June 04, 2026 |
Share on

ഹോര്‍മുസില്‍ ഉപരോധം തുടങ്ങി, ഇറാന്‍ ഡീലിന് തയ്യാറായിട്ടുണ്ടെന്ന് ട്രംപ്

ഹോര്‍മുസില്‍ ഉപരോധം ഏര്‍പ്പെടുത്തിയ അമേരിക്കന്‍ തീരുമാനത്തിനൊപ്പമല്ലെന്ന് വ്യക്തമാക്കി നാറ്റോ സഖ്യം

ഇറാനെതിരെയുള്ള നീക്കങ്ങള്‍ ശക്തമാക്കിയും വത്തിക്കാനുമായി പരസ്യമായ തര്‍ക്കത്തിലേര്‍പ്പെട്ടും അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്ത് വന്നിരിക്കുകയാണ്. ലോകത്തിന്റെ ശ്രദ്ധയാകര്‍ഷിച്ച പ്രധാന സംഭവവികാസങ്ങളിലൂടെ;

ഹോര്‍മുസിലെ ഉപരോധം തുടങ്ങി

ഇറാനിലേക്കുള്ള കപ്പല്‍ ഗതാഗതം തടഞ്ഞുകൊണ്ട് ഹോര്‍മുസ് കടലിടുക്കില്‍ ഉപരോധം ആരംഭിച്ചതായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് സ്ഥിരീകരിച്ചു. ലോകത്തെ എണ്ണ-വാതക വിതരണത്തിന്റെ 20 ശതമാനവും കടന്നുപോകുന്ന ഈ പാതയില്‍ തിങ്കളാഴ്ച മുതല്‍ നിയന്ത്രണം നിലവില്‍ വന്നു. എല്ലാ ഇറാനിയന്‍ തുറമുഖങ്ങളെയും ഈ ഉപരോധം ബാധിക്കും.

അതേസമയം, ഇറാന്‍ ഒരു ‘ഡീലിന്’ തയ്യാറാണെന്ന് തനിക്ക് സന്ദേശം ലഭിച്ചതായി ട്രംപ് അവകാശപ്പെട്ടു. എന്നാല്‍ ഇറാനെ ഒരു കാരണവശാലും ആണവായുധം കൈവശം വെക്കാന്‍ അനുവദിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

പോപ്പിനോട് മാപ്പ് പറയില്ലെന്ന് ട്രംപ്

ഇറാന്‍ യുദ്ധത്തെ എതിര്‍ത്ത പോപ്പ് ലിയോ പതിനാലാമനെ ട്രംപ് രൂക്ഷമായി വിമര്‍ശിച്ചു. പോപ്പ് ‘റാഡിക്കല്‍ ഇടത്’ പക്ഷത്തെ സഹായിക്കുകയാണെന്നും കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മൃദുസമീപനമാണ് അദ്ദേഹം സ്വീകരിക്കുന്നതെന്നും ട്രംപ് ആരോപിച്ചു. തന്റെ നിലപാടില്‍ മാപ്പ് പറയാന്‍ ട്രംപ് വിസമ്മതിച്ചു.

ഇതിനിടെ, ട്രംപ് തന്നെ ഒരു ദൈവതുല്യനായ രോഗശാന്തി നല്‍കുന്ന വ്യക്തിയായി ചിത്രീകരിക്കുന്ന എ ഐ ചിത്രം സോഷ്യല്‍ മീഡിയയില്‍ പങ്കുവെച്ചത് വലിയ വിവാദമായിരിക്കുകയാണ്. പിന്നീട് താനൊരു ഡോക്ടറാണെന്നാണ് കരുതിയതെന്ന വിശദീകരണത്തോടെ അദ്ദേഹം അത് പിന്‍വലിച്ചു. വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സും വത്തിക്കാനെതിരെ രംഗത്തെത്തി; വത്തിക്കാന്‍ ‘ധാര്‍മ്മിക കാര്യങ്ങളില്‍’ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും രാഷ്ട്രീയത്തില്‍ ഇടപെടരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ഇസ്രയേല്‍ – ലെബനന്‍ ചര്‍ച്ച

ഇസ്രയേലുമായി ചൊവ്വാഴ്ച വാഷിംഗ്ടണില്‍ നടക്കാനിരിക്കുന്ന നേരിട്ടുള്ള ചര്‍ച്ചകളില്‍ നിന്ന് പിന്മാറാന്‍ ഹെസ്ബുള്ള തലവന്‍ നയിം ഖാസിം ലെബനനോട് ആവശ്യപ്പെട്ടു. ഈ ചര്‍ച്ചകള്‍ അര്‍ത്ഥശൂന്യമാണെന്നും ഇസ്രയേലിന് നല്‍കുന്ന സൗജന്യ വിട്ടുവീഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു. 2024-ലെ യുദ്ധം അവസാനിപ്പിച്ച രീതിയിലുള്ള വെടിനിര്‍ത്തല്‍ കരാറിലേക്ക് മടങ്ങാനാണ് അദ്ദേഹം ആഹ്വാനം ചെയ്തത്.

ട്രംപിന് പിന്തുണയില്ല

ട്രംപിന്റെ ഹോര്‍മുസ് ഉപരോധത്തെ പിന്തുണയ്ക്കില്ലെന്ന് നാറ്റോ സഖ്യകക്ഷികള്‍ വ്യക്തമാക്കി. യുദ്ധത്തിലേക്ക് വലിച്ചിഴയ്ക്കപ്പെടാന്‍ താല്പര്യമില്ലെന്ന് ബ്രിട്ടീഷ് പ്രധാനമന്ത്രി കെയര്‍ സ്റ്റാര്‍മര്‍ പറഞ്ഞു. എങ്കിലും, കപ്പല്‍ ഗതാഗതത്തിന്റെ സുരക്ഷ ഉറപ്പാക്കാന്‍ ഫ്രാന്‍സിന്റെയും യുകെയും നേതൃത്വത്തില്‍ 40 രാജ്യങ്ങളുടെ സമ്മേളനം നടക്കും.

ഇറാന്‍-യുഎസ് ചര്‍ച്ച

ഇറാനുമായുള്ള ചര്‍ച്ചകളില്‍ പുരോഗതിയുണ്ടെന്നും എന്നാല്‍ ഇനി എന്ത് വേണമെന്ന് തീരുമാനിക്കേണ്ടത് ഇറാനാണെന്നും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് പറഞ്ഞു. ഹോര്‍മുസ് കടലിടുക്ക് തുറക്കുന്ന കാര്യത്തില്‍ ഇറാന്‍ അനുകൂലമായ നടപടി സ്വീകരിച്ചില്ലെങ്കില്‍ ചര്‍ച്ചകളുടെ സ്വഭാവം മാറുമെന്നും അദ്ദേഹം മുന്നറിയിപ്പ് നല്‍കി.

മിഡില്‍ ഈസ്റ്റില്‍ യുദ്ധസമാനമായ സാഹചര്യം തുടരുമ്പോഴും നയതന്ത്രപരമായ നീക്കങ്ങള്‍ അനിശ്ചിതത്വത്തിലാണ്. ട്രംപിന്റെ കര്‍ക്കശമായ നിലപാടുകളും മതനേതൃത്വവുമായുള്ള പോരും അമേരിക്കന്‍ രാഷ്ട്രീയത്തിലും വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരിക്കുകയാണ്.

Content Summary; President Donald Trump confirmed that a blockade has begun in the Strait of Hormuz, blocking ship traffic to Iran

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×