June 26, 2026 |
Share on

‘ട്രംപിന്റേത് സ്വേച്ഛാധിപത്യം ‘; ലോസ് ആഞ്ചൽസിൽ 4000 നാഷണൽ ​ഗാർഡുകളെ വിന്യസിപ്പിച്ച് ഫെഡറൽ സർക്കാർ

ഇതോടെ ഫെഡറൽ സർക്കാരും കാലിഫോർണിയൻ നേതാക്കളും തമ്മിലുള്ള സംഘർഷവും വർദ്ധിക്കുകയുണ്ടായി

അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്ത് നാടു കടത്താനുള്ള ട്രംപിന്റെ നടപടിയെ ചൊല്ലിയുണ്ടായ പ്രതിഷേധം കനക്കുമ്പോൾ കൂടുതൽ സുരക്ഷാ ഉദ്യോ​ഗസ്ഥരെ ന​ഗരത്തിൽ വിന്യസിപ്പിച്ച് ട്രംപ് ഭരണകൂടം. 4000ത്തോളം സുരക്ഷാ അം​ഗങ്ങളെയാണ് ന​​ഗരത്തിൽ വിന്യസിപ്പിച്ചത്. കുടിയേറ്റക്കാർക്ക് എതിരെയുള്ള ഭരണകൂട ആക്രമണം കനത്തതോടെയാണ് പ്രതിഷേധവുമായി ജനങ്ങൾ തെരുവിലിറങ്ങിയത്. ഇതോടെ ഫെഡറൽ സർക്കാരും കാലിഫോർണിയൻ നേതാക്കളും തമ്മിലുള്ള സംഘർഷവും വർദ്ധിക്കുകയുണ്ടായി.

ഫെഡറൽ സർക്കാ‌‍ർ കുടിയേറ്റക്കാർക്കെതിരെ നടത്തിയ റെയ്ഡുകൾ ദിവസ വേതനക്കാരായ തൊഴിലാളികളെ കാര്യമായി ബാധിച്ചിരുന്നു. കൂടാതെ ന​ഗരത്തെയാകെ സ്തംഭനാവസ്ഥയിലാക്കുകയും ചെയ്തു. യുഎസ് ഇമി​ഗ്രേഷൻ ആന്റ് കസ്റ്റംസ് നടത്തിയ അറസ്റ്റുകൾക്കിടയിൽ കമ്മ്യൂണിറ്റി നിരീക്ഷകനായി സേവനമനുഷ്ഠിച്ചിരുന്ന ഒരു ഉദ്യോ​ഗസ്ഥനെയും ഏജന്റുമാർ അറസ്റ്റ് ചെയ്തിരുന്നു. കണ്ണീർ വാതകവും മറ്റു ആയുധങ്ങളും ഉപയോ​ഗിച്ചായിരുന്നു പ്രതിഷേധ സംഘത്തെ ഉദ്യോ​ഗസ്ഥർ നേരിട്ടത്. എന്നാൽ അതിക്രൂരമായ തരത്തിലുള്ള ഉപദ്രവങ്ങൾ ഏൽക്കേണ്ടി വന്നെങ്കിലും തടവിലാക്കപ്പെട്ട കുടുംബാം​ഗങ്ങളെ വിട്ടയക്കണമെന്ന് ആവശ്യപ്പെട്ട് അതിന്റെ അടുത്ത ദിവസങ്ങളിലും പ്രതിഷേധം ശക്തമായിരുന്നു. പ്രതിഷേധം ശക്തമായപ്പോൾ പ്രതിഷേധക്കാർക്കെതിരെ 700ഓളം മറൈൻ സൈനികരെ ട്രംപ് വിന്യസിപ്പിച്ചിരുന്നു. മൂന്നുറോളം വരുന്ന നാഷണൽ ​ഗൈഡുകളെ നിയമിച്ചതിന്ന് പുറമേയായിരുന്നു ഇത്. നാഷണൽ ​ഗാർഡിനെ ഇറക്കിയ ട്രംപ് നടപടിക്കെതിരെ വ്യാപക പ്രതിഷേധമുയർന്നിട്ടുണ്ട്. നാഷണൽ ​ഗാ‌ർഡുകളെ ഇറക്കി പ്രതിഷേധം ആളിക്കത്തിക്കാനാണ് ട്രംപിന്റെ ശ്രമമെന്ന് കാലിഫോർണിയ ​ഗവർണർ ​ഗാവിൻ ന്യൂസോം പറഞ്ഞു. പ്രാദേശിക പോലീസിന് കൈകാര്യം ചെയ്യാവുന്ന പ്രശ്നങ്ങൾ മാത്രമേ ന​ഗരത്തിലൊള്ളൂവെന്ന് ​ഗവർണർ പറഞ്ഞു. ട്രംപ് ഭരണകൂടത്തിനെതിരെ ​ഗവർണർ കേസ് ഫയൽ ചെയ്യുകയും ചെയ്തു.

1965ന് ശേഷം ഇതാദ്യമായാണ് ​ഗവർണറുടെ അനുമതിയില്ലാതെ ഒരു പ്രസിഡന്റ് നാഷണൽ ​ഗാർഡിനെ വിന്യസിപ്പിക്കുന്നത്. അനധികൃത കുടിയേറ്റക്കാരെ അറസ്റ്റ് ചെയ്യാനുള്ള ഫെഡരൽ ​ഗവൺമെന്റിന്റെ നീക്കത്തിനെതിരെയാണ് ലോസ് ആഞ്ചൽസിൽ പ്രതിഷേധം കനക്കുന്നത്. ശനിയാഴ്ച ലോസ് ആഞ്ചൽസിലെ പാരാ മൗണ്ടിൽ ആരംഭിച്ച പ്രതിഷേധമായിരുന്നു സംഘർഷത്തിലേക്ക് വഴി മാറിയത്. ട്രംപ് നാഷണൽ ​ഗാർഡിനെ ഇറക്കിയതോടെ പ്രതിഷേധം കൂടുതൽ രൂക്ഷമായി. രാജ്യത്തെ തന്നെ ഏറ്റവും വലിയ ന​ഗരങ്ങളിൽ ഒന്നായ ലോസ് ആഞ്ചൽസിലെ ജനസംഖ്യയുടെ മൂന്നിലൊന്ന് കുടിയേറ്റക്കാരാണ്. അതുകൊണ്ടാവാം ട്രംപ് ലോസ് ആഞ്ചൽസിനെ ലക്ഷ്യം വയ്ക്കുന്നതെന്ന് കരുതാം. കഴിഞ്ഞ മാസം 239 അനധികൃത കുടിയേറ്റക്കാരെയാണ് ന​ഗരത്തിൽ നിന്ന് അറസ്റ്റ് ചെയ്തത്. അറസ്റ്റിലായവരുടെ എണ്ണം കുറഞ്ഞു പോയെന്ന ട്രംപിന്റെ പരാമർശത്തെ തുടർന്നാണ് ഇമി​ഗ്രേഷൻ ആന്റ് കസ്റ്റംസ് എൻഫോഴ്സ്മെന്റ് നടപടികൾ കർശനമാക്കിയത്. ഒരു ദിവസം കുറഞ്ഞത് മൂവായിരം പേരെയെങ്കിലും അറസ്റ്റ് ചെയ്യണമെന്നാണ് സര്‍ക്കാര്‍ ഐസിഇക്ക് നല്‍കിയിരിക്കുന്ന നിര്‍ദേശം. ഇത് നടപ്പിലാക്കാനുള്ള ശ്രമമാണ് വ്യാപക പ്രതിഷേധത്തില്‍ കലാശിച്ചത്.

content summary: Trump deploys thousands more troops in an action California leaders have condemned as “authoritarian.”

Leave a Reply

Your email address will not be published. Required fields are marked *

×