പതഞ്ജലിയുടെ ഫേസ്‌വാഷ് ഉപയോഗിക്കാത്തവരെ ദേശദ്രോഹികളായി കാണുന്ന കാലമാണിതെന്ന് ജെ.എന്‍.യു സ്റ്റുഡന്റ്‌സ് യൂണിയന്‍ മുന്‍ പ്രസിഡന്റ് കനയ്യ കുമാര്‍. തനിക്കെതിരെ ഡല്‍ഹി പോലീസ് ദേശദ്രോഹ കുറ്റം ചുമത്തി ജയിലിടച്ചത് ഇല്ലാത്ത കാര്യങ്ങളുടെ പേരിലാണെന്നും അതിനാലാണ് അവര്‍ക്ക് ഇതുവരെ കുറ്റപത്രം സമര്‍പ്പിക്കാന്‍ പോലും കഴിയാത്തതെന്നും അദ്ദേഹം പറഞ്ഞു. കനയ്യ കുമാര്‍ സ്വന്തം ജീവിതത്തെക്കുറിച്ച് എഴുതിയ ‘ബിഹാറില്‍ നിന്ന് തീഹാര്‍ വരെ’ എന്ന പുസ്തകത്തിന്റെ മറാത്തി പതിപ്പ് പ്രകാശനം ചെയ്യുന്നതുമായി ബന്ധപ്പെട്ട് നാഗ്പൂരില്‍ നടന്ന ചടങ്ങില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
കാശ്മീരിന് ഇന്ത്യയില്‍ നിന്ന് സ്വാതന്ത്ര്യം വേണമെന്ന വാദത്തെ താന്‍ അംഗീകരിക്കുന്നില്ലെന്നും എന്നാല്‍ ഇപ്പോഴുള്ള അടിച്ചമര്‍ത്തലില്‍ നിന്നും കാശ്മീരിന് സ്വാതന്ത്ര്യം വേണമെന്നും കനയ്യ വ്യക്തമാക്കി. കാശ്മീരികള്‍ ഇല്ലാത്ത കാശ്മീര്‍ ആണോ സര്‍ക്കാര്‍ ആഗ്രഹിക്കുന്നതെന്ന് ചോദിച്ച കനയ്യ, കാശ്മീരികളെ മുഖ്യധാരയിലേക്ക് കൊണ്ടുവരാനുള്ള വഴികളാണ് ഉണ്ടാകേണ്ടതെന്നും നാഗ്പൂരില്‍ നടന്ന മറ്റൊരു ചടങ്ങില്‍ പറഞ്ഞു.
രാജ്യത്ത് എല്ലാ വിഭാഗങ്ങളിലും ഭയം നിറഞ്ഞിരിക്കുകയാണ്. ഫീസ് വര്‍ധനവിനെ ചോദ്യം ചെയ്താല്‍ പോലും ദേശദ്രോഹ കുറ്റത്തിന് അറസ്റ്റിലാകുന്ന അവസ്ഥയാണ്. ഫീസ് വര്‍ധനവ് ചോദ്യം ചെയ്തതിനാണ് പഞ്ചാബ് യൂണിവേഴ്‌സിറ്റിയിലെ 68 വിദ്യാര്‍ത്ഥികള്‍ക്കെതിരെ ദേശദ്രോഹ കുറ്റം ചുമത്തിയത് എന്ന് കനയ്യ ചൂണ്ടിക്കാട്ടി. എല്ലാവര്‍ക്കും തുല്യത എന്ന ലക്ഷ്യമാണ് അംബേദ്ക്കര്‍ ഭരണഘടനയിലൂടെ ലക്ഷ്യം വച്ചത്. എന്നാല്‍ സമൂഹത്തിലെ വലിയൊരു വിഭാഗത്തിലേക്ക് അതെത്തുന്നില്ല. പാവപ്പെട്ടര്‍, പിന്നോക്കക്കാര്‍, ന്യൂനപക്ഷങ്ങള്‍, ദളിതര്‍, സ്ത്രീകള്‍, ബുദ്ധിജീവികള്‍ പോലും ഭയത്തിലാണ് ജീവിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അത്തരത്തിലുള്ള അന്തരീക്ഷമാണ് സംഘപരിവാര്‍ രാജ്യത്ത് സൃഷ്ടിച്ചിരിക്കുന്നത്. ജെ.എന്‍.യുവില്‍ നിറച്ച് ഇന്റലീജന്‍സ് ബൂറോയുടെ ആളുകളെ വിന്യസിച്ചിരിക്കുകയാണ്. ഏതെങ്കിലും വിധത്തില്‍ വിദ്യാര്‍ഥികള്‍ എതിര്‍പ്പ് പ്രകടിപ്പിച്ചാല്‍ അവര്‍ക്കെതിരെ അപ്പോള്‍ തന്നെ നടപടി വരുന്ന രീതിയിലാണ് കാര്യങ്ങള്‍. പതഞ്ജലിയുടെ ഫേസ്‌വാഷ് ഉപയോഗിക്കാത്തവരെ ദേശദ്രോഹികള്‍ എന്നു വിളിക്കുന്ന കാലമാണിതെന്ന് കനയ്യ പരിഹസിച്ചു.