പെന്‍ഗ്വിനുകള്‍ മാത്രമുള്ള, മനുഷ്യവാസമില്ലാത്ത അന്റാര്‍ട്ടിക്ക ദ്വീപിനും ട്രംപിന്റെ ഇറക്കുമതി തീരുവ

ലോകത്തിലൊരിടവും സുരക്ഷിതമല്ലെന്ന് ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി

കഴിഞ്ഞ പത്ത് വര്‍ഷത്തില്‍ ഒരു മനുഷ്യജീവി പോലും ഹേര്‍ഡ് ദ്വീപും മക്ഡൊണാള്‍ഡ് ദ്വീപും സന്ദര്‍ശിച്ചിട്ടില്ല. ലോകത്തിന്റെ ഏറ്റവും അറ്റത്തുള്ള ഈ ദ്വീപിലെത്തിച്ചേരാന്‍ ഓസ്ട്രേലിയയിലെ പടിഞ്ഞാറന്‍ തീരത്തുള്ള പെര്‍ത്തില്‍ നിന്ന് ചുരുങ്ങിയത് രണ്ടാഴ്ച ബോട്ടില്‍ സഞ്ചരിക്കണം. ഓസ്ട്രേലിയയുടെ അധീനതയിലുള്ള ബാഹ്യപ്രദേശമായ, മഞ്ഞുമൂടിയ ഈ വോള്‍കാനിക് ദ്വീപുകള്‍ പെന്‍ഗ്വിനുകളുടെ ആവാസകേന്ദ്രമാണ്. ബുധനാഴ്ച അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ലോകത്തുള്ള രാജ്യങ്ങള്‍ക്കൊക്കെ ഇറക്കുമതി തീരുവ ചുമത്തിയ ‘രാജ്യ’ങ്ങളുടെ കൂട്ടത്തില്‍ ഹേര്‍ഡ് ദ്വീപിനും മക്ഡൊണാള്‍ഡ് ദ്വീപിനുമുണ്ട് പത്ത് ശതമാനം ഇറക്കുമതി തീരുവ.

ഓസ്ട്രേലിയയുടെ ഭാഗമായുള്ള പ്രധാന ഭൂഭാഗത്ത് നിന്ന് പുറത്തുള്ള പ്രദേശങ്ങളെയാണ് ബാഹ്യപ്രദേശങ്ങള്‍ അഥവാ എക്സ്റ്റേണല്‍ റ്റെറിറ്ററീസ് എന്നറിയപ്പെടുന്നത്. കോകോസ് (കീലിങ്) ദ്വീപ്, ക്രിസ്തുമസ് ദ്വീപ്, നോര്‍ഫോക് ദ്വീപ് എന്നീ ബാഹ്യപ്രദേശങ്ങളും ട്രംപിന്റെ പട്ടികയില്‍ ഉള്‍പ്പെട്ടിട്ടുണ്ട്. ഇതില്‍ നോര്‍ഫോക് ദ്വീപിലെ ആകെ ജനസംഖ്യ 2,188 പേരാണ്. സിഡ്നിക്ക് 1,600 കിലോമീറ്റര്‍ അകലെ വടക്ക് കിഴക്കായി സ്ഥിതി ചെയ്യുന്ന ഈ ദ്വീപിനാകട്ടെ പൊതുവേ ഓസ്ട്രേലിയയ്ക്ക് ഉള്ളതിനേക്കാള്‍ 19 ശതമാനം അധികമാണ് അമേരിക്ക പുതിയ ഇറക്കുമതി തീരുവ ചുമത്തിയിരിക്കുന്നത്. 29 ശതമാനം. ഓസ്ട്രേലിയയ്ക്ക് പത്ത് ശതമാനം മാത്രമാണ് ഇറക്കുമതി തീരുവ.

2023-ല്‍ 6,55,000 ഡോളറിന്റെ കയറ്റുമതി നോര്‍ഫോക് ദ്വീപില്‍ നിന്ന് അമേരിക്കയിലേയ്ക്ക് നടന്നിരുന്നതായും അതിലധികവും, 4,13,000 ഡോളറിന്റേതും തുകലിന്റെ ചെരുപ്പുകളെന്നും ഒബ്സെര്‍വേറ്ററി ഓഫ് ഇക്കണോമിക് കോപ്ലെക്സിറ്റി ഡാറ്റ പറയുന്നു. എന്നാല്‍ നോര്‍ഫോക് ദ്വീപിന്റെ ഭരണത്തലവനായ ജോര്‍ജ്ജ് പ്ലാന്റ് ഇത് നിഷേധിക്കുന്നു. ‘ഞങ്ങള്‍ക്കറിയാവുന്ന തരത്തില്‍ യാതൊരു തരത്തിലുള്ള കയറ്റുമതിയും നോര്‍ഫോക്കില്‍ നിന്ന് അമേരിക്കയിലേയ്ക്ക് നടന്നിട്ടില്ല’. ‘അമേരിക്കപോലൊരു സാമ്പത്തിക ശക്തിയുമായി യാതൊരു തരത്തിലുള്ള മത്സരത്തിലും ഇല്ലാത്ത നോര്‍ഫോക് ദ്വീപിന് 29 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തിയതില്‍ നിന്ന് ലോകത്തൊരിടവും സുരക്ഷിതമല്ല എന്നാണ് മനസിലാകുന്നത്’-ഓസ്ട്രേലിയന്‍ പ്രധാനമന്ത്രി ആന്റണി ആല്‍ബനീസ് പറഞ്ഞു.

ഹേര്‍ഡ് ദ്വീപിലേയും മക്ഡൊണാള്‍ഡ് ദ്വീപിലേയും കഥ കുറച്ച് കൂടി അത്ഭുതപ്പെടുത്തുന്നതാണ്. മത്സ്യസമ്പത്തൊക്കെയുള്ള സ്ഥലമാണെങ്കിലും കെട്ടിടങ്ങളോ മനുഷ്യവാസമോ ഇല്ലാത്ത ഈ ദ്വീപുകളില്‍ നിന്ന് വേള്‍ഡ് ബാങ്കിന്റെ കണക്കനുസരിച്ച് അമേരിക്ക 14 ലക്ഷം ഡോളറിന്റെ ഉത്പന്നങ്ങള്‍ 2022-ല്‍ ഇറക്കുമതി ചെയ്തിട്ടുണ്ട്. അതില്‍ ഭൂരിപക്ഷവും മിഷിനറി, ഇലക്ട്രിക്കല്‍ ഉത്പന്നങ്ങളായിരുന്നുവത്രേ. അതിന് മുമ്പുള്ള അഞ്ചുവര്‍ഷത്തിനിടയില്‍ 15,000 മുതല്‍ 3,25,000 ഡോളറിന്റെ വരെ കയറ്റുമതി ഇവിടെ നിന്ന് നടന്നിട്ടുണ്ടെന്നാണ് അമേരിക്കയുടെ കണക്കുകള്‍.Trump import tariffs also apply to Antarctic island inhabited only by penguins 

Content Summary:Trump import tariffs also apply to Antarctic island inhabited only by penguins

This post was last modified on April 3, 2025 3:50 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment