June 07, 2026 |
Share on

അപരിചിതരെ പേടിയില്ലേ? എങ്കിൽ ഈ സൗജന്യ ലോകയാത്ര നിങ്ങൾക്കുള്ളതാണ്

ടൂർറഡാർ എന്ന ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ട്രാവൽ ഏജൻസിയാണ് ജീവിതത്തിൽ പുതിയ സർപ്രൈസുകൾ പ്രതീക്ഷിക്കുന്നവർക്കായി ഇത്രയും ആകർഷകമായ ഒരു അവസരമൊരുക്കിയത്.

അഞ്ച് ഭൂഖണ്ഡങ്ങളിലെ മനോഹരമായ ഇടങ്ങളിലേക്ക് അറുപത് ദിവസങ്ങൾ സൗജന്യ യാത്ര നടത്താൻ താല്പര്യമുണ്ടോ? വെറുതെ പറയുന്നതല്ല, യാത്രക്കാലയളവിൽ ഫ്‌ളൈറ്റ് ടിക്കറ്റുകളും ഭക്ഷണവും താമസവുമൊക്കെ പൂർണ്ണമായും സൗജന്യമാണ്. പക്ഷെ, ഒരൊറ്റ കണ്ടീഷൻ അറുപത് ദിവസം നിങ്ങൾ ലോകം ചുറ്റേണ്ടത് ജീവിതത്തിൽ ഒരിക്കൽ പോലും കണ്ടിട്ടില്ലാത്ത, പരിചയമുണ്ടാകാൻ യാതൊരു സാധ്യതയുമില്ലാത്ത, പൂർണ്ണമായും അപരിചിതനായ ഒരു ആളോടൊപ്പമായിരിക്കും. അപരിചിതന്റെ കൂടെ യാത്ര ചെയ്യാൻ ഭയമില്ലെങ്കിൽ ഈ ട്രിപ്പ് നിങ്ങൾക്കുള്ളതാണ്.

ടൂർറഡാർ എന്ന ലോകത്തിലെ ഏറ്റവും വലിയ ഓൺലൈൻ ട്രാവൽ ഏജൻസിയാണ് ജീവിതത്തിൽ പുതിയ സർപ്രൈസുകൾ പ്രതീക്ഷിക്കുന്നവർക്കായി ഇത്രയും ആകർഷകമായ ഒരു അവസരമൊരുക്കിയത്. യാത്രയ്ക്കായി തിരഞ്ഞെടുക്കപ്പെട്ട, ജീവിതത്തിൽ ഇന്നുവരെ കണ്ടിട്ടില്ലാത്ത രണ്ടുപേരും മുൻകൂട്ടി നിശ്ചയിച്ചപ്രകാരം ഒരുമിച്ച് യാത്ര തുടങ്ങണം. അവരുടെ യാത്രകളും ജീവിതവും വീഡിയോയിൽ പകർത്താനായി വീഡിയോഗ്രാഫറുമാരുടെ ഒരു വിദഗ്ധ സംഘവും ഇവരോടൊപ്പം ലോകം ചുറ്റും. യാത്രയ്ക്കിടയിൽ ഓരോ സമയത്തും ഉണ്ടാകുന്ന സംഭവങ്ങൾ കൂട്ടിച്ചേർത്ത് രസകരമായ വീഡിയോ ഫിലിമുകൾ നിർമ്മിക്കും.ഈ വീഡിയോകൾ സമൂഹമാധ്യമങ്ങളിലൂടെ ഉടൻ തന്നെ എല്ലാവർക്കും കാണാനുമാകും.

ഇങ്ങനെയൊരു ലോകയാത്ര പോകാൻ താല്പര്യമുണ്ടോ? എങ്കിൽ മാർച്ച് 24 നു മുൻപായി എന്തുകൊണ്ട് നിങ്ങൾ ഈ യാത്രപോകാൻ ആഗ്രഹിക്കുന്നുവെന്ന് വ്യക്തമാക്കുന്ന രണ്ട് മിനിറ്റിൽ കുറയാത്ത ഒരു വീഡിയോ ടൂർ റഡാറിനു അയച്ച് കൊടുക്കണം. അയക്കുന്ന വീഡിയോകളിൽ നിന്ന് ഏപ്രിൽ മാസം വിജയിയെ തിരഞ്ഞെടുക്കും. മെയ് മാസമാകുമ്പോഴേക്കും ഭാഗ്യവാന്മാരായ രണ്ട് അപരിചിതർ ഒരുമിച്ച് ലോകം ചുറ്റിത്തുടങ്ങും.

Leave a Reply

Your email address will not be published. Required fields are marked *

×