അമേരിക്ക-ഇസ്രയേല്‍ സഖ്യം ഇറാനുമായി നടത്തുന്ന യുദ്ധത്തെ വിമര്‍ശിച്ച മാര്‍പ്പാപ്പ ലിയോ പതിനാലാമനെതിരെ രൂക്ഷ പരിഹാസവുമായി പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മാര്‍പ്പാപ്പ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ ‘ദുര്‍ബലനാണെന്നും’ വിദേശനയങ്ങളില്‍ ‘ഭീകരനാണെന്നും’ സോഷ്യല്‍ മീഡിയയിലൂടെ ട്രംപ് കുറ്റപ്പെടുത്തി. കത്തോലിക്കാ സഭയുടെ തലവന്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ മൃദുസമീപനം സ്വീകരിക്കുന്ന ആളാണെന്നും തീവ്ര ഇടതുപക്ഷത്തെ പ്രീണിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നതെന്നും ട്രംപ് ആരോപിച്ചു.
ഏപ്രില്‍ 12 ഞായറാഴ്ച തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ പങ്കുവെച്ച പോസ്റ്റിലാണ് ട്രംപ് മാര്‍പ്പാപ്പയ്ക്കെതിരെ ആഞ്ഞടിച്ചത്. ‘അമേരിക്കന്‍ പ്രസിഡന്റിനെ വിമര്‍ശിക്കുന്ന ഒരു മാര്‍പ്പാപ്പയെ എനിക്ക് ആവശ്യമില്ല, കാരണം എന്നെ എന്തിനാണോ തിരഞ്ഞെടുത്തത് അത് തന്നെയാണ് ഞാന്‍ ചെയ്യുന്നത്,’ ട്രംപ് കുറിച്ചു. അമേരിക്കയില്‍ ജനിച്ച ആദ്യ മാര്‍പ്പാപ്പയായ ലിയോ പതിനാലാമന്‍, താന്‍ വൈറ്റ് ഹൗസില്‍ ഇല്ലായിരുന്നുവെങ്കില്‍ വത്തിക്കാനില്‍ എത്തുമായിരുന്നില്ലെന്നും ട്രംപ് അവകാശപ്പെട്ടു.
‘ലിയോ എന്നോട് നന്ദിയുള്ളവനായിരിക്കണം. കാരണം എല്ലാവര്ക്കും അറിയാവുന്നത് പോലെ അദ്ദേഹം ഒരു ഞെട്ടിക്കുന്ന സര്‍പ്രൈസ് ആയിരുന്നു. മാര്‍പ്പാപ്പയാകാനുള്ള ഒരു പട്ടികയിലും അദ്ദേഹം ഉണ്ടായിരുന്നില്ല. അദ്ദേഹം ഒരു അമേരിക്കക്കാരനായതുകൊണ്ട് മാത്രമാണ് സഭ അദ്ദേഹത്തെ അവിടെ ഇരുത്തിയത്. പ്രസിഡന്റ് ഡൊണാള്‍ഡ് ജെ. ട്രംപിനെ കൈകാര്യം ചെയ്യാനുള്ള ഏറ്റവും നല്ല മാര്‍ഗം അതായിരിക്കുമെന്ന് അവര്‍ കരുതി,’ ട്രംപ് കുറിച്ചു.
കഴിഞ്ഞ കുറച്ച് ആഴ്ചകളായി ഇറാനുമായുള്ള യുദ്ധത്തിനെതിരെ മാര്‍പ്പാപ്പ ശക്തമായ നിലപാടാണ് സ്വീകരിച്ചിരുന്നത്. ഏപ്രില്‍ 11-ന് വത്തിക്കാനിലെ സെന്റ് പീറ്റേഴ്സ് ബസിലിക്കയില്‍ നടന്ന പ്രാര്‍ത്ഥനാ ചടങ്ങില്‍, ലോകത്തെ വലയം ചെയ്തിരിക്കുന്നതും പ്രവചനാതീതവും ആക്രമണാത്മകവുമായി മാറിക്കൊണ്ടിരിക്കുന്നതുമായ ‘സര്‍വ്വശക്തിയുടെ വ്യാമോഹത്തെ’ അദ്ദേഹം അപലപിച്ചിരുന്നു. ‘സ്വയം ആരാധിക്കുന്ന രീതിയും പണത്തോടുള്ള ആര്‍ത്തിയും അവസാനിപ്പിക്കൂ! അധികാര പ്രകടനങ്ങളും യുദ്ധങ്ങളും മതിയാക്കൂ! ജീവനെ സേവിക്കുന്നതിലാണ് യഥാര്‍ത്ഥ കരുത്ത് കാണിക്കേണ്ടത്,’ എന്നായിരുന്നു മാര്‍പ്പാപ്പയുടെ വാക്കുകള്‍.
യുദ്ധവിമര്ശനത്തിന് പുറമെ, മുന്‍ പ്രസിഡന്റ് ബരാക് ഒബാമയുടെ ഉപദേശകനും ഡെമോക്രാറ്റിക് തന്ത്രജ്ഞനുമായ ഡേവിഡ് ആക്സല്‍റോഡുമായി ചിക്കാഗോ സ്വദേശിയായ മാര്‍പ്പാപ്പ നടത്തിയ അടച്ചിട്ട മുറിയിലെ കൂടിക്കാഴ്ചയും ട്രംപിനെ ചൊടിപ്പിച്ചു. ‘ലിയോ കുറ്റകൃത്യങ്ങളുടെ കാര്യത്തിലും ആണവായുധങ്ങളുടെ കാര്യത്തിലും ദുര്‍ബലനാണ്. അത് എനിക്ക് അംഗീകരിക്കാനാവില്ല. കൂടാതെ ഇടതുപക്ഷത്തെ പരാജയമായ ഡേവിഡ് ആക്സല്റോഡിനെപ്പോലെയുള്ള ഒബാമ അനുകൂലികളുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തുന്നതും ശരിയല്ല,’ ട്രംപ് വ്യക്തമാക്കി. ഈസ്റ്റര്‍ ദിന സന്ദേശത്തിലും ആയുധങ്ങള്‍ താഴെ വെക്കാനും സമാധാനം തിരഞ്ഞെടുക്കാനും മാര്‍പ്പാപ്പ ലോകനേതാക്കളോട് അഭ്യര്‍ത്ഥിച്ചിരുന്നു.
‘ലിയോ ഒരു മാര്‍പ്പാപ്പ എന്ന നിലയില്‍ കാര്യക്ഷമമായി പ്രവര്‍ത്തിക്കണം. സാമാന്യബുദ്ധി ഉപയോഗിക്കുകയും തീവ്ര ഇടതുപക്ഷത്തെ പ്രീണിപ്പിക്കുന്നത് അവസാനിപ്പിക്കുകയും വേണം. ഒരു രാഷ്ട്രീയക്കാരനാകാതെ മികച്ച ഒരു മാര്‍പ്പാപ്പയാകാന്‍ അദ്ദേഹം ശ്രദ്ധിക്കണം. അദ്ദേഹത്തിന്റെ ഇപ്പോഴത്തെ നിലപാട് അദ്ദേഹത്തെയും അതിലുപരി കത്തോലിക്കാ സഭയെയും മോശമായി ബാധിക്കുന്നു.’ ഫ്ലോറിഡയില്‍ നിന്ന് മടങ്ങിയെത്തിയ ശേഷം മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കവെ, താന്‍ ‘ലിയോയുടെ വലിയ ആരാധകനല്ല’ എന്നും ട്രംപ് ആവര്‍ത്തിച്ചു.
യുഎസ് ഉദ്യോഗസ്ഥര്‍ ഇറാന് യുദ്ധത്തെ ന്യായീകരിക്കാന്‍ മതപരമായ ഭാഷ ഉപയോഗിക്കുന്നതിനെ മാര്‍പ്പാപ്പ വെള്ളിയാഴ്ച രൂക്ഷമായി വിമര്‍ശിച്ചിരുന്നു. ‘ദൈവം ഒരു സംഘര്‍ഷത്തെയും അനുഗ്രഹിക്കുന്നില്ല. സമാധാനത്തിന്റെ രാജകുമാരനായ ക്രിസ്തുവിന്റെ അനുയായികള്‍ ഒരിക്കലും ബോംബുകള്‍ വര്‍ഷിക്കുന്നവരുടെ പക്ഷത്തല്ല,’ എന്ന് അദ്ദേഹം എക്സില്‍ കുറിച്ചു. ശനിയാഴ്ച നടന്ന പ്രാര്‍ത്ഥനാ യോഗത്തില്‍, ‘അധികാരപ്രകടനങ്ങളും യുദ്ധങ്ങളും മതിയാക്കൂ’ എന്നും അദ്ദേഹം ആഹ്വാനം ചെയ്തു. ഇറാന്റെ സംസ്കാരത്തെ തുടച്ചുനീക്കുമെന്ന ട്രംപിന്റെ ഭീഷണി അങ്ങേയറ്റം ‘അംഗീകരിക്കാനാവാത്തതാണെന്ന്’ പറഞ്ഞ മാര്‍പ്പാപ്പ, യുദ്ധം അവസാനിപ്പിക്കാന്‍ രാഷ്ട്രീയ പ്രതിനിധികളില്‍ സമ്മര്‍ദ്ദം ചെലുത്താന്‍ വിശ്വാസികളോട് ആവശ്യപ്പെട്ടിരുന്നു.
എന്നാല്‍, റെക്കോര്‍ഡ് ഭൂരിപക്ഷത്തില്‍ തിരഞ്ഞെടുക്കപ്പെട്ട തന്നെ വിമര്‍ശിക്കാന്‍ മാര്‍പ്പാപ്പയ്ക്ക് അവകാശമില്ലെന്നാണ് ട്രംപിന്റെ പക്ഷം. ഞായറാഴ്ച രാത്രി വൈകി ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍ പ്ലാറ്റ്ഫോമില്‍ നിര്‍മ്മിതബുദ്ധി ഉപയോഗിച്ച് തയ്യാറാക്കിയ ഒരു ചിത്രം പങ്കുവെച്ചു. മതപരമായ വസ്ത്രങ്ങള്‍ ധരിച്ച ട്രംപ് ആശുപത്രിയില്‍ കിടക്കുന്ന ഒരാളുടെ നെറ്റിയില്‍ കൈവെക്കുന്നതും പശ്ചാത്തലത്തില്‍ അമേരിക്കന്‍ പതാകയും യുദ്ധവിമാനങ്ങളും കാണപ്പെടുന്നതുമായ ചിത്രമാണിത്. അമേരിക്കയിലെ ദശലക്ഷക്കണക്കിന് കത്തോലിക്കാ വിശ്വാസികളെയും വൈസ് പ്രസിഡന്റ് ജെ.ഡി. വാന്‍സ് ഉള്‍പ്പെടെയുള്ള ഭരണകൂടത്തിലെ ഉന്നത ഉദ്യോഗസ്ഥരെയും ട്രംപിന്റെ ഈ കടുത്ത നിലപാട് പ്രതിസന്ധിയിലാക്കിയേക്കും.
Content Summary: US President Donald Trump Criticizes Pope Leo XIV following of pontiff’s public condemnation of the war in Iran
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.