കൊച്ചിയിലെ മട്ടാഞ്ചേരിയില്‍ ഇസ്ലാം വസ്ത്രധാരണയില്‍ കശ്മീര്‍ വ്യാപാരികളെ ‘ഷാലോം’ എന്ന ബന്നേറുള്ള കടകളുടെ മുന്നില്‍ നില്‍ക്കുന്നത് കാണാം. ഹിന്ദു പ്രതിമകള്‍, ഷോളുകള്‍, ജൂത നക്ഷത്രങ്ങള്‍, മെനോറ, മെസൂസ എന്നിവ കടയില്‍ ലഭ്യമാണ്. ഇവിടുത്തെ ബഹുസ്വര സംസ്‌കാരം ഏറെ സവിശേഷതകളുള്ളതാണ്. ദൃഢമായ മുസ്ലിം, ക്രിസ്ത്യന്‍ ജനസംഖ്യയാണ് ഇവിടെയുള്ളത്. ഇതിനൊപ്പം പരദേശി ജൂതര്‍ എന്ന ജൂത സമൂഹവും ഇവിടെയുണ്ട്. എന്നാല്‍ ഇവരുടെ ജനസംഖ്യ കുറയുകയാണ്. ഒരിക്കല്‍ ഇവിടുത്തെ ജ്യൂ ടൗണ്‍ പരദേശി ജൂതരുടെ നിയന്ത്രണത്തിലായിരുന്നു. ജ്യൂ ടൗണില്‍ 1950ല്‍ 250നടുത്ത് ജൂതര്‍ ഉണ്ടായിരുന്നു. പിന്നീട് കുറെ പേര്‍ ഇസ്രായേലിലേക്ക് കുടിയേറിപ്പാര്‍ത്തു. ഇന്ന് വെറും ആറ് പരദേശി ജൂതര്‍ മാത്രമേ മട്ടാഞ്ചേരിയില്‍ ബാക്കിയുള്ളൂ. ഇതില്‍ ഭൂരിപക്ഷവും അവരുടെ എണ്‍പതുകളിലാണ്. ബിബിസി ട്രാവല്‍ സെക്ഷനില്‍ ആലിസ പിന്‍സ്‌കര്‍ ഇവരെ പറ്റി എഴുതിയിരിക്കുന്നു.
സമ്പന്നമായ ഒരു ചരിത്രമാണ് കൊച്ചിയിലെ പരദേശി ജൂതര്‍ക്കുള്ളത്. സോളമന്‍ രാജാവിന്റെ ഭരണകാലത്ത് (ശിര്‍ക്ക 970 മുതല്‍ 931ബിസി) വ്യാപാരികളുടെ പിന്‍തുടര്‍ച്ചക്കാരായി ഇപ്പോളത്തെ കൊടുങ്ങല്ലൂരായ അന്നത്തെ മുസിരിസില്‍ എത്തിയതാണ് ഇവരുടെ പൂര്‍വികര്‍. ഏതാണ്ട് എഡി 379 മുതല്‍ 1000 വരെയുള്ള കാലഘട്ടത്തില്‍ (ഇതില്‍ ചരിത്രകാരന്മാര്‍ക്കിടയില്‍ ഭിന്നതയുണ്ട്.) ചേരവംശ രാജാവ് ഭാസ്‌കര രവി വര്‍മ്മ ഈ വര്‍ഗത്തില്‍ പെട്ടവര്‍ക്ക് ചെമ്പുപാത്രങ്ങള്‍ സമ്മാനം നല്‍കിയതായി പറയുന്നു. “ഈ ലോകവും ചന്ദ്രനും ഉള്ള കാലം വരെ അവരുടെ മതാചാരങ്ങള്‍ക്കുള്ള സ്വാതന്ത്ര്യവും നികുതിയില്‍ നിന്നും ഒഴിവാക്കല്‍” ഉള്‍പ്പെടെ 72 അവകാശങ്ങളും ഇതിനൊപ്പം ജൂത സമൂഹത്തിന് നല്‍കി.
പതിനാലാം നൂറ്റാണ്ടിലുണ്ടായ വെള്ളപ്പൊക്കം കാരണം പരദേശി ജൂത സമൂഹവും പ്രാര്‍ത്ഥനാലയവും കൊടുങ്ങല്ലൂരില്‍ നിന്ന് കൊച്ചിയിലേക്ക് പോവുകയായിരുന്നു. 1344ല്‍ അവര്‍ കൊച്ചിയിലെ ആദ്യത്തെ സിനഗോഗ് (ജൂതപ്പള്ളി) ആയ കൊച്ചങ്ങാടി സിനഗോഗ് നിര്‍മ്മിച്ചു. 1492ല്‍ ഐബെരിയന്‍ പെനിന്‍സുലയില്‍ നിന്നും പുറത്താക്കപ്പെട്ട സെഫാര്‍ഡി ജൂതര്‍ കൊച്ചിയിലെത്തി. പതിനാറാം നൂറ്റാണ്ടില്‍ പോര്‍ച്ചുഗീസുകാര്‍ വേട്ടയാടിയപ്പോള്‍ കൊച്ചിയിലെ ഹിന്ദു രാജാവ് കേശവ രാമ വര്‍മ്മയാണ് ഇവര്‍ക്ക് അഭയം നല്‍കിയത്. കേശവ രാമ വര്‍മ്മ നല്‍കിയ സ്ഥലത്താണ് ഇന്ന് കാണുന്ന പരദേശി സിനഗോഗും ജ്യൂ ടൗണും 1568ല്‍ നിര്‍മ്മിച്ചത്. 1968ല്‍ അഭയാര്‍ത്ഥി ജീവിതത്തിന്റെ നാനൂറാം വാര്‍ഷികം സിനഗോഗ് ആഘോഷിച്ചപ്പോളാണ് ഈ സമൂഹത്തിന് അംഗീകാരം ലഭിച്ചത്. അന്നത്തെ ഇന്ത്യന്‍ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി അവര്‍ക്ക് mazeltov (അഭിനന്ദനം) നല്‍കി. എന്നാല്‍ ഇപ്പോള്‍ ഈ സമൂഹം കൊച്ചിയില്‍ നിന്നും അപ്രത്യക്ഷമായി കൊണ്ടിരിക്കുകയാണ്. ഇവിടുത്തെ പരദേശി ജൂതരുടെ അവസാന കണ്ണിയാണ് യേല്‍ ഫല്ലഗുവ.
സ്ഥലത്തെ ഏറ്റവും തലമുതിര്‍ന്ന ജൂതയായ സാറാ കോഹന് (93) എംബ്രോയിഡറി പാഷനായിരുന്നു. സമൂഹത്തിന്റെ വിവാഹങ്ങള്‍ അടക്കമുള്ള ചടങ്ങുകള്‍ക്കായി ഷോളുകളും സ്‌കാര്‍ഫുകളും ഉണ്ടാക്കുന്നത് അവര്‍ക്കൊരു വിനോദമായിരുന്നു. 1980കളില്‍ സാറ അവരുടെ കട ആരംഭിച്ചു. ചാള കവറുകളും മെസൂസയും കോഹന്‍ സ്വന്തമായി നിര്‍മ്മിച്ചു. പ്രായമായതിനാല്‍ ഇപ്പോള്‍ ഇബ്രാഹിമാണ് എല്ലാം ചെയ്യുന്നത്. കോഹന്‍ പഠിപ്പിച്ച എംബ്രോയിഡറി കലകളൊക്കെ ഇബ്രാഹിം അവിടുത്തെ മുസ്ലിം, ക്രിസ്ത്യന്‍, ഹിന്ദു സമുദായക്കാരെ പഠിപ്പിച്ചു. ചെറുപ്പത്തിലേ ഇബ്രാഹിമിന് ജൂത മതത്തോട് താല്‍പര്യമുണ്ടായിരുന്നു.
ഇബ്രാഹിമും അദ്ദേഹത്തിന്റെ സുഹൃത്തായ തൗഫീക്ക് സക്കറിയയും ചേര്‍ന്ന് ജൂത സമൂഹത്തിന്റെ ചരിത്രത്തെ കുറിച്ച് പ്രദര്‍ശനവും ‘ജ്യൂസ് ഓഫ് മലബാര്‍’ എന്ന ഫിലിമും എടുത്തു. ജ്യൂസ് ഓഫ് കേരളയിലെ ഒരു ചരിത്രകാരനാണ് ഇന്ന് സക്കറിയ. ജ്യൂസ് ഓഫ് മലബാര്‍ എന്ന ബ്ലോഗും ഫേസ്ബുക് പേജും ഇന്ന് അദ്ദേഹം നോക്കുന്നുണ്ട്. മറ്റു സ്ഥലങ്ങളില്‍ കാണുന്ന പോലെ മുസ്ലിം – ജൂത കലാപങ്ങള്‍ ഇവിടെ ഇല്ല, നൂറ്റാണ്ടുകളായി രണ്ടു സമൂഹവും വളരെ ശാന്തമായും പരസ്പര സഹകരണത്തോടെയും സഹവര്‍ത്തിത്വത്തോടെയും മാതൃകാപരമായാണ് ഇവിടെ കഴിയുന്നത്.
സാറ കോഹന്‍
ജൂത നക്ഷത്രമുള്ള പരമ്പരാഗത മാലയല്ല അവര്‍ ധരിക്കുന്നത്. അതില്‍ ഹിബ്രൂവില്‍ ഷെഡ്ഡായി (ഈശ്വരന്‍) എന്ന് എഴുതിയിട്ടുണ്ടാകും. പല കാര്യങ്ങളിലും ഹിന്ദു ആചാരങ്ങള്‍ക്ക് സമാനമായ രീതിയാണ് കൊച്ചിയിലെ ജൂതരും പെരുമാറുന്നത്. ചെരുപ്പില്ലാതെ സിനഗോഗില്‍ കേറുന്നതും ഉത്സവങ്ങള്‍ക്ക് നിറമുള്ള വസ്ത്രങ്ങള്‍ ഇടുന്നതും ദിവാലിക്കും ഹന്നുക്കയ്ക്കും സമാനമായ സിംച്ച തോറ എന്നിവയൊക്കെ കൊച്ചിയിലെ പരദേസി ജൂതരുടെ പ്രത്യേകതകളാണ്. കൊച്ചി ജൂതര്‍ക്ക് റാബ്ബി ഇല്ല എന്നതും മറ്റ് ജൂത സമൂഹങ്ങളില്‍ നിന്ന്
ഇവരെ വ്യത്യസ്തരാക്കുന്നു. സമൂഹത്തിലെ മുതിര്‍ന്ന പുരുഷന്മാരാണ് കാര്യങ്ങള്‍ തീരുമാനിക്കുന്നത്. ഹിന്ദു പ്രാര്‍ത്ഥന സംഗീതവും കീര്‍ത്തന ശൈലിയും ഉപയോഗിക്കുന്ന ഒരു റബ്ബിയാണ് കീര്‍ത്തന്‍ റബ്ബി.
25 വര്‍ഷമായി 400 വര്‍ഷം പഴക്കമുള്ള സിനഗോഗിന്റെ ചുമതലയുള്ളയാളാണ് ക്രിസ്ത്യന്‍ യുവാവായ ജോയ് കെജെ. ആദ്യം മുത്തച്ഛനും പിന്നീട് അച്ഛനും വഴിയാണ് ജോയിക്ക് ഈ ജോലി ലഭിച്ചത്. 1762-ല്‍ ചൈനയില്‍ നിന്നും ഇറക്കുമതി ചെയ്ത ടൈല്‍ ഇട്ട തറ, എത്യോപ്യയില്‍ നിന്നുമുള്ള പരവതാനി, ബെല്‍ജിയത്തില്‍ നിന്നുള്ള കാന്‍ഡില്‍ ലാമ്പുകള്‍ എന്നിവ സിനഗോഗിലുണ്ട്. പിന്നെ ബീമ അല്ലെങ്കില്‍ പള്‍പിറ്റ്. ബീമയുടെ അടുത്ത് നില്‍ക്കാന്‍ ഇവിടെ റാബി ഇല്ല. അവിടുത്തെ തന്നെ മുതിര്‍ന്ന ജൂതരായിരുന്നു അവിടെ നിന്നിരുന്നത്. സ്ത്രീകള്‍ക്കായി മുകള്‍ ഭാഗത്ത് ഒരു പ്രാര്‍ത്ഥനാ സ്ഥലം ഉണ്ടായിരുന്നു. വര്‍ഷങ്ങളായി ഉപയോഗിക്കാത്തൊരു പ്രാര്‍ത്ഥന പുസ്തകവും ഇവിടെ കാണാം.
സിനഗോഗ് ഇപ്പോള്‍ ഒരു മ്യൂസിയം പോലെയാണ്. മിന്യാന്‍ (പ്രാര്‍ത്ഥനയ്ക്ക് ആവശ്യമുള്ള പത്ത് പുരുഷന്മാരുടെ സംഘം) ഉള്ളപ്പോള്‍ മാത്രമാണ് ഇവിടെ പ്രാര്‍ത്ഥന നടക്കുന്നത്. കോപ്പര്‍ പ്ലേറ്റുകള്‍ ഇപ്പോഴും സുരക്ഷിതമായി ഇവിടെ പൂട്ടി വെച്ചിട്ടുണ്ട്. കൊച്ചങ്ങാടി സിനഗോഗിന്റെ ഒരു അടയാളമാണ് ഇത്. ഹിബ്രൂ വര്‍ഷം 5101-ല്‍ നിര്‍മ്മിച്ച പ്രാര്‍ത്ഥനാലയമാണ് ഇത്. ‘ദൈവത്തിന്റെ ഒരു ആലയം’ എന്ന് ഇവിടെ എഴുതി വെച്ചിരിക്കുന്നത് കാണാം.