റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് ഇന്ത്യ അവസാനിപ്പിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി വാക്കുനൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. റഷ്യയെ സാമ്പത്തികമായി ഒറ്റപ്പെടുത്താനുള്ള ശ്രമത്തിലെ ഒരു വലിയ കാൽവെപ്പാണ് ഇതെന്നും ട്രംപ് വ്യക്തമാക്കിയതായി ദി ഇന്ത്യൻ എക്സ്പ്രസ് പുറത്തുവിട്ട റിപ്പോർട്ടിൽ പറയുന്നു.
വൈറ്റ് ഹൗസിലെ ഒരു പരിപാടിയിൽ സംസാരിക്കുമ്പോഴായിരുന്നു ട്രംപിൻ്റെ വെളിപ്പെടുത്തൽ. ‘മോദി എന്റെ സുഹൃത്താണ്, ഞങ്ങൾക്കിടയിൽ നല്ല ബന്ധമുണ്ട്. പക്ഷേ, ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നതിൽ ഞങ്ങൾ സന്തോഷവാന്മാരല്ല, കാരണം അതിലൂടെ റഷ്യ ഈ അർത്ഥശൂന്യമായ യുദ്ധം തുടർന്നുകൊണ്ടിരിക്കുന്നു. അവർ ഇതിനകം ഒരു ദശലക്ഷത്തിലേറെ ജനങ്ങളെ കൊന്നാെടുക്കിയിട്ടുണ്ട്, ട്രംപ് പറഞ്ഞതായി റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.
റഷ്യയിൽ നിന്നുള്ള എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് ഇന്ത്യ ഉറപ്പ് നൽകിയത് പോലെ ചൈനയിൽ നിന്നും ഉറപ്പുവാങ്ങണമെന്നും ട്രംപ് വ്യക്തമാക്കി. എണ്ണ ഇറക്കുമതി ഉടനടി നിർത്താൻ ഇന്ത്യക്കാവില്ലെന്നും എന്നാൽ കഴിയുന്നത്രയും വേഗത്തിൽ അത് നടപ്പിലാക്കുമെന്നും ട്രംപ് കൂട്ടിച്ചേർത്തു. മോസ്കോയുടെ ഊർജ്ജ ഫണ്ടിംഗ് കുറയ്ക്കുന്നതിനായി ചൈനയോടും മറ്റ് വ്യാപാര പങ്കാളികളോടും റഷ്യൻ എണ്ണ ഇറക്കുമതി നിർത്താൻ ട്രംപ് ഭരണകൂടം സമ്മർദ്ദം ചെലുത്തുന്നുണ്ട്.
അതേസമയം, റഷ്യൻ എണ്ണ ഇറക്കുമതി നിർത്തലാക്കുന്നതിനെക്കുറിച്ച് ന്യൂഡൽഹിയിൽ നിന്ന് ഇതുവരെ ഔദ്യോഗികമായി ഒരു സ്ഥിരീകരണവും ഉണ്ടായിട്ടില്ല.
റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കാനുള്ള യുഎസിന്റെ ശ്രമങ്ങളെ കേന്ദ്ര സർക്കാർ മുമ്പ് ചെറുത്തിരുന്നു. ഇതിന്റെ ഫലമായി അമേരിക്ക ഇന്ത്യൻ ഉൽപ്പന്നങ്ങൾക്ക് 25 ശതമാനം അധിക താരിഫ് ഏർപ്പെടുത്തുന്നതിലേക്ക് കാര്യങ്ങൾ എത്തിക്കുകയും ചെയ്തു.
എണ്ണയും പ്രകൃതിവാതകവുമാണ് റഷ്യയുടെ ഏറ്റവും വലിയ കയറ്റുമതി. ചൈന, ഇന്ത്യ, തുർക്കി എന്നിവയാണ് റഷ്യൻ ക്രൂഡ് ഓയിലിന്റെ ഏറ്റവും വലിയ ഉപഭോക്താക്കൾ.
Content Summary: Trump Claims PM Modi Assured Him That India Will Stop Buying Oil From Russia
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.