‘ഉമ്മന്‍ ചാണ്ടിയെന്ന പേരില്‍ ഒറ്റയാളേയുള്ളൂ’; ഒരേയൊരാള്‍! പകരം വയ്ക്കാനില്ലാത്തയാള്‍

ഇന്ന് ഉമ്മന്‍ ചാണ്ടിയുടെ ചരമ വാര്‍ഷികമാണ്

ഒരു പൊതുപ്രവര്‍ത്തകന് വേണ്ടരുതാത്ത ചില ശീലങ്ങളുള്ള, നന്മയുള്ള രാഷ്ട്രീയക്കാരനായിരുന്നു പുതുപ്പള്ളിക്കാരുടെ കുഞ്ഞൂഞ്ഞ് എന്ന ഉമ്മന്‍ ചാണ്ടി. പതിറ്റാണ്ട് മുന്‍പ് പുറത്ത് വന്ന പ്രാഞ്ചിയേട്ടന്‍ ആന്റ് ദി സെയ്ന്റ് എന്ന മലയാള ചലച്ചിത്രത്തിലെ നായകന്‍, പത്മശ്രീ പുരസ്‌കാരം കിട്ടാതെ, കാശുംപോയി ദേഷ്യത്തിലിരിക്കുന്ന പ്രാഞ്ചിയേട്ടന്‍, സാക്ഷാല്‍ അരിപ്രാഞ്ചി. തന്റെ വീട്ടില്‍ വന്ന് വാതില്‍ മുട്ടിയ പത്മശ്രീയെ പിന്നില്‍ നിന്ന് ചവുട്ടിയ, പ്രാഞ്ചിയേട്ടന്‍ പിന്നീട് അന്ന് ചവുട്ടിയതിന്റെ കാരണം പറഞ്ഞു. ‘എന്നിട്ട് പറഞ്ഞു.

”എന്റെ അറിവില്‍ ഈ കേരളത്തില്‍ പത്മശ്രീയെന്ന പേര് ആര്‍ക്കുമില്ല.”

അതിന് ഉമ്മന്‍ ചാണ്ടിയെന്നുള്ള പേരുള്ള രണ്ടാമതൊരാളെ താന്‍ കേട്ടിട്ടുണ്ടോ? എന്ന മറുചോദ്യത്തിന് പ്രാഞ്ചിയേട്ടന്‍ പറഞ്ഞു. ”അത് ശരിയാണല്ലോ. ഉമ്മന്‍ ചാണ്ടിയെന്ന പേരില്‍ ഒരാളേയുള്ളൂ. അത് ഉമ്മന്‍ ചാണ്ടി തന്നെ!”
അതേ ഉമ്മന്‍ ചാണ്ടിയെന്ന പേരില്‍ ഒരാളേയുള്ളൂ. കേരള രാഷ്ട്രീയത്തിലും ഒരാളേയുള്ളൂ. അത് കേരളത്തിലെ ജനങ്ങള്‍ പണ്ടേ അംഗീകരിച്ചതാണ് പ്രാഞ്ചിയേട്ടന്‍ അത് ഉറപ്പിച്ച് പറഞ്ഞെന്ന് മാത്രം.

കോണ്‍ഗ്രസിന്റെ സൗമ്യനായ നേതാവ് ഉമ്മന്‍ ചാണ്ടി എഴുപതുകളുടെ അവസാനമാണ് കരുണാകരന്‍ മന്ത്രിസഭയില്‍ ആദ്യമായി മന്ത്രിയാകുന്നത്. തൊഴില്‍ വകുപ്പായിരുന്നു ചുമതല. മന്ത്രിയായിട്ടും ടിയാന്‍ പുറത്തിറങ്ങി യൂത്ത് കോണ്‍ഗ്രസ് പിള്ളകളുടെ തോളത്ത് കൈയിട്ട് സെക്രട്ടറിയേറ്റിന് പുറത്ത് വഴിയരികെയുള്ള പെട്ടിക്കടയില്‍ നിന്ന് തിരോന്തരംകാരുടെ ‘ബോഞ്ചി’ അഥവാ നാരങ്ങാ സര്‍ബത്ത് പതിവായി കുടിച്ചിരുന്നു. ഏതോ കുരുത്തംകെട്ട പത്രക്കാരന്‍ പത്രത്തില്‍ ഇത് വാര്‍ത്തയാക്കിയതോടെ അത് നിന്നു.

മന്ത്രിയായിരിക്കെ, ഒരിക്കല്‍ സ്റ്റേറ്റ് കാര്‍ ഉപേക്ഷിച്ച് ഏതോ മുതലാളിയുടെ കാറില്‍ യാത്രയായി. സ്റ്റേറ്റ് കാറ് പിന്നാലെ, മന്ത്രിയും കൊടിയും ഇല്ലാതെ. ഒരിടത്ത് കാത്തുനിന്ന പോലീസ് വലഞ്ഞു. അന്നത്തെ സംഭവത്തില്‍ പോലീസിന്റെ പരാതിയുടെ ഫലമായാണ് പിന്നീട് മന്ത്രി വാഹനം എന്ന് സൂചിപ്പിക്കുന്ന, ചുവന്ന നമ്പര്‍ പ്ലേറ്റ് സ്റ്റേറ്റ് കാറുകളില്‍ വയ്ക്കാന്‍ തുടങ്ങിയത്.

തിരുവനന്തപുരത്തെ ചെങ്കല്‍ ചൂളയിലുള്ള ചേരി പ്രശ്‌നം പുതിയ ഫ്‌ലാറ്റുകള്‍ കെട്ടാനുള്ള പ്രതിബന്ധമായി നില്‍ക്കുകയായിരുന്നു. പട്ടം താണു പിള്ളയുടെ കാലത്ത് തുടങ്ങിയ ഈ പ്രഹേളിക പലരേയും വട്ടം ചുറ്റിച്ചതാണ്. ഉമ്മന്‍ ചാണ്ടി ഭവന നിര്‍മ്മാണ വകുപ്പിന്റെ ചുമതല വഹിച്ച ഒരു കൊല്ലം കൊണ്ട് കുരുക്കുകള്‍ അഴിഞ്ഞു. ആദ്യത്തെ കെട്ടിടം പൊന്തി.

പ്രാപ്തനായ മന്ത്രി, മാനുഷിക മൂല്യങ്ങളെ മാനിക്കാനുള്ള ഹൃദയ വിശാലത, ലാളിത്യം. ഇതായാല്‍ ഉമ്മന്‍ ചാണ്ടിയായി. ഇന്നത്തെ കാലത്ത് ഒരു പൊതുപ്രവര്‍ത്തകന് വേണ്ടരുതാത്ത ശീലങ്ങളുള്ള നന്മയുള്ള അപൂര്‍വം രാഷ്ട്രീയക്കാരനായിരുന്നു, പുതുപ്പുള്ളിക്കാര്‍ അര നൂറ്റാണ്ടുകാലം ജയിപ്പിച്ച കുഞ്ഞൂഞ്ഞ്. ‘വയ്യ അഥവാ നോ’ അറിയാത്ത ഒരാള്‍.

പരേതനായ, ഐഎഎസുകാരനും എഴുത്തുകാരനുമായ ബാബു പോള്‍ ഒരിക്കല്‍ പറഞ്ഞ കഥ ഇങ്ങനെ: തിരുവനന്തപുരം എയര്‍ പോര്‍ട്ടില്‍ വച്ച് ബാബു പോള്‍ ഒരു മധ്യവയസ്‌കനെ കണ്ടു. അയാള്‍ പറഞ്ഞു. മകന് ജോലിയായി അമേരിക്കയില്‍. അതിന് വിസ വേണം അതിനാണ് ചെന്നൈ യാത്ര. എന്താണ് ജോലി? ബാബു പോള്‍ അയാളോട് ചോദിച്ചു. അറിയില്ല! പക്ഷേ, അയാള്‍ ബ്രീഫ് കേസില്‍ നിന്ന് ഒരു കത്ത് എടുത്ത് കാണിച്ചു. ഉമ്മന്‍ ചാണ്ടി കൊടുത്ത കത്ത്. അമേരിക്കന്‍ പ്രസിഡന്റ് ബില്‍ ക്ലിന്റന് കൊടുക്കാന്‍ തന്ന ശുപാര്‍ശ കത്ത്. അതിങ്ങനെ.
‘Dear Mr. Clinton, the bearer of this letter is from Puthuppally. He needs a job in America. I am sure you will do your best. With best wishes to your excellency and Madam Hillary .
Yours sincerely
Oomman Chandy

ഉമ്മന്‍ ചാണ്ടിയുടെ ലെറ്റര്‍ ഹെഡിലുള്ള ഈ കത്ത് ബാബു പോളിന്റെ ഒരു പതിവ് കഥയാകാം. അല്ലെങ്കില്‍ യാഥാര്‍ത്ഥ്യമാകാം. ശരിക്കും ഇത് ഉമ്മന്‍ ചാണ്ടി ആരെയെങ്കിലും പറ്റിക്കാനോ മറ്റോ ചെയ്യുന്നതല്ല. ക്ലിന്റന് തന്റെ എഴുത്ത് കൊണ്ടു കൊടുത്തിട്ട് ഒരു പ്രയോജനവും ഇല്ലെന്ന് തന്നെ സമീപിച്ചയാളെ പറഞ്ഞു ബോധ്യപ്പെടുത്താന്‍ ചുരുങ്ങിയത് നാല്‍പ്പത് മിനിറ്റെങ്കിലും വേണം. ആ സമയം കൊണ്ട് ഇരുപത്തിയഞ്ച് പരാതി കേള്‍ക്കാം. പത്ത് ആവശ്യക്കാരുടെ നിവേദനങ്ങള്‍ വാങ്ങാമെന്നാണ് ഉമ്മന്‍ ചാണ്ടി ചിന്തിക്കുന്നത്. അങ്ങനെയും കേരളത്തില്‍ പൊതുപ്രവര്‍ത്തകരുണ്ടായിരുന്നുയെന്ന് നമ്മളറിയണം.
ഒരിക്കല്‍ ഒരു ഉയര്‍ന്ന ഐഎഎസുകാരന്‍ മന്ത്രിമാരെ പരിഹസിച്ചുകൊണ്ട് ലേഖനമെഴുതി. ‘മന്ത്രിമാരുടെ വീട്ടുവളപ്പുകള്‍ കണ്ടാല്‍ വര്‍ക് ഷോപ്പ് പോലെയിരിക്കും. അംബാസിഡര്‍, മാരുതി, കോണ്ടെസ, ടയോട്ട എന്നൊരു കടുത്ത പ്രയോഗം ലേഖനത്തിലുണ്ടായിരുന്നു.

ഒരു പ്രതിപക്ഷാംഗം നിയമസഭയില്‍ ഇത് ചോദ്യമാക്കി. സര്‍വ സംഹാര രുദ്രനായ ലീഡര്‍ കരുണാകരനാണ് മുഖ്യമന്ത്രി. ലീഡര്‍ എവിടയോ സര്‍ക്കീട്ടിലായിരുന്നു. ഭാഗ്യവശാല്‍ ഇത് കൈകാര്യം ചെയ്തത് മന്ത്രിയായ ഉമ്മന്‍ ചാണ്ടിയായിരുന്നു.
മറുപടി.
(അ) ചോദ്യം ശ്രദ്ധയില്‍പ്പെട്ടു
(ആ) നടപടി ആവശ്യമുണ്ടെന്ന് ഗവണ്‍മെന്റ് കരുതുന്നില്ല.
ഒരു സസ്‌പെന്‍ഷനിലോ, സ്ഥലം മാറ്റത്തിലോ എത്തുമായിരുന്ന ഈ കാര്യം അങ്ങനെ അവസാനിച്ചു. ഉമ്മന്‍ ചാണ്ടിയുടെ ഔചിത്യപൂര്‍വമുള്ള ഒരു നടപടി, ഒരാളുടെ തലപോകാതെ രക്ഷിച്ചു. കോട്ടയം ടൗണിലെ ഒരു മെഡിക്കല്‍ ഷോപ്പുകാരന്‍ ഉമ്മന്‍ ചാണ്ടിയുടെ മരണം കഴിഞ്ഞ നാളുകളില്‍ പറഞ്ഞു. ‘ദിവസവും പത്ത് പേരെങ്കിലും മരുന്ന് വാങ്ങാന്‍ വരും. അദ്ദേഹം വിളിച്ച് പറയുകയോ കത്ത് കൊടുത്ത് വിടുകയോ ചെയ്യും.’ പണം അദ്ദേഹം കൊടുക്കും. പണം എം.എല്‍. എ ഫണ്ടില്‍ നിന്നാവാം, മറ്റാരില്‍ നിന്ന് സ്വീകരിച്ച ഫണ്ടാകാം എന്തുമാകട്ടെ കാന്‍സര്‍ തൊട്ട് പനി പിടിച്ച രോഗികള്‍ക്ക് എന്നും മരുന്ന് ലഭിക്കാന്‍ കാരണമായ ഒരു വന്‍നന്മമരത്തണലായിരുന്നു ഉമ്മന്‍ ചാണ്ടി.

ഏതാനും വര്‍ഷങ്ങള്‍ക്ക് മുന്‍പ് അദ്ദേഹം ഒരു രാഷ്ട്രീയ സ്മാര്‍ത്തവിചാരത്തിനിരയായി. വ്യക്തിപരമായും ചില ആക്ഷേപങ്ങള്‍ അദ്ദേഹം നേരിട്ടു. നടപ്പുരീതിയില്‍ ഒരു മുതിര്‍ന്ന നേതാവിന്റെ ചിത്രം അവിടെ മാഞ്ഞ് പോകേണ്ടതായിരുന്നു. പക്ഷേ കേരളജനത അത് പുല്ലുവില പോലും കല്‍പ്പിക്കാതെ തള്ളിക്കളഞ്ഞു.
സ്വന്തം പാര്‍ട്ടിക്കാര്‍ പോലും അതിനെ പ്രതിരോധിക്കാന്‍ ശ്രമിച്ചില്ല. പക്ഷേ, ഒന്നും സംഭവിച്ചില്ല ഉമ്മന്‍ ചാണ്ടിക്ക്. കേരളത്തിലെ ജനങ്ങള്‍ എന്നും ആ ഡയലോഗ് ഓര്‍ക്കും, ‘ഉമ്മന്‍ ചാണ്ടിയെന്ന പേരില്‍ ഒരാളേയുള്ളൂ. അത് ഉമ്മന്‍ ചാണ്ടി തന്നെ!’ ഒരേയൊരാള്‍! പകരം വയ്ക്കാനില്ലാത്തൊരാള്‍. Today is the death anniversary of oommen chandy

Content Summary:Today is the death anniversary of oommen chandy

അമർനാഥ്‌:
Related Post
Leave a Comment