April 25, 2025 |
Share on

ഇസ്രയേലിനും ഈജിപ്തിനും മാത്രം പിന്തുണ; വിദേശ സഹായത്തിലും ട്രംപിന്റെ കടുംവെട്ട്

അമേരിക്കന്‍ കോണ്‍ഗ്രസില്‍ നിന്നും ഈ തീരുമാനത്തിന് ട്രംപ് തിരിച്ചടി നേരിട്ടേക്കാമെന്നും സൂചനയുണ്ട്

ഇസ്രയേലിനും ഈജിപ്തിനും ഒഴികെ, ബാക്കിയുള്ള രാജ്യങ്ങള്‍ക്ക് നല്‍കി വരുന്ന സാമ്പത്തിക സഹായം താത്കാലികമായി നിര്‍ത്തിവയ്ക്കാന്‍ യു എസ്സിന്റെ തീരുമാനം. സ്റ്റേറ്റ് സെക്രട്ടറി മാര്‍കോ റൂബിയോ, യു എസ് ആഭ്യന്തര മന്ത്രാലയത്തിന് നല്‍കിയ നിര്‍ദേശത്തിലാണ് വിദേശ സഹായങ്ങളില്‍ നിയന്ത്രണം കൊണ്ടുവരാന്‍ നിര്‍ദേശിച്ചിരിക്കുന്നത്. മാനുഷിക പരിഗണന, ദേശീയ സുരക്ഷ, വാണിജ്യ താത്പര്യം എന്നിവ മുന്‍നിര്‍ത്തിയാണ് യു എസ് വിദേശ സഹായം നല്‍കി കൊണ്ടിരിക്കുന്നത്. യുഎസിന്റെ പൊതു ബജറ്റില്‍ തന്നെ വര്‍ഷം തോറും വിദേശ സഹായത്തിനായുള്ള തുകയും വകയിരുത്താറുണ്ട്. കൂടാതെ യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഏജന്‍സി ഫോര്‍ ഇന്റര്‍നാഷണല്‍ ഡെവലപ്മെന്റ് (USAID) ഉള്‍പ്പെടെ വിവിധ സര്‍ക്കാര്‍ ഏജന്‍സികള്‍ വഴിയും ഇത്തരം ധനസഹായം വിതരണം ചെയ്യുന്നുണ്ടായിരുന്നു.

പ്രസിഡന്റ് ട്രംപിന്റെ പദ്ധതികളുമായി പൊരുത്തപ്പെടാത്തപക്ഷം യു എസ് സര്‍ക്കാര്‍ ഒരു പദ്ധതിക്കും ഇനി സാമ്പത്തിക സഹായം നല്‍കില്ലെന്നാണ് മാര്‍കോ റൂബിയോ നല്‍കിയിരിക്കുന്ന ഉത്തരവിലെ നിര്‍ദേശം. വികസന പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമല്ല, സൈനിക സഹായങ്ങളുടെ ഭാഗമായുള്ള സാമ്പത്തിക പിന്തുണയും നിര്‍ത്തിവയ്ക്കാന്‍ പ്രസ്തുത ഉത്തരവില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. റഷ്യന്‍ അധിനിവേശത്തെ പ്രതിരോധിക്കുന്നതിനായി, പ്രസിഡന്റ് ജോ ബൈഡന്റെ കീഴില്‍ യുഎസില്‍ നിന്ന് കോടിക്കണക്കിന് ഡോളറിന്റെ ആയുധങ്ങള്‍ സ്വീകരിച്ചിരുന്ന യുക്രെയ്‌നെയും പുതിയ ഉത്തരവ് സാരമായി ബാധിച്ചേക്കും. അതേസമയം, ഇസ്രയേലിനും ഈജിപ്തിനുമുള്ള സഹായം അമേരിക്ക തുടരുകയും ചെയ്യും. ഇസ്രയേല്‍ ആദ്യം മുതല്‍ക്ക് തന്നെ യു എസ്സിന്റെ സഹായം കിട്ടിക്കൊണ്ടിരിക്കുന്ന രാജ്യമാണ്. ഗാസ യുദ്ധത്തിലും അമേരിക്കന്‍ സഹായം ധാരാളമായി അവര്‍ക്ക് കിട്ടുന്നുണ്ട്. അതേ പിന്തുണ തന്നെ തടസമില്ലാതെ തുടരുമെന്ന കാര്യം ഇപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. 1979 ല്‍ ഇസ്രയേലുമായി സമാധാന കരാര്‍ ഒപ്പ് വച്ചതു മുതല്‍ യു എസിന്റെ പ്രതിരോധ സഹായം കിട്ടിക്കൊണ്ടിരിക്കുന്നവരാണ് ഈജിപ്ത്. ഈ സഹായം ചെയ്യല്‍ ഇനിയും തങ്ങള്‍ തുടരുമെന്നാണ് ആഭ്യന്തര സെക്രട്ടറിയുടെ ഉത്തരവില്‍ പറഞ്ഞിരിക്കുന്നത്.

അധികാരമേറ്റ് മണിക്കൂറുകള്‍ക്ക് ഉള്ളില്‍ തന്നെ, വിദേശ വികസന സഹായങ്ങള്‍ 90 ദിവസത്തേക്ക് താല്‍ക്കാലികമായി നിര്‍ത്തിവച്ചുകൊണ്ട് ട്രംപ് ഉത്തരവിട്ടിരുന്നു. ഇതു പ്രകാരം, അടിസ്ഥാന സൗകര്യ വികസനം, വിദ്യാഭ്യാസ സഹായം തുടങ്ങിയ വികസന പദ്ധതികള്‍ക്കായി വിദേശ രാജ്യങ്ങള്‍ക്ക് പുതിയ ഫണ്ട് നല്‍കുന്നത് യുഎസ് താല്‍ക്കാലികമായി നിര്‍ത്തി വച്ചിരിക്കുകയാണ്. അതേസമയം വിദേശ സഹായം താല്‍ക്കാലികമായി നിര്‍ത്തിവയ്ക്കാനുള്ള ട്രംപിന്റെ ഉത്തരവ് എത്രത്തോളം ആഘാതം ഉണ്ടാക്കുമെന്നതില്‍ ഇപ്പോള്‍ വ്യക്തത വന്നിട്ടില്ല. എന്നാല്‍ ഗവണ്‍മെന്റിന്റെ ബജറ്റ് നിയന്ത്രിക്കുന്നത് കോണ്‍ഗ്രസ് ആയതിനാല്‍, ഏതൊക്കെ പ്രത്യേക ഫണ്ടുകളാകും വെട്ടിക്കുറക്കുമെന്നതിലും വ്യക്തതയായിട്ടില്ല. വിദേശ സഹായം നിര്‍ത്താനുള്ള ട്രംപിന്റെ ഉത്തരവ് നിയമവിരുദ്ധമാണെന്നാണ് കോണ്‍ഗ്രസില്‍ നിന്നുള്ള വാര്‍ത്ത ഉറവിടങ്ങള്‍ മാധ്യമങ്ങളോട് പ്രതികരിച്ചത്. പണം എങ്ങനെ ചെലവഴിക്കണമെന്ന് തീരുമാനിക്കുന്നത് കോണ്‍ഗ്രസാണ്, പ്രസിഡന്റല്ല എന്നാണ് വിമര്‍ശകര്‍ ചൂണ്ടിക്കാണിക്കുന്നത്.  Donald Trump administration’s decision to temporarily freeze foreign aid except to Israel and Egypt

Content Summary; Donald Trump administration’s decision to halt foreign aid except to Israel and Egypt

Leave a Reply

Your email address will not be published. Required fields are marked *

×