അമേരിക്കയിൽ ഉത്പാദന കേന്ദ്രങ്ങൾ സ്ഥാപിക്കുന്നില്ലെങ്കിൽ, ബ്രാൻഡഡ്, പേറ്റന്റ് നേടിയ ഫാർമസ്യൂട്ടിക്കൽ ഉത്പന്നങ്ങൾക്ക് 2025 ഒക്ടോബർ 1 മുതൽ 100 ശതമാനം തീരുവ ചുമത്തുമെന്നാണ് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരിക്കുന്നത്. അമേരിക്കയുടെ ഈ തീരുമാനം ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയ്ക്ക് കനത്ത തിരിച്ചടിയാകാൻ സാധ്യതയുണ്ട്. നിലവിൽ ഇന്ത്യയുടെ മരുന്ന് കയറ്റുമതിയുടെ വലിയൊരു പങ്കും അമേരിക്കൻ വിപണിയെ ആശ്രയിച്ചാണ് മുന്നോട്ട് പോകുന്നത്.
ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ വ്യവസായം ആഗോളതലത്തിൽ ഉത്പാദനത്തിന്റെ അളവിൽ മൂന്നാം സ്ഥാനത്തും ഉത്പാദന മൂല്യത്തിൽ 14-ാം സ്ഥാനത്തുമാണ്. ലോകത്തിലെ വിവിധ വാക്സിനുകളുടെ ആവശ്യകതയുടെ 50 ശതമാനത്തിലധികവും, അമേരിക്കയിലെ ജനറിക് മരുന്നുകളുടെ 40 ശതമാനവും, ബ്രിട്ടനിലെ മരുന്നുകളുടെ 25 ശതമാനവും ഇന്ത്യയാണ് വിതരണം ചെയ്യുന്നത്. 2025 സാമ്പത്തിക വർഷത്തിൽ ഇന്ത്യയുടെ മരുന്ന് കയറ്റുമതി 30 ബില്യൺ ഡോളറിന്റെ റെക്കോർഡ് നേടിയിരുന്നു.
Also Read: അധികമായാല്‍ വിഷമാണെങ്കിലും; ട്രംപ് പറഞ്ഞപോലെ വില്ലനല്ല പാരസെറ്റാമോള്‍
ഇന്ത്യയുടെ ആകെ ഫാർമസ്യൂട്ടിക്കൽ കയറ്റുമതിയുടെ 31 ശതമാനവും അമേരിക്കയിലേക്കാണ്. 2024 സാമ്പത്തിക വർഷത്തിൽ 8.7 ബില്യൺ ഡോളർ (ഏകദേശം 77,231 കോടി രൂപ) മൂല്യമുള്ള മരുന്നുകളാണ് ഇന്ത്യ അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. ഡോ. റെഡ്ഡീസ്, അരബിന്ദോ ഫാർമ, സൈഡസ് ലൈഫ്‌സയൻസസ്, സൺ ഫാർമ, ഗ്ലാൻഡ് ഫാർമ തുടങ്ങിയ പ്രമുഖ കമ്പനികളുടെ മൊത്തം വരുമാനത്തിന്റെ 30 മുതൽ 50 ശതമാനം വരെ അമേരിക്കൻ വിപണിയിൽ നിന്നാണ്. ട്രംപിന്റെ പുതിയ നയം ഈ കമ്പനികൾക്ക് വലിയ വെല്ലുവിളിയുയർത്തും.
പുതിയ തീരുവ നിലവിൽ വന്നാൽ, ഇന്ത്യൻ ഫാർമ കമ്പനികൾക്ക് അമേരിക്കയിൽ ഉത്പാദന സൗകര്യങ്ങൾ സ്ഥാപിക്കേണ്ടി വരും. ഇത് വൻ മുതൽമുടക്ക് ആവശ്യമായ കാര്യമാണ്. എന്നാൽ, 2030-ഓടെ 130 ബില്യൺ ഡോളറായും 2047-ഓടെ 450 ബില്യൺ ഡോളറായും വളരുമെന്ന് പ്രതീക്ഷിക്കുന്ന ഇന്ത്യൻ ഫാർമ വ്യവസായം ഈ വെല്ലുവിളി എങ്ങനെ നേരിടുമെന്ന് കണ്ടറിയേണ്ടതുണ്ട്.
Also Read: എച്ച്-1ബി വിസ ഫീസ് 88 ലക്ഷമാക്കി ട്രംപ്; അമേരിക്കന്‍ ടെക് വ്യവസായം തകരുമെന്ന് വിമര്‍ശനം
തീരുവ പ്രഖ്യാപനം ഇന്ത്യൻ മരുന്ന് കയറ്റുമതിയുടെ ഭാവിയെക്കുറിച്ചുള്ള ആശങ്കകൾ വർദ്ധിപ്പിക്കുന്നു. ചുരുക്കത്തിൽ, ഏറ്റവും വലിയ വിപണിയിലേക്ക് ഉത്പന്നങ്ങൾ കയറ്റി അയക്കുന്നതിനുള്ള ചെലവ് വർധിക്കുകയും, രക്ഷപ്പെടാൻ വേണ്ടി കോടിക്കണക്കിന് രൂപ അമേരിക്കയിൽ മുതൽമുടക്കേണ്ടി വരികയും ചെയ്യുന്ന ഒരു സാഹചര്യമാണ് പുതിയ തീരുവ നയം ഇന്ത്യൻ ഫാർമസ്യൂട്ടിക്കൽ മേഖലയിൽ സൃഷ്ടിക്കുന്നത്.
content summary: Trump’s Pharmaceutical Bomb 100% Tariff Without US Production
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.