June 26, 2026 |
Avatar
അമർനാഥ്‌
Share on

വന്‍മരം വീണ ആ ശൈത്യകാലം,ഡല്‍ഹി കുലുങ്ങിയ ദിവസം; ഇന്ദിരാഗാന്ധിയുടെ അവസാന ദിവസം

ഇന്ന്‌ ഇന്ദിരാഗാന്ധിയുടെ ചരമ വാര്‍ഷികം

”എന്നെ ഇല്ലാതാക്കാന്‍ ശ്രമങ്ങള്‍ നടക്കുന്നുണ്ട്, പക്ഷേ എന്റെ അവസാന തുള്ളി രക്തം വരെ രാജ്യത്തിന്റെ ഐക്യവും അഖണ്ഡതയും ഞാന്‍ കാത്തുസൂക്ഷിക്കും. എന്റെ ഓരോ തുള്ളി രക്തവും ഈ രാജ്യത്തിന്റെ വളര്‍ച്ചയ്ക്ക് കാരണമാകുമെന്ന് എനിക്ക് ഉറപ്പുണ്ട്.’

ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അവസാന പ്രസംഗത്തില്‍ നിന്ന്
ഭുവനേശ്വര്‍, ഒറീസ്സ,
ഒക്ടോബര്‍ 29, 1984.

ഇന്ദിരാഗാന്ധിയുടെ ചരമ വാര്‍ഷികം ഇന്നാണ്.

ആ ശൈതൃകാലത്ത്, 1984 ഒക്ടോബര്‍ 31 ന് രാവിലെ 9.10 ന് ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് നടന്നു പോകാന്‍ തന്റെ വസതിയില്‍ നിന്ന് പുറപ്പെട്ടു. അവര്‍ അക്ബര്‍ റോഡിലേക്ക് നടക്കുകയായിരുന്നു. കോണ്‍സ്റ്റബിള്‍ നാരായണ്‍ സിംഗ്, പേഴ്സണല്‍ സെക്യൂരിറ്റി ഓഫീസര്‍ രാമേശ്വര്‍ ദയാല്‍, സെക്രട്ടറി ആര്‍.കെ. ധവാന്‍ എന്നിവര്‍ ഇന്ദിരാഗാന്ധിയോടൊപ്പം ഉണ്ടായിരുന്നു.

ഒക്ടോബര്‍ 30 ന് രാത്രിയോടെ ഒറീസ്സയില്‍ നിന്ന് ഇന്ദിരാഗാന്ധി ന്യൂഡല്‍ഹിയില്‍ തലേനാള്‍ തിരിച്ചെത്തിയതേ ഉണ്ടായിരുന്നുള്ളൂ. അതിനാല്‍ പിറ്റേന്നാള്‍ അവര്‍ക്ക് പതിവിലും തിരക്കേറിയ ഒരു ദിവസമായിരുന്നു, ആ രാത്രി അവര്‍ക്ക് നന്നായി ഉറങ്ങാന്‍ കഴിഞ്ഞില്ല. ആ രാത്രിയെ കുറിച്ച് സോണിയ ഗാന്ധി തന്റെ രാജീവ് എന്ന പുസ്തകത്തില്‍ എഴുതിയിട്ടുണ്ട് — ‘ആസ്മയ്ക്കുള്ള മരുന്ന് കഴിച്ച് ഇന്ദിരാഗാന്ധി പിറ്റേന്ന് പുലര്‍ച്ചെ 4 മണി വരെ ഉണര്‍ന്നിരുന്നു.”

ഒറീസ്സയില്‍, ഭുവനേശ്വറില്‍ നടന്ന ഒരു പൊതുറാലിയിലെ പ്രസംഗത്തില്‍ അവര്‍ പറഞ്ഞ വാക്കുകള്‍ പ്രവചനാത്മകമായിരുന്നു. റാലിയിലെ തന്റെ പ്രസംഗത്തില്‍ പറഞ്ഞു, ”ഇന്ന് ഞാനുണ്ട്, നാളെ ഇവിടെ ഉണ്ടാകണമെന്നില്ല. ഞാന്‍ ജീവിച്ചാലും മരിച്ചാലും എനിക്ക് പ്രശ്‌നമില്ല. ഞാന്‍ വളരെക്കാലം ജീവിച്ചു, എന്റെ ജീവിതം മുഴുവന്‍ എന്റെ ജനങ്ങളുടെ സേവനത്തിനായി ചെലവഴിക്കുന്നതില്‍ ഞാന്‍ അഭിമാനിക്കുന്നു”.

ഒരു യാത്ര കഴിഞ്ഞ് തിരിച്ചെത്തുമ്പോള്‍, പിറ്റേന്ന് രാവിലെ വസതിയിലെ പുല്‍ത്തകിടിയില്‍ വെച്ച് നടത്താറുള്ള ”ദര്‍ബാര്‍” റദ്ദാക്കുക എന്നത് അവരുടെ ഒരു പതിവായിരുന്നു. പ്രധാനമന്ത്രിയുടെ പ്രഭാതത്തിലെ കൂടിക്കാഴ്ചകള്‍ റദ്ദാക്കി വിശ്രമിക്കണമെന്ന് പേഴ്‌സണല്‍ സ്റ്റാഫ് അവരോട് അഭ്യര്‍ത്ഥിച്ചു. പക്ഷേ ഒറീസ പര്യടനത്തിനിടെ ഇംഗ്ലീഷ് ഡോക്യുമെന്ററി നിര്‍മ്മാതാവ് – സംവിധായകന്‍ പീറ്റര്‍ ഉസ്തിനോവ് സംവിധാനം ചെയ്യുന്ന ഡോക്യുമെന്ററിയില്‍ ഇന്ദിരാ ഗാന്ധിയുടെ കുറച്ച് ഭാഗം ഇതിനകം റെക്കോര്‍ഡ് ചെയ്തിരുന്നുവെന്നതിനാല്‍, ഉസ്തിനോവിന്റെ അഭിമുഖം തനിക്ക് പൂര്‍ത്തിയാക്കണമെന്ന് അവര്‍ പറഞ്ഞു.

പിറ്റേന്ന്, ഒക്ടോബര്‍ 31 ന് പീറ്റര്‍ അലക്‌സാണ്ടര്‍ ഉസ്തിനോവിന്റെ സോക്യുമെന്ററിക്ക് മുന്‍കൂട്ടി പറഞ്ഞ പ്രകാരം ഇന്ദിരാഗാന്ധിയുടെ അഭിമുഖം നിശ്ചയിച്ചിരുന്നു. അന്ന് വൈകുന്നേരം, ഇന്ദിരാഗാന്ധിക്ക് ഉണ്ടായിരുന്ന മറ്റൊരു പ്രധാന പരിപാടി ബ്രിട്ടന്റെ മുന്‍ പ്രധാനമന്ത്രി ജെയിംസ് കല്ലിഗനുമായുള്ള കൂടിക്കാഴ്ച്ചയായിരുന്നു. കൂടാതെ, ഇന്ത്യ സന്ദര്‍ശിക്കുന്ന എലിസബത്ത് രാജ്ഞിയുടെ ഏക മകളായ ബ്രിട്ടീഷ് രാജകുമാരി ആനിയെ ഇന്ദിരാഗാന്ധി അന്ന് വൈകീട്ട് ‘ഒരു അത്താഴവിരുന്നിന് ക്ഷണിച്ചിരുന്നു.

ഇന്ദിരാ ഗാന്ധി തൻ്റെ മന്ത്രി സഭാഗംങ്ങളൊത്ത്

സ്വതന്ത്ര ഇന്ത്യയിലെ ഏറ്റവും പ്രധാനപ്പെട്ടതും പിന്നീട് ഇന്ത്യയുടെ രാഷ്ട്രീയ സമവാക്യങ്ങള്‍ തന്നെ മാറ്റി മറിച്ച, ഓപ്പറേഷന്‍ ബ്ലൂസ്റ്റാര്‍’ അമൃത്‌സറിലെ സുവര്‍ണ്ണ ക്ഷേത്രത്തില്‍ ഇന്ത്യന്‍ സൈന്യം നടത്തിയ സൈനിക നടപടി നടന്നിട്ട് 4 മാസം കഴിഞ്ഞെങ്കിലും അതിന്റെ പ്രത്യാഘാതം – തീവ്രവാദത്തിന്റെ അലയൊലികളായി അപ്പോഴും ഇന്ത്യന്‍ രാഷ്ട്രീയത്തില്‍ ശക്തമായി പ്രതിധ്വനിക്കുകയായിരുന്നു. പഞ്ചാബ് പ്രശ്‌നം പരിഹരിക്കാനാവാത്ത അര്‍ബുദമായി പടര്‍ന്ന് ഭരണകൂടത്തെ ഉലച്ച കാലമായതിനാല്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധി വലിയ സമ്മര്‍ദം അനുഭവിച്ചിരുന്നു.

ഓപ്പറേഷന്‍ ബ്ലൂസ്റ്റാറിന് ശേഷം ശ്രീമതി ഗാന്ധിയുടെ ചുറ്റുമുള്ള സുരക്ഷാ വലയത്തില്‍ സിഖുകാരെ നിലനിര്‍ത്തുന്നതിന്റെ അപകടം മനസ്സിലാക്കിയ പ്രധാനമന്ത്രിയുടെ സുരക്ഷാ ചുമതലക്കാര്‍, സുരക്ഷാ സേനയിലെ സിഖുകാരെ ആ ചുമതലയില്‍ നിന്ന് മാറ്റി. അത് അറിഞ്ഞ ഇന്ദിരാഗാന്ധി കടുത്ത അസംതൃപ്തി പ്രകടിപ്പിക്കുകയും ആ നടപടി റദ്ദാക്കി അവരെ പുനഃസ്ഥാപിക്കാന്‍ ഉത്തരവിടുകയും ചെയ്തു.

ഇന്ദിരയോട് ബുള്ളറ്റ് പ്രൂഫ് വസ്ത്രം ധരിക്കാനും സിഖ് സുരക്ഷാ ഗാര്‍ഡുകളെ നീക്കം ചെയ്യാനും സുരക്ഷാ വിഭാഗം നിര്‍ദ്ദേശിച്ചെങ്കിലും അവര്‍ രണ്ടും ചെയ്യാന്‍ വിസമ്മതിച്ചു. വീട്ടില്‍ കനത്ത ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിക്കേണ്ട ആവശ്യമില്ലെന്ന് അവര്‍ കരുതി, കൂടാതെ തന്റെ സുരക്ഷാ ഗാര്‍ഡുകള്‍ക്കിടയില്‍ വിവേചനം കാണിക്കുന്നത് അവര്‍ വെറുത്തു.

ഒക്ടോബര്‍ 31 ന് രാവിലെ 7.30 ഓടെ പീറ്റര്‍ ഉസ്തിനോവുമായുള്ള അഭിമുഖത്തിന് ഇന്ദിരാഗാന്ധി തയ്യാറായി. പ്രഭാതഭക്ഷണത്തിനായി അവര്‍ ടോസ്റ്റുകള്‍, ഓറഞ്ച് ജ്യൂസ്, മുട്ട, ചില ധാന്യങ്ങള്‍ എന്നിവ കഴിച്ചു. ഡോക്യുമെന്ററിക്കായി അവര്‍ കറുത്ത ബോര്‍ഡറുള്ള ഓറഞ്ച് കോട്ടണ്‍ സാരി ധരിച്ചിരുന്നു. ഷൂട്ടിംഗിനായി അവര്‍ അല്‍പ്പം മേക്കപ്പും ചെയ്തു. ഇന്ദിരാഗാന്ധി അവരുടെ ഇന്‍ഫോര്‍മേഷന്‍ ഉപദേഷ്ടാവായ എച്ച്.വൈ.ശാരദ പ്രസാദ് തയ്യാറാക്കിയ ഒരു പ്രസംഗം ഓടിച്ചു വായിച്ചു.

ഇന്ദിരാഗാന്ധി കുടുംബത്തോടൊപ്പം

രാവിലെ, ഇന്ദിര തന്റെ പേരക്കുട്ടികള്‍ സ്‌കൂളില്‍ പോകുന്നതിനുമുമ്പ് അവരെ ചുംബിച്ചു യാത്രയാക്കി. മുത്തശ്ശി പതിവിലും കൂടുതല്‍ നേരം തന്നെ ചേര്‍ത്തുപിടിച്ചിരിക്കുന്നത് പ്രിയങ്ക ശ്രദ്ധിച്ചു. പിന്നീട് ഇന്ദിര 14 വയസ്സ് മാത്രം പ്രായമുള്ള രാഹുലിന്റെ അടുത്തേക്ക് ചെന്നു. മകനായ രാജീവിനോടോ സോണിയയോടോ തുറന്നു പറയാന്‍ മടിച്ച വിഷയങ്ങള്‍, മുത്തശ്ശിയായ ഇന്ദിര കൊച്ചു മകനായ രാഹുല്‍ ഗാന്ധിയോട് പങ്കുവെക്കാറുണ്ടായിരുന്നു. താന്‍ മരണമടഞ്ഞാല്‍ കരയരുതെന്നും ഉത്തരവാദിത്തം ഏറ്റെടുക്കണമെന്നും യുവാവാകാന്‍ പോകുന്ന രാഹുലിനോട് അവര്‍ ആവശ്യപ്പെട്ടിരുന്നു. ഇതാദ്യമായല്ല ഇന്ദിര മരണത്തെക്കുറിച്ച് രാഹുലിനോട് സംസാരിക്കുന്നത്.

കുറച്ച് ദിവസങ്ങള്‍ക്ക് മുമ്പ്, ശവസംസ്‌കാര ക്രമീകരണങ്ങളെക്കുറിച്ച് അവള്‍ അവനോട് പറഞ്ഞിരുന്നു, താന്‍ ജീവിച്ചു കഴിഞ്ഞുവെന്ന് അവനോട് പറഞ്ഞിരുന്നു. എന്തുകൊണ്ടോ, മരണത്തെക്കുറിച്ചുള്ള ചിന്തകളായിരുന്നു അന്ന് അവരുടെ മനസ്സില്‍ ഏറെയും.

ഔദ്യോഗിക ചികിത്സകന്‍ ഡോ. കെ.പി. മാത്തൂര്‍ സഫ്ദര്‍ജംഗ് റോഡിലുള്ള പ്രധാനമന്ത്രിയുടെ വസതിയിലെത്തി. പ്രഭാതഭക്ഷണം കഴിച്ച ശേഷം ഇന്ദിരാഗാന്ധിയുടെ ആരോഗ്യനില ഡോ. മാത്തൂര്‍ എല്ലാ ദിവസവും രാവിലെ പരിശോധിക്കാറുണ്ട്. പീറ്റര്‍ ഉസ്റ്റിനോവ് പ്രധാനമന്ത്രിയുടെ വസതിയോട് ചേര്‍ന്നുള്ള അക്ബര്‍ റോഡില്‍ സ്ഥിതി ചെയ്യുന്ന പ്രധാനമന്ത്രിയുടെ ഓഫീസില്‍ ഇന്ദിരാഗാന്ധിയെ അഭിമുഖത്തിന് വേണ്ടി കാത്തിരിക്കുകയായിരുന്നു.

ദീപാവലി പടക്കങ്ങള്‍ പുല്‍ത്തകിടികളില്‍ നിന്ന് നീക്കം ചെയ്തുകൊണ്ടിരിക്കുകയാണെന്നും ചിത്രീകരണം ആരംഭിക്കാന്‍ കുറച്ച് മിനിറ്റ് കൂടി എടുക്കുമെന്നും ഇന്‍ഫോര്‍മേഷന്‍ സെക്രട്ടറി ശാരദാപ്രസാദ് പ്രധാനമന്ത്രിയുടെ വസതിയിലേക്ക് അയച്ച ഒരു സന്ദേശത്തില്‍ അറിയിച്ചു. ഈ കാലതാമസത്തില്‍ ഇന്ദിരാഗാന്ധി അസന്തുഷ്ടയായി. ഷൂട്ടിംഗില്‍ ക്യാമറ റോള്‍ ചെയ്യുമ്പോഴേക്കും പുല്‍ത്തകിടി വൃത്തിയുള്ളതായിരിക്കണമെന്ന് ഉറപ്പാക്കാന്‍ അവര്‍ ധവാനോട് നിര്‍ദേശിച്ചു.

രാവിലെ 9 മണിയോടെ 1 സഫ്ദര്‍ജംഗ് റോഡിനെയും 1 അക്ബര്‍ റോഡിനെയും ബന്ധിപ്പിക്കുന്ന വിക്കറ്റ് ഗേറ്റിലേക്ക് അവര്‍ നടക്കാന്‍ തുടങ്ങി. ഇന്ദിരാഗാന്ധി വളരെ വേഗമുള്ള നടത്തക്കാരിയായിരുന്നു, കൂടെയുള്ളവര്‍ അവരോടൊപ്പം നടക്കാന്‍ ചിലപ്പോള്‍ ബുദ്ധിമുട്ടി. അവര്‍ നടക്കുമ്പോള്‍, ഒരു പരിചാരകന്‍ ഒരു ട്രേയില്‍ കപ്പുകളും സോസറുകളുമേന്തി അവരുടെ എതിരെ കടന്നുപോയി.

പെട്ടെന്ന് അവര്‍ നടത്തം നിറുത്തി പരിചാരകനെ തിരികെ വിളിച്ചു. ആ ചായ കപ്പുകള്‍ കാണിക്കാന്‍ ആവശ്യപ്പെട്ടു. ഇത് എവിടേക്കാണ് കൊണ്ടുപോകുന്നതെന്ന് അവര്‍ ചോദിച്ചു. ടിവി അഭിമുഖത്തിനിടെ തന്റെ മുന്നില്‍ വയ്ക്കാന്‍ ഒരു ഫുള്‍ ടീ സെറ്റ് ഉസ്തിനോവ് ആവശ്യപ്പെട്ടതായി പരിചാരകന്‍ അറിയിച്ചു. ഇന്ദിരാഗാന്ധി അത് തിരിച്ച് പോയി വെച്ചിട്ട് വിശേഷപ്പെട്ടതും മുന്തിയതുമായ ചായ കപ്പുകള്‍ കൊണ്ടുവരാന്‍ പരിചാരകനോട് നിര്‍ദ്ദേശിച്ചു. ഇത്രയും പരിചാരകനോട് പറഞ്ഞിട്ട് അവര്‍ വീണ്ടും നടക്കാന്‍ തുടങ്ങി.

അക്ബര്‍ റോഡിന്റെ കവാടത്തില്‍ എത്തിയപ്പോള്‍, ഇന്ദിരാഗാന്ധി, ശൈത്യകാലത്തെ അതിരാവിലെയുള്ള വെയിലില്‍ നിന്ന് പ്രധാനമന്ത്രിയെ സംരക്ഷിക്കാന്‍ കുടയും പിടിച്ച് കോണ്‍സ്റ്റബിള്‍ നരേന്‍ സിംഗ് അവരുടെ തൊട്ടുപിന്നില്‍ ഉണ്ടായിരുന്നു. അക്ബര്‍ റോഡ് ഓഫീസിലെ തന്റെ വീടായ സഫ്ദര്‍ഗഞ്ച് റോഡിലെ 1-ാം നമ്പര്‍ വിക്കറ്റ് ഗേറ്റ് കടക്കുമ്പോള്‍, തലപ്പാവ് ധരിച്ച ഒരു സുരക്ഷാ ഉദ്യോഗസ്ഥനെ നോക്കി കൈ കൂപ്പിക്കൊണ്ട് ഇന്ദിരാഗാന്ധി നമസ്‌തേ പറഞ്ഞു.

അയാള്‍ തന്റെ നേരെ തോക്ക് ചൂണ്ടുന്നത് അവര്‍ ഒരു നിമിഷം കണ്ടു. അവരുടെ അംഗരക്ഷകരില്‍ ഒരാളായ ബിയാന്ത് സിംഗ് തന്റെ പിസ്റ്റള്‍ ഉയര്‍ത്തി പെട്ടെന്ന്, ഇന്ദിരാഗാന്ധിക്ക് നേരെ വെടി വെച്ചു. വെടിയുണ്ട അവരുടെ വയറില്‍ തുളച്ചു കയറി. ബിയാന്ത് സിംഗ് അവരുടെ നെഞ്ചിലേക്ക് രണ്ട് വെടിയുണ്ടകള്‍ കൂടി പായിച്ചു. വെടിയേറ്റ ഇന്ദിര രക്തത്തില്‍ കുളിച്ച് കുട പിടിച്ചിരുന്ന നരേന്‍ സിംഗ് സഹായത്തിനായി അലറിവിളിച്ചു. അപ്പോഴേക്കും മറ്റൊരു സംരക്ഷാ ഭടന്‍ സത്വന്ത് സിംഗ് തന്റെ സ്റ്റെന്‍ ഗണ്ണുമായി പിടിച്ച് സമീപത്ത് എത്തിയപ്പോള്‍ ഇന്ദിരാഗാന്ധിക്ക് നേരെ വെടിയുതിര്‍ക്കാന്‍ ബിയാന്ത് സിംഗ് അയാളോട് ആക്രോശിച്ചു. സത്വന്ത് സിംഗ് ഉടന്‍ തന്നെ സ്റ്റെന്‍ ഗണ്‍ ഉപയോഗിച്ച് വീണു കിടക്കുന്ന ഇന്ദിരാ ഗാന്ധിക്ക് നേരെ പൈശാചികമായി വെടിയുണ്ട വര്‍ഷം നടത്തി. ഏതാണ്ട് 25 വെടിയുണ്ടകളില്‍ ഭൂരിഭാഗവും ഇന്ദിരാഗാന്ധിയുടെ ശരീരത്തില്‍ തുളച്ചുകയറി. ഇടയില്‍ കയറി നിന്ന രാമേശ്വര്‍ ദയാലും വെടിയേറ്റ് വീണു.

ഇന്തോ-ടിബറ്റന്‍ അതിര്‍ത്തി സേനയിലെ മറ്റ് ഗാര്‍ഡുകളും സ്ഥലത്തെത്തുന്നതിനുമുമ്പ്, എല്ലാം കഴിഞ്ഞു. കൊലയാളികളായ ബിയാന്ത് സിംഗും, സത്വന്ത് സിംഗും അവരുടെ തോക്കിലെ 36 വെടിയുണ്ടകളും പായിച്ച് കഴിഞ്ഞിരുന്നു. സമയം രാവിലെ 9.16 ആയിരുന്നു. ശ്രീമതി ഗാന്ധി നിലവിളിയോടെ രക്തത്തില്‍ കുളിച്ച് നിലത്തേക്ക് വീണു.

കൈകള്‍ ഉയര്‍ത്തി കീഴടങ്ങുമ്പോള്‍ സബ് ഇന്‍സ്പെക്ടര്‍ ബിയാന്ത് സിംഗ് ധിക്കാരപൂര്‍വ്വം പറഞ്ഞു, ‘ഹംനേ ജോ കര്‍ണാ ഥാ, കര്‍ ദിയ. തുംനേ ജോ കര്‍ണാ ഹേ കരോ.’ (ഞാന്‍ ചെയ്യേണ്ടത് ഞാന്‍ ചെയ്തു. ഇനി നിങ്ങള്‍ ചെയ്യേണ്ടത് നിങ്ങള്‍ ചെയ്യുക.) അപ്പോള്‍ സമയം രാവിലെ 9.16 ആയിരുന്നു.

ജോലിക്കാരുടെ ക്വാര്‍ട്ടേഴ്സില്‍ നിന്നുള്ള പടക്കം പൊട്ടുന്നതായി ഈ വെടിയൊച്ചകള്‍ കേട്ട് ചുറ്റുമുള്ളവര്‍ തെറ്റിദ്ധരിച്ചു. സംഭവം നടന്ന് ഏതാനും അടി അകലെ പുല്‍ത്തകിടിയില്‍ നിന്നിരുന്ന ഉസ്തിനോവ് പിന്നീട് പറഞ്ഞു ”എന്താണ് സംഭവിച്ചതെന്ന് മനസ്സിലാക്കാന്‍ കുറച്ച് നിമിഷങ്ങള്‍ എടുത്തു. പിന്നെ ചുറ്റും ആളുകള്‍ ഓടുന്നത് ഞങ്ങള്‍ കണ്ടു.” മെഷീന്‍ ഗണ്‍ വെടിവയ്പ്പിന്റെ തുടര്‍ച്ചയായ ശബ്ദമായിരുന്നു ഈ ഭയാനകമായ ദുരന്തം എല്ലാവരെയും അറിയിച്ചത്.

മമ്മീ. മമ്മീ എന്ന് നിലവിളിച്ച് കുര്‍ത്ത-പൈജാമ ധരിച്ച് വസതിക്കുള്ളില്‍ നിന്ന് സോണിയ ഗാന്ധി, വീടിന്റെ പിന്നില്‍ നിന്ന് നഗ്‌നപാദയായി പുറത്തേക്ക് ഓടി വന്നു.
പ്രധാനമന്ത്രിയെ അനുഗമിച്ച അഞ്ച് പേരും ഒരേ പോലെ സ്തബ്ധരായി. നിസ്സഹായരായി നിലവിളിക്കുകയായിരുന്നു.. രാമേശ്വറിന് തുടയില്‍ മൂന്ന് വെടിയുണ്ടകള്‍ ഏറ്റിരുന്നു. ഒരുപക്ഷേ അദ്ദേഹം വെടിയുണ്ട വര്‍ഷത്തിന്റെ ഇടയില്‍ പെട്ടു പോയതിനാലാകാം.

ഇന്ദിരാ ഗാന്ധിയുടെ കൊലപാതികളായ സുരക്ഷാഭടന്മാർ ബിയാന്ത് സിംഗ്
സത് വന്ത് സിംഗ്

ഗാന്ധിയെ വെടിവച്ചതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷത്തില്‍ ബിയാന്ത് സിംഗ് കൊല്ലപ്പെടുകയും സത്‌വന്ത് സിംഗിന് പരിക്കേല്‍ക്കുകയും ചെയ്തുവെന്ന് ആദ്യകാല പത്ര റിപ്പോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. രണ്ട് കൊലയാളികളെയും പെട്ടെന്ന് കീഴടക്കി അടുത്തുള്ള ഗാര്‍ഡ് റൂമിലേക്ക് കൊണ്ടുപോയതായി അന്വേഷണങ്ങള്‍ വെളിപ്പെടുത്തുന്നു. കൊലപാതകത്തിന് ശേഷം കുറഞ്ഞത് 10 മിനിറ്റെങ്കിലും അവര്‍ അവിടെ ഉണ്ടായിരുന്നു, കീഴടങ്ങിയ ശേഷം തങ്ങള്‍ക്ക് നേരെ കൃപാണുമായി ആക്രമിക്കാന്‍ കുതിച്ച ബിയാന്ത് സിങ്ങിനെ ഇന്തോ-ടിബറ്റന്‍ ബോര്‍ഡര്‍ പോലീസ് (ഐടിബിപി) സേനയിലെ രണ്ട് ജവാന്‍മാര്‍ വെടിവച്ചു കൊല്ലുകയും സത്‌വന്ത് സിങ്ങിനെ ഗുരുതരമായി പരിക്കേല്‍പ്പിക്കുകയും ചെയ്തു. സത്‌വന്ത് സിങ്ങിനെ പിന്നീട് ആശുപത്രിയിലെത്തിച്ചു.

ഏറ്റവും ആവശ്യമായ സമയത്ത് സുരക്ഷാ സംവിധാനങ്ങള്‍ ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്ത അടിയന്തര സുരക്ഷാ സംവിധാനമാണ് ഇന്ത്യന്‍ പ്രധാനമന്ത്രിയുടെ വസതിയിലുള്ളത്. അതിന്റെ ഭാഗമായി തയ്യാറാക്കി നിര്‍ത്തിയ ഒരു ആംബുലന്‍സ് വീടിന്റെ പിന്‍ഭാഗത്ത് പാര്‍ക്ക് ചെയ്തിരുന്നു, പക്ഷേ, ഡ്രൈവറെ പെട്ടെന്ന് കണ്ടെത്താന്‍ കഴിയാത്തതിനാല്‍ അത് പുറത്തെടുക്കാന്‍ കഴിഞ്ഞില്ല.

ഓള്‍ ഇന്ത്യ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സസും (എയിംസ്) പ്രധാനമന്ത്രിയുടെ ഓഫീസ് സ്ഥിതി ചെയ്യുന്ന സഫ്ദര്‍ജംഗ് റോഡും തമ്മില്‍ വയര്‍ലെസ് കണക്ഷന്‍ ഉണ്ട്, പക്ഷേ രാവിലെ നടന്ന വെടിവെയ്പ്പിന്റെ ആഘാതത്തിലുണ്ടായ ആശയക്കുഴപ്പത്തില്‍ പരിക്കേറ്റ പ്രധാനമന്ത്രിയെ ഉടനെ കൊണ്ടുവരുമെന്ന് ആശുപത്രിയില്‍ അറിയിക്കാന്‍ ആരും ഓര്‍മ്മിച്ചില്ല. ഒടുവില്‍ ഒരു അംബാസഡര്‍ എസ്‌കോര്‍ട്ട് കാര്‍ വിവരം പറയാന്‍ മുന്നില്‍ അയച്ചു. ഭട്ട്, ധവാന്‍, ഓപെ, എം.എല്‍. ഫോട്ടെദാര്‍, സോണിയ എന്നിവര്‍ ചേര്‍ന്ന് ഗുരുതമായി പരിക്കേറ്റ പ്രധാനമന്ത്രിയെ കിടത്തി കാര്‍ പാഞ്ഞു പോയി.

അതീവ അപകട നിലയിലായിരുന്ന ഇന്ദിരാഗാന്ധി രാവിലെ 9.32 ന് എയിംസില്‍ എത്തി. അവിടെ സംഭവത്തെക്കുറിച്ച് ഇതുവരെ അറിയിക്കാത്തതിനാല്‍ ഗുരുതരാവസ്ഥ നേരിടാന്‍ ഒരുക്കങ്ങളെന്നും ചെയ്തിരുന്നില്ല. എല്ലാം ശരിയാക്കാന്‍ കുറച്ച് സമയമെടുത്തു, ഡോക്ടര്‍മാര്‍ അവരുടെ ശസ്ത്രക്രിയ ആരംഭിച്ചു. ഇന്ദിരാഗാന്ധിക്ക് 25 തവണയില്‍ കൂടുതല്‍ വെടിയേറ്റിരുന്നു. പക്ഷേ അവരുടെ ഹൃദയത്തിന് കേടുപാടുകളില്ലായിരുന്നു. എയിംസില്‍ പ്രധാനമന്ത്രിയുടെ ആരോഗ്യ മെഡിക്കല്‍ ചരിത്രം അവിടെ കൃത്യമായി, കാലഗണനയനുസരിച്ച് സൂക്ഷിച്ചിരിക്കുന്നത് ഒരു അനുകൂല ഘടകമായിരുന്നു. കൂടാതെ ഇന്ദിരാഗാന്ധിയുടേത് അപൂര്‍വ രക്തഗ്രൂപ്പായ ഒ ഗ്രൂപ്പ് Rh- നെഗറ്റീവ് ആണ്. അതും പ്രതിബന്ധം സൃഷ്ടിച്ചില്ല. കാരണം രക്തബാങ്കില്‍ മതിയായ അളവില്‍ അത് അവിടെയുണ്ടായിരുന്നു.

ജീവന്റെ ലക്ഷണങ്ങള്‍ വളരെക്കുറച്ച് മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഡോക്ടര്‍ ഓപെ, പ്രധാനമന്ത്രിക്ക് കൃത്രിമ ശ്വസനം നല്‍കാന്‍ ശ്രമിച്ചു. പള്‍സ് ഇല്ലായിരുന്നു, അവരുടെ കൃഷ്ണമണികള്‍ വികസിച്ചു, കോണ്‍ക്രീറ്റ് സിമന്റ് പാതയിലേക്ക് രക്തം ഒഴുകി. ശസ്ത്രക്രിയ വേളയില്‍ 80 കുപ്പി രക്തം നല്‍കി.

ഡോക്ടര്‍മാര്‍ അഞ്ച് മണിക്കൂറോളം ശ്രമിച്ചു, പക്ഷേ, എല്ലാം നിഷ്ഫലമായി. ഉച്ചയ്ക്ക് 2.23 ന് ഇന്ദിരാഗാന്ധി മരിച്ചതായി ഡോക്ടര്‍മാര്‍ പ്രഖ്യാപിച്ചു. ബിബിസി റേഡിയോ അത് വെളിപ്പെടുത്തുന്നതുവരെ ഇന്ദിരാഗാന്ധിയുടെ മരണത്തെക്കുറിച്ചുള്ള വിവരങ്ങള്‍ മണിക്കൂറുകളോളം ഇന്ത്യന്‍ സര്‍ക്കാര്‍ തടഞ്ഞുവച്ചു.

നെഹ്‌റു കുടുംബാംഗവും അന്നത്തെ രാഷ്ട്രീയത്തിലെ പ്രമുഖനും രാജീവ് ഗാന്ധിയുടെ അടുത്ത ആളുമായിരുന്ന അരുണ്‍ നെഹ്റു എയിംസില്‍ എത്തിയപ്പോള്‍, രാഹുലിന്റെയും പ്രിയങ്കയുടെയും ജീവനെ ഓര്‍ത്ത് ഭയന്നിരിക്കുന്ന സോണിയയെയാണ് കണ്ടത്. മകള്‍ ഹസീന ഒഴികെ മൂന്ന് തലമുറകള്‍ വരെ കുടുംബം തുടച്ചുനീക്കപ്പെട്ട ബംഗ്ലാദേശി നേതാവായ മുജീബ്-ഉര്‍-റഹ്‌മാന്റെ കുടുംബത്തിന് സംഭവിച്ച ദുരന്തത്തിന്റെ ആവര്‍ത്തനം ഇന്ദിര ഭയപ്പെട്ടിരുന്നുവെന്ന് സോണിയ, അരുണ്‍ നെഹ്റുവിനോട് പറഞ്ഞുകൊണ്ടിരുന്നു.

ഇന്ദിര, രാജീവ്, സോണിയ എന്നിവരുടെ സഫ്ദര്‍ഗഞ്ച് റോഡിലെ വസതിയില്‍ അരുണ്‍ നെഹ്റു എത്തിയപ്പോള്‍, കുട്ടികളായ രാഹുലിനെയും പ്രിയങ്കയെയും സംരക്ഷിക്കാന്‍ ഒരു സുരക്ഷാ ജീവനക്കാരന്‍ പോലും വസതിയില്‍ ഇല്ലെന്ന് കണ്ട് അദ്ദേഹം അമ്പരന്നു. ഭാഗ്യത്തിന് ആരോ അവരെ സ്‌കൂളില്‍ നിന്ന് കൊണ്ടുവന്നാക്കിയിരുന്നു. അടുത്ത അപകടം അടുത്തുണ്ട് എന്നറിയാവുന്ന അരുണ്‍ നെഹ്റു അവരെ സുരക്ഷയ്ക്കായി തേജി ബച്ചന്റെ (നടന്‍ അമിതാഭ് ബച്ചന്റെ അമ്മ) ഗുല്‍മോഹര്‍ പാര്‍ക്കിലെ വസതിയിലേക്ക് കൊണ്ടുപോയി.

അരുണ്‍ നെഹ്റു പൂര്‍ണ്ണമായും വികാരാധീനനായിരുന്നു, ജനങ്ങള്‍ നിശബ്ദരായി ഇരിക്കില്ലെന്നും ഈ ആക്രമണത്തിന് മറുപടിയായി വലിയ തോതിലുള്ള അക്രമം ഉണ്ടാകുമെന്നും അദ്ദേഹം ഭയത്തോടെ എയിംസില്‍ വെച്ച് ആര്‍.കെ. ധവാനോട് പറഞ്ഞു. അപ്പോള്‍ ഡല്‍ഹിയിലുടനീളം കലാപം പൊട്ടിപ്പുറപ്പെട്ടു കഴിഞ്ഞിരുന്നു.

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലേക്ക് ഒരു കിലോമീറ്റര്‍ മാത്രമുള്ളപ്പോള്‍ അവിടേക്ക് വരികയായിരുന്ന രാഷ്ട്രപതി സെയില്‍ സിങ്ങിന്റെ വാഹനവ്യൂഹത്തിന് നേരെ ആക്രമണമുണ്ടായി. അക്രമകാരികള്‍ തുടരെ കാറിന് നേരെ കല്ലെറിഞ്ഞു. രാഷ്ട്രപതിയുടെ കാറ് ബുള്ളറ്റ് പ്രൂഫായതിനാല്‍ അദ്ദേഹത്തിന് പരിക്കേറ്റില്ല. പക്ഷേ, കാറിന്റെ ചില്ലുകള്‍ക്ക് ക്ഷതമേറ്റു. പിന്നില്‍ സഞ്ചരിച്ചിരുന്ന സുരക്ഷാ ഭടന്‍മാരുടെ മൂന്ന് കാറുകളുടെയും ചില്ലുകള്‍ തകരുകയും സാരമായ കേടുപാടുകള്‍ പറ്റുകയും ചെയ്തു.

ഇന്ദിരാ ഗാന്ധി വധം കഴിഞ്ഞ ഉടനെ ഇംഗ്ലണ്ടിലെ സിക്ക് വിദ്യാർത്ഥികൾ ലണ്ടനിൽ പതിച്ച പോസ്റ്റർ

ആശുപതിയില്‍ രാഷ്ട്രപതിയെ എതിരേറ്റത് ‘ഗ്യാനി മുര്‍ദാബാദ്’ ജനക്കൂട്ടത്തിന്റെ മുദ്രാവാക്യമായിരുന്നു. ഇന്ത്യയിലെ പ്രഥമപൗരനും സൈന്യത്തിന്റെ സുപ്രീം കമാന്ററുമായ ഇന്ത്യന്‍ രാഷ്ട്രപതിക്കെതിരെ റോഡില്‍ പട്ടാപ്പകല്‍ പരസ്യമായ ആക്രമണം നടന്നത് കാര്യങ്ങളുടെ പോക്ക് ശുഭകരമല്ല എന്നതിന്റെ ആദ്യത്തെ സൂചനയായിരുന്നു.

ആ സമയത്ത് വെടിയുണ്ടകളേറ്റ് തുളഞ്ഞ ഇന്ദിരാഗാന്ധിയുടെ ജീവന്‍ രക്ഷിക്കാന്‍ ഓപ്പറേഷന്‍ തിയേറ്ററില്‍ ഒരു സംഘം ഡോക്ടര്‍മാര്‍ കിണഞ്ഞു പരിശ്രമിക്കുകയായിരുന്നു. ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിന്റെ പുറത്ത് കൂടിയ അക്രമാസക്തമായ ജനകൂട്ടം, അലറി വിളിക്കാന്‍ തുടങ്ങി
‘ഗ്യാനി മുര്‍ദാബാദ്’. ‘സിക്കുകാര്‍ രാജദോഹികള്‍’, ‘ചോരക്ക് പകരം ചോര’ തുടങ്ങിയ സിക്ക് വിരുദ്ധ മുദ്രാവാക്യങ്ങള്‍ അവിടെ മുഴങ്ങി. ഡല്‍ഹി പോലീസ് ഉണ്ടായിരുന്നെങ്കിലും അവര്‍ ഒരു ചെറുവിരല്‍ പോലും അനക്കാതെ, കാഴ്ചക്കാരായി നോക്കി നിന്നു.

സ്വതന്ത്ര ഇന്ത്യ കണ്ട ഏറ്റവും വലിയ കൂട്ടക്കൊലകളിലൊന്ന് ആരംഭിക്കാന്‍ അധികം സമയം വേണ്ടി വന്നില്ല. ഇന്ത്യയിലെ രണ്ട് ശതമാനം മാത്രം വരുന്ന ന്യൂന പക്ഷമായ സിക്കുകാര്‍ക്കെതിരെ ഡല്‍ഹിയില്‍ സായുധ കലാപം പൊട്ടിപ്പുറപ്പെട്ടു.

തീൻ മൂർത്തി ഭവനനിൽ ഇന്ദിരാഗാന്ധിയുടെ ദൗതിക ശരീരം

ഇന്ദിരാ ഗാന്ധിയുടെ മൃതദേഹം തീന്‍ മൂര്‍ത്തി ഹൗസില്‍ പൊതുദര്‍ശനത്തിന് വച്ചപ്പോള്‍, അവരുടെ മൃതദേഹം ഒരു നോക്ക് കാണാന്‍ ഒരു അവസാന ദര്‍ശനത്തിനായി പുറത്ത് കാത്തുനിന്ന ജനക്കൂട്ടം ‘ഖൂന്‍ കാ ബദ്ലാ ഖൂന്‍’ (രക്തത്തിന് രക്തം) എന്ന് ആര്‍ത്തുവിളിച്ചു. ചരിത്രത്തില്‍ നാദിര്‍ഷായുടെ ആക്രമണത്തിന് ശേഷം നടന്ന ഏറ്റവും വലിയ കൂട്ടക്കൊല ഡല്‍ഹി സാക്ഷ്യം വഹിച്ച ഏറ്റവും വലിയ നരഹത്യയായി മാറി. എല്ലായിടത്തും സിക്കുകാര്‍ ഗുണ്ടകളാല്‍ വേട്ടയാടപ്പെട്ടു. മൂന്ന് ദിവസത്തിനുള്ളില്‍ 2500-ലധികം പേര്‍ കൊല്ലപ്പെടുകയും (ഔദ്യോഗിക കണക്ക്) നിരവധി സിക്കുകാരെ ജീവനോടെ കത്തിക്കുകയും, അവരുടെ വീടും കടകളും കൊള്ള ചെയ്ത ശേഷം അഗ്‌നിക്കിരയാക്കുകയും ചെയ്തു.

ഒരു വന്‍മരം വീണതോടെ നടന്നത് ഭൂമി കുലുങ്ങുക മാത്രമായിരുന്നില്ല ആ കുലുക്കത്തില്‍ ഇരുപതിനായിരത്തിനടുത്ത് സിക്കുകാര്‍ കൊലചെയ്യപ്പെട്ടു എന്ന ചരിത്രത്തിലെ ദുരന്തത്തിന് ഇന്ദിരാ ഗാന്ധിയുടെ വധം വഴിയൊരുക്കി.

ലോകത്തിലെ ഏറ്റവും വലിയ ജനാധിപത്യ രാഷ്ട്രത്തിലെ ഏറ്റവും ശക്തയായ ഭരണാധികാരി ഇന്ദിരാ ഗാന്ധിയെക്കുറിച്ച് ഖുഷ് വന്ത് സിങ്ങ് എഴുതി
”അവര്‍ വളരെ കര്‍ക്കശമായും ശാന്തമായും തന്റെ ആഗ്രഹങ്ങള്‍, മിക്കപ്പോഴും തെറ്റായ രീതിയില്‍പ്പോലും ജനങ്ങളില്‍ ചുമത്താറുണ്ട്. ഇന്ദിരാ ഗാന്ധിക്ക് വളരെ ശക്തമായ ഇഷ്ടാനിഷ്ടങ്ങള്‍ ഉണ്ടായിരുന്നു. അവര്‍ക്ക് പ്രതികാരബുദ്ധിയുണ്ടായിരുന്നു. വളരെ ഗൗരവക്കാരിയാകാനും തീരേ നിസ്സാരയാകാനും അവര്‍ക്ക് കഴിഞ്ഞിരുന്നു. അവര്‍ക്കൊരുപാടു പോരായ്മകളുണ്ടായിരുന്നു. അതാണവരെ ഒരു മനുഷ്യജീവിയാക്കിയതെന്നു ഞാന്‍ കരുതുന്നു”.

ഇന്ദിരാ ഗാന്ധിയുടെ ദൗതിക ശരീരം ശക്തി സ്ഥലിലേക്ക്

”ഗൗരവപ്രകൃതിയും കര്‍ക്കശക്കാരിയുമായാണ് ഇന്ദിരാഗാന്ധിയെ പലപ്പോഴും ചിത്രീകരിക്കാറ്. ചൈതന്യവതിയായ, ആകര്‍ഷണീയയായ ഈ സ്ത്രീ രാഷ്ട്രീയേതരമായ പല മേഖലകളിലും താത്പര്യമുള്ള നല്ലൊരു വായനക്കാരിയാണെന്നും, സൗന്ദര്യവും കുലീനത്വവും നല്ല അഭിരുചിയും ധാരാളമായുണ്ടെന്നും കലാകാരന്മാരുടെയും എഴുത്തുകാരുടെയും കവികളുടെയും ചിത്രകാരന്മാരുടെയും ബുദ്ധിജീവികളുടെയും സൗഹൃദവും സാമീപ്യവും അവര്‍ ഇഷ്ടപ്പെട്ടെന്നും അവര്‍ക്ക് നല്ല നര്‍മ്മബോധമുണ്ടായിരുന്നെന്നും ആരും എഴുതാറില്ല.” വിദേശകാര്യ മന്ത്രിയും, നയതന്ത്രജ്ഞനും ഇന്ദിരാ ഗാന്ധിയുമായി മൂന്നു പതിറ്റാണ്ടോളം അടുപ്പം പുലര്‍ത്തിയ കെ. നട്‌വര്‍ സിങ്ങ് എഴുതി.

”ജീവിതത്തിന്റെ സമ്മര്‍ദ്ദങ്ങളില്‍നിന്ന് ഒഴിഞ്ഞുനില്‍ക്കുന്നവരെയും അതീവശ്രദ്ധാലുക്കളെയും കണക്കുകൂട്ടലുകാരെയും അവര്‍ക്ക് യാതൊരു താത്പര്യവുമില്ലായിരുന്നു. ജ്വലിച്ചുള്ള ഒറ്റനോട്ടത്തില്‍ പൊങ്ങച്ചക്കാരുടെ കാറ്റഴിച്ചുവിടുകയും ഭീരുക്കളെ ഏതു രീതിയില്‍ നേരിടണമോ അങ്ങനെ തന്നെ കൈകാര്യം ചെയ്യുകയും ചെയ്യുമായിരുന്നു. അവര്‍ പല സാമൂഹ്യ, രാഷ്ട്രീയ മതിലുകളും തകര്‍ത്തു. ഇന്ദിരാഗാന്ധി ആധുനിക ഇന്ത്യയുടെ ഒരു പ്രധാന വിമോചന ശക്തിയായിരുന്നു.” നട് വര്‍ നിങ്ങ് എഴുതി.

Content Summary: Today is the death anniversary of Indira Gandhi

Leave a Reply

Your email address will not be published. Required fields are marked *

×