തന്റെ ഏറ്റവും അടുത്ത സഹായികളിലൊരാളായ സെർജിയോ ഗോറിനെ ഇന്ത്യയിലെ അടുത്ത യുഎസ് അംബാസഡറായി നിയമിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. നിലവിൽ വൈറ്റ് ഹൗസ് പ്രസിഡൻഷ്യൽ പേഴ്സണൽ ഓഫീസിന്റെ ഡയറക്ടറാണ് ഗോർ. ഔദ്യോഗിക പ്രഖ്യാപനമുണ്ടാവും വരെ ആ സ്ഥാനത്ത് തുടരുമെന്ന് ട്രൂത്ത് സോഷ്യലിലൂടെ ട്രംപ് വ്യക്തമാക്കി.
ഇന്ത്യയിലെ യുഎസ് അംബാസഡർ എന്ന നിലയിൽ, ഗോർ സൗത്ത്, സെൻട്രൽ ഏഷ്യൻ കാര്യങ്ങൾക്കായുള്ള പ്രത്യേക പ്രതിനിധിയായും പ്രവർത്തിക്കും. സെർജിയോ എന്റെ വളരെ അടുത്ത സുഹൃത്താണ്, വർഷങ്ങളായി അദ്ദേഹം എന്റെ കൂടെയുണ്ട്. എന്റെ പ്രസിഡൻഷ്യൽ പ്രചാരണങ്ങളിലെല്ലാം അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. എന്റെ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചു. കൂടാതെ ഞങ്ങളുടെ മുന്നേറ്റത്തെ പിന്തുണച്ച ഏറ്റവും വലിയ സൂപ്പർ പിഎസികളിൽ ഒന്ന് നടത്തിയതായും ട്രംപ് പറഞ്ഞു. തന്റെ രണ്ടാം ടേമിനുള്ള ജീവനക്കാരെ നിയമിക്കുന്നതിൽ ഗോർ ചെയ്ത പ്രവർത്തനങ്ങളെയും ട്രംപ് പ്രശംസിച്ചു. എന്റെ ലക്ഷ്യങ്ങൾ നടപ്പിലാക്കാനും, ‘മേക്ക് അമേരിക്ക ഗ്രേറ്റ് എഗെയ്ൻ’ എന്ന ഞങ്ങളുടെ ലക്ഷ്യം പൂർത്തീകരിക്കാനും എനിക്ക് പൂർണ്ണമായി വിശ്വസിക്കാൻ കഴിയുന്ന ഒരാൾ ഉണ്ടാകേണ്ടത് പ്രധാനമാണെന്നും ട്രംപ് എഴുതി.
ട്രംപിന്റെ വ്യാപാര യുദ്ധത്തിന്റെ ഫലമായി യുഎസ്-ഇന്ത്യ ബന്ധം വഷളായിരുന്നു. ലോകത്തിലെ അഞ്ചാമത്തെ വലിയ സമ്പദ്വ്യവസ്ഥയായ ഇന്ത്യ, തങ്ങളുടെ കാർഷിക, ക്ഷീര മേഖലകൾ തുറക്കുന്നത് എതിർത്തതോടെ, താരിഫ് നിരക്കുകൾ കുറയ്ക്കുന്നതിനുള്ള ചർച്ചകൾ പരാജയപ്പെട്ടിരുന്നു. റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതിയുടെ പേരിൽ, ഇന്ത്യയിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് ട്രംപ് ആദ്യം 25 ശതമാനം അധിക തീരുവ ചുമത്തിയിരുന്നു. ഇത് ഓഗസ്റ്റ് 27 മുതൽ 50 ആയി ഇരട്ടിയാക്കുമെന്നും അദ്ദേഹം പറഞ്ഞു. എന്നാൽ റഷ്യൻ എണ്ണയുടെ ഏറ്റവും വലിയ ഉപഭോക്താവായ ചൈനയ്ക്ക് ട്രംപ് തീരുവ ചുമത്തിയിട്ടില്ല. ഇന്ത്യ റഷ്യൻ എണ്ണ വാങ്ങുന്നത് അവസാനിപ്പിക്കണമെന്ന് താൻ ആഗ്രഹിക്കുന്നുവെന്നും അല്ലാത്തപക്ഷം ഈ തീരുവ തുടരുമെന്നും ട്രംപ് പറഞ്ഞു. എന്നാൽ ഈ നീക്കം പുടിനെ സമ്മർദ്ദത്തിലാക്കാനുള്ള തൻ്റെ തന്ത്രമാണെന്ന് വൈറ്റ് ഹൗസ് വക്താവ് വെളിപ്പെടുത്തിയിരുന്നു.
യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസ്സെന്റ് ചൊവ്വാഴ്ച ഇന്ത്യക്കെതിരെ ഒരു പുതിയ ആരോപണം ഉന്നയിച്ചു. ഉക്രെയ്നിലെ യുദ്ധസമയത്ത് റഷ്യൻ എണ്ണയുടെ ഇറക്കുമതി കുത്തനെ വർദ്ധിപ്പിച്ച് ഇന്ത്യ ലാഭം നേടുകയാണെന്നും, ഇത് അംഗീകരിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറഞ്ഞു.
വില കുറഞ്ഞ റഷ്യൻ എണ്ണ വാങ്ങി സംസ്കരിച്ച് ഉൽപ്പന്നങ്ങളാക്കി മറിച്ചുവിറ്റ് ഇന്ത്യ ലാഭമുണ്ടാക്കുകയാണെന്ന് സിഎൻബിസിക്ക് നൽകിയ അഭിമുഖത്തിൽ ബെസ്സെന്റ് ആരോപിച്ചു.
content summary: Trump Names Sergio Gor as Next U.S. Ambassador to India