ട്രംപ് പറഞ്ഞാൽ മോദി ചാടികളിക്കുമോ? അതേയെന്ന് മറുപടി നൽകേണ്ടി വരുന്ന അവസ്ഥയിലാണ് നിലവിലെ രാഷ്ട്രീയ സാഹചര്യം. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് തനിക്ക് ഉറപ്പ് നൽകിയതായി യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പ്രസ്താവന അന്താരാഷ്ട്ര തലത്തിലും രാജ്യത്തും വലിയ ചർച്ചകൾക്ക് വഴിവച്ചിരിക്കുകയാണ്.
ട്രംപിൻ്റെ അവകാശവാദത്തിൽ കേന്ദ്ര സർക്കാർ സ്ഥിരീകരണം നൽകിയിട്ടില്ല, എതിർത്തിട്ടുമില്ല. മോദിയുടെ ഈ മൗനം നിരവധി ചോദ്യങ്ങളാണ് ഉയർത്തുന്നത്. യുക്രെയ്ൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ സ്വാധീനം ചെലുത്തി റഷ്യയെ ഒറ്റപ്പെടുത്താനുള്ള അമേരിക്കയുടെ ശ്രമങ്ങൾക്ക് ഇന്ത്യ വഴങ്ങുകയാണോ? അതോ ട്രംപിനെ മോദി ഭയക്കുന്നുവോ? എങ്കിൽ എന്തിന്? തുടങ്ങി നിരവധി ചോദ്യങ്ങൾ ഇന്ത്യൻ രാഷ്ട്രീയത്തിൽ ശക്തമായി ഉയർത്തപ്പെടുകയാണ്.
ഇന്ത്യ – യുഎസ് വ്യാപാരബന്ധത്തിലെ ഉലച്ചിലിനും ഇന്ത്യയ്ക്ക് മേലുള്ള അധിക തീരുവയ്ക്കുമെല്ലാം വഴിവെച്ച വിഷയമായിരുന്നു റഷ്യയിൽ നിന്നുള്ള എണ്ണ ഇറക്കുമതി. ഇന്ത്യ റഷ്യയിൽ നിന്ന് എണ്ണ വാങ്ങുന്നത് തുടരുന്നതിലുള്ള അസംതൃപ്തി ട്രംപ് പരസ്യമായി പ്രകടിപ്പിച്ചിരുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് റഷ്യയുടെ യുദ്ധത്തിന് പണം നൽകുന്നതിന് തുല്യമാണെന്നും അത് യുക്രെയ്നിലെ സംഘർഷം നീളാൻ കാരണമാകുമെന്നും ട്രംപ് വാദിച്ചിരുന്നു. ഇതിന് പിന്നാലെയാണ്, മോദി റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുമെന്ന് തനിക്ക് ഉറപ്പ് നൽകിയതായി ട്രംപ് വൈറ്റ് ഹൗസിൽ മാധ്യമങ്ങളോട് പറഞ്ഞത്.
Read more; റഷ്യൻ എണ്ണ ഇറക്കുമതി നിർത്തും; മോദി ഉറപ്പ് നൽകിയതായി ട്രംപ്
വിദേശകാര്യ മന്ത്രാലയം, ഇന്ത്യയുടെ ഊർജ്ജ ഇറക്കുമതി നയം പൂർണ്ണമായും രാജ്യത്തെ ഉപഭോക്താക്കളുടെ താൽപ്പര്യങ്ങൾ സംരക്ഷിക്കുന്നതിലാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നാണ് വിദേശകാര്യ മന്ത്രാലയം പ്രസ്താവനയിറക്കിയിരിക്കുന്നത്. സ്ഥിരതയുള്ള ഊർജ്ജ വിലയും സുരക്ഷിതമായ വിതരണവുമാണ് ഇന്ത്യയുടെ ഊർജ്ജ നയത്തിന്റെ ലക്ഷ്യമെന്നും പ്രസ്താവനയിൽ പറയുന്നു. റഷ്യൻ എണ്ണ വാങ്ങുന്നത് നിർത്തുന്നതിനെക്കുറിച്ചുള്ള ട്രംപിൻ്റെ വാദത്തിന് നേരിട്ട് മറുപടി നൽകുന്നില്ലെങ്കിലും ഇന്ത്യയുടെ ഊർജ്ജ നയം ദേശീയ താൽപ്പര്യങ്ങൾ മുൻനിർത്തിയാണെന്ന് സൂചിപ്പിക്കുന്നതാണ് പ്രസ്താവനയെന്നാണ് ചില ദേശീയവാദികൾ സ്ഥാപിക്കുന്നത്.
ആഞ്ഞടിച്ച് പ്രതിപക്ഷം
ട്രംപിന്റെ പ്രസ്താവനയ്ക്ക് പിന്നാലെ മോദിക്കെതിരെ ശക്തമായ വിമർശനം ഉന്നയിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും രംഗത്തെത്തി. മോദി ട്രംപിനെ ഭയപ്പെടുന്നുവെന്നും ഇന്ത്യയുടെ വിദേശനയത്തെ വ്യക്തിപരമായ സൗഹൃദത്തിന് വേണ്ടി ദുർബലപ്പെടുത്തുന്നു എന്നും രാഹുൽ ഗാന്ധി ആരോപിച്ചു. റഷ്യയുമായി ഇന്ത്യക്ക് ചരിത്രപരമായ അടുത്ത ബന്ധമുണ്ടെന്നും, ഈ നീക്കം ആ ബന്ധത്തെ തകർക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ട്രംപിന്റെ പ്രസ്താവന ഇന്ത്യ-യുഎസ് ബന്ധത്തിലെ സങ്കീർണ്ണത തുറന്നുകാട്ടുന്നതാണ്. ട്രംപിന്റെ അവകാശവാദം ഇന്ത്യയുടെ മേലുള്ള പരമാവധി സമ്മർദ്ദതന്ത്രത്തിന്റെ ഭാഗമാകാമെന്നാണ് വിദഗ്ധരുടെ വിലയിരുത്തൽ. ഇന്ത്യ ഔദ്യോഗികമായി നിഷേധിക്കാത്തപക്ഷം, ട്രംപിന് അന്താരാഷ്ട്ര തലത്തിൽ റഷ്യക്കെതിരായ തന്റെ നിലപാടിന് ഒരു വിജയമുണ്ടായതായി ഇതിലൂടെ കണക്കാക്കാൻ സാധിക്കും.
ഇന്ത്യ-റഷ്യ ബന്ധം പ്രതിരോധത്തിലാകുമോ?
ഇന്ത്യക്ക് റഷ്യയുമായി പ്രതിരോധ ബന്ധങ്ങൾ നിലനിർത്തേണ്ടത് അത്യാവശ്യമാണ്. അതുപോലെതന്നെ അമേരിക്കയുമായുള്ള സാമ്പത്തിക, സാങ്കേതിക, തന്ത്രപരമായ ബന്ധങ്ങളും നിർണായകമാണ്. എന്നാൽ റഷ്യൻ എണ്ണയുടെ കാര്യം മാത്രമല്ല മോദിക്ക് ട്രംപിനോടുള്ള ഭയത്തിനെക്കുറിച്ച് ചൂണ്ടിക്കാട്ടുന്നത്. ആവർത്തിച്ചുള്ള അവഹേളനങ്ങൾക്കിടയിലും ട്രംപിന് മോദി അഭിനന്ദന സന്ദേശമയക്കുന്നതും ഷാം എൽ ഷെയ്ഖ് സമാധാന ഉച്ചകോടി ഒഴിവാക്കിയതും ഓപ്പറേഷൻ സിന്ദൂറിനെ കുറിച്ചുള്ള ട്രംപിന്റെ വാദങ്ങളെ എതിർക്കാത്തതുമെല്ലാം ഇതുമായി കൂട്ടിവായിക്കാവുന്നതാണ്. അതിനാൽ പ്രതിപക്ഷത്തിന്റെ വിമർശനങ്ങളെ നേരിടേണ്ട ബാധ്യത തീർച്ചയായും മോദിക്കുണ്ട്. ഇന്ത്യ-റഷ്യ ബന്ധം തകർക്കുന്നത് രാജ്യത്തിന് എത്രത്തോളം ദോഷകരമാവുമെന്ന ചോദ്യവും പ്രസക്തമാണ്.
Content Summary: Trump’s claim about India’s decision on Russian oil imports puts the India-Russia alliance on the defensive as Modi remains silent
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.