പുറത്തായൊരു ആഭ്യന്തര മെമ്മോ ബിസിസിയില്‍ പൊട്ടിത്തെറികള്‍ ഉണ്ടാക്കുന്നു. അതിന്റെ സിഇഒയ്ക്ക് തന്നെ സ്ഥാനം രാജിവയ്‌ക്കേണ്ടി വന്നിരിക്കുകയാണ്. പക്ഷപാതപരമായ റിപ്പോര്‍ട്ടിംഗ് നടത്തുന്നുവെന്നാണ് ബിബിസിക്കെതിരേ ഉയര്‍ന്നിരിക്കുന്ന ആരോപണം.
എന്നാല്‍, ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട വാര്‍ത്ത മാധ്യമങ്ങളില്‍ ഒന്നായ ബിബിസിക്ക് യാതൊരുവിധ പക്ഷപാതവും ഇല്ലെന്ന് ആവര്‍ത്തിച്ചിരിക്കുകയാണ് രാജിവച്ച ന്യൂസ് ആന്‍ഡ് കറന്റ് അഫയേഴ്സ് മേധാവി ഡെബോറ ടര്‍നസ്.
തിങ്കളാഴ്ച രാവിലെ ലണ്ടനിലെ ബിബിസി ബ്രോഡ്കാസ്റ്റിംഗ് ഹൗസിലേക്ക് പ്രവേശിക്കുന്നതിനു മുമ്പായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴായിരുന്നു ബിബിസി ന്യൂസിന് പക്ഷപാതമില്ല’ എന്ന് അവര്‍ ഉറപ്പിച്ചു പറഞ്ഞത്. ഉത്തരവാദിത്തം എനിക്കാണ്, പക്ഷേ സ്ഥാപനത്തിന് പക്ഷപാതം ഇല്ല, എന്നാണവര്‍ പറഞ്ഞത്. ബിബിസിയിലെ 6,000-ത്തോളം വരുന്ന ജീവനക്കാരുടെ ടീമിനെ നയിച്ചിരുന്നത് ടര്‍നസ് ആയിരുന്നു.
ടര്‍നസ് 2022 മുതല്‍ ബിബിസി ന്യൂസ് സിഇഒ ആയി പ്രവര്‍ത്തിച്ചു വരികയായിരുന്നു. നേരത്തെ അവര്‍ ഐടിവി ന്യൂസിന്റെ എഡിറ്ററായും 2013 മുതല്‍ എന്‍ബിസി ന്യൂസ് ഓപ്പറേഷന്റെ മേധാവിയായും അവര്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
‘ബിബിസി ന്യൂസിന്റെ സിഇഒ ആയി സേവനമനുഷ്ഠിക്കാന്‍ കഴിഞ്ഞത് എന്റെ ഔദ്യോഗിക ജീവിതത്തിലെ ഒരു വിശേഷാധികാരമാണ്, വാര്‍ത്താ റിപ്പോര്‍ട്ടിംഗുമായി ബന്ധപ്പെട്ട വിഷയങ്ങളെല്ലാം എന്റെ ഉത്തരവാദിത്തമായിരുന്നു.അതുകൊണ്ട് തന്നെയാണ് ഈ രാജി. എന്നാല്‍ ഒരു കാര്യം ഞാന്‍ വ്യക്തമാക്കാന്‍ ആഗ്രഹിക്കുന്നു, ബിബിസി ന്യൂസിന് സ്ഥാപനവല്‍കൃതമായ പക്ഷപാതമില്ല. അതുകൊണ്ടാണ് ഇത് ലോകത്തിലെ ഏറ്റവും വിശ്വാസ്യതയുള്ള വാര്‍ത്താ ദാതാവായി നിലനില്‍ക്കുന്നത്.’ അവര്‍ പറഞ്ഞു.
ഞങ്ങളുടെ പത്രപ്രവര്‍ത്തകര്‍ അഴിമതിക്കാരല്ല, അവരുടെ പത്രപ്രവര്‍ത്തനത്തില്‍ എനിക്ക് ഉറപ്പുണ്ടെന്നാണ് ടര്‍നസ് പറഞ്ഞത്. തെറ്റുകള്‍ സംഭവിക്കാറുണ്ട്, പക്ഷേ അത് സ്ഥാപനവല്‍കൃത പക്ഷപാതമല്ല’ എന്നും ചോദ്യങ്ങള്‍ക്ക് മറുപടിയായി ടര്‍നസ് പറഞ്ഞു.
അതേസമയം ബിബിസി മുന്‍ അവതാരകന്‍ മാര്‍ക്ക് അര്‍ബന്‍ ടര്‍നസിനെ കുറ്റപ്പെടുത്തിയാണ് പ്രതികരണം നടത്തിയത്. ബിബിസിയുടെ പ്രമുഖ കറന്റ് അഫയേഴ്സ് പരിപാടിയായ ‘ന്യൂസ്നൈറ്റി’ലെ മുന്‍ അവതാരകനായിരുന്നു മാര്‍ക്ക് അര്‍ബന്‍. ബിബിസി സമീപ വര്‍ഷങ്ങളില്‍ മാറിയിട്ടുണ്ടെന്നാണ് അദ്ദേഹം സ്‌കൈ ന്യൂസിനോട് പ്രതികരിച്ചത്.
ബിബിസിയുടെ വാര്‍ത്താ മുറികളില്‍ തലമുറകള്‍ക്കിടയില്‍ നടക്കുന്ന പിരിമുറുക്കമാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമെന്നാണ് മാര്‍ക് പറയുന്നത്. ‘മറ്റ് പൊതു ധനസഹായം ലഭിക്കുന്ന സ്ഥാപനങ്ങളെപ്പോലെ ബിബിസിയും സമീപ വര്‍ഷങ്ങളില്‍ മാറിയിട്ടുണ്ട്. ചെറുപ്പക്കാരായ ജീവനക്കാര്‍ കൂടുതല്‍ അവബോധമുള്ളവരാണ്. യുവതലമുറയും പഴയ തലമുറയും തമ്മിലുള്ള ഈ പിരിമുറുക്കമാണ് ഇവിടെ പൊട്ടിപ്പുറപ്പെട്ടത്. ബിബിസി, ഡെബോറ ടര്‍നസ് ഉള്‍പ്പെടെയുള്ളവര്‍, പക്ഷപാതം പരിശോധിക്കുന്നതിനുള്ള അവരുടെ സ്വന്തം ആഭ്യന്തര സംവിധാനത്തിന്റെ ശുപാര്‍ശകള്‍ അംഗീകരിക്കാനും അതനുസരിച്ച് പ്രവര്‍ത്തിക്കാനും തയ്യാറായില്ലെന്നാണ് മാര്‍ക് ആരോപിക്കുന്നത്.
എന്താണ് ബിബിസിയില്‍ സംഭവിച്ചത്?
2021 ജനുവരി 6-ന് നടന്ന യുഎസ് കാപിറ്റോള്‍ കലാപത്തിന് മുമ്പ്, അന്നത്തെ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പ്രസംഗം തെറ്റിദ്ധാരണയുണ്ടാക്കുന്ന രീതിയില്‍ എഡിറ്റ് ചെയ്തെന്ന റിപ്പോര്‍ട്ടിനെത്തുടര്‍ന്നാണ് ബിബിസിയിലെ രണ്ട് ഉന്നതന്മാരായ ബിബിസി ഡയറക്ടര്‍ ജനറല്‍ ടിം ഡേവിയും ബിബിസി ന്യൂസ് ചീഫ് എക്‌സിക്യൂട്ടീവായ ഡെബോറ ടര്‍നസും ഞായറാഴ്ച്ച അപ്രതീക്ഷിതമായി രാജിവച്ചത്.
‘ദി ഡെയ്ലി ടെലിഗ്രാഫ്’ പത്രം ചോര്‍ന്നുകിട്ടിയ ഒരു ആഭ്യന്തര മെമ്മോയുടെ വിശദാംശങ്ങള്‍ പ്രസിദ്ധീകരിച്ചതിന് തൊട്ടുപിന്നാലെയായിരുന്നു രണ്ടു പേരുടെയും രാജി. ബിബിസിയുടെ ‘പനോരമ’ ഡോക്യുമെന്ററിയില്‍ ട്രംപിന്റെ അഭിപ്രായങ്ങള്‍ കൂട്ടിച്ചേര്‍ത്തത് 2021 ജനുവരി 6-ലെ കാപിറ്റോള്‍ ആക്രമണത്തെ അദ്ദേഹം പരസ്യമായി പ്രോത്സാഹിപ്പിച്ചു എന്ന് തോന്നിപ്പിക്കുന്ന രീതിയിലായിരുന്നു എന്നാണ് മെമ്മോയില്‍ ആരോപിച്ചത്.
പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് തന്റെ ‘ട്രൂത്ത് സോഷ്യല്‍’ അക്കൗണ്ടിലെ പോസ്റ്റിലൂടെ രണ്ടുപേരുടെയും രാജികളെ സ്വാഗതം ചെയ്തിട്ടുണ്ട്.
ലോകത്തിലെ ഏറ്റവും വലിയ പൊതു സേവന പ്രക്ഷേപണ സ്ഥാപനമാണ്, ഏകദേശം 21,000 ജീവനക്കാരുള്ള ബിബിസി.
മെമ്മോയിലെ ചോര്‍ന്നു കിട്ടിയ വിവരങ്ങളോട് വൈറ്റ് ഹൗസ് രൂക്ഷമായാണ് പ്രതികരിച്ചത്. കാപിറ്റോള്‍ കലാപത്തെക്കുറിച്ചുള്ള ചിത്രീകരണം ‘ദുരുദ്ദേശ്യപരമായി സത്യസന്ധതയില്ലാത്തതാണ്’ എന്നായിരുന്നു വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലീവിറ്റ് പ്രതികരിച്ചത്. ഇതോടെയാണ് ഉന്നതരുടെ മേലുള്ള സമ്മര്‍ദ്ദം വര്‍ധിച്ചത്.
ഇക്കഴിഞ്ഞ ജൂണ്‍ വരെ ബിബിസിയുടെ എഡിറ്റോറിയല്‍ സ്റ്റാന്‍ഡേര്‍ഡ്സ് കമ്മിറ്റിയിലെ പുറത്തു നിന്നുള്ള ഉപദേഷ്ടാവായിരുന്ന മൈക്കിള്‍ പ്രെസ്‌കോട്ട് ആയിരുന്നു ഈ വിവാദ മെമ്മോ തയ്യാറാക്കിയത്. കഴിഞ്ഞ വര്‍ഷം സംപ്രേക്ഷണം ചെയ്ത ‘ട്രംപ്: എ സെക്കന്‍ഡ് ചാന്‍സ്?’ എന്ന ഡോക്യുമെന്ററിയില്‍, ട്രംപ് 50 മിനിറ്റ് വ്യത്യാസത്തില്‍ നടത്തിയ അഭിപ്രായങ്ങളുടെ ദൃശ്യങ്ങള്‍ കൂട്ടിച്ചേര്‍ത്തിരുന്നുവെന്നാണ് മെമ്മോയില്‍ ചൂണ്ടിക്കാണിക്കുന്നത്.
പ്രെസ്‌കോട്ടിന്റെ മെമ്മോയില്‍ ഗുരുതരമായ വേറെയും ആരോപണങ്ങള്‍ ഉണ്ടായിരുന്നു. ട്രാന്‍സ്ജെന്‍ഡര്‍ അവകാശങ്ങളെക്കുറിച്ച് പ്രയാസകരമായ ചോദ്യങ്ങള്‍ ഉയര്‍ത്തുന്ന വാര്‍ത്തകള്‍ ബിബിസി വേണ്ടത്ര കവര്‍ ചെയ്തില്ലെന്നതായിരുന്നു അതില്‍ ഒന്ന്. അതുപോലെ അറബിക്, സെമിറ്റിക് വിരുദ്ധ പരാമര്‍ശങ്ങള്‍ പോസ്റ്റ് ചെയ്ത ഒരു പത്രപ്രവര്‍ത്തകന് ബിബിസി വേദി നല്‍കിയെന്നും മെമ്മോയില്‍ വിമര്‍ശിക്കുന്നു.
ഈ വര്‍ഷം, ഗ്ലാസ്റ്റണ്‍ബറി സംഗീതോത്സവത്തിന്റെ തത്സമയ കവറേജില്‍, ഗായകന്‍ ബോബ് വൈലാന്‍ ഇസ്രയേലി സൈന്യത്തിനെതിരെ ആള്‍ക്കൂട്ടത്തെക്കൊണ്ട് മുദ്രാവാക്യം വിളിപ്പിച്ചപ്പോള്‍, അത് കട്ട് ചെയ്തു മാറ്റാന്‍ ബിബിസി തയ്യാറായില്ലെന്നതും വിമര്‍ശന വിഷയമാണ്.
കൂടാതെ, ഗാസയെക്കുറിച്ചുള്ള ഒരു ഡോക്യുമെന്ററിയില്‍ വിവരണം നല്‍കിയത് ഹമാസ് ഉദ്യോഗസ്ഥന്റെ മകനാണെന്ന് കാര്യം മറച്ചുവച്ചു കൊണ്ട് ബിബിസി പ്രക്ഷേപണ നിയമങ്ങള്‍ ‘ഗുരുതരമായി ലംഘിച്ചു’ എന്ന് ബ്രിട്ടനിലെ മാധ്യമ നിയന്ത്രണ ഏജന്‍സിയായ ഓഫ്കോം ഈ വര്‍ഷം വിധിച്ച കാര്യവും പറയുന്നു.
ബിബിസിക്ക് നേരെ എതിരാളികള്‍ പക്ഷപാതപരമായി നടത്തുന്ന ആക്രമണമാണ് ഇപ്പോള്‍ നടക്കുന്നതെന്നാണ് ചില മുതിര്‍ന്ന ബിബിസി സ്റ്റാഫുകള്‍ അഭിപ്രായപ്പെടുന്നത്.
ബ്രിട്ടനിലെ പ്രധാന പ്രതിപക്ഷമായ കണ്‍സര്‍വേറ്റീവ് പാര്‍ട്ടിയുടെ നേതാവ് കെമി ബേഡെനോക്ക് ബിബിസിയില്‍ നടന്ന രാജികളെ സ്വാഗതം ചെയ്തിട്ടുണ്ട്. എന്നാല്‍ കൂടുതല്‍ നടപടികള്‍ സ്ഥാപനത്തില്‍ വേണമെന്നാണ് അദ്ദേഹം അഭിപ്രായപ്പെടുന്നത്.
വൈറ്റ് ഹൗസ് പ്രസ് സെക്രട്ടറി കരോളിന്‍ ലീവിറ്റ് ഡേവിയുടെ രാജി ആഘോഷിച്ചത് സോഷ്യല്‍ മീഡിയയില്‍ രണ്ട് വാര്‍ത്താ ലേഖനങ്ങളുടെയും സ്‌ക്രീന്‍ഷോട്ടുകള്‍ പോസ്റ്റ് ചെയ്തുകൊണ്ടാണ്. ആദ്യത്തേത് ‘ട്രംപ് ‘വ്യാജ വാര്‍ത്ത’ ബിബിസിയുമായി യുദ്ധത്തിന് പോകുന്നു,’ രണ്ടാമത്തേത് ‘ട്രംപ് എഡിറ്റിംഗിനെ തുടര്‍ന്ന് ടിം ഡേവി ബിബിസി ഡയറക്ടര്‍ ജനറല്‍ സ്ഥാനം രാജിവെച്ചു.’ എന്നിങ്ങനെ കുറിക്കുകയും ചെയ്തു.
ആദ്യ ലേഖനത്തിന് മുകളില്‍ ”ഷോട്ട്” എന്നും രണ്ടാമത്തേതിന് മുകളില്‍ ”ചേസര്‍” എന്നും അവര്‍ എഴുതി(ഒരു വെടിവെപ്പിന് പിന്നാലെ നല്‍കുന്ന ‘കിക്ക്’ എന്ന അര്‍ത്ഥത്തില്‍, ട്രംപിന്റെ വിജയം സൂചിപ്പിക്കുന്നതായിരുന്നു അത്).
അതേസമയം, ലിബറല്‍ ഡെമോക്രാറ്റ് പാര്‍ട്ടി നേതാവ് എഡ് ഡേവി പ്രതികരിച്ചത്: ‘ട്രംപിന്റെ വൈറ്റ് ഹൗസ് ഡേവിയുടെ പതനത്തിന് ക്രെഡിറ്റ് എടുക്കുന്നതും ബിബിസിയെ ആക്രമിക്കുന്നതും നമ്മള്‍ എല്ലാവരെയും ആശങ്കപ്പെടുത്തണം.’ എന്നായിരുന്നു.
Content Summary: What happened in BBC? claims of institutional bias on Donald Trump documentary editing. Top two leaders quit.
This post was last modified on November 10, 2025 5:34 pm
Leave a Comment