June 26, 2026 |

ട്രംപിന്റെ താരിഫ് ആഘാതത്തില്‍ മത്സ്യമേഖല; ‘വിറ്റഴിക്കാന്‍ മാര്‍ക്കറ്റില്ലെന്ന കാരണം മറ്റ് രാജ്യങ്ങള്‍ മുതലാക്കും’

ചൈനീസ് മാര്‍ക്കറ്റുകളെ ആശ്രയിക്കുന്നതും തിരിച്ചടി

ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് 50 ശതമാനത്തിലധികം തീരുവ ചുമത്താനുള്ള യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ തീരുമാനം മത്സ്യമേഖലയെ കൂടുതല്‍ പ്രതിസന്ധിയിലാക്കും. പ്രധാനമായും വനാമി ചെമ്മീന്‍ കയറ്റുമതിക്കാരെയാകും ട്രംപിന്റെ തീരുവ വര്‍ധനവ് പ്രതികൂലമായി ബാധിക്കുക. ”തകര്‍ന്നു കിടക്കുന്ന മേഖലയാണ് മത്സ്യവ്യവസായം. ട്രംപിന്റെ താരിഫ് കൂടി വരുന്നതോടെ പൂര്‍ണമായും ഇല്ലാതാകുന്ന സ്ഥിതിയാണ് ഉണ്ടാകുക” ഫ്രഷ് ടു ഹോം കോ-ഫൗണ്ടര്‍ മാത്യു ജോസഫ് അഴിമുഖത്തോട് പ്രതികരിച്ചു.

താരിഫ് വര്‍ധിപ്പിക്കുന്ന തീരുമാനം സമുദ്ര മത്സ്യബന്ധന വ്യവസായത്തെ താറുമാറാക്കുമെന്നതില്‍ സംശയമില്ല. ചെമ്മീന്‍ ഏറ്റവും അധികം കയറ്റുമതി ചെയ്യുന്നത് അമേരിക്കയിലേക്കാണ്. പ്രത്യേകിച്ച് ആന്ധ്രയില്‍ കൃഷി ചെയ്യുന്ന വെനാമി ചെമ്മീനുകള്‍.

”എന്നാല്‍ കേന്ദ്ര സര്‍ക്കാര്‍ കഴിഞ്ഞ ദിവസം പറഞ്ഞത് യുകെയുമായി പുതിയ കരാര്‍ ഉണ്ടാക്കിയിട്ടുണ്ടെന്നും അവര്‍ക്ക് ടാക്‌സ് ഇല്ലാതെ കയറ്റുമതി നടത്താമെന്നുമായിരുന്നു. കൂടാതെ, ചൈനയുമായും റഷ്യയുമായും വാണിജ്യബന്ധം ശക്തമാക്കാമെന്നുമാണ്.

പൊതുവെ ചൈനയായിരിക്കും ഇന്ത്യന്‍ ഉല്പന്നങ്ങള്‍ ഏറ്റവുമധികം ഇറക്കുമതി ചെയ്യാന്‍ താല്പര്യപ്പെടുക. പക്ഷേ, നിലവില്‍ എല്ലാ എക്‌സ്‌പോര്‍ട്ടേഴ്‌സിനും ചൈനയുടെ പെയ്‌മെന്റില്‍ വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നുണ്ട്. എക്‌സ്‌പോര്‍ട്ടേഴ്‌സില്‍ നിന്നും 10 ഡോളറിന് ഉല്പന്നങ്ങള്‍ വാങ്ങിയാല്‍, ആദ്യത്തെ കണ്ടെയ്‌നറുകള്‍ക്ക് ശേഷം ചെല്ലുന്നവയ്ക്ക് ഏതെങ്കിലും തരത്തിലുള്ള ക്വാളിറ്റി തകരാര്‍ പറഞ്ഞ് ഒമ്പത് ഡോളറിന് വില്‍പ്പന നടത്തേണ്ട ഗതികേടിലേക്ക് എത്തിച്ചേരും. ചൈനയുടെ എക്‌സ്‌പോര്‍ട്ടേഴ്‌സിനോടുള്ള നിലപാട് നിലവില്‍ ഇങ്ങനെയാണ്. ഇന്ത്യയിലെ പല എക്‌സ്‌പോര്‍ട്ടേഴ്‌സിനും സമാനമായ അനുഭവം ഉണ്ടായിട്ടുമുണ്ട്. പലപ്പോഴും ചൈനീസ് പോര്‍ട്ടില്‍ ചെന്ന ശേഷമാണ് അവര്‍ വിലപേശല്‍ നടത്തുന്നത്.

അതുകൊണ്ട് തന്നെ ചൈനീസ് മാര്‍ക്കറ്റിനെ മുഴുവനായും ആശ്രയിക്കാവുന്നതാണെന്ന് പറയാനാവില്ല. അതായത്, അമേരിക്കയെ മാറ്റി നിര്‍ത്തി ചൈനയെ കൊണ്ട് ജീവിക്കാമെന്ന് പറഞ്ഞാല്‍ ഒരിക്കലും നടക്കില്ലാത്ത കാര്യമാണെന്നാകും എക്‌സ്‌പോര്‍ട്ടേഴ്‌സ് പറയുക. ചൈനയെ മാത്രം കണ്ടുകൊണ്ട് ഇന്ത്യ തീരുമാനമെടുത്താല്‍ എക്‌സ്‌പോര്‍ട്ടേഴ്‌സിന് ഈ മേഖലയില്‍ പിടിച്ച് നില്‍ക്കാന്‍ കഴിയില്ല. ചിലപ്പോള്‍ ആദ്യത്തെ ഒരു വര്‍ഷം വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാകില്ല. പിന്നെ ചൈന അവരുടെ സ്ഥിരമായുള്ള ക്വാളിറ്റി പ്രശ്‌നം പറഞ്ഞ് വിലയിടിവ് തുടരും. പക്ഷേ, റഷ്യന്‍ മാര്‍ക്കറ്റുകള്‍ വളരെ മികച്ച നിലവാരം പുലര്‍ത്തുന്നവയാണ്. അവരുമായി സര്‍ക്കാര്‍ കരാര്‍ ഉണ്ടാക്കിയാല്‍ കയറ്റുമതിക്കാര്‍ക്ക് ഗുണം ചെയ്യും” മാത്യു ജോസഫ് അഴിമുഖത്തോട് പറഞ്ഞു.

”ക്രമേണ അമേരിക്ക ഇന്ത്യന്‍ ഉല്‍പന്നങ്ങള്‍ എടുക്കാതെ വരുമ്പോള്‍ മറ്റ് രാജ്യങ്ങള്‍ നിലവില്‍ തന്നുകൊണ്ടിരിക്കുന്ന തുകയില്‍ സ്വാഭാവികമായും കുറവ് വരുത്തും. അതോടെ വിറ്റഴിക്കാന്‍ മാര്‍ക്കറ്റില്ലെന്ന കാരണമാകും മറ്റ് രാജ്യങ്ങള്‍ മുതലാക്കുക. ഈ വിലയിടിവ് ഇന്ത്യന്‍ മാര്‍ക്കറ്റിനെ പൂര്‍ണമായും പ്രതികൂലമായി ബാധിക്കും. അതുകൊണ്ട് തന്നെ നിലവില്‍ അമേരിക്കയുമായുള്ള താരിഫ് പ്രശ്‌നം പരിഹരിക്കാനുള്ള ശ്രമങ്ങള്‍ നടത്തുകയാണ് വേണ്ടത്.

ഇന്ത്യന്‍ വെനാമി ചെമ്മീന്റെ എതിരാളി എന്നത് ഇക്വഡോറാണ്. ഇക്വഡോറിന് അമേരിക്ക 10 ശതമാനം താരിഫ് മാത്രമാണ് ചുമത്തിയിട്ടുള്ളൂ. ഇന്ത്യയ്ക്ക് താരിഫ് കൂട്ടിയതോടെ ഇക്വഡോറിന് വലിയൊരു മാര്‍ക്കറ്റ് സാധ്യത കൂടിയാണ് തുറന്ന് കിട്ടിയിരിക്കുന്നത്. ആകെയുള്ള വ്യത്യാസം ഇന്ത്യയിലെ പോലെ ഇക്വഡോറില്‍ പീലിങ്ങ് വലിയ രീതിയില്‍ നടക്കാന്‍ സാധ്യത കുറവാണ്. അതുകൂടി ഉണ്ടായിരുന്നെങ്കില്‍ ഇക്വഡോര്‍ ഇതിനോടകം അമേരിക്കന്‍ മാര്‍ക്കറ്റുകള്‍ കയ്യടക്കുമായിരുന്നു” മാത്യു ജോസഫ് കൂട്ടിച്ചേര്‍ത്തു.

2023-24 സാമ്പത്തിക വര്‍ഷത്തില്‍, ഇന്ത്യ 17,81,602 മെട്രിക് ടണ്‍ സമുദ്രോത്പന്നങ്ങള്‍ കയറ്റുമതി ചെയ്തു. ഇതിന്റെ മൂല്യം 7.38 ബില്യണ്‍ ഡോളറാണ് (ഏകദേശം 60,523.89 കോടി രൂപ).

2024ല്‍ ഇന്ത്യ ഏകദേശം രണ്ട് ബില്യണ്‍ ഡോളറിന്റെ സമുദ്രോത്പന്നങ്ങളാണ് അമേരിക്കയിലേക്ക് കയറ്റുമതി ചെയ്തത്. അമേരിക്കയുടെ ചെമ്മീന്‍, കൊഞ്ച് ഇറക്കുമതിയുടെ ഏകദേശം 80 ശതമാനത്തോളം വരും. നിലവില്‍ ഇന്ത്യയുടെ മൊത്തം കാര്‍ഷിക ഉത്പാദനത്തിന്റെ 4.4 ശതമാനം സമുദ്രോത്പന്നങ്ങളാണ്. ഇത് പത്ത് വര്‍ഷം മുന്‍പുണ്ടായിരുന്ന 2.3 ശതമാനത്തിന്റെ ഇരട്ടിയാണ്. Trump’s tariff; will push the fisheries sector into a deep crisis

Content Summary: Trump’s tariff; will push the fisheries sector into a deep crisis

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×