February 14, 2025 |
അനശ്വര കെ
അനശ്വര കെ
Share on

ട്രാഡ് വൈവ്‌സും ചോയ്‌സുകളുടെ തലതിരിഞ്ഞ സഞ്ചാരവും

പെണ്ണിനെ ‘നല്ല വീട്ടമ്മ’യാക്കാന്‍ സമൂഹം നിര്‍മിച്ചു വച്ചിരിക്കുന്ന അപകടകരമായൊരു മാതൃക

പുലര്‍ച്ചെ നാലുമണിക്ക് ഉണരുന്ന സ്ത്രീ, വീട്ടിലെ ആളുകള്ക്ക് എല്ലാം ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കുന്നു. വീട് വൃത്തിയാക്കുന്നു. കുടിക്കാന്‍ ഉള്ള വെള്ളം കിണറ്റില്‍ നിന്നും കോരി എടുക്കുന്നു. ബാക്കി വന്ന ചോറെടുത്ത് അരച്ച് അപ്പളം ഉണ്ടാക്കുന്നു. വസ്ത്രം അലക്കുന്നു…

വളരെ സ്വാഭാവികമായി ഒരു ഇന്ത്യന്‍ സ്ത്രീ എല്ലാ ദിവസവും ചെയ്യുന്ന ഒരു കാര്യം. ഇതിപ്പോള്‍ ഒരു ലേഖനത്തിന്‍റെ തുടക്കമാകാന്‍ എന്താണ് കാര്യം എന്ന് ചിന്തിച്ചാല്‍ ഇന്ത്യന്‍ സമൂഹത്തില്‍ ഇന്‍സ്റ്റാഗ്രാം യൂട്യൂബ് ഇന്‍ഫ്ലുവെന്‍സേഴ്സിന്‍റെ ഏറ്റവും പ്രിയപ്പെട്ട ഒരു വീഡിയോ കണ്ടന്‍റ് ആണ് ഇത്. ഒരു ദിവസം ഉണര്‍ന്നതിനു ശേഷം, വീടിനുള്ളില്‍ അവര്‍ ചെയ്യുന്ന ജോലികള്‍, പാചകം, അങ്ങനെ സമൂഹം ഒരു സാമ്പ്രദായിക വീട്ടമ്മ എന്ന റോളിലേക്ക് എന്തെല്ലാം ചെയ്യണം എന്ന് നിഷ്കര്‍ഷിക്കുന്നുവോ അവയെല്ലാം സസന്തോഷം ചെയ്ത് ഇതെന്‍റെ ചോയ്സ് ആണെന്നും അഭിമാനം ആണെന്നും പറയുന്ന ട്രാഡ് വൈഫ് എന്ന ആശയം ആണിത്.

വിദേശ രാജ്യങ്ങളില്‍ 1970 കളില്‍ തുടങ്ങിയ ഈ ട്രാഡ് വൈഫ് എന്ന ആശയം, ട്രഡീഷണല്‍ വൈഫ് എന്നതിന്‍റെ ചുരുക്കപ്പേരാണ്. സാമ്പ്രദായിക ജന്‍ഡര്‍ റോളുകള്‍ വളരെ സ്വാഭാവികമായി തിരഞ്ഞെടുക്കുന്ന സ്ത്രീകളെ വിശേഷിപ്പിക്കുന്ന ഒരു പദമാണ് ഇത് . പരമ്പരാഗത ലിംഗപരമായ റോളുകളിലും വിവാഹങ്ങളിലും വിശ്വസിക്കുകയും പരിശീലിക്കുകയും ചെയ്യുന്ന ഒരു സ്ത്രീയാണ് ട്രാഡ് വൈഫ്. തങ്ങളുടെ കുടുംബത്തിന്‍റെ ആവശ്യങ്ങള്‍ നിറവേറ്റുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കുകയും അതിനായി തന്‍റെ ജീവിതം ഉഴിഞ്ഞുവയ്ക്കുകയും ചെയ്യുന്നു.

എന്തെങ്കിലും ജീവിതാവസ്ഥകള്‍ കൊണ്ട് പുറമെ പോയി ജോലി ചെയ്യാന്‍ സാധിക്കാത്ത സ്ത്രീകളെയോ വീട്ടമ്മമാരെയോ വിശേഷിപ്പിക്കുന്ന പദമല്ല ട്രാഡ് വൈഫ്, മറിച്ച്, വിവാഹം ചെയ്യ്ത് വീട്ടമ്മയാവുക എന്നത് ആണ് ഒരു സ്ത്രീക്ക് ഏറ്റവും അഭികാമ്യമായ ഒന്ന് എന്ന് വിശ്വസിച്ചുകൊണ്ട് ആ ജീവിതത്തെ പുകഴ്ത്തുകയും അതാണ് ഐഡിയല്‍ എന്ന രൂപത്തില്‍ അവതരിപ്പിക്കുകയും ചെയ്യുന്ന രീതിയാണ് ഇത്.

ഇന്നത്തെ സോഷ്യല്‍മീഡിയ പ്ലാറ്റുഫോമുകളായ ടിക്റ്റോക്ക് ഇന്‍സ്റ്റാഗ്രാം യൂട്യൂബ് എന്നിവടങ്ങളില്‍ വലിയ സ്വീകാര്യതയാണ് ഇത്തരം കണ്ടന്‍റുകള്‍ക്ക് ലഭിക്കുന്നത്. അതിമനോഹരമായി അടുക്കിവെച്ച വീടുകള്‍, ഇപ്പോഴും വൃത്തിയോടെ മാത്രം കാണുന്ന അടുക്കള, തുണികള്‍ കൃത്യമായി അടുക്കി വച്ച അലമാരികള്‍ എന്നിവ ആയിരിക്കും ഇവരുടെ വീഡിയോ ബാക്ഗ്രൗണ്ടുകള്‍.

ഒരു പെര്‍ഫെക്റ്റ് വീട്ടമ്മ എങ്ങനെ ആയിരിക്കണം എന്ന ആശയത്തെ നിരന്തരമായി സമൂഹത്തിലേക്ക് നല്‍കുകയാണ് ഇത്തരം ഇന്‍ഫ്ലുവെന്‍സേഴ്സ് എന്നതാണ് പ്രാഥമികമായി പ്രശ്നം. ഒരു ഐഡിയല്‍ ഇമേജ് എന്നത് ഭാര്യ ഭര്‍ത്താവ് കുടുംബം എന്നിവയില്‍ നിര്‍മിച്ചെടുക്കുക എന്നത് കാലാകാലങ്ങളായി സമൂഹം ശ്രമിച്ചുകൊണ്ടിരിക്കുന്ന
ഒന്നാണ്. അത്തരം ജന്‍ഡര്‍ റോളുകള്‍ക്ക് കൂടുതല്‍ സ്വീകാര്യത പൊതുസമൂഹത്തില്‍ നിന്ന് ലഭിക്കും. നല്ല വീട്ടമ്മ ആണ് എന്നത് സ്ത്രീകള്‍ക്ക് സമൂഹത്തില്‍ സ്വകാര്യത നല്‍കുന്ന ഒന്നാണ്. എന്തൊക്കെ ആയാലും പെണ്ണായാല്‍ നെല്ലിക്ക ഇട്ടു മത്തികറി വയ്ക്കാന്‍ അറിയില്ലെങ്കില്‍ പിന്നെ എന്ത് കാര്യം എന്ന് മതപണ്ഡിതര്‍ പ്രസംഗിച്ചത് നമ്മള്‍ കേട്ടതാണ്.

Trad wife

19 ആം നൂറ്റാണ്ടിന്‍റെ അവസാനകാലത്തും 20 ആം നൂറ്റാണ്ടിന്‍റെ തുടക്കാലത്തും ആണ് സ്ത്രീകളുടെ അവകാശങ്ങള്‍ക്കായുള്ള പോരാട്ടങ്ങള്‍ക്ക് തുടക്കമാകുന്നത്. മേരി വൂള്‍സ്റ്റന്‍ക്രാഫ്റ്റും Elizabeth Cady Stanton ഉം പോലുള്ളവര്‍ സ്ത്രീകളെ പൗരകളായി കണക്കിലെടുക്കേണ്ടതിനെ ആവശ്യകതയെ കുറിച്ച് സംസാരിച്ച് തുടുങ്ങുന്നത് 1800 കള്‍ മുതലാണ്. വോട്ടവകാശം സ്വത്തില്‍ ഉള്ള തുല്യത എന്നീ അടിസ്ഥാന ആവശ്യങ്ങളാണ് ഫസ്റ്റ് വേവ് ലിബറല്‍ ഫെമിനിസ്റ്റുകള്‍ ആവശ്യപ്പെട്ടിരുന്നത്. പിന്നീട് തൊഴില്‍ ചെയ്യാനുള്ള അവകാശത്തിനും തുല്യമായ വേതനം, റീപ്രൊഡക്ടിവ് അവകാശങ്ങള്‍ എന്നിവ ഉന്നയിച്ചുകൊണ്ട് സെക്കന്‍റ് വേവ് ഫെമിനിസം മുന്നോട്ട് വന്നു. ലോകം മുന്നോട്ട് നടക്കുന്നതിനൊപ്പം തുല്യതക്കു വേണ്ടിയുള്ള പോരാട്ടങ്ങള്‍ തുടര്‍ന്ന് പോന്നു. 100 വര്‍ഷങ്ങള്‍ക്ക് മുന്നേ മാത്രമാണ് തൊഴിലിടത്തെക്ക് സ്ത്രീകളക്ക് പ്രവേശനം ലഭിച്ചു തുടങ്ങിയത്, അതിനു പിറകില്‍ അനവധി സ്ത്രീകളുടെയും സമാന ചിന്താഗതിക്കാരായ പുരുഷന്‍മാരുടെയും വര്‍ഷങ്ങള്‍ നീണ്ട പോരാട്ടത്തിന്‍റെ ചരിത്രമുണ്ട്.
ഈ ചരിത്രത്തില്‍ ഊന്നി നിന്നുകൊണ്ടാണ്, നിന്നിടത്ത് നിന്നും തിളയ്ക്കാതെ ഒരു ചുവടെങ്കില്‍ ഒരു ചുവട് മുന്നണിലേക്ക് നീങ്ങാന്‍ നാം ഒരു സമൂഹം എന്ന നിലയില്‍ ഈ കാലമത്രയൂം ശ്രമിച്ചു കൊണ്ടിരിക്കുന്നത്, അത് gender sensitive ക്ലാസുകള്‍ ആയും ,തദ്ദേശ സ്വയംഭരണ സ്ഥാപങ്ങളിലെ 50 ശതമാനം റിസര്‍വേഷന്‍ സീറ്റുകള്‍ നല്‍കിയത് ആയും കുടുംബശ്രീ പ്രവര്‍ത്തങ്ങള്‍ ആയും ഒക്കെ സമൂഹത്തി്ല്‍ എത്തിപ്പെട്ടത്. ഇങ്ങനെ ഒരു ചരിത്രത്തിന്‍റെ പിന്ബലത്തില് നിന്നുകൊണ്ടാണ ് എങ്ങനെ പെര്‍ഫെക്റ്റ് ആയ വീട്ടമ്മമാരാകാം എന്നുള്ള ഉത്ബോധനം സോഷ്യല്‍ മീഡിയ ഹാന്‍ഡിലുകള്‍ ഇന്ന് നമ്മുടെ അടുത്തേക്ക് എത്തുന്നത്.

വിക്ടോറിയല്‍ കാലഘട്ടത്തില്‍ സ്ത്രീ വീടിന്‍റെ ദേവതയാണ് എന്ന രീതിയില്‍ വീട്ടകങ്ങളില്‍ സ്ത്രീകളെ ബുദ്ധിപൂര്‍വം തളച്ചിട്ടിരുന്നു. വീടിന്‍റെ പുറം ലോകം തിډകള്‍ നിറഞ്ഞതാണ് എന്നും അത് ഒരിക്കലൂം സൗന്ദര്യവതികളായ മൃദു ശരീരമുള്ള ലോലമായ സ്ത്രീകള്‍ക്ക് യോജിച്ചതല്ല എന്നുള്ള ആശയങ്ങള്‍ അക്കാലത്ത് ഏറെ പ്രചാരം നേടിയിരുന്നു. ഒരു നിയന്ത്രണം എന്ന നിലയില്‍ അടിച്ചേല്‍പ്പിക്കുകയല്ല, മറിച്ച് സ്ത്രീകള്‍ സ്വയം തങ്ങള്‍ക്ക് അനുയോജ്യമായവ തിരഞ്ഞെടുക്കുന്നു എന്ന രീതിയിലാണ് ഇതിനെ അവതരിപ്പിക്കുന്നത്. നമ്മള്‍ പറയുന്ന ട്രാഡ് വൈഫ് എന്ന ആശയത്തില്‍ വരുന്ന വീഡിയോയിലെ സ്ത്രീകളും ഇതിനെ തങ്ങളുടെ തിരഞ്ഞെടുപ്പ് ആയി പ്രകീര്‍ത്തിക്കുകയാണ് ചെയ്യുന്നത്. എനിക്ക് 18 വയസ്സിലെ കല്യാണം കഴിച്ച് വീട്ടമ്മ ആകാമായിരുന്നു ഇഷ്ടം. അത് പോലെ തന്നെ നടന്നു. ഏട്ടന് ഇഷ്ടമുള്ള ഭക്ഷണം ഉണ്ടാക്കി കൊടുത്ത് അവരുടെ താത്പര്യങ്ങള്‍ക്ക് അനുസരിച്ച് ജീവിക്കുന്നതില്‍ ആണ് എനിക്ക് സന്തോഷം എന്ന് പറയുന്ന കണ്ടന്‍റ് ക്രിയേറ്റേഴ്സ്റ്റിനു സമൂഹത്തില്‍ നിന്നും നല്ല പിന്തുണയാണ് ലഭിക്കുക. കാരണം, ഏതൊരു പുരുഷനും( ഒരാളെ ഡിപെന്‍ഡ് ചെയ്ത മാത്രം വീട്ടിലെ ജോലികള്‍ നടത്താന്‍ സാധിക്കുന്ന ഏതൊരു പുരുഷനും) സ്വപ്നം കാണുന്ന തരം സ്ത്രീകളാണ് ഇവര്‍. ഇവരുറെ വീഡിയോകള്‍ക്ക് കീഴെ വരുന്ന കമന്‍റുകള്‍ സൂചിപ്പിക്കുന്നതും ഇതാണ്.

Trad Wife

ഈ വീഡിയോകളിലെ മറ്റൊരു കണ്ടന്‍റ് ആണ് ഫാസ്റ്റഫുഡിനു പകരം കുട്ടികള്‍ക്ക് നല്കാന്‍ സാധിക്കുന്ന ഭക്ഷണങ്ങള്‍ എല്ലാം സ്ക്രാച്ച് മുതല്‍ ഉണ്ടാക്കുന്ന അമ്മമാര്‍. ബര്‍ഗര്‍ പിസ കുര്‍ക്കുറെ ഐസ്ക്രീം എന്നിവ എല്ലാം, വീട്ടില്‍ തന്നെ ഉണ്ടാക്കും. പുറമെ നിന്ന് ഇതൊക്കെ കൊടുത്ത് കുട്ടികള്‍ക്ക് അസുഖം ഉണ്ടാക്കി വയ്ക്കുന്നതിലും എത്രയോ നല്ലതാണു എന്ന ലേബലിലാണ് ഈ അധ്വാനങ്ങള്‍ ഒക്കെ. ഒന്ന് സാധിക്കുമായിരുനെങ്കില്‍ ഗോതംബ് നേരിട്ട് കൃഷി നടത്തി, അത് പൊടിച്ചു കൊണ്ട് വന്നു പിസയുടെ ബേസ് ഉണ്ടാക്കികളയും എന്നാണ് പോലും നമുക്ക് തോന്നിപോകും. ഇങ്ങനെ എല്ലാം ചെയ്യുന്നത് കൊണ്ട് എന്താണ് കുഴപ്പം എന്ന് തോന്നാം. ഒരു സ്ത്രീക്ക് അവള്‍ ആഗ്രഹിക്കുന്ന പോലെ ജീവിക്കാന്‍ അവകാശം ഉള്ള രാജ്യമാണല്ലോ ഇന്ത്യ.

1. ഒരു പെര്‍ഫെക്റ്റ് വീട്ടമ്മ എന്ന സങ്കല്പത്തിലേക്ക് സ്ത്രീകളെ കൊണ്ടെത്തിക്കുന്നു. വീട്ടിലെ ജോലികള്‍ സ്ത്രീകള്‍ എത്ര സന്തോഷത്തോടെയാണ് ചെയ്യുന്നത് എന്നുള്ള ഒരു പ്രൊജക്ഷന്‍ നല്കാന്‍ ഇത്തരം വീഡിയോകള്‍ കാരണമാകുന്നു. അമ്മിക്കല്ലും ആട്ടുകല്ലും ഉപയോഗിച്ച് ഭക്ഷണം ഉണ്ടാക്കുന്നതും കല്ലില്‍ വസ്ത്രം അലക്കുന്നതും എല്ലാം ഒരു പുഞ്ചിരിയോടെ ചെയ്യാന്‍ തയ്യാറായ ഇവരാണ് ഉത്തമകളായ സ്ത്രീകല്‍ എന്ന ഇമേജ് സമൂഹത്തിനു നല്‍കുന്നു. ദി പെര്‍ഫക്ട് വൈഫ് ആകാനുള്ള മാതൃക സൃഷ്ടിക്കല്‍ ഒരു മറ്റുള്ള തരത്തില്‍ ജീവിക്കാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ക്ക് കുറ്റബോധം നിര്‍മിക്കുകയാണ് ചെയ്യുക. പരമ്പരാഗത ലിംഗപരമായ റോളുകള്‍ ശക്തിപ്പെടുത്തുന്നതിലൂടെ ഒരു സ്ത്രീയുടെ പ്രാഥമിക കടമ എന്നത് ഒരു വീട്ടമ്മയാകുക എന്നതാണ് എന്നുവരുത്തി തീര്‍ക്കുന്നു.

2. ഇത് സ്ത്രീകളെ കരിയറോ സാമ്പത്തിക സ്വാതന്ത്ര്യമോ പിന്തുടരുന്നതില്‍ നിന്ന് നിരുത്സാഹപ്പെടുത്തുന്നു. ഇവര്‍ക്ക് ഇത്തരം വീഡിയോകള്‍ ധാരാളം പണം നേടി കൊടുക്കുന്നുണ്ട് എങ്കിലും അതില്ലാത്ത സ്ത്രീകള്‍ക്ക് പ്രചോദനമാകുന്ന രീതിയില്‍ മുന്നോട്ട് നീങ്ങാന്‍ സഹായിക്കുന്ന രീതിയില്‍ എന്തെങ്കിലും കാണിക്കാന്‍ ഇവര്‍ക്ക് സാധിക്കുന്നില്ല..വൈവിധ്യമാര്‍ന്ന ജീവിത പാതകള്‍ തിരഞ്ഞെടുക്കാന്‍ സാധിക്കു് ഈ കാലഘട്ടത്തില്‍ സാമ്പ്രദായിക റോളുകളിലേക്ക് ഒതുങ്ങി നിലക്കാന്‍ ഇത് സ്ത്രീകള്‍ക്ക് മേല്‍ സാമൂഹിക സമ്മര്‍ദ്ദത്തിലേക്ക് നയിച്ചേക്കാം.

3. ഇത് തിരഞ്ഞെടുപ്പുകകളെ കുറിച്ചുള്ള തെറ്റായ ധാരണകള്‍ നല്‍കുന്നു. പര്‍ദ്ദ ഒരു ചോയ്സ് ആണ് എന്ന് ചിലര്‍ വിശ്വസിക്കുന്നത് പോലെ, വീട്ടില്‍ ഇരിക്കുന്നത് സ്ത്രീകള്‍ക്ക് എടുക്കാന്‍ സാധിക്കുന്ന ചോയ്സ് ആണെന്ന ബോധ്യം ഇവര്‍ സമൂഹത്തിനു നല്‍കുന്നു. ചോയ്സ് എന്നതില്‍ സമൂഹം വിശ്വാസം ജാതി സാമ്പത്തിക അവസ്ഥ എന്നിവ കൃത്യമായ പങ്കുവഹിക്കുന്നു എന്നതിനെ തിരിച്ചറിയാന്‍ ഇതിലൂടെ സാധിക്കാതെ പോകുന്നു

4. തികച്ചും സാമ്പ്രദായിക സ്വഭാവത്തില്‍ ചലിക്കുന്ന കുടുംബ സംവിധാനത്തില്‍ ആ കുടുംബം മുന്നോട്ടു കൊണ്ടുപോകേണ്ടതിന്‍റെ പൂര്‍ണ ഉത്തരവാദിത്വം മിക്കപ്പോഴും സ്ത്രീകളുടെ മേലാണ് വരുന്നത്. അത് സസന്തോഷം ചെയ്യുന്ന സ്ത്രീകളെ കാണുമ്പൊള്‍ – നോക്കൂ ഇതാണ് പിന്തുടരേണ്ട മാതൃക എന്ന് സമൂഹം തെറ്റിദ്ധരിക്കുന്നു. എത്ര വലിയ സ്ഥാനങ്ങളില്‍ ആയിരുന്നാലും വീട് ‘ശരിയാം വിധം’ മുന്നോട്ടു കൊണ്ടുപോകാന്‍ സാധിച്ചില്ലെങ്കില്‍ അവര്‍ കരിയറില്‍ നേടിയ ഒന്നിനും വില കല്‍പ്പിക്കാന്‍ ആളുകള്‍ തയാറാവില്ല.

5. ജോലിക്ക് പോയി കരിയര്‍ ഓറിയന്‍റഡ് ആയി ജീവിക്കാന്‍ സ്ത്രീകള്‍ ഏറെ ബുദ്ധിമുട്ടുന്ന സമൂഹമാണ് നമ്മുടേത്. കുടുംബം എന്ന ചിന്ത തലയിലും ഉത്തരവാദിത്വങ്ങള്‍ കാലിലും ചങ്ങലയായി നില്‍ക്കാത്ത സ്ത്രീകള്‍ ഏറെ വിരളമാണ്. സമൂഹം സ്ത്രീകള്‍ക്ക് നല്‍കുന്ന ജെണ്ടര്‍ റോളുകള്‍ എങ്ങിനെ എങ്കിലും തീര്‍ത്ത് ഓഫീസിലേക്കും കോളേജിലേക്കും പോകാന്‍ തിടുക്കപ്പെട്ട് നടക്കുന്ന സ്ത്രീകളുടെ മേലേക്ക് അമിതഭാരം അടിച്ചേല്‍പ്പിക്കുകയാണ് ഈ പെര്‍ഫെക്റ്റ് വൈഫ് എന്ന സങ്കല്പം.

Trad Wife

കുഞ്ഞുങ്ങള്‍ക്ക് പിസ വാങ്ങി കൊടുത്തുകൊണ്ട് – See I am bad mom എന്ന് പറയുന്ന അമ്മയുടെ വീഡിയോ ഇന്‍റര്‍നെറ്റില്‍ ഉണ്ട്. No mom you are great എന്നാണ് കുട്ടികള്‍ അതിനു മറുപടി പറയുന്നത്. കുട്ടികള്‍ക്ക് മൂന്നുനേരം ജങ്ക് ഫുഡ് നല്‍കണം എന്നല്ല, പിറ്റേന്ന് ഓഫീസില്‍ പ്രസന്‍റേഷന്‍ ഉള്ളപ്പോള്‍ പശുവിനെ കറന്ന് പാലെടുത്ത് കുട്ടിക്ക് കൊടുക്കേണ്ട ഉത്തരവാദിത്തം അമ്മയുടേത് മാത്രം ആകരുത് എന്ന് മാത്രം.

വീടിനു പുറത്തു പണിയെടുക്കുന്ന സ്ത്രീകള്‍ അനുഭവിക്കേണ്ടുന്ന ഇരട്ട ഭാരം (double burden) എന്ന അവസ്ഥ അനുഭവിച്ചു കൊണ്ടാണ് ഭൂരിഭാഗം മധ്യ, കീഴ്വര്‍ഗ സ്ത്രീകളും ജോലിക്കു പോകുന്നത്. എന്താണ് ഈ ഇരട്ടഭാരം എന്ന് നോക്കാം. പുറമെ ജോലിക്കു പോകുന്ന ഒരു സ്ത്രീ സാധാരണ എഴുന്നേല്‍ക്കുന്ന സമയം എന്നത് രാവിലെ അഞ്ചുമണിക്കും അഞ്ചരയ്ക്കും ഇടയ്ക്കാണ്. അപ്പോള്‍ മുതല്‍ ചക്രം തിരിയുന്നപോലെ പണിയെടുത്താലേ 9 മണിക്കെങ്കിലും ഓഫിസിലേക്കിറങ്ങാന്‍ സാധിക്കൂ. വീട്ടിലുള്ളര്‍വര്‍ക്ക് ഇഷ്ടമുള്ള പ്രഭാതഭക്ഷണവും ഉച്ചഭക്ഷണവും ഉണ്ടാക്കി, കുട്ടികള്‍ ഉണ്ടെങ്കില്‍ അവരെ എഴുനേന്നേല്‍പ്പിച്ച് കുളിപ്പിച്ച്, ഭക്ഷണം കൊടുത്ത്, ഒരുക്കി അച്ഛനമ്മമാര്‍ ഉണ്ടെങ്കില്‍ അവര്‍ക്കാവശ്യമുള്ളവ ഒരുക്കി, തുണികള്‍ അലക്കി, സ്വയം കുളിച്ച്, ഭര്‍ത്താവിനാവശ്യമുള്ളതെല്ലാം കയ്യിലെടുത്ത് കൊടുത്ത്, ഭക്ഷണം കഴിച്ച്… ഹോ എഴുതുമ്പോള്‍ തന്നെ നെഞ്ച് വിങ്ങുന്നു. ഓഫിസില്‍ ചെന്ന് 9 മുതല്‍ 6 വരെ പണിയെടുത്ത് തിരിച്ചെത്തി വീടടിച്ചുവാരി, പാത്രം കഴുകി, തുണി മടക്കി, കുട്ടികളുടെ പഠനം ശ്രദ്ധിച്ച്, അവര്‍ക്കാവശ്യമുള്ള സഹായങ്ങള്‍ ചെയ്ത്, പിറ്റേന്നേക്കുള്ള പച്ചക്കറികള്‍ അരിഞ്ഞ്, അത്താഴം ഒരുക്കി, രാവിലെ മുതലുള്ള പാത്രം കഴുകി കുളിച്ച് 11 മണിയോടെ കിടക്കുന്നു.

ജന്‍ഡര്‍ സ്റ്റഡീസ് എംഫില്‍ ക്ലാസ്സില്‍ സ്ത്രീകളും മാനേജ്മെന്‍റും എന്ന വിഷയത്തില്‍ ക്ലാസുകള്‍ കേള്‍ക്കേണ്ട ദുര്യോഗം ഉണ്ടായിരുന്നു ഞങ്ങള്‍ക്ക്. അന്നത്തെ ഡിപ്പാര്‍ട്മെന്‍റ് ഹെഡ് അഭിമാനത്തോടെ പറഞ്ഞ ഒരു കാര്യമാണ് ഞാന്‍ ഓര്‍ക്കുന്നത്. ‘എന്‍റെ വീട്ടിലേക്കു വരൂ, Its organised and well maintained… ഞാന്‍ എന്‍റെ വീട്ടിലെ ഉത്തരവാദിത്വങ്ങള്‍ ഒക്കെ മനോഹരമായി പൂര്‍ത്തീകരിച്ചിട്ടാണ് ഇവിടേയ്ക്ക് വരുന്നത്. എനിക്കതില്‍ അഭിമാനം ഉണ്ട്.എന്നാണ് പിഎച്ച്ഡി ഹോള്‍ഡര്‍ ആയ സീനിയര്‍ പ്രൊഫെസ്സര്‍ പറഞ്ഞത്. ഈ ഇമേജുകള്‍ക്കും വിലങ്ങുകള്‍ക്കും പുറത്ത് കടക്കാന്‍ സ്ത്രീകള്‍ ഒരുപാട് സമരം ചെയ്തിട്ടുണ്ട്. അടുക്കളയില്‍ നിന്ന് അരങ്ങത്തേക്ക് എന്ന ആശയം നാം ആദ്യമായി കേള്‍ക്കുന്നത് 1920 കളിലാണ് നൂറുവര്‍ഷം കൊണ്ട് നാം സഞ്ചരിച്ച് എത്തുന്നതാകട്ടെ അമ്മിയില്‍ അരച്ചാലേ ഏട്ടന്‍ കഴിക്കൂ എന്ന വീട്ടമ്മ മാഹാത്മ്യങ്ങളിലേക്കും.

ഇവര്‍ ചെയ്യുന്നത് ഒരു ജോലി തന്നെ ആണെന്നും ഇന്‍റര്‍നെറ്റില്‍ നിന്നും ധാരാളം സാമ്പത്തിക ലാഭം ഇവര്‍ക്ക് ലഭിക്കുന്നുണ്ട് എന്നും പലപ്പോഴും നാം തിരിച്ചറിയുന്നില്ല. ക്യാമറ കണ്ണുകള്‍ ഓഫ് ചെയ്താല്‍ മറ്റു ജോലികളില്‍ ഇവരെ സഹായിക്കാന്‍ വീടിനുള്ളില്‍ ആളുകള്‍ ഉണ്ട് എന്നും നാം തിരിച്ചറിയുന്നില്ല. ഇത്തരം acceptable ആയ കാര്യങ്ങള്‍ കാണിച്ചുകൊണ്ട് സോഷ്യല്‍ സ്പേസ് നേടിയെടുക്കുകയും കുലസ്ത്രീ പരിവേഷം സമൂഹത്തിലേക്ക് നല്‍കികൊണ്ട്, വളരെ സ്വതന്ത്രമായ ജീവിതം ഇവര്‍ ഇന്‍റര്‍നെറ്റ് ലോകത്തിനു പുറത്ത് ആസ്വദിക്കുകയും ചെയ്യുന്നുണ്ട് എന്ന് പലപ്പോഴും വെളിവാകുന്നു. വീടിനും കുടുബത്തിനും വിളക്കാവുകയാണ് തന്‍റെ ആഗ്രഹം എന്ന് പറയുകയും ഒരു പുരുഷനു വേണ്ട രീതിയില്‍ ഉള്ള ഭാര്യ ആവുകയാണ് തന്‍റെ ലക്ഷ്യം എന്ന് ഉദ്ഘോഷിക്കുമ്പോഴും യഥാര്‍ത്ഥത്തില്‍ ചിത്രം മറ്റൊന്നാണ് എന്നാണ് നാം കാണുന്നത്.

അതുകൊണ്ട് ഇത്തരം വീഡിയോ കാണുന്ന എന്‍റെ പൊന്നു സ്ത്രീകളെ, നിങ്ങള്‍ ഇത്തരം പെര്‍ഫെക്റ്റ് വൈഫ് ഇമേജുകളില്‍ കുടുങ്ങി കിടക്കരുതേ.. ഏട്ടന് ഇഷ്ടമുള്ള തേങ്ങാ ചമ്മന്തി അരയ്ക്കാന്‍ അമ്മികുഴയും താങ്ങി നിങ്ങള്‍ പോവേണ്ട ആവശ്യം ഇല്ല. ശാരീരിക ക്ഷമതയുള്ള ആര്‍ക്കും പഠിച്ചെടുക്കവുന്ന ഒന്ന് മാത്രമാണ് വീട്ടിലെ ജോലികള്‍. ലോകം ഏറെ വിശാലമാണ്. അവിടെ നിങ്ങള്‍ക്ക് തിളങ്ങുന്ന തറക്കും മാങ്ങയിട്ട മീന്കറിക്കും അപ്പുറം ഒരുപാട് കാര്യങ്ങള്‍ ഉണ്ട്. പാചകം വീട് വൃത്തിയാക്കല്‍ എല്ലാം ഏതൊരു മനുഷ്യനും പ്രാഥമികമായി അറിഞ്ഞിരിക്കേണ്ട ഒന്നാണ്. ഗര്‍ഭപാത്രം മാത്രമാണ് പുരുഷന് ഇല്ലാത്തത്. അതുഉപയോഗിച്ചല്ലല്ലോ നമ്മളാരും ഈ ജോലികള്‍ ചെയ്യുന്നത്! Trad Wife; A dangerous model created by society  to make women good housewives

 

കടപ്പാട് : വിവിധ ഇന്‍റര്‍നെറ്റ് സൈറ്റുകള്‍, ഇന്‍സ്റ്റാഗ്രാം വീഡിയോകള്‍ മല്ലു അനലിസ്റ്റ് ജനുവരി അവസാനം പുറത്തിറക്കിയ ‘Tradwife എന്ന പുതിയ അപകടം’ എന്ന യൂട്യൂബ് വീഡിയോ

 

Content summary; Trad Wife and society

അനശ്വര കെ

അനശ്വര കെ

തിരുവനന്തപുരം സിഡിറ്റില്‍ മീഡിയ അനലിസ്റ്റ് ആയി ജോലി ചെയ്യുന്നു. ആനുകാലികങ്ങളില്‍ സിനിമ, ജെന്‍ഡര്‍ എന്നീ വിഷയങ്ങളില്‍ ലേഖനങ്ങള്‍ എഴുതിയിട്ടുണ്ട്. വൃത്തം ഭേദിച്ച വനിതകള്‍, ലാറ്റിന്‍ അമേരിക്കയിലെ ലോക പൈതൃക കേന്ദ്രങ്ങള്‍ എന്നീ പുസ്തകങ്ങളുടെ സഹ രചയിതാവാണ്. ചിന്ത പബ്ലിഷേഴ്‌സ്, ഡിസി ബുക്‌സ് എന്നിവയ്ക്ക് വേണ്ടി വിവര്‍ത്തനം ചെയ്തിട്ടുണ്ട്.

More Posts

×