സാമൂഹ്യക്ഷേമ പദ്ധതികളെക്കാള്‍ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് താത്പര്യം യുദ്ധത്തിലും കുടിയിറക്കത്തിലും. ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങിയ സാമൂഹ്യക്ഷേമ പദ്ധതികളുടെ ഫണ്ട് വലിയതോതില്‍ വെട്ടിക്കുറക്കുന്ന പ്രസിഡന്റ് ട്രംപ്, പ്രതിരോധത്തിനും ആഭ്യന്തര സുരക്ഷാ വകുപ്പിനുമുള്ള ചെലവ് ഗണ്യമായി വര്‍ദ്ധിപ്പിക്കാനാണ് പദ്ധതിയിടുന്നത്. വൈറ്റ് ഹൗസ് ബജറ്റ് ബ്ലൂപ്രിന്റില്‍ കാണാം. സൈനിക ശക്തി വര്‍ദ്ധിപ്പിക്കുന്നതിലും കുടിയേറ്റം തടയുന്നതിലും അദ്ദേഹം ചെലുത്തുന്ന ശ്രദ്ധ ഈ ബ്ലൂപ്രിന്റില്‍ വ്യക്തമാണ്. പ്രസിഡന്റിന്റെ ഫെഡറല്‍ ഗവണ്‍മെന്റിനായുള്ള ചെലവ് മുന്‍ഗണനകളും സാമ്പത്തിക പദ്ധതികളും വിശദീകരിക്കുന്ന വിശദമായ നിര്‍ദേശമാണ് വൈറ്റ് ഹൗസ് ബജറ്റ് ബ്ലൂപ്രിന്റ്’ എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വിവിധ മേഖലകള്‍ക്കുള്ള വിഹിതവും ഇതില്‍ ഉള്‍പ്പെടുന്നു.
വിവേചനാധികാരമുള്ള പ്രതിരോധേതര ചെലവുകളില്‍(വിദ്യാഭ്യാസ, ആരോഗ്യം, പാരിസ്ഥിതിക പദ്ധകികള്‍, നിയമനിര്‍വഹണം, എഫ്ബിഐ തുടങ്ങിയവ, അടിസ്ഥാന സൗകര്യം) 163 ബില്യണ്‍ ഡോളര്‍ വെട്ടിക്കുറയ്ക്കാനാണ് പദ്ധതിയിടുന്നത്. പരിസ്ഥിതി, പുനരുപയോഗ ഊര്‍ജ്ജ പദ്ധതികള്‍ക്കുള്ള സാമ്പത്തിക ചെലവുകള്‍ വെട്ടിക്കുറയ്ക്കും. അതുപോലെ എഫ് ബി ഐയ്ക്കും ഫണ്ട് കുറയ്ക്കും. ജോ ബൈഡന്‍ പ്രസിഡന്റായിരുന്ന കാലത്ത് തനിക്കെതിരെ ആയുധമാക്കിയെന്ന ആരോപണം എഫ്ബിഐയ്‌ക്കെതിരേ ട്രംപിനുണ്ട്. ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്‌ട്രേഷനും ബ്യൂറോ ഓഫ് ആല്‍ക്കഹോള്‍, ടുബാക്കോ, ഫയര്‍ ആംസ് ആന്‍ഡ് എക്സ്പ്ലോസീവ്സിനും ഫണ്ട് ഗണ്യമായി കുറയുമെന്നാണ് വിവരം.
ഏറ്റവും ഗൗരവമായി കാണേണ്ട കാര്യം, ബജറ്റില്‍ വിദ്യാഭ്യാസത്തിനുള്ള ധനസഹായം 12 ബില്യണ്‍ ഡോളര്‍ വെട്ടിക്കുറച്ചു എന്നതാണ്. സ്‌കൂളുകളെയും വിദ്യാഭ്യാസ പദ്ധതികളുടെയും വിദ്യാഭ്യാസ സേവനങ്ങളുടെയും നടത്തിപ്പിനെയും പ്രവര്‍ത്തനത്തെയും സാരമായി ബാധിക്കുന്ന നീക്കമാണത്.
കാന്‍സര്‍ പോലുള്ള രോഗങ്ങള്‍ക്കുള്ള ചികിത്സകളെക്കുറിച്ച് വിപുലമായ ഗവേഷണം നടത്തുന്ന നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹെല്‍ത്തിനും രോഗ നിയന്ത്രണത്തിനും പ്രതിരോധത്തിനുമുള്ള കേന്ദ്രങ്ങള്‍ക്കും വലിയതോതില്‍ ഫണ്ട് വെട്ടിക്കുറയ്ക്കുമെന്നാണ് പറയുന്നത്. എന്നാല്‍ ട്രംപിന്റെ ആരോഗ്യ സെക്രട്ടറി റോബര്‍ട്ട് എഫ് കെന്നഡി ജൂനിയര്‍ നയിക്കുന്ന മേക്ക് അമേരിക്ക ഹെല്‍ത്തി എഗെയ്ന്‍ സംരംഭത്തിന് 500 മില്യണ്‍ ഡോളര്‍ ധനസഹായം നല്‍കുന്നുമുണ്ട്.
അതേസമയം പെന്റഗണ്‍ ബജറ്റില്‍ 13 ശതമാനം വര്‍ദ്ധനവ് ലക്ഷ്യമിടുന്നുണ്ട്. ഒരു ട്രില്യണ്‍ ഡോളറിലധികം പെന്റഗണിന് നീക്കിവയ്ക്കുകയാണ്. യുഎസിന്റെ സൈനിക ചെലവ് കൂട്ടുന്നുവെന്നാണ് ഇതിലൂടെ വ്യക്തമാകുന്നത്. മിഡില്‍ ഈസ്റ്റില്‍ ഉള്‍പ്പെടെ നീണ്ടുനില്‍ക്കുന്ന സംഘര്‍ഷങ്ങളില്‍ (‘ശാശ്വത യുദ്ധങ്ങള്‍’) അമേരിക്കയുടെ ഇടപെടല്‍ അവസാനിപ്പിക്കുമെന്നായിരുന്നു ട്രംപിന്റെ വാഗ്ദാനം. ഇതിന് വിരുദ്ധമായാണ് സൈനിക ചിലവ് വര്‍ദ്ധനവിനെ കാണേണ്ടത്. നടപ്പുവര്‍ഷത്തെ ബജറ്റിനെ അപേക്ഷിച്ച് 2026 ലെ നിര്‍ദ്ദിഷ്ട ബജറ്റ് ചെലവില്‍ ഗണ്യമായ കുറവ് (22.6%) കാണിക്കുന്നുണ്ടെന്നാണ് റിപ്പോര്‍ട്ട്.
സൈനിക ചിലവ് കൂട്ടുന്നതിലൂടെ അമേരിക്കയിലേക്കുള്ള കുടിയേറ്റം അവസാനിപ്പിക്കാനുള്ള ട്രംപിന്റെ പ്രഖ്യാപിത അജണ്ടയും നടപ്പാക്കാനാണ് ലക്ഷ്യമിടുന്നത്. അതിര്‍ത്തി സുരക്ഷയുടെ മേല്‍നോട്ടം വഹിക്കുന്ന ഹോംലാന്‍ഡ് സെക്യൂരിറ്റി വകുപ്പിന്റെ ചെലവ് 65% വര്‍ദ്ധിക്കാന്‍ ബജറ്റില്‍ ലക്ഷ്യമിട്ടിട്ടുണ്ട്. യുഎസിലേക്കുള്ള കുടിയേറ്റക്കാരുടെ ഒഴുക്ക് തടയുന്നതില്‍ ട്രംപ് ചെലുത്തുന്ന തീവ്രമായ ശ്രദ്ധയുടെ വ്യക്തമായ ഉദാഹരണമായാണ് ഈ ചെലവ് വര്‍ദ്ധനവിനെ കാണുന്നത്. Trump’s Budget Blueprint: Deep Cuts in Non-Defense Spending, Military Spending Boost
Content Summary; Trump’s Budget Blueprint: Deep Cuts in Non-Defense Spending, Military Spending Boost
This post was last modified on May 3, 2025 12:02 pm
Leave a Comment