June 26, 2026 |
Share on

യുക്രെയ്ൻ യുദ്ധം ചർച്ചയാകും, പുടിനെ കാണാൻ ട്രംപ്; ത്രിരാഷ്ട്ര കൂടിക്കാഴ്ചയ്ക്കും സാധ്യത

ഉപാധികളില്ലാത്ത പൂർണ്ണ വെടിനിർത്തലാണ് ട്രംപും യുക്രെയ്നും ആവശ്യപ്പെടുന്നത്

യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപും റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിനും തമ്മിലുള്ള കൂടിക്കാഴ്ച അടുത്ത ആഴ്ചതന്നെ ഉണ്ടായേക്കുമെന്ന് സൂചന നൽകി വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ. യുക്രെയ്ൻ യുദ്ധം ചർച്ച ചെയ്യാനാണ് കൂടിക്കാഴ്ച. അതേസമയം, വെടിനിർത്തൽ യാഥാർത്ഥ്യമാക്കുന്നതിന് ഗുരുതരമായ തടസ്സങ്ങൾ നിലനിൽക്കുന്നുണ്ടെന്നും ഉന്നത ഉദ്യോഗസ്ഥർ മുന്നറിയിപ്പ് നൽകി.

മാധ്യമപ്രവർത്തകരുടെ ചോദ്യത്തിന്, റഷ്യൻ, യുക്രേനിയൻ നേതാക്കളുമായി ‘വളരെ വേഗം കൂടിക്കാഴ്ച നടക്കാൻ നല്ല സാധ്യതയുണ്ടെന്ന്’ ട്രംപ് മറുപടി നൽകി. കൂടിക്കാഴ്ചയ്ക്ക് പ്രത്യേകമായൊരു വഴിത്തിരിവൊന്നും ഉണ്ടായിട്ടില്ലെന്നും, യുഎസ് ഉദ്യോഗസ്ഥർ ഏറെക്കാലമായി ഇതിനുവേണ്ടി പ്രവർത്തിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ട്രംപ് അടുത്ത ആഴ്ച പുടിനുമായി കൂടിക്കാഴ്ച നടത്താൻ പദ്ധതിയിടുന്നതായും, അതിനുശേഷം റഷ്യൻ പ്രസിഡന്റ്, യുക്രേനിയൻ പ്രസിഡന്റ് വോലോഡിമിർ സെലെൻസ്കി എന്നിവരുമായി ത്രിരാഷ്ട്ര കൂടിക്കാഴ്ച നടത്താൻ ആഗ്രഹിക്കുന്നതായും ന്യൂയോർക്ക് ടൈംസും സിഎൻഎന്നും റിപ്പോർട്ട് ചെയ്തു.

പുടിനുമായുള്ള കൂടിക്കാഴ്ച എവിടെ വെച്ചായിരിക്കുമെന്ന് ട്രംപ് സൂചന നൽകിയില്ല. 2021 ജൂണിൽ ജോ ബൈഡൻ ജനീവയിൽ വെച്ച് പുടിനുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷം നടക്കുന്ന ആദ്യത്തെ യുഎസ്-റഷ്യ ഉച്ചകോടിയായിരിക്കും ഇത്.

ബുധനാഴ്ച ക്രൈംലിനിൽ വെച്ച് യുഎസ് പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യൻ നേതാവുമായി കൂടിക്കാഴ്ച നടത്തിയതിന് ശേഷമാണ് ട്രംപും പുടിനും തമ്മിലുള്ള കൂടിക്കാഴ്ചയെക്കുറിച്ച് വൈറ്റ് ഹൗസ് ഉദ്യോഗസ്ഥർ യുഎസ് മാധ്യമങ്ങളെ അറിയിച്ചത്. കൂടിക്കാഴ്ചയ്ക്ക് ശേഷം, യുക്രെയ്നിലെ യുദ്ധം അവസാനിപ്പിക്കുന്നതിനുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായി എന്ന് ട്രംപ് അവകാശപ്പെട്ടു.

അടുത്ത ആഴ്ചതന്നെ പുടിനുമായി ഒറ്റയ്ക്ക് കൂടിക്കാഴ്ച നടത്താനും, തുടർന്ന് വോലോഡിമിർ സെലെൻസ്കിയുമായി കൂടിക്കാഴ്ച നടത്താനും താൻ പദ്ധതിയിടുന്നതായി ട്രംപ് യൂറോപ്യൻ നേതാക്കളോട് പറഞ്ഞതായി ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തു.

വിറ്റ്കോഫും പുടിനും തമ്മിലുള്ള ചർച്ചകളിൽ വലിയ പുരോഗതിയുണ്ടായെന്നതിനെ അതിശയോക്തിപരമായി കാണരുതെന്ന് യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ പറഞ്ഞു. “പ്രസിഡന്റിന് വ്ളാഡിമിർ പുടിനെയും സെലെൻസ്കിയെയും സമീപഭാവിയിൽ കാണാൻ അവസരം ലഭിക്കുമെന്ന് പ്രതീക്ഷിക്കുന്നു,” റൂബിയോ മാധ്യമപ്രവർത്തകരോട് പറഞ്ഞു. “എന്നാൽ അത് സംഭവിക്കുന്നതിന് മുമ്പ് ഒരുപാട് കാര്യങ്ങൾ നടക്കേണ്ടതുണ്ട്. പ്രത്യേകിച്ചും റഷ്യയുടെ സൈനികമായ അവകാശവാദങ്ങൾ ഉൾപ്പെടെ സമാധാനത്തിന് ഇപ്പോഴും നിരവധി “തടസ്സങ്ങൾ” നിലനിൽക്കുന്നുണ്ടെന്നും, വെടിനിർത്തലിന് വ്യക്തമായ ഒരു നിർദ്ദേശം ഇപ്പോഴില്ലെന്നും അദ്ദേഹം പറഞ്ഞു.

“റഷ്യ ഏത് സാഹചര്യത്തിലാണ് യുദ്ധം അവസാനിപ്പിക്കാൻ തയ്യാറാകുകയെന്നതിനെക്കുറിച്ച് നമുക്ക് വ്യക്തമായ ധാരണയുണ്ട്. ഇനി യുക്രേനിയക്കാർ എന്താണ് അംഗീകരിക്കാൻ തയ്യാറാകുന്നത് എന്ന് പരിശോധിക്കണം,” അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യ സമാധാനക്കരാറിലെത്താൻ ട്രംപ് നിശ്ചയിച്ച സമയപരിധിക്ക് രണ്ട് ദിവസം മുൻപാണ് വിറ്റ്കോഫിന്റെ മൂന്ന് മണിക്കൂർ നീണ്ട ചർച്ച നടന്നത്.

“എന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫ് റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനുമായി വളരെ നല്ല കൂടിക്കാഴ്ച നടത്തി,” ട്രംപ് സോഷ്യൽ മീഡിയയിൽ കുറിച്ചു. “വലിയ പുരോഗതിയുണ്ടായി! അതിനുശേഷം ഞാൻ യൂറോപ്യൻ സഖ്യകക്ഷികളെ വിവരങ്ങൾ അറിയിച്ചു. ഈ യുദ്ധം അവസാനിക്കണമെന്ന് എല്ലാവരും ആഗ്രഹിക്കുന്നു, വരുന്ന ദിവസങ്ങളിലും ആഴ്ചകളിലും ഞങ്ങൾ അതിനുവേണ്ടി പ്രവർത്തിക്കും.”

ചർച്ചകളെക്കുറിച്ച് ട്രംപ് കൂടുതൽ വിവരങ്ങൾ നൽകിയില്ല. പുടിൻ ചർച്ചക്ക് തയ്യാറാണെന്ന ട്രംപിന്റെ മുൻകാല അവകാശവാദങ്ങൾ കാര്യമായ പുരോഗതി ഉണ്ടാക്കാത്തതുകൊണ്ട് ചില വിശകലന വിദഗ്ധർ ഈ പ്രസ്താവനകളെ സംശയത്തോടെ കാണുന്നുണ്ട്. പുടിൻ ഇതുവരെ കാര്യമായ വിട്ടുവീഴ്ചകൾക്ക് തയ്യാറാണെന്ന് സൂചന നൽകിയിട്ടില്ല.

അതേസമയം, ട്രംപിനുള്ള ഒരു വാഗ്ദാനമെന്ന നിലയിൽ ദീർഘദൂര ആക്രമണങ്ങൾ ഇരുപക്ഷവും അവസാനിപ്പിക്കാൻ ക്രെംലിൻ നിർദ്ദേശിച്ചേക്കാമെന്ന് സ്ഥിരീകരിക്കാത്ത റിപ്പോർട്ടുകളുണ്ട്. ബുധനാഴ്ചത്തെ ക്രെംലിൻ ചർച്ചകളിൽ ഈ സാധ്യത ചർച്ച ചെയ്തോ എന്ന് ഇതുവരെ അറിവായിട്ടില്ല.

content summary: Trump could meet Putin for Ukraine war talks

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×