July 13, 2025 |
Share on

‘വെന്റിലേറ്ററില്‍ കിടന്ന രോഗിയെപ്പോലും രക്ഷിച്ചിട്ടുണ്ട്’; രാഹുല്‍ മാങ്കൂട്ടത്തിലിന്റെ വ്യാജവാദം തിരുത്തി ഡോ. അനൂപ് കുമാര്‍

‘നിപ്പയെ നേരിട്ടതെങ്ങനെയെന്ന് ജപ്പാന്‍ കേരളത്തോട് ചോദിച്ച് പഠിക്കുകയാണ്’

കേരളത്തിൽ നിപ്പ ബാധിച്ചവരെല്ലാം മരിച്ചെന്ന എംഎൽഎ രാഹുൽ മാങ്കൂട്ടത്തിലിന്റെ തെറ്റായ പ്രസ്താവനയ്ക്കെതിരെ സോഷ്യൽ മീഡിയയിൽ വിമർശനങ്ങൾ ഉയരുകയാണ്. കോട്ടയം മെഡിക്കൽ കോളേജിലെ അപകടമരണവുമായി ബന്ധപ്പെട്ട് നടത്തിയ മാർച്ചിലാണ് രാഹുൽ മാങ്കൂട്ടത്തിൽ വസ്തുതാവിരുദ്ധമായ പരാമർശം നടത്തിയത്.

ഒരു അസുഖത്തിൻ്റെ മരണനിരക്ക് നോക്കിയല്ല ആ സംസ്ഥാനത്തെ ആരോ​ഗ്യ മേഖലയെക്കുറിച്ചുള്ള വിലയിരുത്തൽ നടത്തേണ്ടതെന്നും രാഹുൽ മാങ്കൂട്ടത്തിലിന്റെ പ്രസ്താവന തീർത്തും തെറ്റാണെന്നും കോഴിക്കോട് നോർത്ത് കേരള ക്ലസ്റ്റർ ആസ്റ്റര്‍ മിംസിലെ ക്രിട്ടിക്കല്‍ യൂണിറ്റ് ഡയറക്ടർ ഡോക്ടർ അനൂപ് കുമാർ എ.എസ് അഴിമുഖത്തോട് പറഞ്ഞു. കേരളത്തിൽ ആദ്യമായി നിപ്പ സ്ഥിരീകരിച്ചത് ഡോക്ടർ അനൂപ് കുമാറായിരുന്നു.

‘നിപ്പ, മരണസാധ്യത വളരെ കൂടുതലുള്ള അസുഖമാണ്. ലോകത്ത് എവിടെ നിപ്പ സംഭവിച്ചാലും അങ്ങനെ തന്നെയാണ്. ചികിത്സയില്ലാത്ത ഒരു അസുഖത്തിൻ്റെ മരണനിരക്ക് നോക്കിയല്ല ആ സംസ്ഥാനത്തെ ആരോ​ഗ്യ മേഖലയെക്കുറിച്ചുള്ള വിലയിരുത്തൽ നടത്തേണ്ടത്. അമേരിക്കയിൽ വരെ നിപ്പയെക്കുറിച്ചുള്ള പഠനങ്ങളും ചർച്ചകളും നടക്കുകയാണ്. നിപ്പയെ ഒരു ജൈവായുധമാക്കി ഉപയോ​ഗിക്കാനുള്ള സാധ്യത യുഎസിനെ ഭയപ്പെടുത്തുന്നുണ്ട്. അതുകൊണ്ടാണ് അവയെ തടയാനുള്ള മാർ​ഗങ്ങളെക്കുറിച്ച് അവർ പഠിച്ചുകൊണ്ടിരിക്കുന്നത്. വാക്സിൻ നിർമാണത്തെക്കുറിച്ചും മറ്റുമെല്ലാം യുഎസ് വളരെ ​ഗൗരവത്തോടെ ​ഗവേഷണം നടത്തുകയാണ്.

ഏറ്റവും അധികം നിപ്പ രോ​ഗികളെ ചികിത്സിച്ച ഡോക്ടർമാരിൽ ഒരാളാണ് ഞാൻ. ബേബി മെമ്മോറിയൽ ആശുപത്രിയിലും MIMS ലും ജോലി ചെയ്യുമ്പോഴാണ് നിപ്പ രോ​ഗികളെ എനിക്ക് ചികിത്സിക്കേണ്ടി വന്നത്. കേരളത്തിൽ ഏറ്റവും നല്ല ചികിത്സാ സൗകര്യമുള്ള ആശുപത്രികളാണ് ഇവ രണ്ടും. ഞാൻ ചികിത്സിച്ചവരിൽ മരണം സംഭവിച്ച രോ​ഗികളുണ്ട്. അതുപോലെ തന്നെ ഞാൻ ചികിത്സിച്ച നിപ്പ രോ​ഗികളിൽ രക്ഷപ്പെട്ടവരുമുണ്ട്. 2018ൽ കേരളത്തിൽ ആദ്യമായി നിപ്പ സ്ഥിരീകരിച്ചപ്പോൾ ഞാൻ ചികിത്സിച്ച അഞ്ച് ​രോ​ഗികളും മരിച്ചിരുന്നു. അന്ന് നൽകിയ അതേ ചികിത്സാരീതി തന്നെയാണ് 2023 ൽ നിപ്പ വീണ്ടും സംഭവിച്ചപ്പോൾ ചെയ്തത്. എന്നാൽ അന്ന് എനിക്ക് വെന്റിലേറ്ററിൽ കിടന്നിരുന്ന ​രോഗിയെ പോലും രക്ഷിക്കാൻ കഴിഞ്ഞിരുന്നു.

ഇപ്പോഴും നിപ്പയെക്കുറിച്ചുള്ള അന്താരാഷ്ട്ര മീറ്റിങ്ങുകളിൽ ഞാൻ പങ്കെടുക്കുന്നുണ്ട്. 2018 ൽ കേരളം എങ്ങനെയാണ് നിപ്പയെ നേരിട്ടതെന്നുള്ള കാര്യം ജപ്പാനിൽ നിന്നുള്ള വിദ​ഗ്ധർ കേരളത്തോട് ചോദിച്ച് പഠിക്കുകയാണ്.

ഇതിൽ സർക്കാരിന് കൂടുതലായി ചെയ്യാൻ ഒന്നുമില്ല എന്നാണ് ഞാൻ മനസിലാക്കുന്നത്. ഞങ്ങൾക്ക് സ്വന്തമായി ​രോ​ഗനിർണയത്തിനുള്ള ടെസ്റ്റുകളും കാര്യങ്ങളുമെല്ലാമുണ്ട്. ഒരു രോ​ഗത്തിന്റെ മരണനിരക്ക് നോക്കിയല്ല ആ​രോ​ഗ്യമേഖലയുടെ പുരോ​ഗതി അളക്കേണ്ടത്. നിപ്പ ബാധിച്ച എല്ലാവരും മരിച്ചുവെന്ന പ്രസ്താവന തന്നെ തെറ്റാണ്. 2018ൽ ​​രോ​ഗം ബാധിച്ചവരിൽ രണ്ട് പേർ രക്ഷപ്പെട്ടിരുന്നു. 18 പേർക്കാണ് അന്ന് രോ​ഗം ബാധിച്ചിരുന്നത്. അതിൽ 16 പേർ മരിക്കുകയും രണ്ട് പേർ രക്ഷപ്പെടുകയുമായിരുന്നു. 2019ൽ ആസ്റ്റർ മെഡിസിറ്റിയിൽ വന്ന ഒരു കേസാണ് പിന്നീടുള്ളത്. ആ രോ​ഗിയും രക്ഷപ്പെട്ടിരുന്നു. എന്നാൽ 2021ൽ നിപ്പ് സ്ഥിരീകരിച്ച ​രോ​ഗിയ്ക്ക് മരണം സംഭവിക്കുകയായിരുന്നു.

2023ൽ ആറ് പേർക്ക് നിപ്പ സ്ഥിരീകരിച്ചിരുന്നു. അതിൽ നാല് പേർ മരിക്കുകയും രണ്ട് പേർ ജീവിതത്തിലേക്ക് തിരിച്ചുവരുകയും ചെയ്തു. ലോകരാജ്യങ്ങൾ ഇപ്പോഴും നിപ്പയുടെ പ്രോട്ടോകോൾ തീരുമാനിക്കുന്നത് കേരളവുമായി ചർച്ച ചെയ്തതിന് ശേഷമാണ്.

ആദ്യമായി കേരളത്തിൽ നിപ്പ സ്ഥിരീകരിച്ച സമയത്ത് 48 മണിക്കൂറിനുള്ളിൽ തന്നെ നിപ്പയാണെന്ന് കണ്ടെത്തിയിരുന്നു. അസുഖം ഡയ​ഗണോസ് ചെയ്ത് സർക്കാരിനെ വിവരമറിയിച്ചപ്പോൾ തന്നെ സർക്കാർ വളരെ ആർജവത്തോടെയാണ് ആരോ​ഗ്യമേഖലയെ പിന്തുണച്ചത്. ഞങ്ങൾക്ക് വേണ്ടിയിട്ടുള്ള എല്ലാ സൗകര്യങ്ങൾ ഒരുക്കിത്തരുകയും കോർഡിനേറ്റ് ചെയ്യാൻ മികച്ച ഒരു സംഘത്തെ നിയമിക്കുകയും ചെയ്തിരുന്നു. ചികിത്സയ്ക്ക് ആവശ്യമായ ഡ്ര​ഗ്സ്, മോണോക്ലോണൽ ആന്റിബോഡി, ആന്റി വൈറൽ ഡ്ര​ഗ്സ്, ഇവയെല്ലാം ആരോ​ഗ്യമേഖലയ്ക്ക് ഒരുക്കി തന്നിരുന്നു. അവിടെയാണ് ഒരു സംസ്ഥാനത്തെ സർക്കാരിന്റെ കഴിവിനെക്കുറിച്ച് നമ്മൾ മനസിലാക്കുന്നത്. നിപ്പ കൂടുതൽ പേരിലേക്ക് പടരുന്നത് തടയുന്നതിനായുള്ള മാ​ർ​ഗങ്ങളും സർക്കാർ സ്വീകരിച്ചിരുന്നു. അന്ന് അത്തരത്തിൽ പോസിറ്റീവ് ആയിട്ടുള്ള സമീപനം സർക്കാരിന്റെ ഭാ​ഗത്ത് നിന്നും ഉണ്ടായത് കൊണ്ടാണ് രണ്ടാം തവണ നിപ്പ സ്ഥിരീകരിച്ചപ്പോൾ അവയെ ചെറുക്കാൻ സാധിച്ചത്. 2024ലും നിപ്പ കേരളത്തിൽ ഡയ​ഗണോസ് ചെയ്തിരുന്നു. 2025ലെ ആദ്യ കേസാണ് ഇപ്പോൾ പെരിന്തൽമണ്ണയിൽ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ആ ​രോ​ഗി ഇപ്പോൾ ചികിത്സയിൽ തുടരുകയാണ്’, ഡോക്ടർ അനൂപ് കുമാർ അഴിമുഖത്തോട് പറഞ്ഞു.

പിണറായി സർക്കാരിന്റെ കാലത്ത് ഉണ്ടായ രണ്ട് അടിയന്തരാവസ്ഥകളിലൊന്ന് നിപ്പ ബാധിച്ച എല്ലാവരും മരിച്ചതായിരുന്നു എന്നായിരുന്നു രാഹുൽ പറഞ്ഞത്. കോവിഡ് കണക്കുകൾ മറച്ചുവെച്ചതിൽ കേരളം ഒന്നാം സ്ഥാനത്താണെന്നും രാഹുൽ മാങ്കൂട്ടത്തിൽ പരാമർശിച്ചു.

Content Summary: Dr. Anoop Kumar refutes Rahul Mamkootathil’s false statement on Nipah

ഫിർദൗസി ഇ. ആർ

ഫിർദൗസി ഇ. ആർ

സബ് എഡിറ്റർ

More Posts

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×