April 20, 2025 |

ഇന്ത്യയിലെ തിരഞ്ഞെടുപ്പില്‍ അമേരിക്ക ഇടപെടുന്നതെന്തിന്? ഫണ്ട് വെട്ടിയതിന് മറുപടിയുമായി ട്രംപ്‌

ഇന്ത്യയിലെ തിരഞ്ഞെടുപ്പിന്റെ സുതാര്യയെയും ട്രംപ് ചോദ്യം ചെയ്തു

ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ ജനപ്രാതിനിധ്യം ഉറപ്പാക്കാനായി യുഎസ് സ‌‍ർക്കാർ അനുവദിച്ചിരുന്ന 21 മില്യൺ ഡോളറിന്റെ സാമ്പത്തിക സഹായം പിൻവലിച്ചതിൽ മറുപടിയുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇന്ത്യയിലെ തിരഞ്ഞെടുപ്പിന്റെ സുതാര്യയെയും ചോദ്യം ചെയ്യുകയും തിരഞ്ഞെടുപ്പിനെ സ്വാധീനിക്കാനാവാം ഈ ഫണ്ട് ഉപയോ​ഗിച്ചതെന്ന ആരോപണവും ട്രംപ് ഉന്നയിച്ചു. മിയാമിയിൽ നടന്ന എഫ്ഐഐ ഉച്ചകോടിയെ അഭിസംബോധന ചെയ്ത് സംസാരിക്കവെയാണ് പ്രതികരിച്ചത്.

മുൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ ഇന്ത്യയിലെ തിരഞ്ഞെടുപ്പിൽ ഇടപെടാൻ ശ്രമിച്ചിരുന്നുവെന്ന ആരോപണവും ഉന്നയിക്കുകയും ഫണ്ട് നൽകുന്ന രീതി തിര‍ഞ്ഞെടുപ്പ് പ്രകിയയിൽ ഇടപെടുന്നതിന് സമാനമാണെന്ന് പറയുകയും ചെയ്തു. ഇന്ത്യയ്ക്ക് ഇത്രയധികം പണം നൽകുന്നതിന് പിന്നിലെ ഉദ്ദേശം എന്താണെന്ന് ചോദിക്കുകയും സാമ്പത്തിക സഹായത്തിന്റെ ആവശ്യകതയെ ചോ​ദ്യം ചെയ്യുകയും ചെയ്തു. വോട്ടർമാർക്ക് വേണ്ടി ഇരുപതൊന്ന് മില്യൺ തുകയോ എന്തിനാണ് ഇത് ഞങ്ങൾ ചിലവഴിക്കുന്നത്. ട്രംപ് ഒരു വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഇന്ത്യയ്ക്ക് ആവശ്യത്തിലധികം പൈസയുണ്ട്, ലോകത്തെ ഏറ്റവും കൂടുതൽ തീരുവ ചുമത്തുന്ന രാജ്യങ്ങളിൽ ഒന്നാണ് ഇന്ത്യ, എത്ര ശ്രമിച്ചിട്ടും അമേരിക്കയ്ക്ക് ഇന്ത്യയ്ക്കൊപ്പം എത്താൻ സാധിക്കുന്നില്ല. ട്രംപ് പറഞ്ഞു.

ഇന്ത്യയോട് എനിക്ക് ബഹുമാനമുണ്ട് ഇന്ത്യൻ പ്രധാനമന്ത്രിയോടുമുണ്ട്, രണ്ട് ദിവസങ്ങൾക്ക് മുമ്പാണ് അദ്ദേഹം അമേരിക്ക വിട്ട് പോയത്, എന്നാൽ എന്തിനാണ് ഇന്ത്യയിലെ തിരഞ്ഞെടുപ്പുകൾക്ക് വേണ്ടി അമേരിക്ക പണം ചിലവഴിക്കുന്നത് അത് മാത്രം എനിയ്ക്ക് മനസിലാവുന്നില്ല. ഫെബ്രുവരി 16നാണ് നികുതിദായകർ നൽകുന്ന പണം ചിലവഴിക്കുന്ന രീതി ഡോജ് പുറത്തുവിട്ടത്. തുടർന്നാണ് ഇന്ത്യയിലെ തിരഞ്ഞടുപ്പുകൾക്കായി നൽകി പോന്നിരുന്ന ഫണ്ട് നിർത്തലാക്കുന്നുവെന്ന് അറിയിച്ചത്. ഈ തീരുമാനം ഇന്ത്യയിൽ രാഷ്ട്രീയ വിവാദങ്ങൾക്ക് കാരണമായി, ബിജെപി നേതാക്കളായ അമിത് മാളവ്യയും രാജീവ് ചന്ദ്രശേഖറും ഇതിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയിട്ടുണ്ട്.

ഇലോൺ മസ്കിന്റെ ഉടമസ്ഥതയിലുള്ള ഡോജ് ഫണ്ട് റദ്ദാക്കൽ എക്സ് വഴിയാണ് അറിയിച്ചത്. സിഇപിപിഎസിനായി മുമ്പ് നിശ്ചയിച്ചിരുന്ന 486 ദശലക്ഷം ഡോളർ ഉൾപ്പെടെ, താൽക്കാലികമായി നിർത്തിവച്ച ചെലവുകളുടെ ഒരു പട്ടികയും വകുപ്പ് വിശദീകരിച്ചു. മൊൾഡോവയിൽ രാഷ്ട്രീയ പ്രക്രിയകൾ പ്രോത്സാഹിപ്പിക്കുന്നതിനായി ഉപയോ​ഗിച്ചിരുന്ന 22 ദശലക്ഷം ഡോളറും ഇന്ത്യയിൽ വോട്ടർമാരുടെ എണ്ണം വർദ്ധിപ്പിക്കുന്നതിനായി നീക്കിവച്ചിരിക്കുന്ന 21 ദശലക്ഷം ഡോളറും ഇതിൽ ഉൾപ്പെടുന്നു.

content summary: Donald Trump expressed concerns about a 21 million grant aimed at boosting voter turnout in India.

Leave a Reply

Your email address will not be published. Required fields are marked *

×