ഒഡിഷയിലെ സുന്ദരമായ ബദ്‌മുൽ എന്ന ഉൾഗ്രാമം കുറച്ച് വർഷങ്ങൾക്ക് മുൻപ് വരെ സഞ്ചാരികൾ തിരിഞ്ഞ് നോക്കാത്ത ഒരു പ്രദേശമായിരുന്നു. പ്രകൃതി സമ്പത്താൽ സമൃദ്ധമായ ഈ മേഖലയിൽ വിനോദസഞ്ചാരം വളർന്നാൽ അത് പരിസ്ഥിതിയെ നശിപ്പിച്ചേക്കുമോ എന്ന് ഗ്രാമത്തിലുള്ളവർക്ക് ഭയവുമുണ്ടായിരുന്നു. പ്രകൃതിയെ നശിപ്പിക്കാതെ ഇരിക്കുകയും വേണം. വിനോദസഞ്ചാരം വളരുകയും വേണം. അങ്ങനെ ഒരുപ്രതിസന്ധിഘട്ടത്തിലാണ് ഒഡിഷ സംസ്ഥാന സർക്കാർ ഗ്രാമത്തിലെ വിവിധ നാട്ടുക്കൂട്ടങ്ങളുമായി കൂടിയാലോച്ചിച്ച് ഒരു എക്കോ ടൂറിസം പദ്ധതി തയ്യാറാക്കിയത്. ചുരുങ്ങിയ കാലത്തിനുള്ളിൽ ഞെട്ടിപ്പിക്കുന്ന വളർച്ചയാണ് പദ്ധതിയുണ്ടാക്കിയത്. 2018 -2019 വർഷങ്ങളിൽ ബദ്‌മുൽ ഉണ്ടാക്കിയ നേട്ടം കേട്ടാൽ ആരും അതിശയിക്കും.1 .3 കോടി രൂപ!
ഗ്രാമവാസികളുടെ സഹകരണത്തോടെ ഇന്ത്യയിലെ സർക്കാരുകൾ ആവിഷ്കരിച്ചതിൽ എക്കാലത്തെയും മികച്ച നേട്ടമാണ് ഒഡിഷ സർക്കാർ പദ്ധതിയിലൂടെ ഉണ്ടാക്കിയെടുത്തത്. വനത്തിനടുത്ത് സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിൽ നടപ്പിലാക്കിയ പദ്ധതി അവിടുത്തെ ജൈവവൈവിധ്യത്തെ യാതൊരു തരത്തിലും നശിപ്പിക്കാതെയാണ് നടപ്പിലാക്കപ്പെട്ടത്. മാത്രമല്ല ടൂറിസം പദ്ധതിയിലൂടെ ലഭിച്ച ഭൂരിഭാഗം വരുമാനവും ഗ്രാമത്തിലെ പാവപ്പെട്ടവർക്ക് തന്നെ ലഭിച്ചു എന്നതും സുപ്രധാന നേട്ടമാണ്.
കഴിഞ്ഞ ഒരു വർഷം ആയിരങ്ങളാണ് ഈ ചെറു ഗ്രാമം കാണാനായി എത്തിയത്. ഇതിൽ 20 ശതമാനത്തിലധികം സഞ്ചാരികൾ ഇന്ത്യയ്ക്ക് പുറത്ത് നിന്നുള്ളവരായിരുന്നു. ജർമനി, ഫ്രാൻസ്, ബ്രിട്ടൻ എന്നീ രാജ്യങ്ങളിൽ നിന്നും നിരവധി പേർ ഇവിടേക്കെത്തുന്നുണ്ട്. പ്രദേശവാസികളുടെ സഹകരണത്തോടെ ധാരാളം നേച്ചർ ക്യാമ്പുകൾ നിർമിച്ചുകൊണ്ടാണ് ഇവിടെ എക്കോ ടൂറിസം വളർത്തിയെടുത്തത്. ടൂറിസവുമായി ബന്ധപ്പെട്ട് വളർന്നു വന്ന ഡ്രൈവിംഗ്, കുക്കിങ്, ഏകോ ഗൈഡുകൾ, സർവീസ് മാനേജറുമാർ മുതലായ പുത്തൻ തൊഴിൽ മേഖലകളിലൂടെ ഗ്രാമത്തിലെ പാവപ്പെട്ടവർക്ക് നേട്ടമുണ്ടാക്കാനായി.
Leave a Comment