വിദേശ രാജ്യങ്ങളിലെ അമിത വ്യാവസായിക ഉല്‍പ്പാദനവും തൊഴിലാളി ചൂഷണവും തടയുക എന്ന കാരണം നിരത്തി അമേരിക്കന്‍ താത്പര്യം സംരക്ഷിക്കാന്‍, അവര്‍ക്ക് മേല്‍ കൂടുതല്‍ നികുതി ചുമത്താന്‍ ട്രംപ് ഭരണകൂടം തീരുമാനിച്ചതായി റിപ്പോര്‍ട്ട്. ഇന്ത്യയടക്കം ലോകമെമ്പാടുമുള്ള നിരവധി രാജ്യങ്ങളില്‍ നിന്നുള്ള ഇറക്കുമതിക്ക് മേല്‍ ഉയര്‍ന്ന നികുതി ചുമത്തുന്നതിലേക്കാണ് ട്രംപ് നീങ്ങുന്നത്. അമേരിക്കയുടെ അടുത്ത സുഹൃത്ത്,വ്യാപാരി പങ്കാളി എന്നൊക്കെ ട്രംപ് പുകഴ്ത്താറുള്ള ഇന്ത്യ അതേ വ്യക്തിയുടെ തീരുമാനം കൊണ്ട് പുതിയ നികുതി ഭാരം ചുമക്കേണ്ടി വരും. ഇന്ത്യന്‍ വിപണികള്‍ ദുര്‍ബലമാകും.
കയറ്റുമതിയെ മാത്രം ആശ്രയിച്ചു കഴിയുന്ന രാജ്യങ്ങളിലെ അമിത വ്യാവസായിക ഉല്‍പ്പാദനത്തെയാണ് അമേരിക്ക പ്രഥമമായി ലക്ഷ്യമിടുന്നത്. സബ്സിഡികള്‍ നല്കി കുറഞ്ഞ വിലയിലുള്ള ഉല്‍പ്പന്നങ്ങള്‍ ആഗോള വിപണിയില്‍ എത്തിക്കുന്നത് അമേരിക്കന്‍ നിര്‍മ്മാതാക്കള്‍ക്ക് തിരിച്ചടിയാകുന്നു എന്നാണ് യുഎസ് അധികൃതരുടെ വാദം. ചൈന, ഇന്ത്യ, ജപ്പാന്, മെക്സിക്കോ, ദക്ഷിണ കൊറിയ, വിയറ്റ്നാം എന്നിവയുള്‍പ്പെടെയുള്ള അമേരിക്കയുടെ പ്രധാന വ്യാപാര പങ്കാളികളെയും 27 രാജ്യങ്ങള്‍ ഉള്‍പ്പെട്ട യൂറോപ്യന്‍ യൂണിയനെയും ഈ തീരുമാനം പ്രധാനമായും ബാധിക്കാം. ആഗോള വിപണിയിലെ ആവശ്യകതയ്ക്ക് അനുസരിച്ചല്ല പല വ്യാപാര പങ്കാളികളും ഉല്‍പ്പന്നങ്ങള്‍ നിര്‍മ്മിക്കുന്നതെന്നാണ് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസണ് ഗ്രീര്‍ വാര്‍ത്താ സമ്മേളനത്തില്‍ കുറ്റപ്പെടുത്തിയത്.
അമേരിക്കന്‍ കമ്പനികളോടോ അവരുടെ ബിസിനസുകളോടോ വിവേചനം കാണിക്കുന്ന രാജ്യങ്ങള്‍ക്കെതിരെ നികുതി ചുമത്താന്‍ പ്രസിഡന്റിന് അധികാരം നല്കുന്ന 1974-ലെ ട്രേഡ് ആക്റ്റിലെ സെക്ഷന്‍ 301 ആണ് ട്രംപ് ഭരണകൂടം പുതിയ നീക്കത്തിന് ഉപയോഗിക്കുന്ന ആയുധം. പുതിയ തീരുവ നടപടിക്കായി യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ഓഫീസ് മുഖാന്തരം നടക്കുന്ന പരിശോധനകളുടെ ഭാഗമായി വിദേശ സര്‍ക്കാരുകളുമായി ചര്‍ച്ചകള്‍ നടത്തുകയും പൊതുജനങ്ങളുടെയും കമ്പനികളുടെയും അഭിപ്രായങ്ങള്‍ കേള്‍ക്കുകയും ചെയ്ത ശേഷമാകും അന്തിമ തീരുവ നിശ്ചയിക്കുക.
രണ്ടാം ട്രംപ് ഭരണകൂടം ഏര്‍പ്പെടുത്തിയ പല നികുതികളും സുപ്രീം കോടതി നിയമവിരുദ്ധമാണെന്ന് വിധിച്ചിരുന്നു. ഇതിനെത്തുടര്‍ന്ന് താല്‍ക്കാലികമായി ഏര്‍പ്പെടുത്തിയ 10 ശതമാനം ആഗോള തീരുവയ്ക്ക് പകരമായാണ് ഇപ്പോള്‍ സെക്ഷന്‍ 301 പ്രകാരമുള്ള സ്ഥിരമായ നികുതി സംവിധാനം കൊണ്ടുവരുന്നത്. പുതിയ നികുതി നിരക്കുകള്‍ എത്രയായിരിക്കുമെന്ന് യുഎസ് ട്രേഡ് റെപ്രസന്റേറ്റീവ് ജാമിസണ് ഗ്രീര്‍ വ്യക്തമാക്കിയിട്ടില്ലെങ്കിലും, സുപ്രീം കോടതി വിധിയ്ക്ക് മുന്‍പ് അമേരിക്കയ്ക്ക് ലഭിച്ചുകൊണ്ടിരുന്ന അത്രയും നികുതി വരുമാനം ഉറപ്പാക്കുന്ന രീതിയിലാകും പുതിയ നിരക്കുകള്‍ എന്ന് സാമ്പത്തിക ഉദ്യോഗസ്ഥര്‍ സൂചിപ്പിച്ചു.
നിര്‍ബന്ധിത തൊഴില്‍ തടയാന്‍ നടപടി സ്വീകരിക്കാത്ത രാജ്യങ്ങളെ ലക്ഷ്യമിട്ടുള്ള തീരുവ പരിശോധനയും ഈ ആഴ്ച അവസാനത്തോടെ ആരംഭിക്കും. അടിമപ്പണിയിലൂടെയോ നിര്‍ബന്ധിത തൊഴിലിലൂടെയോ നിര്‍മ്മിക്കുന്ന ഉല്‍പ്പന്നങ്ങളുടെ വില്‍പ്പനയോ ഇറക്കുമതിയോ നിരോധിക്കാത്ത രാജ്യങ്ങള്ക്കെതിരെയാകും ഈ നീക്കം. ഏകദേശം 60 രാജ്യങ്ങള്‍ ഈ അന്വേഷണത്തിന്റെ പരിധിയില്‍ വരുമെന്ന് ഗ്രീര്‍ പറഞ്ഞു. സാധാരണഗതിയില്‍ മാസങ്ങളോ വര്‍ഷങ്ങളോ എടുക്കുന്ന ഇത്തരം അന്വേഷണങ്ങള്‍ ജൂലൈ പകുതിയോടെ പൂര്‍ത്തിയാക്കാനാണ് ട്രംപ് ഭരണകൂടം ലക്ഷ്യമിടുന്നത്. നിലവിലെ താല്‍ക്കാലിക നികുതിയുടെ കാലാവധി ആ സമയത്ത് അവസാനിക്കും എന്നതാണ് ഇതിന് കാരണം.
ഡിജിറ്റല്‍ വ്യാപാര നയങ്ങള്‍ ഉള്‍പ്പെടെയുള്ള മറ്റ് വിഷയങ്ങളിലും വരും ആഴ്ചകളില്‍ പുതിയ അന്വേഷണങ്ങള്‍ ഉണ്ടായേക്കാം. നേരത്തെ ട്രംപുമായി വ്യാപാര കരാറുകളില്‍ ഏര്‍പ്പെട്ട രാജ്യങ്ങളെയും പുതിയ നികുതി അന്വേഷണങ്ങള്‍ ബാധിക്കും. എന്നിരുന്നാലും ആ കരാറുകള്‍ തുടരുമെന്നാണ് അധികൃതരുടെ പ്രതീക്ഷ. സുപ്രീം കോടതി റദ്ദാക്കിയ മുന്‍പത്തെ നികുതികളെ അപേക്ഷിച്ച് സെക്ഷന്‍ 301-ന് നിയമപരമായ അടിത്തറ കൂടുതലുണ്ടെങ്കിലും, ഇത് സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന് ഡെമോക്രാറ്റുകള്‍ ആരോപിക്കുന്നുണ്ട്. തിരഞ്ഞെടുപ്പ് വര്‍ഷത്തില്‍ അമേരിക്കന്‍ ഉപഭോക്താക്കള്‍ക്ക് മേല്‍ അനാവശ്യ നികുതി ഭാരം അടിച്ചേല്‍പ്പിക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് സെനറ്റര്‍ ടിം കെയ്ന്‍ ഉള്‍പ്പെടെയുള്ളവര്‍ വിമര്‍ശിച്ചു. വ്യാവസായിക ഉല്‍പ്പാദനത്തെക്കുറിച്ചുള്ള അന്വേഷണത്തില്‍ അഭിപ്രായം രേഖപ്പെടുത്താന്‍ കമ്പനികള്‍ക്ക് ഏപ്രില്‍ പകുതി വരെ സമയമുണ്ട്, മെയ് മാസത്തില്‍ ഇതുമായി ബന്ധപ്പെട്ട പൊതു തെളിവെടുപ്പുകള്‍ നടക്കും.
പുതിയ തീരുവ നയം നടപ്പാക്കിയാല്‍ അത് ഇന്ത്യയെ പ്രത്യേകമായി ബാധിക്കുന്നത് എങ്ങനെയാണെന്നു പരിശോധിക്കാം.
കയറ്റുമതി ചെലവ് വര്‍ദ്ധിക്കുമെന്നതാണ് ഒന്നാമത്തെ കാര്യം. ഇന്ത്യയുടെ പ്രധാന വ്യാപാര പങ്കാളിയാണ് അമേരിക്ക. ഇന്ത്യയില്‍ നിന്നുള്ള ഉല്‍പ്പന്നങ്ങള്‍ക്ക് മേല്‍ കൂടുതല്‍ നികുതി ചുമത്തിയാല്‍, അമേരിക്കന്‍ വിപണിയില്‍ ഇന്ത്യന്‍ സാധനങ്ങളുടെ വില വര്‍ദ്ധിക്കും. ഇത് ഇന്ത്യയുടെ കയറ്റുമതി കുറയാന്‍ കാരണമായേക്കാം.
ഏതൊക്കെ രാജ്യങ്ങളാണ് സബ്സിഡികള്‍ നല്കി ഉല്‍പ്പന്നങ്ങള്‍ കുറഞ്ഞ വിലയ്ക്ക് അമേരിക്കയില്‍ എത്തിക്കുന്നത് എന്നു പരിശോധിക്കുമെന്നാണ് അവര്‍ പറയുന്നത്. അവരുടെ പട്ടികയില്‍ ഇന്ത്യയും ഉള്‍പ്പെട്ടതിനാല്‍ സ്റ്റീല്‍, അലുമിനിയം, തുണിത്തരങ്ങള്‍, ഐടി ഉല്‍പ്പന്നങ്ങള്‍ തുടങ്ങിയ മേഖലകള്‍ ഉയര്‍ന്ന നികുതി നേരിടേണ്ടി വരാം.
നിര്‍ബന്ധിത തൊഴില്‍ തടയാന്‍ നടപടി സ്വീകരിക്കാത്ത രാജ്യങ്ങളുടെ പട്ടികയില്‍ ഇന്ത്യയെ ഉള്‍പ്പെടുത്തിയാല്‍ അതും വലിയ തിരിച്ചടിയാകും. ഇത് ഇന്ത്യയുടെ അന്താരാഷ്ട്ര പ്രതിച്ഛായയെയും നിക്ഷേപ സാധ്യതകളെയുമാണ് ബാധിക്കുക.
അമേരിക്കന്‍ കമ്പനികളോട് (ഉദാഹരണത്തിന് ഗൂഗിള്‍, ആമസോണ്‍) വിവേചനം കാണിക്കുന്ന തരത്തിലുള്ള ഇന്ത്യയുടെ ഡിജിറ്റല്‍ ടാക്സ് നയങ്ങളെക്കുറിച്ച് നേരത്തെ തന്നെ തര്‍ക്കങ്ങള്‍ നിലനില്‍ക്കുന്നുണ്ട്. പുതിയ പരിശോധനകള്‍ ഈ മേഖലയിലേക്കും വ്യാപിച്ചാല്‍ ഇന്ത്യയിലെ ഐടി സേവനങ്ങള്‍ക്ക് നികുതി വര്‍ദ്ധനവ് നേരിടേണ്ടി വരും.
ട്രംപ് ഭരണകൂടവുമായി നേരത്തെ തന്നെ ഇന്ത്യ ചില വ്യാപാര കരാറുകളില്‍ ഒപ്പിട്ടിട്ടുണ്ട്. എന്നാല്‍ സെക്ഷന്‍ 301 പ്രകാരം പുതിയ നികുതികള്‍ ഏര്‍പ്പെടുത്തിയാല്‍ ആ കരാറുകള്‍ വഴി ഇന്ത്യക്ക് ലഭിച്ചിരുന്ന ഇളവുകള്‍ ഇല്ലാതാകാന്‍ സാധ്യതയുണ്ട്.
ഇന്ത്യയുടെ ഉല്‍പ്പന്നങ്ങള്‍ക്ക് അമേരിക്കന്‍ വിപണിയില്‍ പിടിച്ചുനില്ക്കാന് ബുദ്ധിമുട്ടേറുകയും, ഇത് നമ്മുടെ സമ്പദ്വ്യവസ്ഥയെ ബാധിക്കുകയും ചെയ്തേക്കാം. ഇതിനെ മറികടക്കാന്‍ മോദി ഭരണകൂടത്തിന് അമേരിക്കന്‍ സര്‍ക്കാരിനെ സ്വാധീനിക്കാന്‍ കഴിയണം.
Content Summary: Donald Trump administration announced new tariff investigations targets Industrial Subsidies and Forced Labor
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.