ടൊവിനോയാണ് ഇപ്പോള്‍ താരം. മലയാളത്തിലെ ഏതൊരു സൂപ്പര്‍ സ്റ്റാറിനോളം തന്നെ വാല്യു ഇപ്പോള്‍ ഈ നടനുണ്ട്. പൃഥ്വിരാജ് ചിത്രം എസ്രയില്‍ പോലും നായകന്റെ ഇന്‍ട്രൊഡക്ഷന്‍ സീനിനു കിട്ടിയതിനേക്കാള്‍ കയ്യടി പൊലീസ് വേഷത്തില്‍ എത്തിയ ടൊവിനോയ്ക്കായിരുന്നു. യുവാക്കളില്‍ വലിയൊരു വിഭാഗം ടൊവിനോയെ തങ്ങളുടെ ഹീറോയാക്കി കഴിഞ്ഞു.
മെക്‌സിക്കന്‍ അപാരത തീയേറ്ററുകളില്‍ നിറഞ്ഞുകവിഞ്ഞു പ്രദര്‍ശിപ്പിക്കുമ്പോള്‍ ഈ നടന്റെ ഇമേജും മാര്‍ക്കറ്റും ഒപ്പം ഉയരുകയാണ്.
ചിത്രം ആദ്യദിനം തന്നെ മൂന്നുകോടി രൂപ നേടിക്കഴിഞ്ഞെന്നാണു റിപ്പോര്‍ട്ടുകള്‍. മമ്മൂട്ടി(കസബ), പൃഥ്വിരാജ് (എസ്ര), ദുല്‍ഖര്‍ സല്‍മാന്‍(ജോമോന്റെ സുവിശേഷങ്ങള്‍) എന്നിവരെക്കാള്‍ മുന്നില്‍ ടൊവിനോ എത്തിയെന്നതാണ് ഈ കളക്ഷന്‍ സൂചിപ്പിക്കുന്നത്. ഇന്നലെ റിലീസ് ചെയ്ത ചിത്രം പലയിടങ്ങളിലും സ്‌പെഷല്‍ ഷോകള്‍ നടത്തി എന്നതും ഏറെ ശ്രദ്ധേയമാണ്. രണ്ടാംനിര നായകന്‍മാര്‍ക്കിടയില്‍ നിന്നുള്ള ഒരാളുടെ ചിത്രത്തിനാണ് ഇങ്ങനെയൊരു സ്വീകാര്യത കിട്ടുന്നതെന്നു കാണുമ്പോള്‍ മാറ്റേണ്ടതും അതേ അഭിപ്രായം തന്നെയാണ്, ടൊവിനോ തോമസ് ഒന്നാംനിര നായകനായി മാറിക്കഴിഞ്ഞു.
സോളോ പെര്‍ഫോമന്‍സിലൂടെ ഒരു സിനിമ കൊണ്ടുപോകാനും ആളെ കയറ്റാനും ഈ നടന് കഴിയുമെന്നു തെളിയിക്കപ്പെട്ടിരിക്കുകയാണ്. ഇനി വരാന്‍ പോകുന്ന ഗോദ, ചെങ്ങഴി നമ്പ്യാര്‍ എന്നീ ചിത്രങ്ങള്‍ കൂടി പ്രേക്ഷകര്‍ക്കു മുന്നില്‍ എത്തുമ്പോള്‍ ടൊവിനോയുടെ താരമൂല്യം കൂടുതല്‍ ഉയരത്തില്‍ എത്തും.

മോഡലിംഗ്, പരസ്യ ചിത്രങ്ങള്‍ വഴി സിനിമയില്‍ എത്തിയ ടൊവിനോ വളരെ ശ്രദ്ധിച്ചുള്ള ചുവടുകളാണു മുന്നോട്ടു വച്ചത്. ആദ്യകാലത്ത് ചെയ്ത ചിത്രങ്ങള്‍ വേണ്ടത്ര വിജയിക്കാതെ പോയെങ്കിലും നടന്‍ എന്ന നിലയില്‍ തന്നെ അടയാളപ്പെടുത്തിയിടാന്‍ ഓരോ സിനിമയിലും ടൊവിനോ ശ്രദ്ധിച്ചിരുന്നു. കിട്ടിയ വേഷത്തിന്റെ വലിപ്പമോ പ്രാധാന്യമോ നോക്കാതെ തന്നെ. അതിനുദാഹരണമാണ് എബിസിഡിയിലെ നെഗറ്റീവ് ടച്ചുള്ള രാഷ്ട്രീയക്കാരന്‍.
ആകാരഭംഗിയും ശബ്ദവും അഭിനയേഷിയും ഒപ്പം നല്ല സ്‌ക്രീന്‍ പ്രെസന്‍സും ടൊവിനോയുടെ കഥാപാത്രങ്ങളെ, അവ ചെറുതായിരുന്നെങ്കില്‍ പോലും ശ്രദ്ധിച്ചുവയ്ക്കാന്‍ പ്രേക്ഷകനു കാരണമായി. ഒരു മികച്ച വേഷം അയാളെ തേടിയെത്തുമെന്നു തന്നെ എല്ലാവരും കരുതി.
ആര്‍എസ് വിമല്‍ എന്ന സംവിധായകനാണ് ടൊവിനോയ്ക്ക് അങ്ങനെയൊരു വേഷം നല്‍കിയത്. എന്ന് നിന്റെ മൊയ്തീനില്‍ പെരുംപറമ്പില്‍ അപ്പു എന്ന കഥാപാത്രം ടൊവിനോയും പ്രേക്ഷകനും ആഗ്രഹിച്ചിരുന്നതുപോലെ ഒന്നായിരുന്നു. അങ്ങോട്ടു തേടി ചെല്ലാതെ എന്നിലെ നടന് ഇങ്ങോട്ടു വന്ന കഥാപാത്രമായിരുന്നു അപ്പു എന്നു ടൊവിനോ പറഞ്ഞിട്ടുണ്ട്. കിട്ടുന്നതെന്നും ചെയ്യാതെ, ഒരു നടനെന്ന നിലയില്‍ തനിക്ക് എന്തെങ്കിലും അടയാളപ്പെടുത്താനുള്ള വേഷങ്ങള്‍ ചെയ്യുന്നതിലാണു കാര്യമെന്നു മനസിലാക്കിയ ബുദ്ധിമാനായൊരു നടന്റെ തീരുമാനത്തിനുള്ള പ്രതിഫലം തന്നെയായിരുന്നു പെരുംപറമ്പില്‍ അപ്പു.
എന്ന് നിന്റെ മൊയ്തീന്‍ ടൊവിനോയുടെ ഇതുവരെയുള്ള കരിയര്‍ ബസ്റ്റ് ആണ്. ആ വേഷത്തിന്റെ വലിപ്പം സിനിമയില്‍ അത്ര വലുതല്ലെങ്കിലും, ചെറുതെങ്കിലും മനോഹരം എന്നുപറയുന്നതുപോലെ അപ്പുവിന്റെ പ്രണയവും പ്രണയത്തിനുവേണ്ടിയുള്ള ത്യാഗവും മനോഹരമായി അവതരിപ്പിക്കാന്‍ ടൊവിനോക്ക് സാധിച്ചു. അതിന്റെ തീവ്രത അതേപോലെ സ്വീകരിക്കാന്‍ പ്രേക്ഷകനും കഴിഞ്ഞു. മൊയ്തീനെക്കുറിച്ചും കാഞ്ചനമാലയെക്കുറിച്ചും പറയുന്നതുപോലെ പെരുംപറമ്പില്‍ അപ്പുവിനെ പറ്റിയും പ്രേക്ഷകന്‍ ഇന്നും സംസാരിക്കുന്നുണ്ടെങ്കില്‍ അതു തന്നെയാണ് ടൊവിനോയ്ക്ക് കിട്ടിയ അവാര്‍ഡ്.

എന്ന് നിന്റെ മൊയ്തീന്‍ വലിയൊരു ബ്രേക്ക് ടൊവിനോയ്ക്ക് സമ്മാനിച്ചെങ്കിലും അതൊരു ലക്ക് ആയിരുന്നില്ലെന്ന് തെളിയിക്കേണ്ട വെല്ലുവിളിയും അതോടൊപ്പം ഉണ്ടായിരുന്നു. ധാരാളം അവസരങ്ങള്‍ ഇതിനു പിന്നാലെ അയാളെ തേടിയെത്തിയപ്പോഴും ബുദ്ധിപൂര്‍വമായ തെരഞ്ഞെടുപ്പ് അതില്‍ നടത്തിയത് മേല്‍പ്പറഞ്ഞ വെല്ലുവിളിയെക്കുറിച്ച് അയാള്‍ക്കു ബോധ്യമുണ്ടായിരുന്നതുകൊണ്ടാണ്. ഒരു സിനിമ കൊണ്ടുണ്ടാക്കിയ പേര് കളയാന്‍ മറ്റൊരു സിനിമ തന്നെ ധാരാളമാണ്. അവിടെയും ടൊവിനോയുടെ കണക്കു കൂട്ടലുകള്‍ തന്നെയാണു ജയിച്ചത്.
പെരുംപറമ്പില്‍ അപ്പുവിന്റെ നിഴലില്‍ നിന്നും മാറി മറ്റൊരു കഥാപാത്രത്തിന്റെ രൂപത്തില്‍ വീണ്ടും തന്റെ മികവ് തെളിയിക്കാന്‍ വേണ്ടിയുള്ള കാത്തിരിപ്പാണ് ഗപ്പി അയാള്‍ക്ക് സമ്മാനിച്ചത്. ചെറിയ ചിത്രം. പ്രധാന കഥാപാത്രം എന്നു പറയാവുന്നത് ഒരു ബാലന്‍. പക്ഷേ അതിലെ തേജസ് വര്‍ക്കി എന്ന കഥാപാത്രത്തിന്റെ പ്രധാന്യം മനസിലാക്കാന്‍ ടൊവിനോക്ക് കഴിയുമായിരുന്നു. അപ്പുവിന്റെ ഷെയ്ഡില്‍ നിന്നും മാറാന്‍ മാത്രമല്ല, ഒരു നടന്‍ എന്ന നിലയില്‍ ഒന്നുകൂടി ശക്തമായി കാലുറപ്പിച്ചു നില്‍ക്കാന്‍ കൂടിയാണ് തേജസ് വര്‍ക്കി ടൊവിനോയെ സഹായിച്ചത്.
അപ്പുവില്‍ നിന്നും തീര്‍ത്തും വ്യത്യസ്തനാണു തേജസ് വര്‍ക്കി. രൂപത്തില്‍ പോലും പ്രകടമായ മാറ്റം. ഗപ്പിയിലെ ടൊവിനോയുടെ ലുക്ക് പ്രേക്ഷകന് അയാളില്‍ കൂടുതല്‍ ഇഷ്ടം ജനിപ്പിക്കുന്നതായിരുന്നു. തിയേറ്ററില്‍ ഹിറ്റായില്ലെങ്കിലും ടോറന്റിലൂടെ ഗപ്പി സൂപ്പര്‍ ഹിറ്റായെന്നു പറയാം. അപ്പോള്‍ കേട്ടൊരു കമന്റ് തിയേറ്റര്‍ ഹിറ്റ് ഉണ്ടാക്കാന്‍ തക്ക വളര്‍ച്ച ടൊവിനോ നേടിയിട്ടില്ല എന്നായിരുന്നു. അതുപക്ഷേ ടൊവിനോയുടെ കഴിവുകേടല്ലായിരുന്നു, സിനിമകളെക്കുറിച്ചുള്ള മലയാളി പ്രേക്ഷകരുടെ ധാരണാപിശകുകളായിരുന്നു.

എന്നാല്‍ എല്ലാ തെറ്റിദ്ധാരണകളും തിരുത്തുകയാണ് ഇപ്പോള്‍ മെക്‌സിക്കന്‍ അപാരതയിലൂടെ ടൊവിനോ. ഒരു ടീം വര്‍ക്കിന്റെ വിജയം എന്നു തന്നെയാണ് മെക്‌സിക്കന്‍ അപരാതയെ വിശേഷിപ്പിക്കേണ്ടതെങ്കിലും കേന്ദ്രകഥാപാത്രത്തിന്റെ സ്ഥാനത്ത് ടൊവിനോ തോമസ് എന്ന നടന്‍ ഉള്ളത് ആ സിനിമയ്ക്ക് വളരെ ഗുണം ചെയ്തു എന്നതില്‍ തര്‍ക്കമില്ല.
ഇനി ടൊവിനോയുടെതായി പ്രേക്ഷകര്‍ കാത്തിരിക്കുന്ന രണ്ടു ചിത്രങ്ങള്‍ ഗോദയും ചെങ്ങഴി നമ്പ്യാരുമാണ്. വ്യത്യസ്തമായ മേക് ഓവറിലാണ് ഈ രണ്ടു സിനിമകളിലും ടൊവിനോ എത്തുന്നത്. കഥാപാത്രങ്ങളുടെ വ്യത്യസ്തത തന്നെയാണു ടൊവിനോയുടെ പ്രത്യേകത. ഒന്നില്‍ കണ്ട രൂപത്തില്‍ മറ്റൊന്നിലേക്ക് ടൊവിനോ എത്തുന്നില്ല. കഥാപാത്രങ്ങളുടെ ഈ വ്യത്യസ്തത ഉപയോഗിക്കാന്‍ സാധിക്കുന്നു എന്നതു തന്നെയാകാം ടൊവിനോയുടെ വിജയത്തിനു കാരണവും.
എന്നു നിന്റെ മൊയ്തീനുശേഷം ഒരാള്‍ ഫെയ്‌സ്ബുക്കിലൂടെ ടൊവിനോയോട് ചോദിച്ചത് ഓരോ സിനിമയ്ക്കുവേണ്ടിയും നിങ്ങള്‍ പ്ലാസ്റ്റിക് സര്‍ജറി നടത്താറുണ്ടോ എന്നായിരുന്നു. ആ ചോദ്യം ഒരു തമാശ അല്ലെന്നും പ്രേക്ഷകന്‍ തന്റെ കഥാപാത്രങ്ങളുടെ വ്യത്യസ്തത ശ്രദ്ധിക്കുന്നുണ്ടെന്നതിന്റെ തെളിവായിരുന്നുവെന്നും ടൊവിനോ പറയുന്നു. അതുകൊണ്ട് തന്നെ അവരില്‍ ഉണ്ടാകുന്ന പ്രതീക്ഷകള്‍ ഒരു നടനനെന്ന നിലയില്‍ നിലനിര്‍ത്താനുള്ള ഉത്തരവാദിത്വം തനിക്ക് ഉണ്ടെന്നും ടൊവിനോയ്ക്ക് അറിയാം. അതയാള്‍ ഭംഗിയായി ചെയ്യുന്നു എന്നതാണ് ടൊവിനോയെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുന്നതും.
ഒരു നടന്‍ എന്ന നിലയില്‍ അയാള്‍ ചെയ്യുന്ന കഥാപാത്രങ്ങളോടുണ്ടാകുന്ന ഇഷ്ടം മാത്രമല്ല ഒരു വ്യക്തിയെന്ന നിലയില്‍ സാമൂഹിക വിഷയങ്ങളിലെടുക്കുന്ന നിലപാടുകള്‍ കൂടി ടൊവിനോയോട് പ്രിയം തോന്നാന്‍ കാരണമാണ്. സമീപസമയത്ത് നടന്ന പല വിഷയങ്ങളിലും തന്റെ പ്രതികരണങ്ങള്‍ കൊണ്ട് ശ്രദ്ധ നേടാനും ടൊവിനോയ്ക്ക് കഴിഞ്ഞിരുന്നു. അസഹിഷ്ണുതയ്ക്കെതിരെ തെരുവ് നാടകം കളിച്ച് പ്രതിഷേധിച്ച നടന്‍ അലന്‍സിയര്‍ക്ക് പരസ്യ പിന്തുണ പ്രഖ്യാപിച്ച ആദ്യ നടന്മാരിലൊരാള്‍ ടോവീനോ ആയിരുന്നു. കഴിവുള്ള നടനെന്നതുപോലെ നിലപാടുള്ള മനുഷ്യന്‍ എന്നതും ഈ ഇരിങ്ങാലക്കുടക്കാരനെ ഇഷ്ടപ്പെടാന്‍ കാരണമാകുന്നു.