ഇറാനും ഇസ്രായേലും തമ്മിലുള്ള സംഘർഷം രൂക്ഷമാകുന്ന സാഹചര്യത്തിൽ കാനഡയിൽ നടക്കുന്ന ഗ്രൂപ്പ് ഓഫ് സെവൻ ഉച്ചകോടിയിലേക്കുള്ള സന്ദർശനം വെട്ടിച്ചുരുക്കി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ‘വ്യക്തമായ കാരണങ്ങളാൽ തനിക്ക് നേരത്തെ തിരിച്ചെത്തേണ്ടതുണ്ട്,’ എന്നാണ് അദ്ദേഹം മാധ്യമ പ്രവർത്തകരോട് പറഞ്ഞത്. തിരിച്ചെത്തിയ ശേഷം വൈറ്റ് ഹൗസ് ദേശീയ സുരക്ഷാ കൗൺസിലിനോട് യോഗം ചേരാൻ അദ്ദേഹം നിർദ്ദേശിച്ചതായ റിപ്പോർട്ടുകൾ നേരത്തെ പ്രചരിച്ചിരുന്നു. അതെ സമയം, ഇസ്രയേലും ഇറാനും തമ്മിൽ ചർച്ചയ്ക്കുള്ള സാധ്യതയുണ്ടെന്നാണ് ട്രംപ് മറ്റ് നേതാക്കളോട് വ്യക്തമാക്കിയത്. എന്നാൽ ഇത് സംബന്ധിച്ച കൂടുതൽ വിവരങ്ങൾ വ്യക്തമാക്കിയിട്ടില്ല.
മിഡിൽ ഈസ്റ്റിൽ യുഎസിന്റെ പ്രതിരോധ നീക്കം വർദ്ധിപ്പിക്കുന്നതിനായി അധിക ശേഷികൾ വിന്യസിക്കുമെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്തും നേരത്തെ പ്രഖ്യാപിച്ചിരുന്നു. എന്നാൽ ഇറാനെതിരായ ഇസ്രായേലിന്റെ ആക്രമണ പ്രവർത്തനങ്ങളിൽ അമേരിക്ക പങ്കുചേരാൻ പോകുന്നുവെന്ന സൂചനകൾ അമേരിക്കൻ ഉദ്യോഗസ്ഥർ നിരസിച്ചു. ഇസ്രയേലിനും ഇറാനും തമ്മിലുളള സംഘർഷത്തിൽ ഐക്യം കണ്ടെത്താൻ ജി7 നേതാക്കൾ പാടുപെട്ടെങ്കിലും യുഎസും യുകെയും തമ്മിലുള്ള വ്യാപാര കരാർ ഉൾപ്പെടെ നിരവധി കാര്യങ്ങൾ നടപ്പിലായി എന്നാണ് ഒരു യുഎസ് ഉദ്യോഗസ്ഥൻ അഭിപ്രായപ്പെട്ടത്.
തിങ്കളാഴ്ച രാത്രിയോടെ കനേഡിയൻ റോക്കീസിലെ കനനാസ്കിസിൽ നടന്ന ലോക നേതാക്കളുടെ സമ്മേളനത്തിൽ നിന്ന് ട്രംപ് ഇറങ്ങുകയാണെന്ന് മാത്രമാണ് പ്രസിഡന്റിന്റെ പ്രസ് സെക്രട്ടറി പറഞ്ഞത്, ഇതോടെ ഉച്ചകോടിയുടെ അവസാന ദിവസമായ ചൊവ്വാഴ്ച ഷെഡ്യൂൾ നടക്കേണ്ടിയിരുന്ന യുക്രേനിയൻ നേതാവ് വോളോഡിമർ സെലെൻസ്‌കിയുമായും മെക്സിക്കൻ പ്രസിഡന്റ് ക്ലോഡിയ ഷെയിൻബോമിനുമായും ഉള്ള നേരിട്ടുള്ള കൂടിക്കാഴ്ചകൾക്ക് ട്രംപ് ഉണ്ടാവില്ല എന്നുറപ്പായി കഴിഞ്ഞ്. തുടർച്ചയായ അഞ്ചാം ദിവസവും ഇസ്രായേലും ഇറാനും പരസ്പരം ആക്രമണം നടത്തിയതിനു പിന്നാലെയാണ് ട്രംപിന്റെ പിന്മാറ്റം.
യുഎസ്-ഇറാൻ ആണവ ചർച്ചകളുടെ ഏറ്റവും പുതിയ റൗണ്ടിൽ ഇറാൻ മുന്നോട്ടുവച്ച ഒരു കരാറിൽ ഒപ്പുവെക്കേണ്ടതായിരുന്നുവെന്ന് പ്രസിഡന്റ് നേരത്തെ സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്തിരുന്നു. ഇസ്രയേൽ ആക്രമണം ശക്തമാക്കിയതിനു പിന്നാലെ ഇറാൻ-ഇസ്രയേൽ സംഘർഷം തുറന്ന യുദ്ധത്തിലേയ്ക്ക് നീങ്ങുന്നു എന്ന പ്രതീതി ഉണ്ടാക്കിയിരുന്നു. പിന്നാലെയാണ് ജി7ൽ നിന്നുള്ള ട്രംപിന്റെ മടക്കം. ഇതിനിടെ എല്ലാവരും ടെഹ്റാനിൽ നിന്ന് എല്ലാവരും ഒഴിയണമെന്ന മുന്നറിയിപ്പുമായി ട്രംപ് രംഗത്തെത്തിയിരുന്നു. തന്റെ ഔദ്യോഗിക ട്രൂത്ത് പോസ്റ്റിലൂടെയായിരുന്നു ട്രംപിന്റെ പ്രതികരണം. റഷ്യൻ-യുക്രെയ്ൻ യുദ്ധത്തിൽ റഷ്യൻ പ്രസിഡന്റ് വ്‌ളാഡിമിർ പുടിനെ ട്രംപ് പരസ്യമായി പിന്തുണച്ചതായും റിപ്പോർട്ടുകളുണ്ട്.
2014 ൽ ക്രിമിയ പിടിച്ചടക്കിയതിനുശേഷം റഷ്യയെ പുറത്താക്കിയ മുൻ ഗ്രൂപ്പ് ഓഫ് എയ്റ്റ് തെറ്റാണെന്ന് കനേഡിയൻ പ്രധാനമന്ത്രി മാർക്ക് കാർണിക്കൊപ്പം സംസാരിച്ച ട്രംപ് അഭിപ്രായപ്പെട്ടിരുന്നു. അതെ സമയം, ഇറാന്റെ ദേശീയ ടെലിവിഷനായ ഇസ്ലാമിക് റിപ്പബ്ലിക് ഓഫ് ഇറാന്‍ ബ്രോഡ്കാസ്റ്റിങ് (ഐആര്‍ഐബി) ആസ്ഥാനം ലക്ഷ്യമിട്ടും ഇസ്രയേല്‍ ബോംബിങ് നടത്തിയിരുന്നു. തത്സമയ സംപ്രേഷണം നടക്കുന്നതിനിടെയായിരുന്നു ആക്രമണം. മാധ്യമപ്രവർത്തകരടക്കം നിരവധി പേർ മരിച്ചതായി റിപ്പോർട്ടുകളുണ്ട്. ആക്രമണം നേരിട്ട ഇറാൻ ടിവിയുടെ സംപ്രേഷണം പുനഃസ്ഥാപിച്ചു. ആസ്ഥാനത്ത് തീപടരുന്നതിനിടെയാണ് ചാനൽ സംപ്രേഷണം പുനരാരംഭിച്ചത്.
content summary: Trump leaves G7 summit early as Iran-Israel conflict
This post was last modified on June 17, 2025 2:14 pm
Leave a Comment