യുഎസും ഇസ്രയേലും ചേര്‍ന്ന് ഇറാനെതിരേ തുടരുന്ന യുദ്ധത്തിന്റെ ഏറ്റവും പുതിയ വിവരങ്ങള്‍ പങ്കുവയ്ക്കന്നു
ഹോര്‍മുസ് കടലിടുക്ക് തിങ്കളാഴ്ചയ്ക്കുള്ളില്‍ തുറന്നുകൊടുത്തില്ലെങ്കില്‍ ഇറാനില്‍ സര്‍വനാശം സംഭവിക്കുമെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ഭീഷണി. ‘ഇറാനുമായുള്ള കരാറിനോ അല്ലെങ്കില്‍ ഹോര്‍മുസ് കടലിടുക്ക് തുറക്കുന്നതിനോ പത്തുദിവസത്തെ സമയം നല്‍കിയത് ഓര്‍ക്കുക. സമയം അതിക്രമിക്കുന്നു – നരകം അവര്‍ക്കുമേല്‍ പെയ്യാന്‍ ഇനി 48 മണിക്കൂര്‍ മാത്രം. ദൈവത്തിന് മഹത്വം!’; ട്രംപ് തന്റെ ട്രൂത്ത് സോഷ്യല്‍’ അകൗണ്ടില്‍ കുറിച്ചു.നേരത്തെ ഫെബ്രുവരി 27-വരെയായിരുന്നു ഹോര്‍മുസ് തുറക്കാന്‍ നല്‍കിയിരുന്ന സമയപരിധി വരെ. പിന്നീട് പത്തുദിവസം കൂടി നീട്ടി ഏപ്രില്‍ 6 വരെയാക്കിയിരുന്നു.
കുവൈറ്റില്‍ വൈദ്യുത നിലയങ്ങള്‍ തകര്‍ത്തു
ഇറാനിയന്‍ ഡ്രോണ്‍ ആക്രമണത്തില്‍ കുവൈറ്റിലെ രണ്ട് വൈദ്യുതി നിലയങ്ങള്‍ക്കും കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പ്ലാന്റുകള്‍ക്കും ‘ശക്തമായ ഭൗതിക നാശനഷ്ടങ്ങള്‍’ സംഭവിച്ചതായി കുവൈറ്റ് അറിയിച്ചു. ആക്രമണത്തെത്തുടര്‍ന്ന് രണ്ട് വൈദ്യുതി ഉല്‍പ്പാദന യൂണിറ്റുകളുടെ പ്രവര്‍ത്തനം പൂര്‍ണ്ണമായും നിലച്ചു.
സര്‍ക്കാര്‍ മന്ത്രാലയങ്ങളുടെ ഓഫീസ് സമുച്ചയത്തിന് നേരെയും ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായെന്ന് കുവൈറ്റ് ധനമന്ത്രാലയത്തെ ഉദ്ധരിച്ച് ഔദ്യോഗിക മാധ്യമങ്ങള്‍ അറിയിച്ചു. കൂടാതെ, ഷുവൈഖ് ഓയില്‍ സെക്ടര്‍ കോംപ്ലക്സില്‍ ഉണ്ടായ ആക്രമണത്തില്‍ വലിയ തീപിടുത്തവും ഉണ്ടായിട്ടുണ്ട്.
അമേരിക്കയും ഇസ്രയേലും ഇറാനെതിരെ നടത്തുന്ന ആക്രമണങ്ങള്‍ക്ക് പകരമായി കുവൈറ്റ് ഉള്‍പ്പെടെയുള്ള ഗള്‍ഫ് രാജ്യങ്ങളെ ഇറാന്‍ ഡ്രോണ്‍ ആക്രമണങ്ങളിലൂടെ ലക്ഷ്യമിടുകയാണ്. ഈ മാസമാദ്യം കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ ഇന്ധന ടാങ്കുകള്‍ക്ക് നേരെയും ഡ്രോണ്‍ ആക്രമണം നടന്നിരുന്നു.
ലെബനനിലെ ഇസ്രയേല്‍ ഭീഷണി
സിറിയയെയും ലെബനനെയും ബന്ധിപ്പിക്കുന്ന പ്രധാന അതിര്‍ത്തിയായ ‘മസ്‌ന’ ഇസ്രയേല്‍ ആക്രമിക്കുമെന്ന് ഭീഷണിപ്പെടുത്തിയതിനെത്തുടര്‍ന്ന് ജനങ്ങളെ ഒഴിപ്പിച്ചു. ഹിസ്ബുള്ള ഈ പ്രദേശം ആയുധക്കടത്തിന് ഉപയോഗിക്കുന്നു എന്നാണ് ഇസ്രയേലിന്റെ ആരോപണം.
കുവൈറ്റിന് നേരെ ആക്രമണം
കുവൈറ്റിലെ എണ്ണ മന്ത്രാലയവും കെ.പി.സി ആസ്ഥാനവും സ്ഥിതി ചെയ്യുന്ന ഷുവൈഖ് ഓയില്‍ സെക്ടറിന് നേരെ ഇറാനിയന്‍ ഡ്രോണ്‍ ആക്രമണം ഉണ്ടായതായി റിപ്പോര്‍ട്ട്. കെട്ടിടങ്ങള്‍ക്ക് നാശനഷ്ടങ്ങള്‍ സംഭവിച്ചെങ്കിലും ആര്‍ക്കും പരിക്കില്ല. കഴിഞ്ഞ 24 മണിക്കൂറിനിടെ 8 മിസൈലുകളും 19 ഡ്രോണുകളും തടഞ്ഞതായി കുവൈറ്റ് അറിയിച്ചു.
സുലൈമാനിയുടെ ബന്ധുക്കള്‍ അറസ്റ്റില്‍
കൊല്ലപ്പെട്ട ഇറാന്‍ കമാന്‍ഡര്‍ ഖാസിം സുലൈമാനിയുടെ അനന്തരവളെയും അവരുടെ മകളെയും ലോസ് ഏഞ്ചല്‍സില്‍ യുഎസ് ഏജന്റുകള്‍ അറസ്റ്റ് ചെയ്തു. ഇവരുടെ റെസിഡന്റ് സ്റ്റാറ്റസ് സ്റ്റേറ്റ് സെക്രട്ടറി മാര്‍ക്കോ റൂബിയോ റദ്ദാക്കി. ഇവര്‍ അമേരിക്കയെ ‘മഹാശൈത്താന്‍’ എന്ന് വിശേഷിപ്പിക്കുകയും അമേരിക്കന്‍ സൈനികര്‍ക്കെതിരായ ആക്രമണങ്ങളെ ആഘോഷിക്കുകയും ചെയ്തുവെന്നാണ് ആരോപണം.
സാറ്റലൈറ്റ് ചിത്രങ്ങള്‍ക്ക് നിയന്ത്രണം
യുദ്ധമേഖലയുടെ ഉയര്‍ന്ന റെസല്യൂഷനുള്ള ചിത്രങ്ങള്‍ നല്‍കുന്നത് നിര്‍ത്താന്‍ പ്ലാനറ്റ് ലാബ്‌സ് തീരുമാനിച്ചു. ട്രംപ് ഭരണകൂടത്തിന്റെ നിര്‍ദ്ദേശപ്രകാരമാണ് ഈ നിയന്ത്രണം.
ഇസ്രയേലില്‍ ഇറാന്‍ ആക്രമണം
ഇറാനില്‍ നിന്ന് ഇസ്രയേലിന് നേരെ മിസൈല്‍ ആക്രമണം ഉണ്ടായതായി ഇസ്രയേല്‍ സൈന്യം സ്ഥിരീകരിച്ചു.
ഇറാന്റെ പ്രതികരണം
തങ്ങളുടെ അടിസ്ഥാന സൗകര്യങ്ങള്‍ തകര്‍ക്കുമെന്ന ട്രംപിന്റെ ഭീഷണിയെ ‘അസഹായമായ പ്രവൃത്തി’ എന്നാണ് ഇറാന്‍ വിശേഷിപ്പിച്ചത്. ‘നരകത്തിന്റെ വാതിലുകള്‍ നിങ്ങള്‍ക്ക് മുന്നില്‍ തുറക്കുമെന്നാണ് ഇതിനര്‍ത്ഥം’ എന്ന് ഇറാന്‍ കമാന്‍ഡര്‍ ജനറല്‍ അലി അബ്ദുള്ളാഹി അലിആബാദി തിരിച്ചടിച്ചു.
തിരച്ചില്‍ തുടരുന്നു
ഇറാനില്‍ വെടിവെച്ചിട്ട യുഎസ് യുദ്ധവിമാനത്തിലെ കാണാതായ രണ്ടാമത്തെ പൈലറ്റിനായുള്ള തിരച്ചില്‍ അമേരിക്ക ഊര്‍ജിതമാക്കിയിരിക്കുകയാണ്. വിമാനത്തിന്റെ അവശിഷ്ടങ്ങള്‍ ഇറാന്‍ മാധ്യമങ്ങള്‍ പുറത്തുവിട്ടിരുന്നു.
മാര്‍പ്പാപ്പയുടെ സന്ദേശം
ഈസ്റ്റര്‍ ദിനത്തോടനുബന്ധിച്ച് നടന്ന പ്രാര്‍ത്ഥനയില്‍ ലിയോ മാര്‍പ്പാപ്പ ലോകസമാധാനത്തിനായി ആഹ്വാനം ചെയ്തു. യുദ്ധം മനുഷ്യബന്ധങ്ങളെ തകര്‍ക്കാന്‍ അനുവദിക്കരുതെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.
അര്‍ജന്റീനയുടെ നടപടി
ട്രംപ് ഭരണകൂടവുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന അര്‍ജന്റീന, ഇറാന്റെ പ്രധാന നയതന്ത്രജ്ഞനെ രാജ്യത്തുനിന്ന് പുറത്താക്കി.
ഇസ്രയേല്‍ ആക്രമണം
ഇറാന്റെ പെട്രോകെമിക്കല്‍ പ്ലാന്റുകള്‍ തകര്‍ത്തതായി ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു സ്ഥിരീകരിച്ചു.
ലെബനനിലെ മരണം
മാര്‍ച്ച് 2 മുതല്‍ തുടങ്ങിയ സംഘര്‍ഷത്തില്‍ ലെബനനില്‍ ഇതുവരെ 126 കുട്ടികളുള്‍പ്പെടെ 1,422 പേര്‍ കൊല്ലപ്പെട്ടതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.
Content Summary: Donald Trump threatened tehran, if Hormuz strait is not reopened by deadline all hell will rain down’ on Iran
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.