ഇന്ത്യന്‍ വംശജന്റെ കൊലപാതകം; കുടിയേറ്റക്കാരായ ക്രിമിനലുകളോട് ഇനി മൃദു സമീപനമില്ലെന്ന് ട്രംപ്

ജോ ബൈഡൻ ഭരണകൂടം ഇയാളെ വിട്ടയച്ചതാണ് ഈ ദുരന്തത്തിന് കാരണമായതെന്നും ട്രംപ്

ഇന്ത്യൻ വംശജനായ ചന്ദ്ര നാഗമല്ലയ്യയുടെ കൊലപാതകത്തെ അപലപിച്ച് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് രംഗത്ത്. കൊലപാതകത്തിന് പിന്നിൽ ക്യൂബൻ പൗരനായ യോർദാനിസ് കോബോസ്-മാർട്ടിനെസ് ആണെന്ന് ചൂണ്ടിക്കാട്ടിയ ട്രംപ്, “നിയമവിരുദ്ധ കുടിയേറ്റക്കാരായ ക്രിമിനലുകളോട് മൃദു സമീപനം കാണിക്കുന്ന കാലം കഴിഞ്ഞു” എന്ന് പറഞ്ഞു. തന്റെ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമായ ട്രൂത്ത് സോഷ്യലിലൂടെയാണ് ട്രംപ് പ്രതികരിച്ചത്.

“ഡാളസ്, ടെക്‌സാസിലെ ആദരണീയനായ വ്യക്തിയായിരുന്ന ചന്ദ്ര നാഗമല്ലയ്യയുടെ കൊലപാതകത്തെക്കുറിച്ചുള്ള ഭീകരമായ റിപ്പോർട്ടുകൾ ഞാൻ അറിഞ്ഞു. ഇയാളെ തലയറുത്ത് കൊലപ്പെടുത്തിയത് ക്യൂബയിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരനാണ്, അയാൾ നമ്മുടെ രാജ്യത്ത് ഒരിക്കലും ഉണ്ടാകാൻ പാടില്ലായിരുന്നു,” ട്രംപ് പോസ്റ്റിൽ കുറിച്ചു.

കർണാടക സ്വദേശിയായ നാഗമല്ലയ്യ ഒരു വാഷിംഗ് മെഷീനെ ചൊല്ലിയുള്ള തർക്കത്തെ തുടർന്നാണ് സഹപ്രവർത്തകനാൽ ഭാര്യയുടെയും മകന്റെയും മുന്നിൽ വെച്ച് അതിക്രൂരമായി കൊല്ലപ്പെട്ടത്.

Nagamallaiah (left) was killed with a machete by Yordanis Cobos-Martinez after a dispute over a broken washing machine.

പ്രതിയായ കോബോസ്-മാർട്ടിനെസ് കുട്ടികളെ ലൈംഗികമായി പീഡിപ്പിക്കൽ, വാഹന മോഷണം തുടങ്ങിയ കുറ്റകൃത്യങ്ങൾക്ക് നേരത്തെ അറസ്റ്റ് ചെയ്യപ്പെട്ടിട്ടുണ്ടെന്നും ട്രംപ് വെളിപ്പെടുത്തി. ജോ ബൈഡൻ ഭരണകൂടം ഇയാളെ വിട്ടയച്ചതാണ് ഈ ദുരന്തത്തിന് കാരണമായതെന്നും ട്രംപ് ആരോപിച്ചു.

“ഇത്തരം ദുഷ്ടനായ ഒരാളെ ക്യൂബക്ക് പോലും വേണ്ട, എന്നിട്ടും ജോ ബൈഡന്റെ കഴിവില്ലായ്മ കാരണം ഇയാൾ നമ്മുടെ രാജ്യത്തേക്ക് തിരിച്ചെത്തി,” ട്രംപ് വിമർശിച്ചു.

പ്രതിക്കെതിരെ ചുമത്താൻ പോകുന്ന കുറ്റങ്ങളെക്കുറിച്ച് പറഞ്ഞ ട്രംപ്, “ഇപ്പോൾ നമ്മുടെ കസ്റ്റഡിയിലുള്ള ഈ കുറ്റവാളിക്ക് എതിരെ നിയമം പരമാവധി ഉപയോഗിച്ച് ശിക്ഷ നൽകും. ഫസ്റ്റ് ഡിഗ്രി കൊലപാതകക്കുറ്റമാണ് ഇയാൾക്കെതിരെ ചുമത്തുക!” എന്ന് ഉറപ്പുനൽകി.

അമേരിക്കയെ സുരക്ഷിതമാക്കാൻ ആഭ്യന്തര സുരക്ഷാ സെക്രട്ടറി ക്രിസ്റ്റി നോം, അറ്റോർണി ജനറൽ പാം ബോണ്ടി, ബോർഡർ സാർ ടോം ഹോമാൻ എന്നിവർ ചെയ്യുന്ന “അവിശ്വസനീയമായ ജോലി”യെയും ട്രംപ് പ്രശംസിച്ചു.

സെപ്റ്റംബർ 10-ന് രാവിലെ ഡൗണ്ടൗൺ സ്യൂട്ട്സ് മോട്ടലിൽ വച്ചാണ് കൊലപാതകം നടന്നത്. കഴിഞ്ഞ രണ്ടോ മൂന്നോ വർഷമായി ഈ മോട്ടലിലെ മാനേജറായിരുന്നു ചന്ദ്ര നാഗമല്ലയ്യ.

നാഗമല്ലയ്യയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തിയ ഹ്യൂസ്റ്റണിലെ ഇന്ത്യൻ കോൺസുലേറ്റ്, “ഞങ്ങൾ അദ്ദേഹത്തിന്റെ കുടുംബവുമായി ബന്ധപ്പെട്ടുകൊണ്ടിരിക്കുന്നു. ആവശ്യമായ എല്ലാ സഹായങ്ങളും വാഗ്ദാനം ചെയ്യുന്നു. പ്രതി ഡാളസ് പോലീസിന്റെ കസ്റ്റഡിയിലാണ്. ഞങ്ങൾ ഈ വിഷയം സൂക്ഷ്മമായി പിന്തുടരുന്നുണ്ട്,” എന്ന് എക്സിൽ കുറിച്ചു.

content summary: Trump Condemns Killing of Indian-Origin Man in Dallas, Vows to End “Soft” Approach on Illegal Immigrants

This post was last modified on September 15, 2025 12:40 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment