യുദ്ധം വേണ്ട സമാധാനം മതിയെന്ന് ട്രംപ്; വിട്ടുവീഴ്ച്ചകള്‍ പ്രതീക്ഷിക്കേണ്ടെന്ന് ഇറാന്‍

ഇറാന്‍ ഒരു യു.എസ് ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടു ദിവസമായി ഇരുപക്ഷവും തമ്മില്‍ കടുത്ത ആക്രമണങ്ങള്‍ നടത്തിയത്

Iran- US Peace Deal

സമാധാന കരാറിന് പ്രാമുഖ്യം കൊടുക്കുന്നതിനാല്‍, ഇറാനെതിരെ നടത്താനിരുന്ന വ്യോമാക്രമണങ്ങള്‍ റദ്ദാക്കിയതായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. ഇരുരാജ്യങ്ങളും തമ്മിലുള്ള താല്‍ക്കാലിക വെടിനിര്‍ത്തല്‍ തകരുന്ന രീതിയില്‍ കഴിഞ്ഞ രണ്ടു ദിവസമായി ആക്രമണങ്ങള്‍ ശക്തമായ പശ്ചാത്തലത്തിലാണ് ഈ പുതിയ നീക്കം. ചര്‍ച്ചകള്‍ ഇറാന്റെ പരമോന്നത നേതൃത്വത്തിന്റെ അംഗീകാരത്തോടെ ഏറ്റവും ഉയര്‍ന്ന തലത്തില്‍ എത്തിയതിനാലാണ് ആക്രമണത്തില്‍ നിന്നുള്ള പിന്‍മാറ്റമെന്ന് ട്രംപ് സ്വന്തം സമൂഹമാധ്യമമായ ‘ട്രൂത്ത് സോഷ്യലില്‍’ കുറിച്ചു.

എന്നാല്‍, ട്രംപിന്റെ ഈ അവകാശവാദം ഇറാന്റെ വിദേശകാര്യ മന്ത്രാലയം തള്ളി. സമാധാന കരാറിന്റെ വലിയൊരു ഭാഗം പൂര്‍ത്തിയായെങ്കിലും തങ്ങളുടെ വ്യവസ്ഥകളില്‍ ഒരു വിട്ടുവീഴ്ചയ്ക്കും ഇറാന്‍ തയാറാകില്ലെന്ന് മന്ത്രാലയ വക്താവ് ഇസ്മായില്‍ ബഗായ് വ്യക്തമാക്കി. കരാറിന്‍മേല്‍ ഇറാന്‍ ഇതുവരെ അന്തിമ തീരുമാനത്തില്‍ എത്തിയിട്ടില്ലെന്നും, ഇറാന്‍ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നത് വരെ ട്രംപിന്റെ ഇത്തരം പ്രസ്താവനകള്‍ തള്ളിക്കളയണമെന്നും ഇറാന്റെ വാര്‍ത്താ ഏജന്‍സിയായ തസ്‌നീം റിപ്പോര്‍ട്ട് ചെയ്തു.

ഹോര്‍മുസ് കടലിടുക്കിലെ കുഴിബോംബുകള്‍ നീക്കം ചെയ്യാനുള്ള സമയക്രമം നിശ്ചയിക്കല്‍, ഇറാന്റെ മരവിപ്പിച്ച വിദേശ ആസ്തികള്‍ വിട്ടുനല്‍കല്‍, ആണവ ചര്‍ച്ചകള്‍ തുടരല്‍ എന്നിവയാണ് പുതിയ കരാറിന്റെ പ്രധാന ഉള്ളടക്കമെന്നാണ് നയതന്ത്ര വൃത്തങ്ങള്‍ നല്‍കുന്ന സൂചന. എന്നാല്‍ ആസ്തികള്‍ എങ്ങനെ വിട്ടുനല്‍കുമെന്ന കാര്യത്തില്‍ ഇരുരാജ്യങ്ങളും തമ്മില്‍ ഇപ്പോഴും തര്‍ക്കം നിലനില്‍ക്കുന്നുണ്ട്. തുക മുഴുവനായി ഉടന്‍ വേണമെന്ന് ഇറാന്‍ ആവശ്യപ്പെടുമ്പോള്‍, മാനുഷിക ആവശ്യങ്ങള്‍ക്കായി ഘട്ടംഘട്ടമായി മാത്രമേ നല്‍കാനാകൂ എന്നാണ് അമേരിക്കയുടെ നിലപാട്.

അതേസമയം, ഇസ്രയേല്‍, സൗദി അറേബ്യ, ഖത്തര്‍, യു.എ.ഇ, പാകിസ്താന്‍, തുര്‍ക്കി തുടങ്ങിയ രാജ്യങ്ങള്‍ കരാറിന് അംഗീകാരം നല്‍കിയിട്ടുണ്ടെന്നാണ് ട്രംപ് അവകാശപ്പെടുന്നത്. എന്നാല്‍ ഈ ധാരണാപത്രത്തില്‍ തങ്ങള്‍ കക്ഷിയല്ലെന്ന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹുവിന്റെ ഓഫീസ് വ്യക്തമാക്കി. ഇറാന്റെ മിസൈല്‍ നിര്‍മാണത്തിന് നിയന്ത്രണം ഏര്‍പ്പെടുത്തുക, പ്രാദേശിക സായുധ ഗ്രൂപ്പുകള്‍ക്കുള്ള പിന്തുണ അവസാനിപ്പിക്കുക തുടങ്ങിയ കടുത്ത നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തുമെന്ന ട്രംപിന്റെ ഉറപ്പിനെ നെതന്യാഹു സ്വാഗതം ചെയ്തു.

ഇറാന്‍ ഒരു യു.എസ് ഹെലികോപ്റ്റര്‍ വെടിവെച്ചിട്ടതിനെ തുടര്‍ന്നാണ് കഴിഞ്ഞ രണ്ടു ദിവസമായി ഇരുപക്ഷവും തമ്മില്‍ കടുത്ത ആക്രമണങ്ങള്‍ നടത്തിയത്. വ്യാഴാഴ്ച രാവിലെ ഇറാനിലെ സൈനിക, വ്യോമപ്രതിരോധ കേന്ദ്രങ്ങള്‍ക്ക് നേരെ യു.എസ് ശക്തമായ മിസൈല്‍ ആക്രമണം നടത്തിയിരുന്നു. ഇറാന്റെ എണ്ണക്കപ്പലിന് നേരെ അമേരിക്ക നടത്തിയ ആക്രമണത്തില്‍ മൂന്ന് ഇന്ത്യന്‍ ജീവനക്കാര്‍ കൊല്ലപ്പെട്ടതായി ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ സ്ഥിരീകരിച്ചിട്ടുണ്ട്. ഇതിന് മറുപടിയായി ഇറാന്‍ കുവൈറ്റ്, ബഹ്റൈന്‍, ജോര്‍ദാന്‍ എന്നീ രാജ്യങ്ങള്‍ക്ക് നേരെ മിസൈല്‍-ഡ്രോണ്‍ ആക്രമണങ്ങളും നടത്തി.

ആക്രമണം കടുക്കുന്നതിനിടെ, ഇറാന്റെ എണ്ണ കയറ്റുമതിയുടെ 90 ശതമാനവും കൈകാര്യം ചെയ്യുന്ന ഹാര്‍ഗ് ദ്വീപ് ഉള്‍പ്പെടെയുള്ള എണ്ണ അടിസ്ഥാന സൗകര്യങ്ങള്‍ അമേരിക്ക പിടിച്ചെടുക്കുമെന്ന് ട്രംപ് ഭീഷണിപ്പെടുത്തിയിരുന്നു. എന്നാല്‍, പിന്നീട് ഇതില്‍ നിന്ന് പിന്‍വാങ്ങിയ ട്രംപ്, ഇത്തരം നീക്കങ്ങള്‍ക്ക് അമേരിക്കന്‍ ജനതയ്ക്ക് താല്പര്യമുണ്ടാകില്ലെന്ന് ഫോക്‌സ് ന്യൂസിനോട് സമ്മതിച്ചു. ഹാര്‍ഗ് ദ്വീപ് പിടിച്ചെടുക്കാന്‍ യു.എസ് സൈന്യത്തെ ഇറക്കുന്നത് വലിയ അപകടമാണെന്ന് മുന്‍ യു.എസ് മറൈന്‍ ഉദ്യോഗസ്ഥരും രാഷ്ട്രീയ നിരീക്ഷകരും മുന്നറിയിപ്പ് നല്‍കിയിരുന്നു.

അമേരിക്കയില്‍ പണപ്പെരുപ്പം വര്‍ദ്ധിക്കുന്നതും വരാനിരിക്കുന്ന ഇടക്കാല തിരഞ്ഞെടുപ്പും ട്രംപിന്റെ ജനപ്രീതി കുറയ്ക്കുന്നതുമാണ് യുദ്ധത്തില്‍ നിന്നുള്ള ഈ പെട്ടെന്നുള്ള പിന്മാറ്റത്തിന് പിന്നിലെന്നാണ് വിലയിരുത്തല്‍. അതിനിടെ, ഏപ്രിലില്‍ ഉണ്ടാക്കിയ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പൂര്‍ണ്ണമായി നടപ്പിലാക്കണമെന്നും മേഖലയെ വലിയൊരു യുദ്ധത്തിലേക്ക് തള്ളിവിടരുതെന്നും യു.എന്‍ സെക്രട്ടറി ജനറല്‍ അന്തോണിയോ ഗുട്ടെറസ് ഇരുരാജ്യങ്ങളോടും ആവശ്യപ്പെട്ടു. സമാധാന ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെങ്കിലും കരാര്‍ പരാജയപ്പെടാന്‍ ഇപ്പോഴും 50 ശതമാനം സാധ്യതയുണ്ടെന്നാണ് അന്താരാഷ്ട്ര നയതന്ത്രജ്ഞര്‍ നല്‍കുന്ന സൂചന.

Content Summary; US President Donald Trump cancels scheduled military strikes on Iran, claiming peace deal is close. However, Tehran dismisses the claims

This post was last modified on June 12, 2026 7:24 am

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment