മുന്‍ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ മകനും കോണ്‍ഗ്രസ് ജനറല്‍ സെക്രട്ടറിയുമായും ലോക്സഭാംഗവുമായിരുന്ന സഞ്ജയ് ഗാന്ധിയുടെ 44-ാംമത് ചരമവാര്‍ഷികമാണിന്ന്. രാജ്യം അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികത്തിലേക്ക് കടക്കുമ്പോള്‍ ജീവിച്ചിരുന്നെങ്കില്‍ സഞ്ജയ് ഗാന്ധിക്ക് ഇന്ന് 79 വയസ് പൂര്‍ത്തിയായേനെ.
മൂന്നുനാള്‍ കഴിഞ്ഞാല്‍ സഞ്ജയ് ഗാന്ധി ഇന്ത്യന്‍ രാഷ്ട്രീയത്തിന് സംഭാവന ചെയ്ത അടിയന്തരാവസ്ഥയുടെ 50-ാം വാര്‍ഷികമാണ്. ഇന്ത്യയുടെ ഭരണത്തിന്റെ കിരീടാവകാശിയാവാന്‍ ശ്രമിച്ച ഒരു ചെറുപ്പക്കാരന് അടിച്ചേല്പിച്ച ക്രൂരമായ രാഷ്ട്രീയ നടപടിയാണ് 50 വര്‍ഷം മുന്‍പ് പ്രഖ്യാപിച്ച അടിയന്തരാവസ്ഥയെന്ന പ്രതിഭാസം.
സഞ്ജയ് ഗാന്ധി ജനിച്ച് കഴിഞ്ഞ് നെഹ്റു കുടുംബത്തിലെ ഒരാചാരം അനുഷ്ഠിക്കാന്‍, അവിശ്വാസിയെങ്കിലും, മുത്തച്ഛനായ ജവഹര്‍ലാല്‍ നെഹ്റു കുടുംബത്തോടെ സിംലയിലെ ഒരു താഴ് വരയിലേക്ക് പോയി. ആ താഴ്വരയ്ക്ക് മന്ത്ര സിദ്ധിയുണ്ടന്നാണ് വിശ്വാസം.
”രാജീവ് രാജീവ്’ നെഹ്റു വിളിച്ചു കൂവി. അല്‍പ്പം കഴിഞ്ഞ് താഴ് വരയില്‍ നിന്ന് പ്രതിധ്വനി മുഴങ്ങി.
സഞ്ജയ്, സഞ്ജയ്, രണ്ടാമത് നെഹ്റു ഉറക്കെ വിളിച്ചു പറഞ്ഞു.

സഞ്ജയയും രാജീവും അമ്മയോടൊപ്പം
ഉടനെ താഴ് വരയില്‍ നിന്ന് പ്രതിധ്വനി മുഴങ്ങി.
‘ബദ്മാഷ്, ബദ് മാഷ്’ ( തന്തയില്ലാത്തവന്.തന്തയില്ലാത്തവന്)
നടന്നതോ നടക്കാത്തതോ ആയതാകാം ഈ സംഭവം, നെഹ്റു കുടുംബത്തെപറ്റി പ്രചരിക്കുന്ന പരശതം കഥകളില്‍ പ്രസിദ്ധിനേടിയ ഒരു കഥയാണിത്. സഞ്ജയ് ഗാന്ധിയെന്ന നിഗൂഢമായ വ്യക്തിത്വമുള്ള ഒരാള്‍ക്ക് തികച്ചും യോജിച്ച കഥ.
1980 മെയ് മാസത്തെ ഒരു ലക്കത്തില്‍ ‘സഞ്ജയ് പിടി മുറുക്കുന്നു’ എന്ന തലക്കെട്ടില്‍ ‘കറന്റ്’ വാരിക എഴുതി. ‘ഒന്‍പത് അസംബ്ലികളിലേക്കുള്ള ടിക്കറ്റ് വിതരണ രീതി കണ്ടാല്‍, ഭരണകക്ഷിയിലെ ഏറ്റവും ശക്തനും തര്‍ക്കമില്ലാത്തതുമായ നേതാവായി സഞ്ജയ് ഗാന്ധി ഉയര്‍ന്നു എന്നത് വ്യക്തമായി തെളിഞ്ഞിട്ടുണ്ട്.’ 34 വയസ്സുള്ള ഒരു ലോക്സഭാംഗമായ, പൈലറ്റ് കൂടിയായ സഞ്ജയ് ഗാന്ധി, ശ്രദ്ധാപൂര്‍വ്വം ആസൂത്രണം ചെയ്ത പ്രവര്‍ത്തനത്തിലൂടെ ഏറ്റവും ശക്തനായ എംപിയായ സഞ്ജയ് ഗാന്ധി അധികാരത്തിന്റെ കോക്ക്പിറ്റിലേക്ക്, കൃത്യസമയത്ത് കുതിക്കും’ കറന്റ് വാരിക എഴുതി.
”സഞ്ജയ് ഗാന്ധി ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിരാ ഗാന്ധിയുടെ ഇളയ മകനാണ്. ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രി ജവഹര്‍ലാല്‍ നെഹ്റുവിന്റെ കൊച്ചുമകന്’. അകാലത്തില്‍ അന്തരിച്ച, ഇന്ത്യന്‍ പാര്‍ലമെന്റിലെ ഏറ്റവും പ്രഗത്ഭനായ എം.പി മാരിലൊരാളായിരുന്ന ഫിറോസ് ഗാന്ധിയുടെ മകന്. പിന്നീട് പ്രധാനമന്ത്രിയായ രാജീവ് ഗാന്ധിയുടെ സഹോദരന്.
ഇന്ത്യയിലെ പ്രശസ്തമായ പ്രസിദ്ധീകരണമായ ദി ഇലസ്ട്രേറ്റഡ് വീക്കിലിയില്‍ ഓഫ് ഇന്ത്യയില്‍ വര്‍ഷങ്ങളായി നക്ഷത്രഫലം പ്രവചിക്കുന്ന മഹരാജ് ശര്ന്ദാസ് ഉദാസി ഒരിക്കല്‍ പറഞ്ഞു. ‘സഞ്ജയ് ഗാന്ധിയുടെ രാശി സിംഹമാണ്. വീട് സൂര്യന്റേതാണ്. ഇത് അഭിമാനിയും സ്വതന്ത്രനുമായ ഒരു മനുഷ്യനെ സൂചിപ്പിക്കുന്നു, കുടുംബാംഗങ്ങളെയോ സുഹൃത്തുക്കളെയോ തന്റെ തീരുമാനങ്ങളില്‍ മാറ്റം വരുത്താനോ സ്വാധീനിക്കാനോ അനുവദിക്കാതിരിക്കുകയും ചെയ്യുന്നു. ഈ നക്ഷത്രങ്ങളില്‍ ജനിച്ച പുരുഷന് ഒരു ലോക രാഷ്ട്രീയ വ്യക്തിയുടെ രൂപഭാവങ്ങളുണ്ട്. ഒരു പ്രത്യേക നേട്ടം അദ്ദേഹത്തെ അന്താരാഷ്ട്ര പ്രശസ്തിയിലേക്ക് നയിക്കും. 1982 നും 1985 നും ഇടയില്‍ അല്ലെങ്കില്‍ 1986 മാര്‍ച്ച്-ഏപ്രില്‍ മാസങ്ങളില്‍ ഏറ്റവും ഉയര്‍ന്ന രാഷ്ട്രീയ പദവി ലഭിച്ചേക്കാം. എന്നാല്‍ അദ്ദേഹം സ്ത്രീകളുടെ കാര്യത്തില്‍ ജാഗ്രത പാലിക്കണം. 1977 ഫെബ്രുവരി മുതല്‍ തിരഞ്ഞെടുപ്പ് വിജയം ഉറപ്പാക്കപ്പെടുന്നു. ബിസിനസ്സ് സംരംഭങ്ങള്‍ ആരംഭിക്കുന്നത് വിജയകരമല്ല. ഒരു പത്രസ്ഥാപനം നന്നായി പ്രവര്‍ത്തിക്കാന്‍ നല്ല സാധ്യതയുണ്ട്. ഈ രാശിയില്‍ ജനിച്ച പുരുഷന് പ്രകൃതിയിലും, കവിതയിലും, മതത്തിലും ശ്രദ്ധേയമായ താല്‍പ്പര്യമുണ്ടാകും. 55 വയസ്സിനു ശേഷം അയാള്‍ക്ക് ആത്മീയതയിലേക്ക് തിരിയാനും രാഷ്ട്രീയവും വ്യക്തിപരവുമായ എല്ലാം ഉപേക്ഷിക്കാനും കഴിയും.

അപകട വാർത്ത
1980 ജൂണ്‍ 23 ന് രാവിലെ 8:10 ന്, സഞ്ജയ് ഗാന്ധി ഒരു വ്യോമയാന പരിശീലനം നടത്തുന്നതിനിടെ പിറ്റ്സ് എസ്-2 എ എന്ന ചെറുവിമാനത്തിന്റെ നിയന്ത്രണം നഷ്ടപ്പെട്ട് ന്യൂഡല്‍ഹിയിലെ ഡിപ്ലോമാറ്റിക് എന്‍ക്ലേവില്‍ തകര്‍ന്നുവീണു. മുപ്പത്തിനാലുകാരനായ സഞ്ജയ് ഗാന്ധിയും മറ്റൊരു യാത്രക്കാരനായിരുന്ന ക്യാപ്റ്റന്‍ സുഭാഷ് സക്സേനയും അപകടത്തില്‍ തലക്ഷണം മരിച്ചു. മേല്‍പ്പറഞ്ഞ കാര്യങ്ങളില്‍ സഞ്ജയ് ഗാന്ധിയുടെ പൈതൃകമൊഴിച്ച് ബാക്കിയെല്ലാ പ്രവചനങ്ങളും തകര്‍ന്ന് വീണ ആ പിറ്റ്സ് വിമാനത്തിന്റെ കത്തിയെരിഞ്ഞ അവശിഷ്ടങ്ങളില്‍ എന്നന്നേയ്ക്കുമായി അവസാനിച്ചു.
ജനവാസ കേന്ദമായ ചാണക്യപുരിക്കു മുകളില്‍ നാലഞ്ചു നാളുകളായി നടത്തിവന്ന സഞ്ജയ് ഗാന്ധിയുടെ അപകടകരമായ ഈ വിമാന പറത്തലുകള്‍ തികച്ചും നിയമവിരുദ്ധമായിരുന്നു. ഇതില്‍ പ്രതിഷേധിച്ച അന്നത്തെ സിവില്‍ ഏവിയേഷന്‍ ഡയറക്ടര്‍ ജനറല്‍ എയര്‍ വൈസ് മാര്‍ഷല്‍ സഫീറിനെ ഉടനടി ആ സ്ഥാനത്തു നിന്ന് നീക്കം ചെയ്തിരുന്നു. എയര്‍ വൈസ് മാര്‍ഷലിന്റെ വാക്കുകള്‍ മാനിച്ചിരുന്നെങ്കില്‍ മുപ്പത്തിനാലുകാരനായ സഞ്ജയ് ഗാന്ധി കുറെക്കാലമെങ്കിലും ജീവനോടെയിരിക്കുമായിരുന്നു.

ഇന്ദിരാ ഗാന്ധി, അംബികാ സോണി എന്നിവർ സഞ്ജയ് ഗാന്ധിയുടെ പ്രവർത്തകരോടൊപ്പം
1975 ജൂണിലെ അടിയന്തരാവസ്ഥയ്ക്ക് തൊട്ടുമുമ്പും അതിനു തൊട്ടുപിന്നാലെയും അങ്ങേയറ്റം ശത്രുതാപരമായി മാറിയ രാഷ്ട്രീയ അന്തരീക്ഷത്തില്‍, ഇന്ദിരയുടെ ഉപദേഷ്ടാവ് എന്ന നിലയില്‍ മകനായ സഞ്ജയ് ഗാന്ധിയുടെ പ്രാധാന്യം വര്‍ദ്ധിച്ചു. മുന്‍ വിശ്വസ്തരുടെ കൂറുമാറ്റത്തോടെ, ഇന്ദിരയിലും സര്‍ക്കാരിലുമുള്ള ഗാന്ധിയുടെ സ്വാധീനം ഗണ്യമായി വര്‍ദ്ധിച്ചു, അദ്ദേഹം ഒരിക്കലും ഔദ്യോഗിക സ്ഥാനത്ത് അല്ലെങ്കില്‍ തിരഞ്ഞെടുക്കപ്പെട്ട സ്ഥാനത്ത് ഉണ്ടായിരുന്നില്ല. എന്നിട്ടും അദ്ദേഹത്തിന്റെ അമ്മ പ്രധാനമന്ത്രി ഇന്ദിരാഗാന്ധിയുടെ അധികാരം ഉപയോഗിച്ച് ഒരു സ്വേച്ഛാധിപത്യരാഷ്ട്രം തന്നെ സ്ഥാപിച്ചു. അടിയന്തരാവസ്ഥക്കാലത്ത്, അദ്ദേഹം തന്റെ സുഹൃത്തുക്കളോടൊപ്പം, പ്രത്യേകിച്ച് ഹരിയാനയിലെ നേതാവ് ബന്‍സി ലാലിനൊപ്പം ഇന്ത്യയെ ഭരിച്ചു. എതിരാളികളെയും ഇന്ദിരാ ഗാന്ധിയുടെ അധികാരത്തെ എതിര്‍ക്കുന്നവരെ ഭീഷണിപ്പെടുത്താനും ബലപ്രയോഗത്തിലൂടെയും നേരിടാനും ആയിരക്കണക്കിന് ചെറുപ്പക്കാരെ അദ്ദേഹം പാര്‍ട്ടിയിലേക്ക് റിക്രൂട്ട് ചെയ്തു. ബി.ബി.സി യുടെ ഇന്ത്യയിലെ മുതിര്‍ന്ന ലേഖകന്‍ മാര്‍ക്ക് ടുള്ളി എഴുതി.
ആരെയും തെല്ലും വകവയ്ക്കാത്ത, ക്രമസമാധാനത്തിന് നിത്യ ഭീഷണിയായ കുര്‍ത്തയും പൈജാമയും ധരിച്ച ഈ യുവ ഗുണ്ടകള്‍ സഞ്ജയ് ബ്രിഗേഡ് എന്നറിയപ്പെട്ടു, ഗുണ്ടായിസത്തിന് ലൈസന്‍സ് നേടിയ ഇവരായിരുന്നു അയാളുടെ നേതൃത്വത്തില്‍ അഴിഞ്ഞാടി കുറെക്കാലം ഡല്‍ഹി ഭരിച്ചത്.

സഞ്ജയ് ഗാന്ധിയുടെ ശവസംസ്കാര ചടങ്ങിൽ രാജീവും ഇന്ദിരയും
കൂടാതെ ‘കൊട്ടാരം സേവകര്‍’ എന്ന് ബി.എന്‍ ടണ്ഡന് വിശേഷിപ്പിച്ച ഒരു കൂട്ടമാളുകള്‍ രാജ്യഭരണം നിയന്ത്രിച്ചു. സഞ്ജയ് ഗാന്ധിയുടെ, ഭാര്യ മനേകയും ‘ചാച്ച’ എന്ന് വിളിക്കുന്ന മുഹമ്മദ് യൂനസ്സുമായിരുന്നു ഈ വൃത്തങ്ങളിലെ അധികാര കേന്ദ്രങ്ങള്‍. സ്റ്റെനോഗ്രാഫര്‍മാരായി എത്തി ഹിറ്റ്ലറുടെ S.S സ്റ്റോം ട്രൂപ്പര്മാരെപ്പോലെയായി മാറിയ ആര്.കെ. ധവാനും യശ്പാല്‍ കപൂറുമായിരുന്നു മറ്റ് രണ്ട് ശക്തി കേന്ദ്രങ്ങള്‍. ഉന്നത ഡല്‍ഹി രാഷ്ട്രീയത്തിന്റെ ഉള്ളറകള്‍ ആദ്യമായി പുറത്ത് കൊണ്ടുവന്ന ഇന്ദിരാ വിമര്‍ശകയായ രാജ് താപ്പറുടെ ‘ All These Years’ എന്ന പുസ്തകത്തില്‍ യശ്പാല്‍ കപൂറിനെ വിശേഷിപ്പിക്കുന്നത് ഇങ്ങനെയാണ്:
‘ആദ്യ കൂടികാഴ്ചയില്‍ തന്നെ നിങ്ങളോട് സംസാരിച്ച് വെണ്ണപുരട്ടും… പുറമേയ്ക്ക് കണ്ടാല്‍ മൃദു സ്വഭാവക്കാരനും ബുദ്ധിശ്യൂന്യനുമാ’ണെന്ന് ധരിക്കും എന്നാല്‍ ആതൃന്തികമായി അയാള്‍ മികച്ച തന്ത്രശാലിയായിരുന്നു. അയാള്‍ നെഹ്റു കുടുംബപത്രമായ ‘നാഷണല്‍ ഹെറാള്‍ഡ്’ ദിനപത്രത്തിന്റെ നിയന്ത്രണം പിടിച്ചെടുക്കുകയും ഇന്ത്യന്‍ പത്രരംഗത്തെ ആദരണീയനും, നാഷ്ണല്‍ ഹെറാള്‍ഡിനെ പ്രശസ്തനാക്കിയ കുലപതിയായ എഡിറ്റര്‍ എം. ചലപതി റാവുവിനെ അപമാനിച്ച് പുറത്താക്കുകയും ചെയ്തു.
രാജീവ്ഗാന്ധിയും സഞ്ജയ് ഗാന്ധിയും സഹോദരങ്ങളാണെങ്കിലും ഇരുവരുടേയും സ്വഭാവം തികച്ചും വ്യത്യസ്ത ധ്രുവങ്ങളിലായിരുന്നു. ശാന്തനും മൃദുഭാഷിയുമായ രാജീവ് തന്റെ പൈലറ്റു ജോലിയുമായി ഇറ്റാലിയന്‍ ഭാര്യയായ സോണിയയുമായി ഒതുങ്ങി ജീവിച്ചു. ഇന്ദിരാഗാന്ധിയുടെ ജീവചരിത്രകാരിയും ഏറ്റവും അടുത്ത കുടുംബസുഹൃത്തുമായ പപ്പുല്‍ ജെയ്ക്കര്‍ സഞ്ജയ് ഗാന്ധിയെ വിശേഷിപ്പിച്ചത് ‘പ്രാകൃതനും, വഴിപിഴച്ചവനും വിമതനായ ഒരു വിനാശകാരി’ എന്നാണ്. സ്വന്തം അമ്മായിയായ വിജയ ലക്ഷ്മി പണ്ഡിറ്റ് അനന്തരവനെ വെറുപ്പോടെ വിശഷിപ്പിച്ചത് ‘ഒട്ടും മര്യാദയില്ലാത്ത അപരിഷ്കൃതന്’ എന്നാണ്. സഞ്ജയ് ഗാന്ധിയുടെ ഭാര്യ മനേക വഴി ആദ്യം രാജ്യസഭാ സീറ്റും പിന്നീട് ഹിന്ദുസ്ഥാന്‍ ടൈംസ് എഡിറ്റര്‍ സ്ഥാനവും തരപ്പെടുത്തി സഞ്ജയ് ഗാന്ധിയുടെ ഗുണോഭോക്താവായി മാറിയ പ്രശസ്തനായ പത്രപ്രവര്ത്തകന് ഖുശ്വന്ത് സിങ്ങ് പോലും സഞ്ജയ് ഗാന്ധിയെ വിശേഷിപ്പിച്ചത് ‘സ്നേഹ സമ്പന്നനായ ഗുണ്ട’ എന്നാണ്.
ഇന്ദിരാഗാന്ധിക്ക് അധികാരം നഷ്ടപ്പെട്ട അവസ്ഥ വന്നാല്‍ ഇന്ദിരയും കുടുംബവും ശത്രുക്കളുടെ വേട്ടയാടലില്‍ ഇരയാകും എന്ന വാദമുന്നയിച്ചാണ് സഞ്ജയ് ഗാന്ധി 21 മാസത്തെ അടിയന്തരാവസ്ഥ ഇന്ദിരാ ഗാന്ധിയെക്കൊണ്ട് രാജ്യത്തിന് മേല്‍ അടിച്ചേല്‍പ്പിച്ചത്. ലക്ഷക്കണക്കിനാളുകള്‍ ജയിലില്‍ കിടക്കുകയും അഭിപ്രായ സ്വാതന്ത്യവും പൗരാവകാശവും ഇല്ലാതാവുകയും ചെയ്ത ഈ കാലത്ത് സഞ്ജയ് ഗാന്ധി നടപ്പിലാക്കിയ അഞ്ചിന പരിപാടിയിലെ നിര്‍ബന്ധിത വന്ധ്യകരണവും ചേരി നിര്‍മ്മാണവും വന്‍ വിവാദമായി. ഇതിന്റെ ആഘാതമേറ്റത് പാവപ്പെട്ടവരും, തൊഴിലാളികളും, ഭവന രഹിതരുമായിരുന്നു.
അവിവാഹിതരും, വൃദ്ധരും ഒരു കുട്ടിയുള്ള പിതാക്കന്മാരും നിര്‍ബന്ധിത വന്ധ്യംകരണത്തിന് വിധേയരായി. ഇതിന് വേണ്ടി പ്രവര്‍ത്തിച്ച ഗവ. ജീവനക്കാര്‍ക്കും, അദ്ധ്യാപകര്‍ക്കും വന്ധ്യംകരണത്തിന് ആളെ പിടിക്കാന്‍ നിശ്ചിത എണ്ണം ഉണ്ടായിരുന്നു. അത് ലക്ഷ്യം കാണാത്തവരുടെ ശമ്പളം തടഞ്ഞു. ചിലരെ സസ്പെന്‍ഡ് ചെയ്തു. ഒരു വര്‍ഷം കൊണ്ട് ഇന്ത്യയിലെ വന്ധ്യംകരണ ശതമാനം 26. 24 ലക്ഷത്തില്‍ നിന്ന് 81.31 % മായി ഉയര്‍ന്നു.

ഗുലാം നബി ആസാദ് പാർലിമെൻ്റിൽ സഞ്ജയ് ഗാന്ധിയുടെ വിശ്വസ്തൻ
മറ്റൊരു വിവാദ നായികയായിരുന്ന റുക്സാന സുല്‍ത്താന ഡല്‍ഹിയിലെ ജൂമാ മസ്ജിദിനരികിലെ മുസ്ലിം ഭൂരിപക്ഷ പ്രദേശത്ത് സഞ്ജയ് ഗാന്ധിയുടെ വന്ധ്യംകരണ സന്ദേശവുമായി സഞ്ചരിച്ചു. റഷീദ് കിദ്വായിയുടെ പുസ്തകമായ ’24 Akbar Road, A Short History of the People Behind the Fall and Rise of the Congress(2011) അവരെ വിശേഷിപ്പിക്കുന്നത് ‘ലജ്ജയില്ലാത്ത പ്രദര്ശനക്കാരിയെന്നാണ്. ജുമാ മസ്ജിദ് പ്രദേശത്ത്, പിങ്ക് നിറത്തിലുള്ള കണ്ണടയും, പട്ട് സാരിയും, താഴ്ത്തി വെട്ടിയ ചോളിയും ധരിച്ച്, സുഗന്ധദ്രവ്യങ്ങള്‍ പൂശി, മെയ്ക്കപ്പിട്ട്, സര്‍വ്വാഭരണഭൂഷിതയായി സഞ്ജയ് സ്തുതിഗീതങ്ങളുമായി അവര്‍ യാത്ര ചെയ്യുന്നത് അവിടത്തെ ജനങ്ങള്‍ക്ക് അസഹ്യമായ ഒരു കാഴ്ചയായിരുന്നു…
1976-ലെ ഭീകരമായ സംഭവമായ തുര്‍ക്ക്മാന്‍ ഗേറ്റിലെ ചേരി നിര്‍മാര്‍ജ്ജനം പ്രശസ്തനായ ഇക്കണോമിസ്റ്റ് അശോക് ചക്രവര്‍ത്തിയുടെ ‘ദി സ്ട്രഗിള്‍ വിത്തിന്’ എന്ന പുസ്തകത്തില്‍ വിശദമായി വിവരിച്ചിട്ടുണ്ട്. 1976 ഏപ്രില്‍ 13 ന് ആദ്യത്തെ ബുള്‍ഡോസര്‍ തുര്‍ക്ക്മാന്‍ ഗേറ്റില്‍ എത്തി, ഒരു ചെറിയ പോലീസ് സന്നാഹവും ഉണ്ടായിരുന്നു. തുടക്കത്തില്‍, പൊതുജനങ്ങളുടെ എതിര്‍പ്പൊന്നുമില്ലാതെ, പുറത്തെ ചില കുടിലുകള്‍ ഒഴിപ്പിച്ചു. തുടര്‍ന്ന് ഏപ്രില്‍ 15 ന്, സഞ്ജയ് ഗാന്ധിയും ഡല്‍ഹി ഗവര്‍ണര്‍ കൃഷന് ചന്ദും ചേര്‍ന്ന് ദുജാന ഹൗസ് കുടുംബാസൂത്രണ ക്യാമ്പ് ഉദ്ഘാടനം ചെയ്തു. തുര്‍ക്ക്മാന്‍ ഗേറ്റിന് ചുറ്റുമുള്ള ചേരികളും കെട്ടിടങ്ങളും മറ്റ് നിര്‍മ്മിതികളും പൊളിച്ചുമാറ്റാനായിരുന്നു നീക്കം…
തുര്‍ക്ക്മാന്‍ ഗേറ്റില്‍ നിന്ന് ചെറിയ ദൂരത്തിലായിരുന്നു ദുജാന ഹൗസ്. റിക്ഷാക്കാര്‍, തെരുവ് കച്ചവടക്കാര്‍, യാചകര്‍, വഴിയാത്രക്കാര്‍ എന്നിവരെ പോലും ക്രമരഹിതമായി പിടികൂടി നിര്‍ബന്ധിത വന്ധ്യംകരണത്തിനായി ക്യാമ്പിലേക്ക് കൊണ്ടുപോകാന്‍ തുടങ്ങി. ക്ലാമ്പ് തുറന്നതിന് ശേഷമുള്ള ദിവസങ്ങളില്‍, റുക്സാന സുല്‍ത്താന, പണവും മറ്റ് ആനുകൂല്യങ്ങളും ലഭിക്കുന്നതിന് പകരമായി തന്റെ സമുദായത്തിലെ പുരുഷന്മാരെയും സ്ത്രീകളെയും മുന്നോട്ട് വന്ന് വന്ധ്യംകരണത്തിന് വിധേയമാവാന്‍ സമ്മര്‍ദ്ദം ചെലുത്താന്‍ തുടങ്ങി.

റുക്സാന സുൽത്താന
താമസിയാതെ ദിവസേനയുള്ള വന്ധ്യംകരണലക്ഷ്യം കൈവരിക്കുന്നതിനായി പോലീസിനെ നിര്‍ബന്ധിതമായി വിന്യസിച്ചു. ജുമാ മസ്ജിദ്, ചാന്ദ്നി ചൗക്ക്, തുര്‍ക്ക്മാന്‍ ഗേറ്റ് എന്നിവിടങ്ങളിലെല്ലാം ജനരോഷം പടര്‍ന്നു. ഒരു പൊതു പണിമുടക്ക് ആഹ്വാനം ചെയ്യപ്പെട്ടു. അതേസമയം, തുര്‍ക്ക്മാന്‍ ഗേറ്റിന് ചുറ്റുമുള്ള ഇടവഴികളില്‍ താമസിച്ചിരുന്ന ലെയ്സ് ഫാക്ടറിയിലെ തൊഴിലാളികള്‍ ഒരു യോഗം വിളിച്ചുചേര്‍ത്തു. കൂടുതല്‍ ചേരികള്‍ പൊളിക്കലുകള്‍ക്കെതിരെ തെരുവിലിറങ്ങാന്‍ പ്രദേശത്തെ ജനങ്ങളെ അണിനിരത്തണമെന്ന് ഏകകണ്ഠമായി ധാരണയായി. ഇസ്ലാം, രാം സേവക്, അര്ജുന് എന്നിവര്‍ അതിന്റെ നേതൃത്വം ഏറ്റെടുത്തു. രാം സേവക് ഉടന്‍ തന്നെ സീലംപൂരിലേക്ക് പോയി. അവിടെ അദ്ദേഹം ക്രാന്തികാരി ഹരിജന്‍ സംഘത്തിലെ അംഗങ്ങളുമായി ബന്ധപ്പെട്ടു. രാം ലാല്‍, ഓം പ്രകാശ്, ബിര്‍ജു എന്നീ മൂന്നുപേര്‍ പ്രശ്നത്തോട് സഹകരിക്കാര്‍ തയാറായി. തുര്‍ക്ക്മാന്‍ ഗേറ്റിലെ സ്ഥിതിഗതികള്‍ അവരോട് വിശദീകരിച്ചു. ആ പ്രദേശത്തെ നിവാസികള്‍ നിര്‍ദ്ദേശിക്കുന്ന പ്രതിഷേധങ്ങളെ പിന്തുണയ്ക്കാന്‍ തന്നോടൊപ്പം അവിടെ വരാന്‍ തയ്യാറാണോ എന്ന് റാം സേവക് ചോദിച്ചു. അവര്‍ ആവേശത്തോടെ സമ്മതിച്ചു.
ഏപ്രില്‍ 19 ന് ബുള്‍ഡോസറുകള്‍ വീണ്ടും മുന്നോട്ട് നീങ്ങി. ജനങ്ങള്‍ പ്രതികരിച്ചു. പ്രതിഷേധക്കാര്‍ തെരുവിലിറങ്ങി ദുജാന ഹൗസ് ആക്രമിച്ചു.
പോലീസ് ലാത്തി ചാര്‍ജും കണ്ണീര് വാതകവും പ്രയോഗിച്ചാണ് തിരിച്ചടിച്ചത്. ഉച്ചയ്ക്ക് 1.30 ഓടെ സ്ത്രീകളും കുട്ടികളും അടങ്ങുന്ന ഒരു വലിയ സംഘം തുര്‍ക്ക്മാന്‍ ഗേറ്റിലെ പ്രധാന റോഡില്‍ തടിച്ചുകൂടി. പോലീസ് സ്ത്രീകളെ അറസ്റ്റ് ചെയ്യാന്‍ തുടങ്ങി, ജനക്കൂട്ടത്തിനു നേരെ കണ്ണീര് വാതകം പ്രയോഗിച്ചു, തുടര്‍ന്ന് ലാത്തി ചാര്‍ജ് നടത്തി. നിരവധി സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും പരിക്കേറ്റു.

കമൽ നാഥ് സഞ്ജയ് ഗാന്ധിയുടെ മറ്റൊരു വിശ്വസ്തൻ
സംഘര്‍ഷം രൂക്ഷമായി, സായുധ പോലീസ് വെടിയുതിര്‍ത്തു. മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ വിളിച്ചു പറഞ്ഞു. ‘ആഗെ ബധോ, ആഗെ ബധോ! മാരോ സലോം കോ! മാരോ, മാരോ!’ (മുന്നോട്ട്, മുന്നോട്ട്. ഈ തെണ്ടികളെ വെടിവയ്ക്കുക. വെടിവയ്ക്കുക, വെടിവയ്ക്കുക!). പോലീസ് രണ്ടാമത്തെ വെടിവയ്പ്പ് നടത്തി. ബുള്‍ഡോസറിന് ചുറ്റുമുള്ള പ്രതിഷേധക്കാരില്‍ പലര്‍ക്കും പരിക്കേറ്റു. ചില പ്രതിഷേധക്കാര്‍ പിരിഞ്ഞുപോകുന്നതുവരെ വെടിവയ്പ്പ് തുടര്‍ന്നു, കുറച്ച് സമയം കഴിഞ്ഞപ്പോള്‍ പ്രദേശമാകെ മരിച്ചവരും പരിക്കേറ്റവരും ചിതറിക്കിടന്നു.
സംഘര്‍ഷമേഖലയെ അഭിമുഖീകരിച്ചുകൊണ്ട് ഒരു കെട്ടിടത്തിന്റെ രണ്ടാം നിലയിലെ ബര്സതിയില് നിന്നിരുന്ന അര്‍ജുനും ഓം പ്രകാശും, പ്രതിഷേധക്കാരില്‍ പലരും വെടിയേറ്റ് മറിഞ്ഞു വീഴുന്നത് കണ്ടു. മേല്‍ക്കൂരയിലെ സമരക്കാരെ കണ്ട പോലീസ് കമാന്‍ഡര്‍മാരില്‍ ഒരാള്‍ പോലീസിനോട് ആ ദിശയിലേക്ക് വെടിവയ്ക്കാന്‍ ഉത്തരവിട്ടു. ഒരു വെടിയുണ്ട ഓം പ്രകാശിന്റെ നെഞ്ചില്‍ തറച്ചു, ഓം പ്രകാശ് വീണ സ്ഥലത്തേക്ക് രാം സേവക് ഓടി. ഓം പ്രകാശിന് കനത്ത രക്തസ്രാവമുണ്ടായിരുന്നു. അര്ജുന് തന്റെ കുര്‍ത്ത അഴിച്ചുമാറ്റി മുറിവില്‍ അമര്‍ത്തി, പക്ഷേ രക്തസ്രാവം നിലച്ചില്ല. അയാള്‍ പരിഭ്രാന്തിയിലായിരുന്നു. ഓം പ്രകാശ് അയാളുടെ മുന്നില്‍ വെച്ച് മരിക്കുകയായിരുന്നു.

ജഗദീഷ് ടൈറ്റ്ലർ തൻ്റെ നേതാവിൻ്റെ പടത്തിന് മുന്നിൽ
ആ രാത്രിയില്‍ ബാക്കി പണി പൂര്‍ത്തിയാക്കാന്‍ ഒരു കൂട്ടം ബുള്‍ഡോസറുകള്‍ അയച്ചു. ബുള്‍ഡോസറുകള്‍ എല്ലാ മൃതദേഹങ്ങളെയും – ജീവനുള്ളവരെയും – ചേരിയുടെ അവശിഷ്ടങ്ങള്‍ക്കൊപ്പം അവ കുറച്ച് അകലെയുള്ള ഒരു മാലിന്യക്കൂമ്പാരത്തില്‍ സംസ്കരിച്ചു. പരിക്കേറ്റവരുടെയോ അവശിഷ്ടങ്ങള്‍ക്കിടയില്‍ കുടുങ്ങിയവരുടെയോ നിലവിളി യന്ത്രങ്ങളുടെ അലര്‍ച്ച കാരണം കേള്‍ക്കാന്‍ കഴിഞ്ഞില്ല. ചേരി പൊളിച്ചു മാറ്റല്‍ പ്രവര്‍ത്തനങ്ങള്‍ പത്ത് ദിവസം കൂടി തുടര്‍ന്നു. കൂട്ടക്കൊലയില്‍ 400 പേര് മരിച്ചതായും 1000-ത്തിലധികം പേര്‍ക്ക് പരിക്കേറ്റതായും സ്വതന്ത്ര അന്വേഷകര്‍ കണക്കാക്കുന്നു. വര്‍ഷങ്ങള്‍ക്ക് ശേഷം ഈ സംഭവം പരിഗണിച്ച ഷാ കമ്മീഷന്, സഞ്ജയ് ഗാന്ധി, ജഗ്മോഹന്, (മുനിസിപ്പല്‍ കോര്പ്പറേഷന് കമ്മീഷണര്‍), ബിന്ദര്‍ (ഡെപ്യൂട്ടി ഇന്‍സ്പെക്ടര്‍ ജനറല്‍ ഓഫ് പോലീസ്), മറ്റുള്ളവര്‍ തുടങ്ങിയ നിരവധി വ്യക്തികളെ തുര്‍ക്ക്മാന്‍ ഗേറ്റില്‍ നടന്ന അതിക്രമങ്ങള്‍ക്ക് കുറ്റക്കാരായി പരാമര്‍ശിച്ചു. എന്നാല്‍ അവരില്‍ ആര്‍ക്കെതിരെയും നടപടിയെടുത്തില്ല, ആരും ശിക്ഷിക്കപ്പെട്ടില്ല. അടിയന്തരാവസ്ഥയിലെ പൊറുക്കാനാവാത്ത ക്രൂരതകളില്‍ ഒന്നായിരുന്നു ഈ ചേരി നിര്‍മ്മാജനം.
പഠനത്തില്‍ വലിയ താല്പ്പര്യമില്ലാത്തതിനാല് സഞ്ജയ് ഗാന്ധി ഒരിക്കലും കോളേജില്‍ പോയിരുന്നില്ല. ഹൈസ്കൂള്‍ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ശേഷം അദ്ദേഹം ഓട്ടോമോട്ടീവ് എഞ്ചിനീയറിംഗ് എടുക്കുകയും റോള്‍സ് റോയ്സില്‍ ഇംഗ്ലണ്ടില്‍ അപ്രന്റീസ് ആയി പ്രവര്‍ത്തിക്കുകയും ചെയ്തു. സഞ്ജയ് ഗാന്ധിക്ക് കാറുകളുടെ നിര്‍മ്മാണത്തില്‍ ഒരു കമ്പനിയുമായി പരിചയമോ ബന്ധമോ ഇല്ലായിരുന്നുവെങ്കിലും, ഒരു മധ്യവര്ഗക്കാരന് താങ്ങാവുന്ന ‘ജനങ്ങളുടെ കാര്‍’ നിര്‍മ്മിക്കുന്നതിനുള്ള കരാറും പ്രൊഡക്ഷന്‍ ലൈസന്‍സും അദ്ദേഹത്തിന് ലഭിച്ചു. പിന്നീട് മാരുതി കാര്‍ നിര്‍മ്മാണ വിവാദം പാര്‍ലമെന്റില്‍ പോലും ചര്‍ച്ചയായി.
അടിയന്തരാവസ്ഥക്കാലത്ത് മുംബൈയില്‍ നടന്ന കോണ്‍ഗ്രസ് റാലിയില്‍ പാടാന്‍ പ്രശസ്ത നടനും ഗായകനുമായ കിഷോര്‍ കുമാര്‍ വിസമ്മതിച്ചപ്പോള്‍, സഞ്ജയ് ഗാന്ധി ഓള് ഇന്ത്യ റേഡിയോയിലും ദൂരദര്‍ശനിലും അദ്ദേഹത്തിന്റെ എല്ലാ ഗാനങ്ങളും നിരോധിച്ചു.
ന്യൂസ് ബുള്ളറ്റിനുകള്‍ പ്രക്ഷേപണം ചെയ്യുന്നതിന് മുന്‍പ് തന്നെ കാണിക്കണമെന്ന് സഞ്ജയ് ഗാന്ധി പറഞ്ഞപ്പോള്‍ വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രി ഐ കെ ഗുജ്റാള്‍ വിസമ്മതിച്ചതിനാല്‍ ഉടനെ ഗുജ്റാളിനെ മന്ത്രിസ്ഥാനത്ത് നിന്ന് ഇന്ദിരാ ഗാന്ധി നീക്കം ചെയ്തു. ഒരിക്കല്‍ ജീപ്പില്‍ സഞ്ചരിക്കുമ്പോള്‍ സഞ്ജയ് ഗാന്ധിക്കെതിരെ വധശ്രമം ഉണ്ടായി എന്ന് പറയപ്പെടുന്നു. വാര്‍ത്താ ശ്രദ്ധയിലൊന്നും ഇടം പിടിക്കാതെ അത് കടന്നുപോയി.

അശോക് ചക്രവർത്തിയുടെ പുസ്തകം
ജെ പി മൂവ്മെന്റ് ആന്‍ഡ് ദി എമര്‍ജന്‍സി എന്ന പുസ്തകത്തില്‍ ചരിത്രകാരനായ ബിപന്‍ ചന്ദ്ര എഴുതി, ‘സഞ്ജയ് ഗാന്ധിയും അന്നത്തെ ബന്‍സി ലാലിനെപ്പോലുള്ള അദ്ദേഹത്തിന്റെ കൂട്ടാളികളും തിരഞ്ഞെടുപ്പുകള്‍ മാറ്റിവയ്ക്കുന്നതിലും അടിയന്തരാവസ്ഥ വര്‍ഷങ്ങളോളം നീട്ടുന്നതിലും വളരെ ശ്രദ്ധാലുവായിരുന്നു. 1977 മാര്‍ച്ച് 21 ന് അടിയന്തരാവസ്ഥ ഔദ്യോഗികമായി പിന്‍വലിച്ചതോടെ സഞ്ജയ് ഗാന്ധിയുടെയും ബ്രിഗേഡിന്റെയും തേര്‍വാഴ്ച അവസാനിച്ചു. മൂന്ന് വര്‍ഷത്തിന് ശേഷം, 1980 ജൂണ്‍ 23 ന് വിമാനാപകടത്തിലൂടെ അടിയന്തരാവസ്ഥയിലെ പ്രതിനായകന് കഥാവശേഷനായി. Today is the death anniversary of sanjay gandhi, who was also the cause of the emergency
Content Summary: Today is the death anniversary of sanjay gandhi, who was also the cause of the emergency
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.