ട്രംപിന്റെ കണ്ണുരുട്ടല്‍ ഫലം കാണുന്നു; റഷ്യന്‍ എണ്ണയെ കൈവിട്ട് ലോകം

റഷ്യന്‍ എണ്ണയുടെ വരുമാനത്തില്‍ കനത്ത ആഘാതം

റഷ്യന്‍ ക്രൂഡ് ഓയില്‍ കമ്പനികള്‍ക്കെതിരെ, ഡൊണള്‍ഡ് ട്രംപ് ഏര്‍പ്പെടുത്തിയ പുതിയ ഉപരോധങ്ങള്‍ ഉദ്ദേശിച്ച ലക്ഷ്യം കണ്ടുതുടങ്ങിയതായി റിപ്പോര്‍ട്ട്. യുഎസ് ഉപരോധം ഭയന്ന്, കപ്പലുകളില്‍ നിന്ന് റഷ്യന്‍ എണ്ണ സ്വീകരിക്കാന്‍ റിഫൈനറികള്‍ (എണ്ണ ശുദ്ധീകരണ ശാലകള്‍) തയ്യാറാകുന്നില്ല.

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, പ്രധാന ഉപഭോക്താക്കള്‍ പിന്മാറിയതോടെ കടല്‍ മാര്‍ഗമുള്ള റഷ്യയുടെ ക്രൂഡ് ഓയില്‍ കയറ്റുമതിയില്‍ ഗണ്യമായ ഇടിവുണ്ടായി. 2024 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ കുറവാണിത്.

ഉപരോധം ശക്തമായതോടെ, കപ്പലുകളില്‍ എണ്ണ നിറയ്ക്കുന്നത് തുടരുന്നുണ്ടെങ്കിലും, ഇറക്കുമതി കുറഞ്ഞത് കാരണം കടലില്‍ കെട്ടിക്കിടക്കുന്ന റഷ്യന്‍ ക്രൂഡ് ഓയിലിന്റെ അളവ് വര്‍ധിച്ചു.

ബ്ലൂംബെര്‍ഗിന്റെ കപ്പല്‍ ട്രാക്കിംഗ് ഡാറ്റ അനുസരിച്ച്, നവംബര്‍ 2 ന് അവസാനിച്ച നാലാഴ്ചത്തെ ശരാശരി കയറ്റുമതി പ്രതിദിനം 3.58 മില്യണ്‍ ബാരലായി കുറഞ്ഞു. മുന്‍ ആഴ്ചയേക്കാള്‍ ഏകദേശം 1,90,000 ബാരലിന്റെ കുറവാണിത്.

റഷ്യയിലെ മുന്‍നിര കയറ്റുമതിക്കാരായ റോസ്‌നെഫ്റ്റ്, ലുക്കോയില്‍ എന്നിവരുമായുള്ള ഇടപാടുകള്‍ക്ക് യുഎസ് നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതോടെ, എണ്ണ വിപണിയിലെ ഈ തകര്‍ച്ച മോസ്‌കോയുടെ എണ്ണവരുമാനം ഓഗസ്റ്റിന് ശേഷമുള്ള ഏറ്റവും താഴ്ന്ന നിലയിലേക്ക് എത്തിച്ചു.

എണ്ണ കടലില്‍ കെട്ടിക്കിടക്കാന്‍ കാരണം?

റഷ്യന്‍ കയറ്റുമതിക്കാര്‍ കപ്പലുകളില്‍ ക്രൂഡ് ഓയില്‍ നിറയ്ക്കുന്നത് തുടരുമ്പോഴും, യുഎസ് ഉപരോധങ്ങളെ ഭയന്ന് ചരക്കുകള്‍ തങ്ങളുടെ സംഭരണശാലകളിലേക്ക് മാറ്റാന്‍ റിഫൈനറികള്‍ താല്‍പ്പര്യം കാണിക്കാത്തതാണ് പ്രധാന കാരണം.

ഇതിന്റെ ഫലമായി, കടലില്‍ കെട്ടിക്കിടക്കുന്ന റഷ്യന്‍ ക്രൂഡ് ഓയിലിന്റെ അളവ് 380 മില്യണ്‍ ബാരലിലധികം വര്‍ദ്ധിച്ചു. സെപ്റ്റംബര്‍ ആദ്യം മുതലുള്ള കണക്കുകളേക്കാള്‍ 27 മില്യണ്‍ ബാരലിന്റെ, അതായത് 8% വര്‍ധനവാണിത്.

ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് അനുസരിച്ച്, റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായ ചൈന, ഇന്ത്യ, തുര്‍ക്കി എന്നിവിടങ്ങളിലെ റിഫൈനറികള്‍ ഉപരോധം നേരിടുന്ന കപ്പലുകളില്‍ നിന്നുള്ള എണ്ണ വാങ്ങുന്നത് താല്‍ക്കാലികമായി നിര്‍ത്തിവെച്ചിരിക്കുകയാണ്. ഇവര്‍ നിലവില്‍ മറ്റ് വിതരണ സ്രോതസ്സുകള്‍ തേടുകയാണ്.

റഷ്യയുടെ കടല്‍ വഴിയുള്ള ക്രൂഡ് ഓയില്‍ കയറ്റുമതിയുടെ 95 ശതമാനത്തിലേറെയും ഈ മൂന്ന് രാജ്യങ്ങളെ ആശ്രയിച്ചിരിക്കുന്നതിനാല്‍, ഇവരുടെ വാങ്ങലുകളിലുണ്ടാകുന്ന കുറവ് റഷ്യയ്ക്ക് നികത്താന്‍ എളുപ്പമല്ല. കപ്പലുകള്‍ കടലിലെ സംഭരണം തുടര്‍ന്നാലും, റഷ്യ എണ്ണ നിറയ്ക്കുന്നത് തുടരാനാണ് സാധ്യത. അതിനാല്‍, കടലില്‍ കെട്ടിക്കിടക്കുന്ന എണ്ണയുടെ അളവ് ഉപരോധങ്ങളുടെ ഫലപ്രാപ്തി അളക്കുന്നതില്‍ നിര്‍ണായക സൂചകമായി മാറും.

ഉപരോധങ്ങളുടെ സാമ്പത്തിക ആഘാതം

ഉപരോധങ്ങള്‍ റഷ്യന്‍ എണ്ണയുടെ വരുമാനത്തില്‍ കനത്ത ആഘാതമാണ് സൃഷ്ടിച്ചിരിക്കുന്നത്. നവംബര്‍ 2 ന് അവസാനിച്ച 28 ദിവസത്തെ കാലയളവില്‍, റഷ്യന്‍ കയറ്റുമതിയുടെ നാലാഴ്ചത്തെ മൊത്തം ശരാശരി മൂല്യം ഏകദേശം 90 മില്യണ്‍ ഡോളര്‍ കുറഞ്ഞ് പ്രതിവാരം 1.36 ബില്യണ്‍ ഡോളറായി. അളവിലും വിലയിലുമുണ്ടായ കുറവാണ് ഇതിന് കാരണം.

കയറ്റുമതി വിലയില്‍ ഗണ്യമായ കുറവുണ്ടായി. ബാള്‍ട്ടിക്, യുറല്‍സ് ക്രൂഡ് ഓയില്‍ വില ബാരലിന് 0.60 ഡോളറോളം കുറഞ്ഞ് യഥാക്രമം 51.42 ഡോളറും 51.79 ഡോളറുമായി. പസഫിക് ESPO ക്രൂഡ് വില 0.80 ഡോളര്‍ കുറഞ്ഞ് ബാരലിന് ശരാശരി 59.20 ഡോളറിലെത്തി. ഇത് തുടര്‍ച്ചയായ രണ്ടാമത്തെ ആഴ്ചയും G-7 രാജ്യങ്ങളുടെ 60 ഡോളര്‍ പരിധിക്ക് താഴെയാണ്. ഇന്ത്യയിലേക്കുള്ള എണ്ണയുടെ വിതരണ വിലയും 0.60 ഡോളര്‍ കുറഞ്ഞ് ബാരലിന് 62.13 ഡോളറായെന്ന് ആര്‍ഗസ് മീഡിയ റിപ്പോര്‍ട്ട് ചെയ്യുന്നു.

നവംബര്‍ 2 ന് അവസാനിച്ച ഏഴ് ദിവസത്തെ പ്രതിവാര കയറ്റുമതി മൂല്യം ശരാശരി 1.15 ബില്യണ്‍ ഡോളറാണ്. ഇത് ഒക്ടോബര്‍ 26 ന് അവസാനിച്ച കാലയളവിലെ പുതുക്കിയ കണക്കുകളേക്കാള്‍ 27% കുറവാണ്.

റഷ്യയെ കൈവിട്ട് ചൈനയും ഇന്ത്യയും

യുഎസ് ഉപരോധങ്ങളെ തുടര്‍ന്ന്, റഷ്യന്‍ എണ്ണയുടെ പ്രധാന ഉപഭോക്താക്കളായ ഇന്ത്യയും ചൈനയും എണ്ണ വാങ്ങല്‍ നിര്‍ത്തിവച്ചിരിക്കുകയാണ്. പ്രതിദിനം ഏകദേശം 1 മില്യണ്‍ ബാരല്‍ റഷ്യന്‍ ക്രൂഡ് ഓയില്‍ വാങ്ങുന്ന ഇന്ത്യന്‍ റിഫൈനറികള്‍, മറ്റ് ബദര്‍ മാര്‍ഗങ്ങള്‍ കണ്ടെത്തുന്നത് വരെ താല്‍ക്കാലികമായി എണ്ണ ഏറ്റെടുക്കുന്നത് നിര്‍ത്തിയിരിക്കുകയാണ്. ഇത് ഡിസംബര്‍, ജനുവരി മാസങ്ങളിലെ എണ്ണവിതരണത്തെ ബാധിക്കാന്‍ സാധ്യതയുണ്ട്. ഉപരോധം നേരിടുന്ന റഷ്യന്‍ കോര്‍പ്പറേഷനുകളില്‍ നിന്ന് നേരിട്ട് വാങ്ങുന്നതിന് പകരം, ചെറിയ വിതരണക്കാരില്‍ നിന്ന് എണ്ണ ഉറപ്പാക്കാന്‍ സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള റിഫൈനറികള്‍ ശ്രമിക്കുകയാണ്.

ചൈനീസ് റിഫൈനറികളും സമാനമായ നിയന്ത്രണങ്ങള്‍ നടപ്പാക്കുന്നുണ്ട്. യുഎസ് ഉപരോധങ്ങളെ തുടര്‍ന്ന്, സിനോപെക്, പെട്രോചൈന കോ. തുടങ്ങിയ സര്‍ക്കാര്‍ നിയന്ത്രിത സ്ഥാപനങ്ങള്‍ ചില റഷ്യന്‍ ചരക്ക് കരാറുകളില്‍ നിന്ന് പിന്മാറിയതായി ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നു.

ഈ ജാഗ്രതാ സമീപനം ചൈനയുടെ കടല്‍ വഴിയുള്ള റഷ്യന്‍ ക്രൂഡ് ഇറക്കുമതിയുടെ 45% വരെ (പ്രതിദിനം ഏകദേശം 4,00,000 ബാരല്‍) ബാധിക്കാന്‍ സാധ്യതയുണ്ടെന്ന് റിസ്റ്റാഡ് എനര്‍ജി എഎസ് മുന്നറിയിപ്പ് നല്‍കുന്നു. പസഫിക് തുറമുഖമായ കോസ്മിനോയില്‍ നിന്ന് അയയ്ക്കുന്ന ESPO ഗ്രേഡ് എണ്ണയെയാകും ഇത് പ്രധാനമായും ബാധിക്കുക.

റഷ്യന്‍ ക്രൂഡ് ഇറക്കുമതിയില്‍ ലോകത്ത് മൂന്നാം സ്ഥാനത്തുള്ള തുര്‍ക്കിഷ് റിഫൈനറികള്‍ പോലും നിലവില്‍ വാങ്ങലുകള്‍ കുറയ്ക്കുകയും, ഇറാഖ്, ലിബിയ, സൗദി അറേബ്യ, കസാഖിസ്ഥാന്‍ എന്നിവരുള്‍പ്പെടെയുള്ള സ്രോതസ്സുകളില്‍ നിന്ന് വിതരണം ഉറപ്പാക്കി വൈവിധ്യവത്കരണത്തിന് ഒരുങ്ങുകയുമാണ്.

ലോകത്തിന് റഷ്യന്‍ എണ്ണ ഒഴിവാക്കാനാകുമോ?

നിലവിലെ വിപണി മാറ്റം ശാശ്വതമല്ലെന്ന് ചില വ്യവസായ വിദഗ്ധര്‍ അഭിപ്രായപ്പെടുന്നു. ‘തടസ്സപ്പെട്ട റഷ്യന്‍ എണ്ണ ഏതെങ്കിലും തരത്തില്‍ വിപണിയിലേക്ക് തിരികെ എത്തും. അത് എപ്പോഴും അങ്ങനെയാണ് സംഭവിക്കാറ്,’ എന്ന് ഗുണ്‍വോര്‍ ഗ്രൂപ്പ് സിഇഒ ടോര്‍ബ്‌ജോണ്‍ ടോണ്‍ക്വിസ്റ്റ് ബ്ലൂംബെര്‍ഗിനോട് പറഞ്ഞു.

യുക്രേനിയന്‍ ഡ്രോണ്‍ ആക്രമണങ്ങള്‍ക്കും അറ്റകുറ്റപ്പണികള്‍ക്കും ശേഷം ഒക്ടോബര്‍ അവസാനവാരം റഷ്യന്‍ ക്രൂഡ് സംസ്‌കരണം വര്‍ധിച്ചു. എന്നാല്‍, റോസ്നെഫ്റ്റിന്റെ സരടോവ് കേന്ദ്രത്തെ ലക്ഷ്യമാക്കി ഈ വര്‍ഷം നടന്ന ഏഴാമത്തെ ആക്രമണത്തെ തുടര്‍ന്ന് ഈ ആഴ്ച ഉത്പാദനം കുറയുമെന്നാണ് പ്രതീക്ഷ.

ചൈനയിലേക്കും ഇന്ത്യയിലേക്കുമുള്ള ക്രൂഡ് കയറ്റുമതിയില്‍ കുറവുണ്ടായിട്ടും, ലക്ഷ്യസ്ഥാനം പ്രഖ്യാപിക്കാത്ത കപ്പലുകളില്‍ വലിയ അളവില്‍ എണ്ണ നിലനില്‍ക്കുന്നുണ്ട്. ഇത് വിപണി രീതികളില്‍ മാറ്റം വരാനുള്ള സാധ്യത നല്‍കുന്നു.

അറബിക്കടല്‍ കടക്കുന്നത് വരെ കപ്പലുകള്‍ തങ്ങളുടെ അന്തിമ ലക്ഷ്യസ്ഥാനം വെളിപ്പെടുത്തുന്നില്ല. മാത്രമല്ല, ചില കപ്പലുകള്‍ ചരക്ക് ഇറക്കുമ്പോള്‍ പോലും ഈ അവ്യക്തത നിലനിര്‍ത്തുന്നു എന്നും ബ്ലൂംബെര്‍ഗ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

നവംബര്‍ 2 ന് അവസാനിച്ച നാലാഴ്ചത്തെ കാലയളവില്‍ ചൈനയിലേക്കുള്ള പ്രതിദിന എണ്ണ ഒഴുക്ക് 9,70,000 ബാരലായി കുറഞ്ഞു. ഇന്ത്യയിലേക്കുള്ള കയറ്റുമതി 1.16 മില്യണ്‍ ബാരലില്‍ നിന്ന് 9,40,000 ബാരലായി കുറഞ്ഞു. പ്രതിദിനം 1.3 മില്യണ്‍ ബാരലിലധികം വഹിക്കുന്ന കപ്പലുകള്‍ ഇതുവരെയും തങ്ങളുടെ അന്തിമ ലക്ഷ്യസ്ഥാനം പ്രഖ്യാപിച്ചിട്ടില്ല.

ചരിത്രപരമായി ഈ ചരക്കുകള്‍ ഇന്ത്യയിലോ ചൈനയിലോ ആണ് എത്തിയിരുന്നത്. എന്നാല്‍, യുഎസ് ഉപരോധങ്ങള്‍ ശക്തമാക്കിയ സാഹചര്യത്തില്‍, റഷ്യന്‍ വില്‍പ്പനക്കാര്‍ പുതിയ ക്രമീകരണങ്ങള്‍ കണ്ടെത്തിയില്ലെങ്കില്‍ ഈ എണ്ണ ശേഖരം കടലില്‍ തന്നെ തുടര്‍ന്ന് കെട്ടിക്കിടക്കാന്‍ സാധ്യതയുണ്ട്.

Content Summary: Trump’s threat led the world to shut Russian oil

This post was last modified on November 6, 2025 1:15 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment