July 07, 2026 |
Share on

അടിയന്തരാവസ്ഥ: സഞ്ജയ് ഗാന്ധി പ്രിന്റ് കത്തിച്ച സിനിമ; സംവിധാനം കോണ്‍ഗ്രസ് എം.പി

അടിയന്തരാവസ്ഥയില്‍ ഇന്ത്യയിലെ ബുദ്ധിജീവികളെയും നിശബ്ദരാക്കിയിരുന്നു

ഒരു മില്യന്‍ ആളുകള്‍ എന്റെ ഒരു സിനിമ കാണുന്നുണ്ടെന്നിരിക്കട്ടെ, അവര്‍ കാണുന്നത് ഒരു മില്യന്‍ സിനിമകള്‍ ആയിരിക്കും എന്ന് പറഞ്ഞത് ഹോളിവുഡിലെ പ്രശസ്ത സംവിധായകനായ ക്വിന്റന്‍ ടെറന്റിനോ ആണ്. പക്ഷേ ഏതൊരു ഭരണകൂടവും ഒരു സിനിമയെ കാണുക ഒരൊറ്റ സിനിമയായിട്ടായിരിക്കും. അവര്‍ക്കെതിരെയുള്ള സിനിമ! അടിയന്തരാവസ്ഥ കാലത്തും അതിന് മാറ്റമുണ്ടായില്ല.

1975 ല്‍ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതോടെ കലയും കലാകാരന്മാരും പ്രതിസന്ധിയിലായിരുന്നു. ആത്മാവിഷ്‌ക്കാരങ്ങളെ ഭരണകൂടം കൂച്ചുവിലങ്ങിട്ടു. സിനിമകള്‍, നാടകങ്ങള്‍ കാര്‍ട്ടൂണുകള്‍, പുസ്തകങ്ങള്‍ തുടങ്ങിയവ നിരോധിക്കപ്പെട്ടു. അനേകം സിനിമകള്‍ നിരോധിക്കപ്പെടുകയോ ചിത്രീകരണം തടസ്സപ്പെടുകയോ ചെയ്തു. പലതും റിലീസ് ചെയ്യാന്‍ സാധിച്ചില്ല. ഓള്‍ ഇന്ത്യ റേഡിയോയില്‍ നിന്നും ദൂരദര്‍ശനില്‍ നിന്നും പ്രശസ്ത ഗായകനും നടനുമായ കിഷോര്‍ കുമാറിനെ വിലക്കി. ആവിഷ്‌ക്കാര സ്വാതന്ത്ര്യം ഹനിക്കപ്പെട്ടപ്പോള്‍ ദേവ് ആനന്ദിനെ പോലുള്ള വലിയ സൂപ്പര്‍ സ്റ്റാറുകള്‍ സിനിമകളുടെ നിരോധനത്തിനെതിരെ ശബ്ദമുയര്‍ത്തി ഇന്ദിരാഗാന്ധിക്കെതിരെ രംഗത്ത് വന്നു. അടിയന്തരാവസ്ഥയില്‍ ഇന്ത്യയിലെ ബുദ്ധിജീവികളെയും നിശബ്ദരാക്കിയിരുന്നു. കോണ്‍ഗ്രസ് പാര്‍ട്ടി ദേവ് ആനന്ദിന്റെ സിനിമകളും കിഷോര്‍ കുമാറിന്റെ ഗാനങ്ങളും നിരോധിച്ചപ്പോള്‍ വലിയ പ്രതിഷേധങ്ങള്‍ ഉണ്ടായി. ഇന്ദിരാഗാന്ധിയുടെ നേതൃത്വത്തിലുള്ള അമിതാധികാര ഭരണകൂടം അതിനെയെല്ലാം അടിച്ചമര്‍ത്തുകയാണുണ്ടായത്. കോണ്‍ഗ്രസിന്റെ രാജ്യസഭാംഗം കൂടിയായ അമൃത് നഹത സംവിധാനം ചെയ്ത ‘കിസ്സ കുര്‍സി കാ’ നിരോധിക്കപ്പെട്ടു. ഇന്ദിരാഗാന്ധിയുടെ കടുത്ത നടപടിക്കെതിരെ നടന്‍ ദേവ് ആനന്ദ് സിനിമാതാരങ്ങളുടെ ഒരു കൂട്ടായ്മ ഉണ്ടാക്കി, പ്രതിഷേധവുമായി രംഗത്തെത്തി. ഈ കൂട്ടായ്മയോട് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ച് ഗായകന്‍ കിഷോര്‍ കുമാര്‍ സര്‍ക്കാര്‍ അനുകൂല പ്രചാരണം നടത്താന്‍ വിസമ്മതിച്ചു. സര്‍ക്കാര്‍ പരസ്യങ്ങളില്‍ നിന്നെല്ലാം അദ്ദേഹം പിന്മാറി. കലാകാരന്മാര്‍ക്ക് അക്കാലത്ത് ലഭ്യമായിരുന്ന രണ്ട് പ്രശസ്ത മാധ്യമങ്ങളായ ആകാശവാണി, ദൂരദര്‍ശന്‍ എന്നിവയില്‍ നിന്ന് സര്‍ക്കാര്‍ വിമര്‍ശകരെ ഇന്ദിരാഗാന്ധി വിലക്കിയിരുന്നു. അടിയന്തരാവസ്ഥയ്‌ക്കെതിരെ ശക്തമായി നിലപാടെടുത്ത ജനതാ പാര്‍ട്ടിയ്ക്ക് ഐക്യദാര്‍ഢ്യം പ്രഖ്യാപിച്ചുകൊണ്ട് പൊതുവേ രാഷ്ട്രീയം ഒന്നും ഇല്ലാതിരുന്ന പ്രാണ്‍ ശത്രുഘ്‌നന്‍ സിന്‍ഹ, വിജയ് ആനന്ദ്, ഡാനി ഡന്‍സോങ്ങ്പ്പ തുടങ്ങിയ താരങ്ങളും രംഗത്തെത്തിയിരുന്നു. ജോര്‍ജ്ജ് ഫെര്‍ണാണ്ടസിനെപ്പോലുള്ള നേതാക്കളും ആവിഷ്‌ക്കാര സ്വാതന്ത്ര്യത്തിനായി പ്രതിഷേധക്കാര്‍ക്കൊപ്പം നിന്നു. എന്നിട്ടും ‘കിസ്സാ കുര്‍സി കാ’ വെളിച്ചം കണ്ടില്ല. ഇന്ത്യന്‍ സര്‍ക്കാര്‍ ചിത്രം നിരോധിക്കുകയും എല്ലാ പ്രിന്റുകളും കണ്ടുകെട്ടുകയും ചെയ്തു.

actor dev anand

നടന്‍ ദേവ് ആനന്ദ്

ഇന്ദിരാഗാന്ധിയുടെയും മകന്‍ സഞ്ജയ് ഗാന്ധിയുടെയും പ്രതിലോമകരമായ രാഷ്ട്രീയത്തെക്കുറിച്ചുള്ള ഒരു ആക്ഷേപഹാസ്യ ചിത്രമായിരുന്നു കിസ്സാ കുര്‍സി കാ. ചിത്രം തങ്ങളുടെ രാഷ്ട്രീയ ഭാവിക്ക് എതിരാകുമെന്ന് കരുതിയാണ് സഞ്ജയ് ഗാന്ധി ഫാസിസ്റ്റിനെ പോലെ ഈ വിഷയത്തില്‍ ഇടപെട്ടത്. വൈരാഗ്യ ബുദ്ധിയോടുകൂടി അദ്ദേഹം ഈ ചിത്രത്തിന്റെ അണിയറ പ്രവര്‍ത്തകരെയും കൈകാര്യം ചെയ്തു. ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രിയായിരുന്ന വി സി ശുക്ല യുടെ മന്ത്രാലയത്തിന് കീഴിലായിരുന്നു സെന്‍സര്‍ ബോര്‍ഡ്. ചിത്രം കൈകാര്യം ചെയ്ത ഭാരവാഹികളോട് സെന്‍സര്‍ ബോര്‍ഡില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ മന്ത്രി നിര്‍ദ്ദേശം നല്‍കിയിരുന്നുവെങ്കിലും ഓഫീസിലെ രണ്ട് ക്ലാര്‍ക്കുമാര്‍ സെന്‍സര്‍ ബോര്‍ഡില്‍ സമര്‍പ്പിച്ച മാസ്റ്റര്‍ പ്രിന്റുകള്‍ സര്‍ക്കാരിന് കൈമാറാന്‍ വിസമ്മതിച്ചു. അതിന്റെ ഫലമായി അവരെ സ്ഥലംമാറ്റുകയും പീഡിപ്പിക്കുകയും ചെയ്തിരുന്നു. അവിടം മുതല്‍ കാര്യങ്ങള്‍ കൂടുതല്‍ വഷളായി തുടങ്ങി. ശബാന ആസ്മി,രാജ് ബബ്ബാര്‍, ഉത്പല്‍ ദത്ത്,രഹന സുല്‍ത്താന്‍, മനോഹര്‍ സിംഗ് തുടങ്ങിയവര്‍ അഭിനയിച്ച സിനിമ യുടെ ഇതിവൃത്തം അഴിമതിക്കാരനും ദുഷ്ടനുമായ രാഷ്ട്രീയക്കാരന്‍ ഗംഗാറാമിനെ ചുറ്റിപ്പറ്റിയാണ്. മനോഹര്‍ സിംഗ് അവതരിപ്പിച്ച ഈ കഥാപാത്രം പൊതുജനങ്ങളെ വിഡ്ഢികളാക്കാന്‍ ശ്രമിക്കുന്നു. രാഷ്ട്രീയ പാപ്പരത്തത്തെ ഏറ്റവും ക്രൂരമായി പരിഹസിക്കുന്ന കാര്‍ട്ടൂണുകളുടെ ഒരു ചലച്ചിത്ര പതിപ്പായി കണക്കാക്കപ്പെടുന്ന ഈ സിനിമ വ്യവസ്ഥിതിയെയും രാഷ്ട്രീയക്കാരുടെ സ്വാര്‍ത്ഥതയെയും മറനീക്കി കാണിക്കുന്ന ഒന്നായിരുന്നു. ചിത്രം തന്നെയും അമ്മ ഇന്ദിരയെയും കളിയാക്കുന്ന ആവിഷ്‌ക്കാരമാണെന്ന് സഞ്ജയ് ഗാന്ധി കരുതി.

സഞ്ജയ് ഗാന്ധിയുടെ സ്വപ്ന പദ്ധതിയായ മാരുതി കാര്‍ നിര്‍മ്മാണ ശാലയുമായി ബന്ധപ്പെട്ട കുടിയൊഴിപ്പിക്കലും അഴിമതിയും ചിത്രത്തില്‍ ഭാഗികമായി പരാമര്‍ശവിധേയമായിരുന്നു. ജനതയുടെ പ്രതിനിധിയായി മൂകയായ ഒരു കഥാപാത്രത്തെയാണ് ഷബ്‌ന ആസ്മി അവതരിപ്പിച്ചത്. ഭരണകൂടം എങ്ങനെയാണ് ജനങ്ങളെ നിശബ്ദരാക്കുന്നത് എന്ന് ഈ കഥാപാത്രസൃഷ്ടിയിലൂടെ ക്രിയാത്മകമായി പറയാനുള്ള ശ്രമം ആയിരുന്നു സംവിധായകന്റേത്.

ഏപ്രിലില്‍ ഈ ചിത്രം സെന്‍സര്‍ ബോര്‍ഡിന് സര്‍ട്ടിഫിക്കേഷനായി സമര്‍പ്പിച്ചുവെങ്കിലും ഭരണകൂടത്തിന്റെ ഇടപെടല്‍ ഉണ്ടായി. സഞ്ജയ് ഗാന്ധിയുടെ ഓട്ടോ-മാനുഫാക്ചറിംഗ് പ്ലാന്റിനെ (പിന്നീട് 1981 ല്‍ മാരുതി ഉദ്യോഗ് എന്ന പേരില്‍ സ്ഥാപിതമായി) കുറിച്ചുള്ള വിമര്‍ശനം മാത്രമല്ല, ഇന്ദിരാഗാന്ധിയുടെ പ്രൈവറ്റ് സെക്രട്ടറി ആര്‍.കെ. ധവാന്‍, കോണ്‍ഗ്രസ് അനുകൂലിയും അടിയന്തരാവസ്ഥയുടെ വക്താവുമായ ആള്‍ദൈവം സ്വാമി ധീരേന്ദ്ര ബ്രഹ്‌മചാരി, സഞ്ജയ് ഗാന്ധിയുടെ കൂട്ടുകാരി റുഖ്സാന സുല്‍ത്താന തുടങ്ങിയവരെ അനുസ്മരിക്കുന്ന കഥാപാത്രങ്ങളും ഈ ചിത്രത്തിലുണ്ടായിരുന്നു. സെന്‍സര്‍ ബോര്‍ഡ് ചിത്രം ഏഴ് അംഗ റിവൈസിംഗ് കമ്മിറ്റിക്ക് അയച്ചുവെങ്കിലും കമ്മറ്റി തീരുമാനമെടുത്തില്ല, അവര്‍ അത് കേന്ദ്ര സര്‍ക്കാരിന് അയച്ചുകൊടുത്തു. തുടര്‍ന്ന്, ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് ബ്രോഡ്കാസ്റ്റിംഗ് മന്ത്രാലയം 51 എതിര്‍പ്പുകള്‍ ഉന്നയിച്ച് നിര്‍മ്മാതാവിന് ഒരു കാരണം കാണിക്കല്‍ നോട്ടീസ് അയച്ചു. 1975 ജൂലൈ 11 ന് സമര്‍പ്പിച്ച മറുപടിയില്‍, കഥാപാത്രങ്ങള്‍ ‘സാങ്കല്‍പ്പികമാണെന്നും ഏതെങ്കിലും രാഷ്ട്രീയ പാര്‍ട്ടിയെയോ വ്യക്തികളെയോ പരാമര്‍ശിക്കുന്നില്ലെന്നും’ നഹത പ്രസ്താവിച്ചു. അപ്പോഴേക്കും അടിയന്തരാവസ്ഥയുടെ ഭീകരത വ്യാപിച്ചു കഴിഞ്ഞിരുന്നു. സുപ്രീം കോടതിയുടെ വിധി ഉണ്ടായിട്ടും ബാക്കി പ്രിന്റുകളും നശിപ്പിക്കപ്പെട്ടു. ഡല്‍ഹി പോലീസിന്റെയും ക്രൈംബ്രാഞ്ചിന്റെയും അകമ്പടിയോടെ ബോംബെയിലെ പ്രഭാദേവിയില്‍ ഉള്ള ഫിലിം ലാബില്‍ നിന്നും ബാക്കി പ്രിന്റുകള്‍ എല്ലാം ‘ഫ്രോണ്ടിയര്‍ മെയിലില്‍’ ഡല്‍ഹിക്ക് കൊണ്ടുപോയി. (ഇതേ ഫ്രോണ്ടിയര്‍ മെയിലില്‍ ആയിരുന്നു ഗാന്ധി ഘാതകര്‍ സഞ്ചരിച്ചിരുന്നത്). 50 അടിയുള്ള പെട്ടികളില്‍ ആക്കി കടത്തിക്കൊണ്ടുവന്ന പ്രിന്റുകള്‍ മുഴുവനും, മാരുതിയുടെ ഫാക്ടറി വളപ്പില്‍ വച്ച് കത്തിച്ചു, അങ്ങനെ ഭരണകൂട ഭീകരതക്കെതിരെയുള്ള ആവിഷ്‌ക്കാരം കത്തിച്ചാമ്പലായി.

സംവിധായകനും നിര്‍മ്മാതാക്കളും വിട്ടുകൊടുക്കാന്‍ തയ്യാറല്ലായിരുന്നു. അവര്‍ സുപ്രീംകോടതിയെ സമീപിച്ചു. കേസ് 11 മാസം നീണ്ടുനിന്നു, 1979 ഫെബ്രുവരി 27 ന് കോടതി വിധി പുറപ്പെടുവിച്ചു. സഞ്ജയ് ഗാന്ധിക്കും ശുക്ലയ്ക്കും ഒരു മാസവും രണ്ട് വര്‍ഷവും തടവ് ശിക്ഷ വിധിച്ചു. സഞ്ജയ് ഗാന്ധിക്ക് ജാമ്യം നിഷേധിച്ചു. ഒരുമാസം അദ്ദേഹത്തിന് ജയിലില്‍ കഴിയേണ്ടി വന്നു. ‘ക്രിമിനല്‍ ഗൂഢാലോചന, വിശ്വാസ വഞ്ചന, തീവെച്ച് ദ്രോഹിക്കല്‍, സത്യസന്ധതയില്ലാതെ ക്രിമിനല്‍ സ്വത്ത് സ്വീകരിക്കല്‍, മോഷ്ടിച്ച സ്വത്ത് മറച്ചുവെക്കല്‍, തെളിവുകള്‍ നശിപ്പിക്കല്‍’ എന്നീ കുറ്റങ്ങള്‍ ചുമത്തിയാണ് ഡല്‍ഹിയിലെ തിസ് ഹസാരി കോടതിയിലെ ജില്ലാ ജഡ്ജി ഒ.എന്‍. വോറ തന്റെ വിധിന്യായം പുറപ്പെടുവിച്ചത്.

VC Shukla

വി.സി ശുക്ല

കോണ്‍ഗ്രസിന്റെ അംഗമായി ബാര്‍മറില്‍ നിന്ന് രണ്ടുതവണ ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട അമൃത് നഹത അടിയന്തരാവസ്ഥയ്ക്ക് ശേഷം കോണ്‍ഗ്രസ് വിട്ട് ജനതാ പാര്‍ട്ടിയില്‍ ചേരുകയും പാലി നിയോജകമണ്ഡലത്തെ പ്രതിനിധീകരിച്ച് ജനതാ പാര്‍ട്ടിയുടെ അംഗമായി മൂന്നാം തവണ ലോക്സഭയില്‍ എത്തുകയും ചെയ്തു.
1977 ല്‍, ‘കിസ്സ കുര്‍സി കാ’ അദ്ദേഹം വീണ്ടും സംവിധാനം ചെയ്തു. പക്ഷേ വിധി വൈപരീത്യം എന്ന് പറയട്ടെ, രണ്ടാമതും സംവിധാനം ചെയ്തപ്പോഴും സെന്‍സര്‍ ബോര്‍ഡ് 21 കട്ടുകള്‍ നിര്‍ദ്ദേശിച്ചു!The movie Kissa Kursi Ka, which was not released during the Emergency

(Azhimukham believes in promoting diverse views and opinions on all issues. They need not always conform to our editorial positions)

Content Summary: The movie Kissa Kursi Ka, which was not released during the Emergency

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×