ഇറാനില്‍ പ്രക്ഷോഭങ്ങള്‍ ശക്തമായി തുടരുന്നതിനിടെ ഭരണകൂടത്തിന് കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ന്യൂസ് നേഷന് നല്‍കിയ അഭിമുഖത്തിലാണ് ട്രംപ് തന്റെ നിലപാട് വ്യക്തമാക്കിയത്. രാജ്യത്തെ അശാന്തി തുടരുകയാണെങ്കില്‍ ‘ഇറാന്‍ പൂര്‍ണ്ണമായും തകര്‍ച്ചയിലേക്ക് നീങ്ങുമെന്ന്’ അദ്ദേഹം മുന്നറിയിപ്പ് നല്‍കി.
ഇസ്ലാമിക് റിപ്പബ്ലിക്കില്‍ ഭരണമാറ്റമുണ്ടാകണമെന്ന് ആഹ്വാനം ചെയ്തതിന് പിന്നാലെ, ഇറാന്‍ ഭരണകൂടത്തിന് വീണ്ടും കടുത്ത മുന്നറിയിപ്പുമായി യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് രംഗത്തെത്തി. ‘സമ്പൂര്‍ണ്ണ യുദ്ധത്തിന്’ തയ്യാറാണെന്ന ഇറാന്റെ പ്രകോപനപരമായ പ്രസ്താവനയോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.
”എന്തും സംഭവിക്കാമെന്ന കാര്യത്തില്‍ ഞാന്‍ നേരത്തെ തന്നെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ആ രാജ്യം മുഴുവന്‍ തകര്‍ച്ചയുടെ വക്കിലാണ്” ട്രംപ് കൂട്ടിച്ചേര്‍ത്തു.
ആയത്തുള്ള അലി ഖമേനിക്കെതിരെ അമേരിക്ക എന്തെങ്കിലും നടപടി സ്വീകരിച്ചാല്‍ കനത്ത പ്രത്യാഘാതമുണ്ടാകുമെന്ന് കഴിഞ്ഞദിവസം ഇറാന്‍ വീണ്ടും മുന്നറിയിപ്പ് നല്‍കി. അത്തരമൊരു നീക്കമുണ്ടായാല്‍ ‘ലോകത്തിന് തന്നെ തീയിടും’ എന്നാണ് ഇറാന്‍ പ്രഖ്യാപിച്ചത്. ഇരുരാജ്യങ്ങളും തമ്മിലുള്ള വാക്‌പോര് മുറുകുന്നതിനിടെയാണ് ടെഹ്റാന്റെ ഈ പുതിയ ഭീഷണി.
”ഞങ്ങളുടെ നേതാവിന് നേരെ ആക്രമണത്തിന്റെ കൈ നീട്ടിയാല്‍, ആ കൈ വെട്ടിക്കളയുക മാത്രമല്ല, അവരുടെ ലോകത്തിന് തന്നെ തീയിടുമെന്ന് ട്രംപിന് അറിയാം,” എന്ന് ഇറാന്‍ സായുധ സേനയുടെ വക്താവ് ജനറല്‍ അബോള്‍ഫാസല്‍ ഷെകാര്‍ച്ചി മുന്നറിയിപ്പ് നല്‍കിയതായി എപി റിപ്പോര്‍ട്ട് ചെയ്യുന്നു.
ഖമേനിയെ ഒരു ‘രോഗി’ എന്ന് വിശേഷിപ്പിച്ച ട്രംപിന്റെ പരാമര്‍ശമാണ് ഇറാനെ ചൊടിപ്പിച്ചത്. ഖമേനി രാജ്യം ശരിയായി ഭരിക്കണമെന്നും ജനങ്ങളെ കൊല്ലുന്നത് നിര്‍ത്തണമെന്നും പൊളിറ്റിക്കോയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ട്രംപ് പരിഹസിച്ചിരുന്നു. ഇതിനു തൊട്ടുപിന്നാലെയാണ് ഇറാന്റെ ഈ പ്രകോപനപരമായ പ്രസ്താവന പുറത്തുവന്നത്.
ഇറാനില്‍ തുടരുന്ന ആഭ്യന്തര പ്രക്ഷോഭങ്ങളില്‍ മരിച്ചവരുടെ എണ്ണം 4,500 കടന്ന പശ്ചാത്തലത്തിലാണ് യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ പരാമര്‍ശങ്ങള്‍. യുഎസ് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹ്യൂമന്‍ റൈറ്റ്‌സ് ആക്ടിവിസ്റ്റ് ന്യൂസ് ഏജന്‍സി ചൊവ്വാഴ്ച പുറത്തുവിട്ട ഏറ്റവും പുതിയ റിപ്പോര്‍ട്ട് പ്രകാരം, രാജ്യത്തെ പ്രതിഷേധങ്ങളില്‍ ഇതുവരെ 4,519 പേര്‍ കൊല്ലപ്പെട്ടു. പ്രക്ഷോഭവുമായി ബന്ധപ്പെട്ട് 26,300-ലധികം ആളുകളെ ഭരണകൂടം തടങ്കലിലാക്കിയിട്ടുണ്ടെന്നും കണക്കുകള്‍ വ്യക്തമാക്കുന്നു.
അനിയന്ത്രിതമായ പണപ്പെരുപ്പവും ഇറാനിയന്‍ കറന്‍സിയായ റിയാലിന്റെ മൂല്യത്തകര്‍ച്ചയും സൃഷ്ടിച്ച സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ഡിസംബര്‍ അവസാന വാരത്തിലാണ് ഇറാനില്‍ ജനകീയ പ്രക്ഷോഭങ്ങള്‍ പൊട്ടിപ്പുറപ്പെട്ടത്. ഭരണമാറ്റവും കര്‍ശനമായ രാഷ്ട്രീയ പരിഷ്‌കാരങ്ങളും ആവശ്യപ്പെട്ട് ആയിരക്കണക്കിന് ഇറാനികളാണ് തെരുവിലിറങ്ങിയിരിക്കുന്നത്. എന്നാല്‍, ഈ പ്രക്ഷോഭങ്ങള്‍ക്ക് പിന്നില്‍ വിദേശശക്തികളാണെന്നാണ് ഇറാന്‍ ഭരണകൂടത്തിന്റെ നിലപാട്. രാജ്യത്ത് മനഃപൂര്‍വം സംഘര്‍ഷങ്ങള്‍ സൃഷ്ടിക്കുന്നതിനും പ്രതിഷേധങ്ങള്‍ക്ക് ആക്കംകൂട്ടുന്നതിനും പിന്നില്‍ അമേരിക്കയും ഇസ്രയേലുമാണെന്ന് ഇറാന്‍ ആരോപിക്കുന്നു.
Content Summary: Trump-Iran war of words escalates fears of conflict
This post was last modified on January 21, 2026 11:13 am
Leave a Comment