മനുഷ്യചരിത്രത്തിന്റെ ഇരുണ്ട അധ്യായങ്ങളില്‍ ഒന്നായ ട്രാന്‍സ് അറ്റ്ലാന്റിക് അടിമക്കച്ചവടത്തെ കുറിച്ചു ബിബിസി ഒരു ഓണ്‍ലൈന്‍ ഫീച്ചര്‍ പ്രസിദ്ധീകരിച്ചിരുന്നു. കേപ് ടൗണിലെ ഒരു പ്രശസ്തമായ ബീച്ചിലാണ് ഇത്. ആഫ്രിക്കന്‍ അടിമകളെയും കൊണ്ട് പോയ 200 വര്‍ഷമായി കാണാതായ സാവോ ജോസ് പാക്കിറ്റി ഡി’ആഫ്രിക്ക എന്ന കപ്പലിന്റെ അവശിഷ്ടം അഥവാ കപ്പല്‍ച്ചേതം ആണ് ഇവിടെ ആദ്യം കണ്ടെത്തിയത്. സാവോ ജോസ് കണ്ടെത്തിയത് ‘ഒരു ഡിറ്റക്ടീവ് കഥ പോലെയാണ്’ എന്നാണ് ദക്ഷിണാഫ്രിക്കയിലെ ഇസിക്കോ മ്യൂസിയത്തിലെ മറൈന്‍ പുരാവസ്തു ശാസ്ത്രജ്ഞന്‍ ജാക്കോ ബൊഷോഫ് പറഞ്ഞത്. ബൊഷോഫും അന്താരാഷ്ട്ര സ്ലേവ് റെക്‌സ് പ്രോജെക്ടസ് കോ-പ്രിന്‍സിപ്പല്‍ ആയ പാര്‍ട്‌നര്‍ ഡോ.സ്റ്റീവ് ലുബ്കെമാന്നും 2008-ല്‍ ആരംഭിച്ച ആഗോള പുരാവസ്തു ഗവേഷണ ഉദ്യമമാണ് സ്ലേവ് റെക്‌സ് പ്രോജെക്ടസ്.
ബ്രസീലിലേക്ക് പോയ പോര്‍ച്ചുഗീസ് അടിമക്കപ്പല്‍ 512 മൊസാംബിക്കന്‍ അടിമകളെ 27 ഡിസംബര്‍ 1794ല്‍ കേപ് പെനിന്‍സുലയിലെ ക്യാമ്പ്‌സ് ബേയിലാണ് മുങ്ങി പോയത് എന്ന ഒരു റെക്കോര്‍ഡിലെ രേഖകളുടെ അടിസ്ഥാനത്തിലാണ് സ്ലേവ് റെക്‌സ് പ്രോജെക്ടസ് സാവോ ജോസ് തിരയാന്‍ തീരുമാനിച്ചത്. ബൊഷോഫും സംഘവും അവിടെ തിരച്ചില്‍ നടത്തിയെങ്കിലും ഒന്നും കണ്ടെത്താന്‍ സാധിച്ചില്ല.
കേപ് ആര്‍കൈവ്‌സില്‍ ഡച്ച് ഭാഷയില്‍ എഴുതിയ ഡോക്യുമെന്റിന്റെ അടിസ്ഥാനത്തിലാണ്, അവര്‍ തിരച്ചില്‍ നടത്തുന്നത് തെറ്റായ സ്ഥലത്താണെന്ന് മനസിലായതെന്ന് ബൊഷോഫ് ബിബിസിയോട് പറഞ്ഞു. ക്ലിഫ്ടണ്‍ ബീച്ചസ് കഴിഞ്ഞ് ലയണ്‍സ് ഹെഡിലാണ് സംഭവം നടന്നത്. 200 അടിമകളാണ് കപ്പല്‍ അപകടത്തില്‍ മരിച്ചത്. രക്ഷപ്പെട്ട ബാക്കിയുള്ള അടിമകളെ കേപ് ടൗണില്‍ തന്നെ വിറ്റു.
തീരത്തു നിന്ന് 50 മീറ്റര്‍ അകലെയാണ് സ്ലേവ് റെക്‌സ് പ്രോജെക്ടസ് കപ്പല്‍ച്ചേതം കണ്ടെത്തിയത്. പരിശോധനയില്‍ സാവോ ജോസ് കപ്പലാണെന്ന് തെളിഞ്ഞു. കപ്പലിലെ ചില വസ്തുക്കള്‍ വാഷിംഗ്ടണ്‍ ഡിസി-യിലെ സ്മിത്ത്‌സോണിയന്‍ നാഷണല്‍ മ്യൂസിയം ഓഫ് ആഫ്രിക്കന്‍ അമേരിക്കന്‍ ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചറില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
അടിമകളെ ബന്ധിപ്പിക്കാന്‍ ഉപയോഗിച്ച പൂട്ടുകളും സംഘം കണ്ടെത്തി. പുരാവസ്തു സംരക്ഷക നാന്‍സി ചൈല്‍ഡ് കപ്പലിലെ വസ്തുക്കള്‍ ഇലക്ട്രോകെമികള്‍, ഇലക്ട്രോലൈറ്റിക് റീഡക്ഷന്‍ പോലുള്ള സംവിധാനം ഉപയോഗിച്ചു വൃത്തിയാക്കുന്നു. ഡിസംബര്‍ 12ന് കേപ് ടൗണിലെ സ്ലേവ് ലോഡ്ജിലെ ചരിത്ര മ്യൂസിയത്തില്‍ സാവോ ജോസ് വസ്തുക്കള്‍ പ്രദര്‍ശിപ്പിക്കാനാണ് അവരുടെ ലക്ഷ്യം.
‘ഒരു സുപ്രധാനമായ കണ്ടുപിടിത്തമാണ് ഇത്. അടിമകളുമായി പോയ കപ്പലിനെ കുറിച്ച് പുരാവസ്തുശാസ്ത്ര സംബന്ധിയായ ഒരു ഡോക്യുമെന്റേഷന്‍ ഇതാദ്യമാണ്.’- സ്മിത്ത്‌സോണിയന്‍ നാഷണല്‍ മ്യൂസിയം ഓഫ് ആഫ്രിക്കന്‍ അമേരിക്കന്‍ ഹിസ്റ്ററി ആന്‍ഡ് കള്‍ച്ചര്‍ സ്ഥാപക-ഡയറക്ടര്‍ ലോണ്ണീ ജി ബഞ്ച് III-യെ ഉദ്ധരിച്ച് ബിബിസി ഗാല്ലറി ഫീച്ചര്‍ പറയുന്നു.
ക്ലിഫ്ടണിലെ കപ്പല്‍ച്ചേതം ദക്ഷിണാഫ്രിക്കയിലെ സര്‍ക്കാര്‍ ഒരു ദേശീയ സ്മാരകമായി പ്രഖ്യാപിക്കാന്‍ തീരുമാനിച്ചെന്ന് ബോഷോഫ് പറയുന്നു. ഡിസംബര്‍ 12-ന് സ്ലേവ് ലോഡ്ജിലെ പ്രദര്‍ശനം നടക്കുമ്പോള്‍ മറ്റു വിവരങ്ങള്‍ അറിയിക്കും.
‘സാവോ ജോസ് വെറും ഒരു കപ്പലിന്റെ കഥയാണ്. ഇതുപോലെ ആയിരം മറ്റ് യാത്രകളുണ്ട്….അടിമ കച്ചവടത്തിന്റെ ഹീനമായ പ്രവൃത്തിയെ കുറിച്ചാണ് സാവോ ജോസ് നമ്മളെ ഓര്‍മിപ്പിക്കുന്നത്.’- ബോഷോഫ് ബിബിസി-യോട് പറഞ്ഞു.