യാത്രക്കാരുടെ ശ്രദ്ധയ്ക്ക്- 2
കുട്ടികളായിരിക്കുമ്പോള്‍ എവിടെയാണോ താമസിക്കുന്നത് ആ പ്രദേശത്തായിരിക്കും ഒരു വ്യക്തി തന്റെ യാത്രകള്‍ക്ക് തുടക്കം കുറിക്കുക. അങ്ങനെ നോക്കുമ്പോള്‍ എന്റെ ആദ്യ യാത്ര അമ്പലപ്പുഴയിലും പരിസരപ്രദേശങ്ങളിലും തന്നെയാണെന്ന് എന്ന് ഞാന്‍ തിരിച്ചറിയുന്നു. അമ്പലപ്പുഴ ക്ഷേത്രത്തിന് സമീപമാണ് വീട് എന്നുള്ളത് കൊണ്ട് തന്നെ ദിവസവും ക്ഷേത്രദര്‍ശനം നിര്‍ബന്ധമായിരുന്നു. അപ്പോള്‍ എന്റെ ആദ്യ യാത്ര അമ്പലപ്പുഴ ക്ഷേത്രത്തിലേക്ക് തന്നെയാണ്. അമ്പലപ്പുഴയിലും പരിസരങ്ങളിലുമായി ഞാന്‍ നടത്തിയ ചെറിയ ചെറിയ യാത്രകളാണ് ഇപ്പോള്‍ ദീര്‍ഘ യാത്രയിലേക്ക് എത്തപ്പെട്ടിരിക്കുന്നത്.
കുട്ടികളായിരുന്ന കാലത്ത് ഒരു യാത്ര എന്ന് പറയുന്നത് ദീര്‍ഘദൂര യാത്രയായിരിക്കില്ല. വളരെ ചെറിയ ദൂരം യാത്ര ചെയ്യുന്നതിന് വലിയ തയ്യാറെടുപ്പുകള്‍ തന്നെ കുട്ടിയായ ഞാന്‍ നടത്തിയിട്ടുണ്ട്. ഒരു കിലോമീറ്റര്‍ അപ്പുറമുള്ള എന്തും ഒരു യാത്രയായും അഞ്ച് കിലോമീറ്റര്‍ യാത്ര ചെയ്യേണ്ടി വരുന്നത് ദീര്‍ഘ യാത്രയായും കരുതിയിരുന്ന ഒരു കുട്ടിക്കാലം ആയിരുന്നു എന്റേത്. യാത്രകളുടെ ദൂരം വളരെ വലുതാണ് എന്നുള്ളത് തിരിച്ചറിയപ്പെട്ടത് മുതിര്‍ന്നതിനുശേഷമാണെന്ന് ഞാന്‍ തിരിച്ചറിയുകയാണ്. ഇനിയും എത്തപ്പെടാത്ത പല പ്രദേശങ്ങളും ലോകത്തിന്റെ പല ഭാഗങ്ങളിലുമുണ്ട്; നമ്മുടെ രാജ്യത്തുമുണ്ട്, കേരളത്തിലുണ്ട്. ഭൂമിയിലെ എല്ലായിടത്തും യാത്ര ചെയ്ത ഒരു മനുഷ്യനും ജീവിച്ചിരിക്കുന്നില്ല എന്നുള്ള യാഥാര്‍ത്ഥ്യം ഇപ്പോഴാണ് തിരിച്ചറിയപ്പെട്ടിരിക്കുന്നത്. ജീവിച്ചിരിക്കുമ്പോള്‍ നമ്മുടെ ചുറ്റുമുള്ള പ്രദേശങ്ങളില്‍ യാത്ര ചെയ്യുവാന്‍ സാഹചര്യം നഷ്ടപ്പെടുത്തരുത് എന്ന് സ്വയം തീരുമാനമെടുത്ത വ്യക്തിയാണ് ഞാന്‍. സാഹചര്യങ്ങള്‍ ഉള്ളപ്പോള്‍ യാത്ര ചെയ്യണമെന്നാണ് ഞാന്‍ തീരുമാനിച്ചിരിക്കുന്നത്.
ആയിരക്കണക്കിന് ആളുകളുടെ യാത്ര ദൗത്യം ഏറ്റെടുക്കുന്ന ജോലി ചെയ്യുന്ന ഞാന്‍ പോലും കേരളത്തിന്റെ എല്ലാ ഭാഗങ്ങളിലും ഇനിയും യാത്ര ചെയ്ത് എത്തിയിട്ടില്ല. നമ്മുടെ സ്വന്തം നാട് പൂര്‍ണമായി കണ്ടവര്‍ നമ്മുടെ നാട്ടില്‍ തന്നെ ഉണ്ടോ എന്നുള്ള കാര്യം സംശയമാണ്. നമ്മുടെ രാജ്യം പൂര്‍ണമായി കണ്ടവരുണ്ടോ എന്നുള്ളത് അതുകൊണ്ട് തന്നെ അപ്രസക്തമാണ്. പക്ഷേ നമ്മള്‍ കേരളം വിട്ടും രാജ്യം വിട്ടും ലോകത്തിന്റെ പല മൂലകളിലേക്കും ഇപ്പോള്‍ യാത്ര ചെയ്യുന്നു. ലോകം കാണുവാനുള്ള മനുഷ്യന്റെ ആഗ്രഹങ്ങളാണ് അതിനൊക്കെ കാരണം.
മുന്‍കാലങ്ങളില്‍ തീവണ്ടി മാര്‍ഗമായിരുന്നു രാജ്യതലസ്ഥാനമായ ഡല്‍ഹിയില്‍ എത്തിയിരുന്നത്. ദീര്‍ഘയാത്രയായിരുന്നു അത്. അങ്ങിനെ തീവണ്ടി മാറി കയറി ദിവസങ്ങളെടുത്ത് കേരളത്തില്‍ നിന്ന് ഡല്‍ഹിയിലെത്തിയ കാലമുണ്ട്. ദിവസങ്ങളോളം തീവണ്ടികളില്‍ നിന്ന് തീവണ്ടികളിലേക്ക് മാറി യാത്ര ചെയ്തു ഡല്‍ഹിയില്‍ എത്തുന്ന എത്രയോ പേരുടെ കഥ നമ്മള്‍ ആത്മകഥകളിലും, ജീവിതകഥകളിലും വായിച്ചിരിക്കുന്നു. സാങ്കേതികവിദ്യ വളര്‍ന്നപ്പോള്‍ ദൂരയാത്രകള്‍ക്ക് വേണ്ട സമയം കുറഞ്ഞു. ചുരുങ്ങിയ മണിക്കൂറുകള്‍കൊണ്ട് നമുക്ക് എവിടെയെല്ലാം എത്തിപ്പെടാന്‍ സാധിക്കുന്നു എന്നുള്ള സാഹചര്യം ഉണ്ടായി. യാത്രകളുടെ രീതി മുന്‍കാലങ്ങളില്‍ നിന്ന് ഇപ്പോള്‍ പൂര്‍ണമായും മാറിയിരിക്കുന്നു. മുന്‍പൊക്കെ ദിവസങ്ങള്‍ എടുത്ത് ഡല്‍ഹിയിലെത്തിയിരുന്ന കാലം ഉണ്ടായിരുന്നത് മാറി. വേഗതയേറിയ തീവണ്ടികളെത്തി. വ്യോമഗതാഗതം കൂടുതല്‍ ജനകീയമായി. അതൊക്കെകൊണ്ട് ഇപ്പോള്‍ അത് മണിക്കൂറുകള്‍ കൊണ്ട് എത്താവുന്ന ദൂരമായി മാറിയിരിക്കുന്നു.
മണിക്കൂറുകള്‍ മാത്രമെടുത്ത് നടന്ന് എത്താവുന്ന ഇടങ്ങളാണല്ലോ കുട്ടിക്കാലത്തെ എന്റെ ആദ്യ യാത്രകള്‍. അതുകൊണ്ട് ആദ്യ യാത്രയിലെ അനുഭവങ്ങള്‍ പങ്കുവെയ്ക്കുന്നതില്‍ ഒരു സുഖം തന്നെയുണ്ട്. എന്റെ ആദ്യ യാത്ര വീട്ടില്‍ നിന്ന് ഒരു കിലോമീറ്റര്‍ മാത്രം ദൂരമുള്ള അമ്പലപ്പുഴ ശ്രീക്യഷ്ണ ക്ഷേത്രത്തിലേയ്ക്ക് തന്നെയായിരുന്നതില്‍ ഏറെ സന്തോഷിക്കുന്നു. അമ്പലപ്പുഴ പാല്‍പ്പായസത്തിന്റെ രുചി ആദ്യ യാത്ര മുതല്‍ അറിഞ്ഞവനാണ് ഞാന്‍ എന്ന അഭിമാനവും ഉണ്ട്. ചരിത്രപരമായി വളരെ പ്രാധാന്യമുള്ള ഒരു പ്രദേശമാണ് അമ്പലപ്പുഴ എന്നത് കൊണ്ട് തന്നെ എന്റെ കുട്ടിക്കാലത്തെ യാത്രകള്‍ക്കും പ്രാധാന്യമുണ്ട്. രാജ്യതലസ്ഥാനത്ത് താമസിക്കുമ്പോഴും അമ്പലപ്പുഴയാണ് ഉള്ളില്‍. അമ്പലപ്പുഴ സ്വദേശിയാണെന്ന് അഭിമാനത്തോടെ പറയുമ്പോള്‍ സ്വാഭാവികമായും പാല്‍പ്പായസവും, ഓട്ടന്‍തുള്ളലുമാണ് എല്ലാവരുടെ മനസിലേയ്ക്കും ഓടിയെത്തുക. അമ്പലപ്പുഴയെ ലോകത്തിന് മുന്നില്‍ എത്തിക്കുന്നതിന് പാല്‍പ്പായസവും ഓട്ടന്‍തുള്ളലും വഹിച്ച പങ്ക് ചെറുതല്ലല്ലോ…?
അമ്പലപ്പുഴക്കാരനായ ഞാന്‍ ആദ്യം നടത്തിയ യാത്രയിലെ പ്രദേശങ്ങളെ കുറിച്ചും അവിടുത്തെ പ്രത്യേകതകളും പരാമര്‍ശിക്കേണ്ടതുണ്ട്. അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം പ്രശസ്തമാണ്. കേരളത്തിലെ ഏറ്റവും പ്രധാനപ്പെട്ട മൂന്ന് ശ്രീകൃഷ്ണ ക്ഷേത്രങ്ങളില്‍ ഒന്നാണ് ഇത്. ഗുരുവായൂര്‍, ആറന്മുള എന്നിവയാണ് മറ്റുള്ളവ. മധ്യകേരളത്തിലുള്ള ഗുരുവായൂരിന് തുല്യമായി തെക്കന്‍ കേരളത്തിലുള്ള ക്ഷേത്രമായതിനാല്‍ ‘തെക്കന്‍ ഗുരുവായൂര്‍’ എന്ന് ഈ ക്ഷേത്രം അറിയപ്പെടുന്നു. എ.ഡി. 1545-ല്‍ പഴയ നാട്ടുരാജ്യമായിരുന്ന ചെമ്പകശ്ശേരിയിലെ ഭരണാധികാരി പൂരാടം തിരുനാള്‍ ദേവനാരായണന്‍ വില്വമംഗലത്ത് സ്വാമിയാരുടെ നിര്‍ദ്ദേശപ്രകാരമാണ് അമ്പലപ്പുഴയില്‍ ക്ഷേത്രം നിര്‍മ്മിച്ചത്. ഇവിടത്തെ പാല്‍പ്പായസം വളരെ പ്രസിദ്ധമാണ്. മഹാകവി കലക്കത്ത് കുഞ്ചന്‍ നമ്പ്യാര്‍ തന്റെ യൗവനത്തില്‍ അമ്പലപ്പുഴയില്‍ താമസിച്ചിരുന്നു. അദ്ദേഹത്തിന് തുള്ളല്‍ തുടങ്ങാന്‍ പ്രചോദനമുണ്ടായത് ഇവിടെ വച്ചാണ്. മേല്‍പ്പത്തൂരിന് ആഥിത്യമരുളിയതും അമ്പലപ്പുഴയിലാണ്. അദ്ദേഹം നാരായണീയം ഒഴിച്ചുള്ള പ്രധാന ക്യതികള്‍ രചിച്ചത് അമ്പലപ്പുഴ ക്ഷേത്രസന്നിധിയില്‍ വെച്ചായിരുന്നു എന്നാണ് പറയുന്നത്.
എന്റെ അമ്പലപ്പുഴ പ്രദേശത്തെ കൊച്ചു യാത്രകള്‍ ഈ പ്രദേശത്തെ ചരിത്രം എന്നില്‍ മായാതെ പഠിപ്പിച്ചു. അമ്പലപ്പുഴയുടെ ചരിത്രം ആരും പഠിപ്പിച്ചതല്ല എന്ന് ചുരുക്കം. അമ്പലപ്പുഴ ക്ഷേത്രത്തില്‍ കുട്ടിയായിരിക്കുമ്പോള്‍ ഓടി കയറിയിരുന്നത് ഓര്‍ക്കുന്നു. അതുപോലെ തന്നെയാണ് അവിടുത്തെ ചരിത്രം എന്നിലേയ്ക്ക് എത്തപ്പെട്ടതും. കുഞ്ചന്‍ നമ്പ്യാരുടെ കഥയും, നാടകശാലാ സദ്യയും, അമ്പലപ്പുയിലെ ഗുരുവായൂര്‍ നടയും, മറ്റും മറ്റും സ്വന്തം ദേശത്തെ യാത്രകളില്‍ നിന്ന് സ്വന്തമായി അറിഞ്ഞതും പഠച്ചതുമായ ചരിത്ര കഥകളാണ്. അതുകൊണ്ട് തന്നെ അതൊക്കെ മായാതെ മറയാതെ മനസില്‍ ഉണ്ട്.
അമ്പലപ്പുഴ കാക്കാഴം മുസ്ലിം പള്ളി എന്റെ ജീവിതത്തിലെ വേറിട്ട യാത്രയ്ക്ക് വഴിവച്ച ഒരു ഇടമാണ്. ഞാന്‍ താമസിക്കുന്ന പ്രദേശത്തെ അമ്പലപ്പുഴ പ്രദേശത്ത് നാട്ടുകാര്‍ക്കും എന്റെ വീട്ടുകാര്‍ക്കും കക്കാടം മുസ്ലിം പള്ളി വലിയ വിശ്വാസമുള്ള ഇടമായിരുന്നു. അവിടേക്ക് എത്രയോ തവണ കുട്ടി ആയിരിക്കുമ്പോള്‍ അമ്മയുടെ കൈപിടിച്ച് യാത്ര ചെയ്തിരിക്കുന്നു. ഒറ്റയ്ക്കും കൂട്ടുകാരോടൊപ്പം പള്ളിയില്‍ പോവുക എന്റെ കുട്ടിക്കാലത്തെ പതിവായിരുന്നു. പെരുന്നാളിന് പള്ളിയിലേക്കുള്ള യാത്ര എത്ര രസകരമായിരുന്നു. മതസൗഹാര്‍ദ്ദത്തിന്റെ വലിയ കാലമായിരുന്നു എന്റെ കുട്ടിക്കാലം എന്ന് ഞാന്‍ ഓര്‍ക്കുകയാണ്. ഹിന്ദുവെന്നോ, മുസ്ലിം എന്നോ, ക്രിസ്ത്യാനിയെന്നോ വേര്‍തിരിവില്ലാതെ ഒന്നായി കൂട്ടുകാരോടൊപ്പം കൈകള്‍ കോര്‍ത്ത് നടന്നിരുന്ന പഴയകാലം സ്വപ്നത്തില്‍ തെളിയുന്നു. ഒരുമിച്ചുള്ള ഓര്‍മകള്‍ ഇപ്പോള്‍ ഓര്‍മകളായി അവശേഷിക്കുന്നു. കഴിഞ്ഞു പോയ ഇന്നലെകള്‍ ആവര്‍ത്തിക്കപ്പെടുന്നില്ല എന്ന ദുഃഖം മനസിനെ അലട്ടുന്നു.
ഒന്നാം ക്ലാസ് മുതല്‍ നാലാം ക്ലാസ് വരെ വീടിന്റെ തൊട്ടടുത്തുള്ള കോമന സര്‍ക്കാര്‍ വക എല്‍ പി സ്‌കൂളിലായിരുന്നു ഞാന്‍ പഠിച്ചത്. ഈ കാലയളവില്‍ വീട്ടില്‍നിന്ന് 300 മീറ്റര്‍ ദൂരം മാത്രം അകലത്തിലുള്ള സ്‌കൂളിലേയ്ക്കായിരുന്നു യാത്ര. മൂടല്‍ മഞ്ഞിലെ യാത്ര പോലെ ഇന്നും മങ്ങിയ ഓര്‍മകള്‍ ഉണ്ട്. ചെറിയ ക്ലാസുകളിലെ പഠനവും യാത്രയും എല്ലാരിലും മങ്ങിയ ഓര്‍മകള്‍ മാത്രമാണുണ്ടാക്കുക. അമ്പലപ്പുഴ ക്ഷേത്രത്തിനു സമീപമുള്ള അമ്പലപ്പുഴ ഗവണ്‍മെന്റ് ഹൈസ്‌കൂളില്‍ ആയിരുന്നു അഞ്ചാം ക്ലാസ് മുതല്‍ ഏഴാം ക്ലാസ് വരെ ഞാന്‍ പഠിച്ചിരുന്നത്. ഈ കാലഘട്ടത്തിലാണ് എന്റെ യാത്രകളുടെ തുടക്കം എന്ന് ഞാന്‍ കരുതുന്നു. കരുമാടിക്കുട്ടനെ കാണുവാന്‍ പോയത് ഇവിടെ പഠിക്കുന്ന സമയത്തായിരുന്നു.
അമ്പലപ്പുഴ താലൂക്കിലെ കരുമാടി എന്ന ഗ്രാമത്തിലെ കരുമാടിക്കുട്ടന്‍ എന്ന പ്രതിമ കാണാന്‍ ഞാനും കൂട്ടുകാരും നടന്നു പോയ ഒരു യാത്ര ഓര്‍മയില്‍ വരുന്നു. കരുമാടിയിലെ പ്രതിമയെ കുറിച്ച് കൂട്ടുകാര്‍ പലപ്പോഴും പറയാറുണ്ടായിരുന്നു. കരുമാടിയില്‍ നിന്ന് വന്നിരുന്ന സഹപാഠികളാണ് കരുമാടിക്കുട്ടനെ കുറിച്ച് ഏറെ പറഞ്ഞിട്ടുള്ളത്. കരുമാടി ഏറെ ദൂരെയല്ലെങ്കിലും അത് ഞങ്ങള്‍ക്ക് ഒരു യാത്ര തന്നെയായിരുന്നു. പ്രസിദ്ധമായ ബുദ്ധപ്രതിമയാണ് കരുമാടിക്കുട്ടന്‍. കരുമാടിത്തോട്ടില്‍ വളരെക്കാലമായി അറിയപ്പെടാതെ കിടന്നിരുന്ന വിഗ്രഹം സംരക്ഷിച്ചെടുത്തത് സര്‍ റോബര്‍ട്ട് ബ്രിസ്റ്റോ ആയിരുന്നു എന്നാണ് പറഞ്ഞു കേട്ടിരിക്കുന്നത്. കേരളത്തില്‍ ബുദ്ധമതം വളരെ പ്രചാരം നേടിയിരുന്നു എന്നും, അത് സജീവമായിരുന്ന കാലത്തിന്റെ തെളിവായിട്ടാണ് പല ചരിത്രകാരന്മാരും ഇതിനെക്കാണുന്നത്. കരുമാടി എന്ന സ്ഥലത്തു നിന്നു ലഭിച്ച വിഗ്രഹമായതിനാല്‍ കരുമാടിക്കുട്ടന്‍ എന്ന് പേരുവന്നു.
എട്ടാം ക്ലാസ് മുതല്‍ കക്കാടം ഹൈസ്‌കൂളില്‍ പഠിക്കുന്ന സമയത്ത് കടല്‍ത്തീരത്തേക്കുള്ള യാത്ര സാഹസികത നിറഞ്ഞതായിരുന്നു. ഈ കാലയളവില്‍ സ്‌കൂളിലെ കൂട്ടുകാരോടൊപ്പം കടല്‍ത്തീരത്ത് പോയി കടലമ്മ കള്ളിയാണെന്ന് മണലില്‍ വിരല്‍ കൊണ്ട് എഴുതിവയ്ക്കും. തിര വന്ന് അത് മായ്ച്ചു കളയും. വീണ്ടും എഴുതും. തിരകള്‍ മണലിലെഴുതുന്നതൊക്കെയും മായ്ക്കും. തിരകളെണ്ണി എത്ര നേരം നിന്നിട്ടുണ്ട് എന്ന് ഞാനിപ്പോള്‍ ഓര്‍ക്കുകയാണ്. വീണു കിട്ടുന്ന വെള്ളക്കയും ഉണക്ക കൊമ്പുകളും കടലിലേക്ക് വലിച്ചെറിയും തിരിച്ച് അതൊക്കെ തിരകള്‍ കരയിലെത്തിക്കുന്നതും കുട്ടിക്കാലത്തെ ഓര്‍മകളാണ്. കടലില്‍ കുളിക്കാന്‍ ഇറങ്ങുന്നതും ഓര്‍മയിലുണ്ട്. അന്നത് വീട്ടിലറിഞ്ഞാല്‍ ചുട്ട അടി കിട്ടും. കടലിലെ കുളിയൊക്കെ രഹ്യമായിരുന്നു. ഇങ്ങനെ എത്രയെത്ര കുസൃതിത്തരങ്ങളാണ് അമ്പലപ്പുഴയുടെ കടലോരത്ത് യാത്ര ചെയ്തപ്പോള്‍ ഞങ്ങള്‍ ഉണ്ടാക്കിയത്.
പത്താം ക്ലാസില്‍ പഠിക്കുമ്പോഴൊക്കെ ഒറ്റയ്ക്ക് യാത്ര ചെയ്യാന്‍ തുടങ്ങിയിരുന്നു. കോട്ടയത്ത് അമ്മയുടെ സഹോദരി ചിറ്റ താമസിച്ചിരുന്നത് കൊണ്ട് കോട്ടയത്തേക്കുള്ള യാത്ര എന്റെ ദീര്‍ഘ യാത്രകളില്‍ ആദ്യത്തെതാണ്. ഒറ്റയ്ക്കായിരുന്നു പത്താം ക്ലാസിലൊക്കെ പഠിക്കുമ്പോള്‍ കോട്ടയത്തേക്ക് പോയിരുന്നത്. ആലപ്പുഴ വരെ ബസിലും, അവിടെനിന്ന് ബോട്ടിലുമായിരുന്നു യാത്ര. പ്രീഡിഗ്രിക്ക് ആലപ്പുഴ എസ് ഡി കോളേജില്‍ പഠിക്കുന്ന അവസരത്തില്‍ യാത്രകളുടെ എണ്ണത്തില്‍ വര്‍ദ്ധനവ് ഉണ്ടായി. അന്ന് വിദ്യാര്‍ത്ഥി ആനുകൂല്യങ്ങള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ബസിനും ബോട്ടിനും യാത്രകള്‍ക്ക് ലഭിച്ചിരുന്നു. അങ്ങിനെ ആനുകൂല്യ ടിക്കറ്റ് ലഭിക്കുമെന്നതിനാല്‍ ആലപ്പുഴയുടെ പല പ്രദേശങ്ങളിലേക്കും കോളേജില്‍ നിന്ന് സുഹൃത്തുക്കളോടൊപ്പം യാത്ര ചെയ്തിട്ടുണ്ട്. അങ്ങനെ എവിടെയെല്ലാം പോയി എന്നുള്ളതിനെ കുറിച്ച് വ്യക്തമായ കണക്കുകളും ഇപ്പോഴില്ല. ആലപ്പുഴ എസ്ഡി കോളേജില്‍ പഠിക്കുന്ന അവസരത്തിലാണ് ആലപ്പുഴയുടെ പ്രാദേശിക പ്രദേശങ്ങളിലെല്ലാം യാത്ര നടത്തിയത്. ഒപ്പം പഠിച്ചിച്ചിരുന്ന പലരും വിവിധ പ്രദേശത്തുകാരായിരുന്നു. അവരോരുത്തരുടെ നാട്ടിലേയ്ക്ക് പലപ്പോഴായി യാത്ര ചെയ്തു. മുഹമ്മ, ചേര്‍ത്തല, കുട്ടനാട്, ഹരിപ്പാട്, തകഴി തുടങ്ങി ആലപ്പുഴയുടെ എത്ര എത്ര പ്രദേശങ്ങളാണ് അന്നത്തെ യാത്രകളില്‍ പരിചിതമായത്. അന്നത്തെ യാത്രകളുടെ ഓര്‍മ ഇന്നും എന്റെയുള്ളില്‍ മായാതെ മറയാതെ നില്‍ക്കുന്നു.
അമ്പലപ്പുഴ പ്രദേശം ഐതിഹാസികമായ ഒട്ടേറെ സമരങ്ങള്‍ക്കും സാക്ഷ്യം വഹിച്ചിട്ടുണ്ട് എന്നതും എടുത്ത് പറയണം. ഇന്ത്യന്‍ സ്വാതന്ത്ര്യസമരത്തില്‍ അമ്പലപ്പുഴ പ്രദേശം വലിയ പങ്ക് വഹിച്ചിട്ടുണ്ട്. കേരള സന്ദര്‍ശനത്തിനിടെ ഗാന്ധിജി അമ്പലപ്പുഴ സന്ദര്‍ശിച്ചതും ചരിത്രവായനയിലുണ്ട്. 1937 ജനുവരി 17ന് കൊല്ലത്തുനിന്ന് വൈക്കത്തേക്ക് ബോട്ടില്‍ പോകുന്നതിനിടെ മഹാത്മാഗാന്ധി അമ്പലപ്പുഴയില്‍ ഇറങ്ങി എന്നാണ് ചരിത്ര രേഖകളില്‍ പറയുന്നത്. അമ്പലപ്പുഴ ക്ഷേത്രത്തിലെ കളിത്തട്ടിന് സമീപം നടന്ന ഒരു പൊതുസമ്മേളനത്തില്‍ ഗാന്ധിജി സംസാരിച്ചിരുന്നു. നേരം വൈകിയതിനാല്‍ അന്ന് ഗാന്ധി അന്തിയുറങ്ങിയത് കരുമാടി മുസാവരി ബംഗ്ലാവില്‍ ആയിരുന്നു. ഗാന്ധി വന്ന ഇടങ്ങളില്‍ കൂട്ടുകാരോടൊത്ത് പോയിട്ടുണ്ട്. ഗാന്ധിയുടെ കാല്‍പ്പാദം വീണ മണ്ണിലൂടെ ഞാനും നടന്നിട്ടുണ്ട് എന്ന് അഭിമാനത്തോടെ പറഞ്ഞിരുന്നത് ഓര്‍ക്കുന്നു. ഗാന്ധിയുടെ യാത്ര ഒരു സന്ദേശമായിരുന്നു. ആ സന്ദേശം ഞാനും ഉള്‍ക്കൊള്ളുന്നു.
കൂടാതെ ഇന്ത്യന്‍ സ്വാതന്ത്ര്യ സമരത്തിലെ ചുവന്ന ഏടായ പുന്നപ്ര വയലാര്‍ സമരം നടന്ന പുന്നപ്ര അമ്പലപ്പുഴ താലൂക്കിന്റെ ഭാഗമാണ്. പ്രീഡിഗ്രിക്ക് പഠിച്ച എസ് ഡി കോളേജിന് സമീപമുള്ള പുന്നപ്ര വയലാര്‍ സ്മ്യതി മണ്ഡപത്തില്‍ എത്രയോ തവണ പോയിട്ടുണ്ട്. പഴയകാല സംഭവങ്ങള്‍ പലരില്‍ നിന്നും കേട്ടിട്ടുണ്ട്. പുന്നപ്ര വയലാറും, കരുമാടി കുട്ടനും, ചമ്പക്കുളം വള്ളം കളിയും മറ്റും കുട്ടിക്കാലത്തെ ഹ്രസ്വ യാത്രകളിലെ അനുഭവ സാക്ഷിപത്രങ്ങളാണ്. Travel and life experience ambalappuzha travelogue babu panicker
Content Summary; Travel and life experience ambalappuzha travelogue babu panicker