July 16, 2026 |
Share on

ക്രിസ്ത്യാനികൾ മറ്റുള്ളവർക്ക്‌ കുരിശാകരുത്‌-ജോയ് മാത്യു

നമ്മുടെ നാട്ടിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കൃഷി

മൂന്നാറിലെ പാപ്പാത്തിചോലയില്‍ കയ്യേറ്റമൊഴിപ്പിക്കലിന്റെ ഭാഗമായി റവന്യൂ ഉദ്യോഗസ്ഥര്‍ കുരിശ് പൊളിച്ചുനീക്കിയതിനെ വിമര്‍ശിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാടിനെ വിമര്‍ശിച്ച് നടനും സംവിധായകനുമായ ജോയ് മാത്യു രംഗത്ത്.”ശരിയായ വിശ്വാസി ഈ കൃഷിയിൽ വിശ്വസിക്കില്ല എന്ന് പറയുമ്പോൾ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി ഇത്തരം കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്താണ്?” എന്നു ചോദിക്കുന്ന ജോയ് മാത്യു ബിഷപ്പ്‌ ഗീവർഗ്ഗീസ്‌ മാർ കുറീലോസിനെ ശരിയായ നിലപാട് സ്വീകരിച്ചതിന് അഭിനന്ദിക്കുകയും ചെയ്യുന്നുണ്ട്.

ജോയ് മാത്യുവിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

ആദ്യം മുക്കിലും മൂലയിലും ചെറുതും വലുതുമായ കുരിശുകൾ സ്‌ഥാപിക്കും, പിന്നെ ഒരു രൂപക്കൂട്‌ വരും, അതിനോട്‌ ചേർന്ന് ഒരു ഭണ്ഡാരപ്പെട്ടി, മെഴുകുതിരി സ്റ്റാൻഡ്‌, തുടർന്ന് ഒരു ചെറിയ ഷെഡ്‌, അതിനു പ്രാർഥനാലയം എന്നു പേർ, പിന്നീടാണ് അത് കോടികള്‍ ചിലവഴിച്ച് പള്ളിയാക്കുക. വെഞ്ചരിക്കൽ
കർമ്മത്തിനു മന്ത്രിപുംഗവന്മാർ തുടങ്ങി ന്യായാധിപന്മാർ വരെ വന്നെന്നിരിക്കും.ഇനി പള്ളിപൊളിക്കാൻ വരുന്നവനെ കാണട്ടെ എന്ന ഹുങ്കിൽ സ്വർഗ്ഗത്തിലേക്കുള്ള വഴി കാണിച്ച്‌ തരണേ എന്ന പ്രാർഥന തുടങ്ങുകയായി.

സ്വന്തമായി ഒരു കൂരയോ ഒരു സെന്റ്‌ ഭൂമിപോലുമോ ഇല്ലാത്ത ലക്ഷക്കണക്കിനു മനുഷ്യർ ബുദ്ധിമുട്ടുന്നിടത്താണ് മതത്തിന്റെ പേശീബലത്തിൽ മതമാഫിയകൾ ഏക്കറുകൾ
കൈവശപ്പെടുത്തുന്നത്‌. അഞ്ചോ പത്തോ പേർ ചേർന്ന് ഒരു ഗ്രൂപ്പുണ്ടാക്കുക പിന്നെ അതൊരു സഭയായി മാറുക നമ്മുടെ നാട്ടിൽ മാത്രം കണ്ടുവരുന്ന ഒരു പ്രത്യേക കൃഷിയാണിത്‌. ശരിയായ വിശ്വാസി ഈ കൃഷിയിൽ വിശ്വസിക്കില്ല എന്ന് പറയുമ്പോൾ ദൈവ വിശ്വാസിയല്ലാത്ത മുഖ്യമന്ത്രി ഇത്തരം കുരിശുകൃഷി സംരക്ഷിക്കണം എന്നു പറയുന്നതിന്റെ പൊരുളെന്താണ്?

മത ചിഹ്നങ്ങൾ വെച്ചുള്ള കയ്യേറ്റങ്ങൾ, അത്‌ ഏത്‌ മതത്തിന്റേതായാലും തിരിച്ചുപിടിക്കാനുള്ള ആർജ്ജവം കാണിക്കുന്ന നട്ടെല്ലുള്ള ഒരു ഗവണ്‍മെന്റിനെയാണ് വിവരവും വിദ്യാഭ്യാസവുമുള്ള പുതു തലമുറ ആഗ്രഹിക്കുന്നത്‌.

കുരിശ്‌ നാട്ടിയ ഭൂമിതിരിച്ചു പിടിച്ച ഗവർമ്മെന്റ്‌ നിലപാടിനെ സ്വാഗതം ചെയ്ത ബഹുമാനപ്പെട്ട ബിഷപ്പ്‌ ഗീവർഗ്ഗീസ്‌ മാർ കുറീലോസിനു മതനിരപേക്ഷമായി ചിന്തിക്കുന്ന കേരള ജനതയുടെ ആദരവ്‌. എല്ലാ മതമേധാവികളും ഈ മാതൃക പിന്തുർന്നിരുന്നെങ്കിൽ ഈ നാട്‌ എപ്പഴേ നന്നായേനെ.

ഓർക്കുക, കൃസ്ത്യാനി മറ്റുള്ളവർക്ക്‌ കുരിശാകരുത്‌ ‌സ്വയം കുരിശാകുകയാണു വേണ്ടത്‌.

Leave a Reply

Your email address will not be published. Required fields are marked *

×