April 28, 2025 |
Share on

‘അയാള്‍ ക്രൂരനായൊരു അച്ഛനായിരുന്നു’; മസ്‌കിനെ കുറിച്ച് മകള്‍

വ്യക്തിത്വം ചോദ്യം ചെയ്ത മസ്‌കിന് മറുപടി കൊടുത്ത് ട്രാന്‍ജെന്‍ഡര്‍ മകള്‍ വിവിയന്‍

തന്റെ വ്യക്തിത്വത്തെ ഇകഴ്ത്താന്‍ ശ്രമിച്ച പിതാവ് ഇലോണ്‍ മസ്‌കിന് തക്ക മറുപടി കൊടുത്ത് ട്രാന്‍സ്‌ജെന്‍ഡര്‍ മകള്‍ വിവിയന്‍ ജെന്ന വില്‍സണ്‍. കുട്ടിക്കാലത്ത് പിതാവില്‍ നിന്നും അവഗണനയും ക്രൂരമായ പെരുമാറ്റവും മാത്രമാണ് നേരിടേണ്ടി വന്നത്. തന്റെ ക്വീര്‍ വ്യക്തിത്വം അംഗീകരിക്കാന്‍ മക്‌സ്‌കിനാകില്ലായിരുന്നുവെന്നും വ്യാഴാഴ്ച്ച എന്‍ബിസി ന്യൂസിന് നല്‍കിയ പ്രത്യേക അഭിമുഖത്തില്‍ വിവിയന്‍ വെളിപ്പെടുത്തുന്നു. മസ്‌ക് വളരെ കഠിനഹൃദയനും മുന്‍കോപിയും, സ്വാര്‍ത്ഥനുമായിരുന്നുവെന്നും 20 കാരിയായ വിവിയന്‍ ആരോപിക്കുന്നു. ഒരു പിതാവ് എന്ന നിലയില്‍ മസ്‌ക് അദ്ദേഹത്തിന്റെ കടമകളൊന്നും ചെയ്തിരുന്നില്ലെന്നാണ് വിവിയന്‍ പറഞ്ഞത്. പിതാവിന്റെ അസാന്നിധ്യമാണ് തനിക്ക് കൂടുതലായും അനുഭവിക്കേണ്ടി വന്നിരുന്നുതെന്നും അവള്‍ പറയുന്നു. Vivian Jenna Wilson remarks about Elon Musk

എന്നിലെ സ്‌ത്രൈണ സ്വഭാവങ്ങളെ അടിച്ചമര്‍ത്താനാണ് പിതാവ് ശ്രമിച്ചിരുന്നത്. ആണത്തം പ്രകടിപ്പിക്കാന്‍ എപ്പോഴും ആവശ്യപ്പെട്ടു കൊണ്ടിരുന്നു. പ്രൈമറി ക്ലാസുകളില്‍ പഠിക്കുമ്പോള്‍ ശബ്ദം ആണുങ്ങളുടേതുപോലെ കനമുള്ളതാക്കാന്‍ പ്രേരിപ്പിക്കുമായിരുന്നു’ ; എന്‍ബിസി ന്യൂസിനോട് വിവിയന്‍ പറയുന്നു.

കഴിഞ്ഞ തിങ്കളാഴ്ച്ച ഇലോണ്‍ മസ്‌ക് തന്റെ ട്രാന്‍സ്‌ജെന്‍ഡര്‍ മകളെ കുറിച്ച് ഒരു അഭിമുഖത്തില്‍ രൂക്ഷമായ ഭാഷയില്‍ പ്രതികരണം നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് വിവിയന്‍ തന്റെ അനുഭവം തുറന്നു പറഞ്ഞ് രംഗത്തു വരുന്നത്.

കനേഡിയന്‍ സൈക്കോളജിസ്റ്റ് ജോര്‍ദാന്‍ പീറ്റേഴ്‌സണുമായി എക്‌സില്‍ ലൈവ് ആയി സംപ്രേക്ഷണം ചെയ്‌തൊരു അഭിമുഖത്തില്‍ മസ്‌ക്, വിവിയനെ പരാമര്‍ശിക്കാന്‍ അവളുടെ ജനനസമയത്തിട്ട പേരായിരുന്നു(സേവ്യര്‍ അലക്‌സാണ്ടര്‍ മസ്‌ക്) ഉപയോഗിച്ചത്. ‘ അവള്‍ മരിച്ചു പോയി, മനസില്‍ ബാധിച്ച വൈറസ് അവളെ കൊന്നു’ എന്നായിരുന്നു മകളെ കുറിച്ച് മസ്‌ക് രോഷാകുലനായത്. വിവിയന്റെ ലിംഗമാറ്റ ശസ്ത്രക്രിയയ്ക്ക് അനുമതി നല്‍കിയ കാര്യത്തില്‍ താന്‍ കബളിപ്പിക്കപ്പെടുകയായിരുന്നുവെന്നും മസ്‌ക് ആരോപിക്കുന്നുണ്ട്. അഭിമുഖത്തില്‍ പിന്നാലെ എക്‌സില്‍ ഇട്ട മറ്റൊരു പോസ്റ്റില്‍ വിവിയനെതിരേ മസ്‌ക് കൂടുതല്‍ ആക്ഷേപം നടത്തി. അവള്‍ ആദ്യകാലത്ത് സ്വവര്‍ഗാനുരാഗിയും ചെറിയ രീതിയില്‍ ഓട്ടിസം ബാധിച്ചവളുമായിരുന്നുവെന്നും, ഒരു പെണ്ണ് അല്ലായിരുന്നുവെന്നുമായിരുന്നു മസ്‌കിന്റെ പോസ്റ്റ്.

മസ്‌കിന്റെ അധിക്ഷേപങ്ങള്‍ക്കു ‘പരിധിവിട്ട സംസാരം’ എന്നായിരുന്നു വിവിയന്റെ മറുപടി. ‘ തന്റെ ലിംഗമാറ്റ ചികിത്സയ്ക്ക് മസ്‌ക് എങ്ങനെയാണ് സമ്മതിച്ചതെന്ന കാര്യം തനിക്ക് നന്നായി അറിയാമെന്നും വിവിയന്‍ എന്‍ബിസിയോട് പറഞ്ഞു. 16മത്തെ വയസിലാണ് വിവിയന്‍ ലിംഗമാറ്റ ശസ്ത്രക്രിയ നടത്തുന്നത്.

ഇങ്ങനെയൊക്കെ പറഞ്ഞാലും ഞാന്‍ ഒന്നും പ്രതികരിക്കില്ല, എതിര്‍ത്തു പറയില്ല എന്നൊക്കെയായിരിക്കും അദ്ദേഹം വിചാരിച്ചിട്ടുണ്ടാവുക. എന്നാല്‍ അങ്ങനെ മിണ്ടാതിരിക്കില്ല. എന്നെക്കുറിച്ച് ദശലക്ഷ കണക്കിന് ആളുകളോട് പച്ചക്കളം പറയുമ്പോള്‍ ഞാനതു കേട്ട് മിണ്ടാതിരിക്കില്ല’ മസ്‌കിനെ വിവിയന്‍ ഓര്‍മിപ്പിക്കുന്നു.

വിവിയന്റെ അഭിമുഖം പുറത്തു വന്ന സാഹചര്യത്തില്‍ പ്രതികരണം തേടി ദ ന്യൂയോര്‍ക്ക് ടൈംസ് ഇലോണ്‍ മസ്‌കിന് ഈമെയില്‍ അയച്ചെങ്കിലും അദ്ദേഹം നിശബ്ദത തുടരുകയാണ്.

പൊതുജന സമക്ഷത്തില്‍ നിന്നും പൂര്‍ണമായി ഒഴിഞ്ഞു നില്‍ക്കുന്ന വ്യക്തിത്വമാണ് വിവയന്റെത്. 2022 ലാണ് വിവിയന്‍ അവസാനമായി മാധ്യമങ്ങളുടെ ശ്രദ്ധയില്‍ എത്തിയത്. പേര് മാറ്റവുമായി ബന്ധപ്പെട്ടായിരുന്നു അത്. മകള്‍ പേര് മാറ്റുന്നതിനോട് മസ്‌കിന് കടുത്ത എതിര്‍പ്പായിരുന്നു. ഒരിക്കല്‍ കോടതിയില്‍ നല്‍കിയ മൊഴിയില്‍ താനിപ്പോള്‍ ഇലോണ്‍ മസ്‌കിനോടൊപ്പമല്ല താമസമെന്നും, തന്റെ പിതാവുമായി ഒരുതരത്തിലുള്ള ബന്ധവും പുലര്‍ത്താന്‍ ആഗ്രഹിക്കുന്നില്ലെന്നും വിവിയന്‍ പറഞ്ഞതായി എന്‍ബിസി ന്യൂസ് റിപ്പോര്‍ട്ട് ചെയ്യുന്നുണ്ട്.

മസ്‌കുമായി സംസാരിച്ചിട്ട് നാല് വര്‍ഷം കഴിഞ്ഞെന്നാണ് വിവിയന്‍ അഭിമുഖത്തില്‍ വെളിപ്പെടുത്തിയത്. ഞാന്‍ എന്താണെന്ന് മസ്‌ക് അഭിപ്രായപ്പെടേണ്ട കാര്യമില്ലെന്നും അവള്‍ അസന്നിഗ്ദമായി പ്രഖ്യാപിക്കുന്നുണ്ട്. ‘ ഒരു കാര്യം ഞാന്‍ എടുത്തു പറയുകയാണ്; എനിക്ക് വയസ് 20 ആയി, ഒരു കൊച്ചുകുട്ടിയല്ല ഞാന്‍, എന്റെ ജീവിതം എന്റെ തീരുമാനങ്ങള്‍ക്ക് അനുസരിച്ചാണ്’; എന്‍ബിസി അഭിമുഖത്തില്‍ സ്വന്തം വ്യക്തിത്വത്തെ മുറുകെ പിടിച്ചുകൊണ്ട് വിവിയന്‍ പറയുന്നു.  Transgender daughter Vivian Jenna Wilson remarks about Elon Musk

Content Summary; Transgender daughter Vivian Jenna Wilson remarks about Elon Musk

Leave a Reply

Your email address will not be published. Required fields are marked *

×