പശ്ചിമേഷ്യന്‍ മണ്ണില്‍ യുദ്ധത്തിന്റെ കാര്‍മേഘങ്ങള്‍ ഉരുണ്ടുകൂടി നാല് ആഴ്ചകള്‍ പിന്നിടുമ്പോള്‍, ലോകം ഉറ്റുനോക്കുന്നത് സമാധാനത്തിലേക്കുള്ള ഒരു പുതിയ വാതിലിനായാണ്. ഇസ്രയേലും ഇറാനും തമ്മിലുള്ള സംഘര്‍ഷം വന്‍ശക്തികളുടെ നേരിട്ടുള്ള ഏറ്റുമുട്ടലിലേക്ക് നീങ്ങവെ, അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഭരണകൂടം മുന്നോട്ടുവെച്ച 15 ഇന സമാധാന പദ്ധതി നയതന്ത്ര വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയായിരിക്കുകയാണ്. പാകിസ്ഥാന്‍ മധ്യസ്ഥനായി എത്തുന്ന ഈ നീക്കം മേഖലയില്‍ വെടിനിര്‍ത്തലിന് വഴിയൊരുക്കുമോ അതോ യുദ്ധത്തിന്റെ തീവ്രത കൂട്ടുമോ എന്നാണ് ഇപ്പോള്‍ ഉയരുന്ന പ്രധാന ചോദ്യം.
എന്നാല്‍ ഗള്‍ഫിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ അടച്ചുപൂട്ടുന്നത് മുതല്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം വരെ നീളുന്ന വിപുലമായ ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് ഇറാന്‍, അഞ്ച് നിര്‍ദേശങ്ങളാണ് അമേരിക്കയ്ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലയിലുള്ള എല്ലാ അമേരിക്കന്‍ സൈനിക താവളങ്ങളും പൂര്‍ണമായും അടച്ചുപൂട്ടണം, യുദ്ധകാലത്തുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അമേരിക്ക സാമ്പത്തികമായി നഷ്ടപരിഹാരം നല്‍കണം, ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ ഇറാന് അനുമതി നല്‍കുന്ന പുതിയ നിയമം നിലവില്‍ വരണം, രാജ്യത്തിന് മേലുള്ള എല്ലാ സാമ്പത്തിക ഉപരോധങ്ങളും നീക്കം ചെയ്യണം, ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രയേലിന്റെ സൈനിക പ്രചാരണം അവസാനിപ്പിക്കണം എന്നിവയാണ്.
നയതന്ത്ര നീക്കവും പാകിസ്ഥാന്റെ പങ്കും
ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടുകള്‍ പ്രകാരം, വാഷിംഗ്ടണും ടെഹ്റാനും തമ്മിലുള്ള ചര്‍ച്ചകള്‍ക്ക് വേദിയൊരുക്കുന്നത് പാകിസ്ഥാനാണ്. പാകിസ്ഥാന്‍ സൈനിക മേധാവി ഫീല്‍ഡ് മാര്‍ഷല്‍ അസിം മുനീര്‍ ആണ് ഈ നയതന്ത്ര നീക്കത്തിലെ പ്രധാന കണ്ണി. ഇറാന്റെ ഇസ്ലാമിക് റെവല്യൂഷണറി ഗാര്‍ഡ്‌സ് കോര്‍പ്‌സുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന മുനീര്‍ വഴി ട്രംപ് ഭരണകൂടം തങ്ങളുടെ സമാധാന നിര്‍ദ്ദേശങ്ങള്‍ ഇറാന്‍ നേതൃത്വത്തിന് കൈമാറിക്കഴിഞ്ഞു. കുവൈറ്റ് അന്താരാഷ്ട്ര വിമാനത്താവളത്തില്‍ ഇറാനിയന്‍ ഡ്രോണുകള്‍ പതിച്ചതും ഇസ്രയേലില്‍ മിസൈല്‍ ആക്രമണങ്ങള്‍ ഉണ്ടായതും ഭീഷണി ഉയര്‍ത്തുന്ന സാഹചര്യത്തിലാണ് നയതന്ത്ര ചര്‍ച്ചകള്‍ നടക്കുന്നത്.
എന്താണ് 15 ഇന സമാധാന പദ്ധതി?
സമാധാന പദ്ധതിയുടെ പൂര്‍ണ്ണരൂപം ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ലെങ്കിലും, ലഭ്യമായ വിവരങ്ങള്‍ പ്രകാരം ഇറാനില്‍ നിന്ന് വലിയ വിട്ടുവീഴ്ചകളാണ് അമേരിക്ക ആവശ്യപ്പെടുന്നതെന്നാണ് റിപ്പോര്‍ട്ട്. ഇറാന്റെ മണ്ണിലെ എല്ലാ യുറേനിയം സമ്പുഷ്ടീകരണവും പൂര്‍ണമായും അവസാനിപ്പിക്കണം. സമ്പുഷ്ടീകരിച്ച വസ്തുക്കള്‍ അന്താരാഷ്ട്ര സമൂഹത്തിന് കൈമാറുകയും വേണം. ഇറാന്റെ തന്ത്രപ്രധാനമായ നടാന്‍സ്, ഇസ്ഫഹാന്‍, ഫോര്‍ഡോ എന്നീ ആണവ കേന്ദ്രങ്ങള്‍ പൂര്‍ണമായും പൊളിച്ചുമാറ്റുകയും വേണം.
ഐക്യരാഷ്ട്രസഭയുടെ ആണവ നിരീക്ഷണ ഏജന്‍സിയായ IAEA-യ്ക്ക് ഇറാനിലെ ഏത് സൈനിക കേന്ദ്രത്തിലും തടസ്സമില്ലാതെ പരിശോധന നടത്താന്‍ അനുമതി നല്‍കണം. മേഖലയിലെ വിവിധ സായുധ ഗ്രൂപ്പുകളായ ഹിസ്ബുള്ള, ഹമാസ് തുടങ്ങിയ പ്രോക്‌സി ഗ്രൂപ്പുകള്‍ക്ക് നല്‍കുന്ന സാമ്പത്തികവും സൈനികവുമായ പിന്തുണ ഇറാന്‍ അവസാനിപ്പിക്കണം.
ലോകത്തിലെ എണ്ണ വ്യാപാരത്തിന്റെ അഞ്ചിലൊന്ന് കടന്നുപോകുന്ന ഹോര്‍മുസ് കടലിടുക്കില്‍ തടസ്സമില്ലാത്ത ഗതാഗതം ഉറപ്പാക്കണം. കൂടാതെ ഇസ്രയേലിന്റെ നിലനില്‍പ്പിനുള്ള അവകാശത്തെ ഇറാന്‍ അംഗീകരിക്കണം ഇവയൊക്കെയാണ് അമേരിക്കയുടെ ആവശ്യം.
ഇറാന്‍ അംഗീകരിക്കുമോ?
ഗള്‍ഫിലെ അമേരിക്കന്‍ സൈനിക താവളങ്ങള്‍ അടച്ചുപൂട്ടുന്നത് മുതല്‍ ലോകത്തെ ഏറ്റവും പ്രധാനപ്പെട്ട കപ്പല്‍ പാതകളിലൊന്നായ ഹോര്‍മുസ് കടലിടുക്കിന്റെ നിയന്ത്രണം വരെ നീളുന്ന വിപുലമായ ആവശ്യങ്ങളാണ് ഇറാന്‍ മുന്നോട്ടുവെച്ചിരിക്കുന്നത്. വാള്‍സ്ട്രീറ്റ് ജേണല്‍ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍ പ്രകാരം, വെടിനിര്‍ത്തല്‍ ചര്‍ച്ചകളില്‍ ഏര്‍പ്പെടുന്നതിന് ഇറാന്‍, അഞ്ച് നിര്‍ദേശങ്ങളാണ് അമേരിക്കയ്ക്ക് മുന്നില്‍ വച്ചിരിക്കുന്നത്. ഗള്‍ഫ് മേഖലയിലുള്ള എല്ലാ അമേരിക്കന്‍ സൈനിക താവളങ്ങളും പൂര്‍ണമായും അടച്ചുപൂട്ടണം, യുദ്ധകാലത്തുണ്ടായ നാശനഷ്ടങ്ങള്‍ക്ക് അമേരിക്ക സാമ്പത്തികമായി നഷ്ടപരിഹാരം നല്‍കണം, ഹോര്‍മുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന കപ്പലുകളില്‍ നിന്ന് ഫീസ് ഈടാക്കാന്‍ ഇറാന് അനുമതി നല്‍കുന്ന പുതിയ നിയമം നിലവില്‍ വരണം, രാജ്യത്തിന് മേലുള്ള എല്ലാ സാമ്പത്തിക ഉപരോധങ്ങളും നീക്കം ചെയ്യണം, ഹിസ്ബുള്ളയ്ക്കെതിരായ ഇസ്രയേലിന്റെ സൈനിക പ്രചാരണം അവസാനിപ്പിക്കണം എന്നിവയാണ്.ഇറാന്‍ ഈ വ്യവസ്ഥകള്‍ അംഗീകരിക്കുകയാണെങ്കില്‍, അമേരിക്ക കടുത്ത ഉപരോധങ്ങള്‍ പിന്‍വലിക്കുമെന്ന് വാഗ്ദാനം ചെയ്യുന്നു. കൂടാതെ, ബുഷെഹറില്‍ സിവിലിയന്‍ ആവശ്യങ്ങള്‍ക്കായി ആണവോര്‍ജ്ജം വികസിപ്പിക്കാന്‍ സാങ്കേതിക സഹായം നല്‍കുമെന്നും, ഉപരോധങ്ങള്‍ വീണ്ടും ഏര്‍പ്പെടുത്താനുള്ള ‘സ്‌നാപ്പ്ബാക്ക്’ സംവിധാനം നീക്കം ചെയ്യുമെന്നും അമേരിക്ക ഉറപ്പുനല്‍കുന്നു.
ഇത്രയും കര്‍ശനമായ വ്യവസ്ഥകള്‍ ഇറാന്‍ അംഗീകരിക്കാന്‍ സാധ്യത കുറവാണെന്നാണ് വിദേശമാധ്യമങ്ങളും നിരീക്ഷകരും അഭിപ്രായപ്പെടുന്നത്. ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുള്ള അലി ഖമേനി മുന്‍പ് യുറേനിയം സമ്പുഷ്ടീകരണം നിര്‍ത്തണമെന്ന ആവശ്യത്തെ മണ്ടത്തരം എന്നാണ് വിശേഷിപ്പിച്ചത്. ഫെബ്രുവരി 28-ന് നടന്ന വ്യോമാക്രമണങ്ങളില്‍ ഖമേനി ഉള്‍പ്പെടെയുള്ള നേതാക്കള്‍ കൊല്ലപ്പെട്ടത് ഇരു രാജ്യങ്ങളും തമ്മിലുള്ള വിശ്വാസ്യത തകര്‍ത്തിട്ടുണ്ട്. ‘നിങ്ങളുടെ പരാജയത്തെ ഒരു കരാറെന്ന് വിളിക്കരുത്’ എന്ന IRGC വക്താവിന്റെ പ്രസ്താവന ചര്‍ച്ചകളോടുള്ള അവരുടെ വിയോജിപ്പ് വ്യക്തമാക്കുന്നു.
ഇസ്രയേലിന്റെ ആശങ്കയും സൈനിക വിന്യാസവും
ട്രംപിന്റെ ഈ നീക്കത്തില്‍ ഇസ്രയേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു തൃപ്തനല്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. ഇറാനെതിരായ സൈനിക നീക്കങ്ങള്‍ പരിമിതപ്പെടുത്താന്‍ ഈ കരാര്‍ കാരണമാകുമെന്ന് ഇസ്രയേല്‍ ഭയപ്പെടുന്നു. ഇറാന്‍ ചില വ്യവസ്ഥകള്‍ മാത്രം അംഗീകരിച്ച് ബാക്കിയുള്ളവ മാറ്റിവച്ചാല്‍ അത് ഇസ്രയേലിന്റെ സുരക്ഷയെ ബാധിക്കുമെന്നാണ് അവരുടെ വാദം.
നയതന്ത്ര ചര്‍ച്ചകള്‍ ഒരു വശത്ത് നടക്കുമ്പോഴും അമേരിക്ക തങ്ങളുടെ 82-ാമത് എയര്‍ബോണ്‍ ഡിവിഷനില്‍ നിന്നുള്ള ആയിരക്കണക്കിന് സൈനികരെ പശ്ചിമേഷ്യയിലേക്ക് അയക്കുന്നത് സാഹചര്യം കൂടുതല്‍ സങ്കീര്‍ണ്ണമാക്കുന്നു. ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ഇറാനെതിരെ കടുത്ത സൈനിക നടപടി ഉണ്ടാകുമെന്ന സൂചനയാണ് അമേരിക്ക നല്‍കുന്നത്.
‘കരാര്‍ അല്ലെങ്കില്‍ കടുത്ത ആക്രമണം’, വൈറ്റ് ഹൗസ് വൃത്തങ്ങള്‍ സൂചിപ്പിക്കുന്നത് പോലെ, ചര്‍ച്ചകള്‍ പരാജയപ്പെട്ടാല്‍ ബോംബിംഗിലേക്ക് തിരിച്ചുപോകുക എന്നതാകും അമേരിക്കയുടെ അടുത്ത നീക്കം. സമാധാന പദ്ധതിയുടെ ഭാവി പാകിസ്ഥാനില്‍ നടക്കാനിരിക്കുന്ന നിര്‍ണായക യോഗങ്ങളെ ആശ്രയിച്ചിരിക്കും. പശ്ചിമേഷ്യ ഒരു പുതിയ സമാധാന ഉടമ്പടിയിലേക്ക് നീങ്ങുമോ അതോ കൂടുതല്‍ വലിയൊരു യുദ്ധത്തിലേക്ക് വീഴുമോ എന്ന് വരും ദിവസങ്ങള്‍ തീരുമാനിക്കും.
Content Summary: Trump’s 15-point peace plan for Iran: a breakthrough or an ultimatum?
This post was last modified on March 25, 2026 6:46 pm
Leave a Comment