ടത് ഒരു ഡി സി കിഴക്കേമുറിയെയാണ്.” ആ ഒറ്റ വാക്കില്‍ സാഹിത്യ പ്രവര്‍ത്തക സഹകരണ സംഘത്തിനെ ബാധിച്ച പ്രശ്‌നം എന്താണെന്ന് അവിടെയുള്ളവര്‍ക്ക് മനസിലായി.

എന്‍ വി കൃഷ്ണവാര്യര്‍ക്ക് ശേഷം ഇത്ര വൈവിധ്യമുള്ള വിഷയങ്ങള്‍ എഴുതിയ മറ്റൊരാളും മലയാളസാഹിത്യത്തിലുണ്ടായിട്ടില്ല. എന്‍ വി വൈജ്ഞാനിക സാഹിത്യമെഴുതി; ഓമനക്കുട്ടന്‍ സാര്‍ സ്വാനുഭവസാഹിത്യമെഴുതി. എലിസബത്ത് ടെയ്‌ലറുടെ ജീവചരിത്രമാണ് ആദ്യ കൃതി. എഴുതിയത് പതിനേഴാം വയസില്‍. ലിസ ടെയ്‌ലറെ കുറിച്ച് ഒരു ഇന്ത്യന്‍ ഭാഷയില്‍ വന്ന ആദ്യത്തേതും അവസാനത്തേതുമായ പുസ്തകം എഴുതിയയാള്‍ എന്ന ബഹുമതി സി ആര്‍ ഓമനക്കുട്ടനാണ്.
പിന്നീട് മലയാളത്തിലെ ആദ്യകാല നടി മിസ് കുമാരിയുടെ ആത്മകഥ എഴുതി. (ആത്മകഥ തന്നെ) അതിനും ഒരു ബഹുമതി കിട്ടി. മലയാളത്തിലെ ആദ്യത്തെ ഗോസ്റ്റ് റൈറ്റര്‍!

മമ്മൂട്ടി മുതല്‍ സലിം കുമാര്‍ വരെയുള്ള ശിഷ്യ സമ്പത്ത്. കാല്‍ നൂറ്റാണ്ട് കാലം മഹാരാജാസ് കോളേജുകാരുടെ പ്രിയ അദ്ധാപകന്‍. ജീവിതാനുഭവ സമ്പത്തിലൂടെ ധന്യമായ ജീവിതം. ഓമനക്കുട്ടന്‍ സാറെഴുതിയ ഒരു പുസ്തകത്തിന്റെ ശീര്‍ഷകം തന്നെയാണ് അദ്ദേഹത്തിന്റെ ജീവിതത്തെ സംഗ്രഹിക്കാന്‍ ഉത്തമം – സത്യം ജ്ഞാനം ആനന്ദം! Today is the death anniversary of C. R. Omanakuttan Mash

Content Summary: Today is the death anniversary of C. R. Omanakuttan Mash

This post was last modified on September 16, 2025 11:31 am

അമർനാഥ്‌:
Related Post
Leave a Comment