സമാധാനവുമില്ല, പുനരധിവാസവുമില്ല; പാഴ്‌വാക്കായി ട്രംപിന്റെ ഗാസ പദ്ധതി

ലോകത്തിന് മുന്നില്‍ കൊട്ടിഗ്‌ഘോഷിച്ച പദ്ധതി ഇപ്പോള്‍ റാഫയിലെ ചെറിയൊരു പൈലറ്റ് പ്രോജക്റ്റായി ഒതുങ്ങുന്നു

Trump Board of Peace Gaza

ഡൊണാള്‍ഡ് ട്രംപിന്റെ ഗാസ സമാധാന പദ്ധതി പാളുന്നു. യുഎസിന്റെ നേതൃത്വത്തില്‍ രൂപീകൃതമായ ബോര്‍ഡ് ഓഫ് പീസ് ഗാസയുടെ പുനരധിവാസവുമായി ബന്ധപ്പെട്ട് മുന്നോട്ടു വച്ച വന്‍കിട പദ്ധതികള്‍ പൂര്‍ണ്ണമായും പ്രതിസന്ധിയിലെന്നാണ് റിപ്പോര്‍ട്ട്. ഗാസയിലുടനീളം അടിസ്ഥാന സൗകര്യങ്ങള്‍ പുനഃസ്ഥാപിക്കുമെന്ന് പ്രഖ്യാപിച്ചുകൊണ്ട് തുടങ്ങിയ പദ്ധതി, ഇപ്പോള്‍ തെക്കന്‍ ഗാസയിലെ റഫയ്ക്ക് സമീപമുള്ള ഒരു ചെറിയ പൈലറ്റ് പ്രോജക്റ്റിലേക്ക് മാത്രമായി ചുരുങ്ങിയിരിക്കുകയാണ്.

ലക്ഷക്കണക്കിന് പലസ്തീനികള്‍ ഭവനരഹിതരായി കഴിയുന്ന ഗാസയില്‍, ഒരു താത്കാലിക ക്യാമ്പ് നിര്‍മ്മിച്ച് അതില്‍ വളരെ ചെറിയൊരു വിഭാഗം ആളുകളെ മാത്രം താമസിപ്പിക്കാനാണ് പുതിയ നീക്കം. പലസ്തീന്‍ അഡ്മിനിസ്‌ട്രേഷന്‍, പോലീസ്, അന്താരാഷ്ട്ര സുരക്ഷാ സേനയുടെ ചെറുവിഭാഗം എന്നിവരുടെ മേല്‍നോട്ടത്തിലായിരിക്കും ഈ ക്യാമ്പ് പ്രവര്‍ത്തിക്കുക. എന്നാല്‍, ഈ ചെറിയ പദ്ധതി പോലും ഈ വര്‍ഷം കൊണ്ട് പൂര്‍ത്തീകരിക്കാനുമാകില്ല.

അന്താരാഷ്ട്ര സ്റ്റെബിലൈസേഷന്‍ ഫോഴ്സിന്റെ (ഐഎസ്എഫ്) ഭാഗമായി ക്യാമ്പിന്റെ സുരക്ഷയ്ക്കായി മൊറോക്കോ, കൊസോവോ എന്നിവിടങ്ങളില്‍ നിന്നുള്ള ഏതാനും ഉദ്യോഗസ്ഥര്‍ നിലവില്‍ ഇസ്രയേലില്‍ എത്തിയിട്ടുണ്ട്. ഇവര്‍ക്കുള്ള വാഹനങ്ങളും ഉപകരണങ്ങളും സൂക്ഷിക്കുന്നതിനുള്ള ലോജിസ്റ്റിക് ബേസിന്റെ നിര്‍മ്മാണം കെരെം ഷാലോം ക്രോസിംഗില്‍ അവസാനഘട്ടത്തിലാണ്. എന്നിരുന്നാലും, റഫയ്ക്ക് സമീപമുള്ള നിര്‍ദ്ദിഷ്ട പൈലറ്റ് ക്യാമ്പിന്റെയോ, അതിന്റെ സുരക്ഷാ താവളത്തിന്റെയോ യഥാര്‍ത്ഥ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ ഇതുവരെ ആരംഭിച്ചിട്ടില്ല. ഒക്ടോബര്‍ 27-ന് ഇസ്രയേലില്‍ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് ശേഷം മാത്രമേ ഇതില്‍ എന്തെങ്കിലും പുരോഗതി ഉണ്ടാവുകയുള്ളൂ എന്നാണ് നയതന്ത്രജ്ഞര്‍ കരുതുന്നത്. ഈ തിരഞ്ഞെടുപ്പിലൂടെ ബെഞ്ചമിന്‍ നെതന്യാഹുവിന്റെ തീവ്രവലതുപക്ഷ സഖ്യസര്‍ക്കാര്‍ താഴെയിറങ്ങുമെന്നാണ് കരുതുന്നത്.

കഴിഞ്ഞ ഒക്ടോബറില്‍ ട്രംപിന്റെ മധ്യസ്ഥതയില്‍ പ്രഖ്യാപിച്ച വെടിനിര്‍ത്തല്‍ കരാര്‍ ഇസ്രായേല്‍ തുടര്‍ച്ചയായി ലംഘിച്ചുകൊണ്ടിരിക്കുകയാണ്. ഗാസയിലേക്കുള്ള മാനുഷിക സഹായങ്ങള്‍ തടയുകയും പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ണ്ണമായും ഇസ്രയേല്‍ വിലക്കുകയും ചെയ്തു. നിലവിലെ വെടിനിര്‍ത്തല്‍ കരാര്‍ അവഗണിച്ച് ഇസ്രയേല്‍ സൈന്യം ഇപ്പോള്‍ ഗാസയുടെ 60 ശതമാനത്തിലധികം പ്രദേശവും കൈയടക്കിയിരിക്കുകയാണ്. വെടിനിര്‍ത്തലിന് ശേഷം ഉണ്ടായ ഇസ്രയേല്‍ ആക്രമണങ്ങളില്‍ 1,100-ലധികം പലസ്തീനികള്‍ കൊല്ലപ്പെട്ടിട്ടുണ്ട്. തിരഞ്ഞെടുപ്പ് പരാജയം ഭയന്ന് നെതന്യാഹു ഒക്ടോബറിന് മുമ്പ് ഗാസയില്‍ മറ്റൊരു സമ്പൂര്‍ണ്ണ അധിനിവേശത്തിന് മുതിര്‍ന്നേക്കുമെന്ന ആശങ്കയും ശക്തമാണ്. അങ്ങനെ സംഭവിച്ചാല്‍ ഈ ചെറിയ പൈലറ്റ് പദ്ധതി പോലും പൂര്‍ണ്ണമായി തകരും.

ഇസ്രയേലിന്റെ പ്രചാരണ ആയുധമായി മാറാനേ ഈ പുതിയ ക്യാമ്പ് ഉപകരിക്കൂ എന്നാണ് യൂറോപ്യന്‍ കൗണ്‍സില്‍ ഓണ്‍ ഫോറിന്‍ റിലേഷന്‍സിലെ ഗവേഷകനായ മുഹമ്മദ് ഷെഹാദ ദി ഗാര്‍ഡിയന് നല്‍കിയ പ്രതികരണത്തിലൂടെ നടത്തുന്ന മുന്നറിയിപ്പ്. ബാക്കി ഗാസയില്‍ ആക്രമണം ശക്തമാക്കുമ്പോള്‍ തന്നെ, ലോകത്തിന് മുന്നില്‍ കാണിക്കാന്‍ വേണ്ടി മാത്രമുള്ള ഒരു ‘പൊട്ടെംകിന്‍ വില്ലേജ്’ (കാഴ്ചബംഗ്ലാവ് പോലുള്ള കൃത്രിമ ഗ്രാമം) മാത്രമാണ് ഇസ്രയേല്‍ ഇതിലൂടെ ലക്ഷ്യമിടുന്നത് എന്ന് അദ്ദേഹം വിമര്‍ശിച്ചു. മുന്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ഇഹൂദ് ഓള്‍മെര്‍ട്ട് ഉള്‍പ്പെടെയുള്ള പ്രമുഖര്‍ ഈ പദ്ധതിയെ ഒരു ‘കോണ്‍സെന്‍ട്രേഷന്‍ ക്യാമ്പ്’ എന്നാണ് വിശേഷിപ്പിച്ചത്. എന്നാല്‍ ക്യാമ്പിലുള്ളവര്‍ക്ക് സഞ്ചാര സ്വാതന്ത്ര്യം ഉണ്ടായിരിക്കുമെന്നാണ് ബോര്‍ഡ് ഓഫ് പീസ് അധികൃതര്‍ അവകാശപ്പെടുന്നത്.

ഹമാസ് ആയുധം വെച്ചൊഴിയാത്തതാണ് യുദ്ധം തുടരാന്‍ കാരണമെന്നാണ് ഇസ്രയേല്‍ ഉന്നയിക്കുന്ന വാദം. എന്നാല്‍, കൃത്യമായ വ്യവസ്ഥകളുടെ അടിസ്ഥാനത്തില്‍ ആയുധം താഴെവെക്കാന്‍ തയ്യാറാണെന്ന് അറിയിച്ച ഹമാസ്, കഴിഞ്ഞ ആഴ്ച കെയ്റോയില്‍ നടന്ന ചര്‍ച്ചകളില്‍ പങ്കെടുത്തിരുന്നു. എങ്കിലും, ഇസ്രയേല്‍ വ്യോമാക്രമണങ്ങള്‍ തുടരുകയും പലസ്തീന്‍ മണ്ണിലേക്ക് കൂടുതല്‍ അധിനിവേശം നടത്തുകയും ചെയ്യുന്ന സാഹചര്യത്തില്‍ ആയുധം വെച്ചൊഴിയുന്ന കാര്യത്തില്‍ പുരോഗതി ഉണ്ടാകാന്‍ സാധ്യതയില്ലെന്ന് പലസ്തീന്‍ വൃത്തങ്ങള്‍ വ്യക്തമാക്കുന്നു.

പദ്ധതിയുടെ നടത്തിപ്പിനായി ഇസ്രയേല്‍ പിടിച്ചുവെച്ചിരിക്കുന്ന പലസ്തീന്റെ നികുതിപ്പണവും മരവിപ്പിച്ച ബാങ്ക് അസറ്റുകളും (ഏകദേശം 11 ബില്യണ്‍ ഡോളര്‍) ഉപയോഗിക്കാന്‍ ബോര്‍ഡ് ഓഫ് പീസ് ചര്‍ച്ചകള്‍ നടത്തുന്നുണ്ട്. എന്നാല്‍ ഇതിനെതിരെ വെസ്റ്റ് ബാങ്കിലെ പലസ്തീന്‍ അതോറിറ്റി (പിഎ) കടുത്ത പ്രതിഷേധം രേഖപ്പെടുത്തി. തങ്ങളുടെ പണം തടഞ്ഞുവെക്കാനോ അത് വെച്ച് വിലപേശാനോ ഇസ്രയേലിന് അവകാശമില്ലെന്നും അത് ഉപാധികളില്ലാതെ വിട്ടുനല്‍കണമെന്നും പലസ്തീന്‍ വിദേശകാര്യ മന്ത്രി ഫാര്‍സെന്‍ അഗബെകിയന്‍ ആവശ്യപ്പെട്ടു. ഗാസയിലെ മാനുഷിക ദുരന്തത്തെ ഇത്തരം ചെറിയ കഷണങ്ങളായുള്ള പദ്ധതികള്‍ കൊണ്ട് പരിഹരിക്കാനാവില്ലെന്നും, താത്കാലിക സംവിധാനങ്ങള്‍ ഒരിക്കലും ശാശ്വത പരിഹാരത്തിന് പകരമാവരുതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഈ പൈലറ്റ് പദ്ധതി ജനങ്ങള്‍ക്കിടയില്‍ വലിയ വേര്‍തിരിവ് ഉണ്ടാക്കുമെന്ന ഭയത്താല്‍ പദ്ധതിയുടെ രൂപീകരണത്തിനായി നിയോഗിക്കപ്പെട്ട പലസ്തീന്‍ സാങ്കേതിക വിദഗ്ധരുടെ സമിതിയായ നാഷണല്‍ കമ്മിറ്റി ഫോര്‍ ദി അഡ്മിനിസ്‌ട്രേഷന്‍ ഓഫ് ഗാസയില്‍ (എന്‍സിഎജി) കടുത്ത ഭിന്നത നിലനില്‍ക്കുകയാണ്. ജനുവരിയില്‍ ജാരെഡ് കുഷ്‌നര്‍ പ്രഖ്യാപിച്ച 100 ദിവസത്തിനകം ഗാസയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വീണ്ടെടുക്കുമെന്ന വലിയ വാഗ്ദാനങ്ങളില്‍ നിന്നാണ്, ഒടുവില്‍ സൈപ്രസില്‍ നടന്ന ചര്‍ച്ചകള്‍ക്കൊടുവില്‍ റഫയിലെ ഈ ചെറിയ ക്യാമ്പിലേക്ക് ട്രംപിന്റെ സമാധാന സമിതിക്ക് ഒതുങ്ങേണ്ടി വന്നിരിക്കുന്നത്.

Content Summary; Trump’s Board of Peace Gaza recovery plan shrinks from a grand reconstruction blueprint to a tiny pilot camp in Rafah amid ongoing Israeli violations and political deadlock

This post was last modified on July 17, 2026 6:30 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment