ചരക്ക് നീക്കം വേഗത്തിലാക്കാൻ പാനമ കനാൽ തിരിച്ചുപിടിക്കുമെന്ന് അറിയിച്ചിരിക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. തങ്ങളുടെ രാജ്യത്തിന്റെ പ്രധാന സഖ്യകക്ഷിയായ അമേരിക്കയുടെ ഈ പ്രഖ്യാപനം 35 വർഷം മുൻപ് നടന്ന യുദ്ധങ്ങളിൽ ബാക്കിയായ പാനമ നിവാസികളെ ചൊടിപ്പിച്ചിരിക്കുകയാണ്. പാനമ നഗരത്തിലെ എൽ ചൊറിയോയിൽ 1989ലെ യുഎസ് അധിനിവേശത്തിൽ മരിച്ച നൂറുകണക്കിന് പാനമ നിവാസികൾക്കായുള്ള അവഗണിക്കപ്പെട്ട ഒരു സ്മാരകമുണ്ട്. വാഷിങ്ടണിനെ എതിർത്താൽ എന്താണ് സംഭവിക്കുന്നതെന്ന് സൂചന നൽകുന്ന തരത്തിൽ ഇപ്പോഴും ആ സ്മാരകം അവിടെ നിലകൊള്ളുന്നു. Trump’s Threat Over Panama Canal
1989ലെ യുഎസ് ആക്രമണം ജനറൽ മാനുവൽ നൊറിഗയുടെ സൈനിക സ്വേച്ഛാധിപത്യത്തെ അട്ടിമറിച്ചു. മയക്കുമരുന്ന് കടത്തിൻ്റെ പേരിൽ നൊറിഗയെ പിടികൂടുകയും യുഎസിലെ ജയിലിലടക്കുകയും ചെയ്തിരുന്നു. അതിനുശേഷം, പാനമ ഒരു ജനാധിപത്യ രാജ്യമായും അമേരിക്കയുടെ ശക്തമായ സഖ്യകക്ഷിയായും തുടർന്നു. എന്നാൽ 1914 ൽ നിർമാണം പൂർത്തിയാവുകയും 1999 ൽ പാനമക്ക് പൂർണമായി കൈമാറുകയും ചെയ്ത പാനമ കനാൽ യുഎസ് നിയന്ത്രണത്തിലേക്ക് തിരികെ കൊണ്ടുവരണമെന്ന് ട്രംപ് നിർദ്ദേശിച്ചതോടെ പാനമയിൽ പുതിയ യുഎസ് ഇടപെടൽ എന്ന ആശയം വീണ്ടും ഉയർന്നുവന്നു.
ഞങ്ങൾ അമേരിക്കയുടെ പതാകയെ ബഹുമാനിക്കുന്നതുപോലെ ട്രംപ് പാനമിയൻ പതാകയെയും ബഹുമാനിക്കണം. 1989 ൽ ഞങ്ങൾക്ക് ചുറ്റും ടാങ്കുകൾ വട്ടമിട്ടപ്പോൾ വെടിയുണ്ടകൾക്ക് കീഴിലൂടെ ഞങ്ങൾക്ക് നടക്കേണ്ടി വന്നിട്ടുണ്ട്. ലാറ്റിനമേരിക്കയിൽ ആധിപത്യം സ്ഥാപിക്കാനാണ് വീണ്ടും അമേരിക്ക ആഗ്രഹിക്കുന്നത്. യുഎസ് അധിനിവേശത്തിന് സാക്ഷിയായ തെരുവ് കച്ചവടക്കാരൻ ഇസയാസ് ബ്ലേഡ്സ് പറഞ്ഞതായി ഫിനാൽഷ്യൽ ടൈംസ് റിപ്പോർട്ട് ചെയ്തു.
പാനമ കനാൽ ഒരിക്കലും വിട്ടുകൊടുക്കാൻ പാടില്ലാത്ത വിഡ്ഢിത്തമായ സമ്മാനമാണെന്ന് ഉദ്ഘാടന പ്രസംഗത്തിൽ ട്രംപ് പറഞ്ഞു. പാനമ അതിൻ്റെ വാഗ്ദാനം ലംഘിച്ചുവെന്നും കനാൽ പ്രവർത്തിപ്പിക്കുന്നത് ചൈനയാണെന്ന് ആരോപിച്ചു. ചൈനക്കല്ല പാനമക്കാണ് നൽകിയതെന്നും ഞങ്ങൾ അത് തിരിച്ചെടുക്കുകയാണെന്നും ഡൊണാൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
പാനമ കനാലിൻ മേലുള്ള യുഎസ് ആധിപത്യം
അറ്റ്ലാന്റിക്, പസഫിക് സമുദ്രങ്ങളെ ബന്ധിപ്പിക്കുന്നതും യുഎസിന്റെ സമുദ്ര വ്യാപാരവുമായി ബന്ധപ്പെട്ട നിര്‍ണായകവുമായ ജലപാതയാണ് പാനമ കനാല്‍. പ്രതിവര്‍ഷം ഏകദേശം 270 ബില്യണ്‍ ഡോളറിന്റെ ചരക്ക് ഗതാഗതം നടക്കുന്ന പാനമ കനാല്‍ ആഗോള വ്യാപാരത്തിലെ ഒരു നിര്‍ണായക പാതയാണ്. കനാല്‍ വഴിയുള്ള 75 ശതമാനം ചരക്ക് നീക്കവും യുഎസ് ഇറക്കുമതിയും കയറ്റുമതിയുമായി ബന്ധപ്പെട്ടതാണ്. യുഎസ് അതിനാല്‍ പാനമ കനാലിനെ വളരെയേറേ ആശ്രയിക്കുന്നുണ്ട്.
ഹച്ചിസൺ തുറമുഖങ്ങളുടെ നേതൃത്വത്തിലുള്ള കനാലിൻ്റെ രണ്ടറ്റത്തുമുള്ള തുറമുഖങ്ങൾ ഉൾപ്പെടെയുള്ള പാനമയിലെ ചൈനയുടെ വർദ്ധിച്ചുവരുന്ന നിക്ഷേപം വാഷിംഗ്ടണിനെ ഭയപ്പെടുത്തി. 2017 ൽ പനാമ തായ്‌വാനിൽ നിന്ന് ചൈനയിലേക്ക് നയതന്ത്രബന്ധം മാറ്റിയതിന് ശേഷം ബെയ്ജിങ് ഒരു കൺവെൻഷൻ സെൻ്റർ നിർമ്മിക്കുകയും നാലാമത്തെ കനാൽ പാലം നിർമ്മിക്കുകയും ചെയ്തു. യുഎസിനുശേഷം പാനമയിലെ രണ്ടാമത്തെ വലിയ നിക്ഷേപകരായി ചൈന മാറി.
1977 ലെ കൈമാറ്റ കരാറിൽ നിന്നുള്ള നിഷ്പക്ഷത ഉടമ്പടി ഏതെങ്കിലും രാജ്യത്തിന് താരിഫുകളിൽ പ്രത്യേക പരിഗണന നൽകുന്നതിൽ നിന്ന് പാനമയെ തടയുന്നുണ്ടെങ്കിലും കനാൽ ഉപയോഗിക്കുന്ന യുഎസ് കപ്പലുകൾക്ക് ഉയർന്ന ഫീസ് ഈടാക്കുന്നതിനെ ട്രംപ് വിമർശിച്ചു. എന്നാൽ കനാലിൽ ചൈനയ്ക്ക് നിയന്ത്രണമില്ലെന്നും ചൈനീസ് കമ്പനികളുമായുള്ള എല്ലാ കരാറുകളും സുതാര്യമായാണ് നൽകിയതെന്നും പാനമ കനാലിൻ്റെ ഡെപ്യൂട്ടി അഡ്മിനിസ്ട്രേറ്റർ ഇല്യ എസ്പിനോ ഡി മറോട്ട പറഞ്ഞു. ട്രംപിൻ്റെ പ്രഖ്യാപനത്തിന് ശേഷം ഹച്ചിസണിൻ്റെ പ്രവർത്തനങ്ങളുടെ ഓഡിറ്റിന് പനാമ സർക്കാർ ഉത്തരവിട്ടു.
പാനമ കനാലിനെക്കുറിച്ചുള്ള ട്രംപിൻ്റെ ആശങ്ക അദ്ദേഹത്തിൻ്റെ ആദ്യ ഭരണകാലം മുതൽ തന്നെയുള്ളതാണ്. 2017ൽ അന്നത്തെ പ്രസിഡൻ്റ് ജുവാൻ കാർലോസ് വരേലയുമായുള്ള കൂടിക്കാഴ്ചയിൽ പാനമയെ ട്രംപ് പ്രശംസിച്ചിരുന്നെങ്കിലും കനാൽ താരിഫുകളെക്കുറിച്ചും ഉടമസ്ഥതയെക്കുറിച്ചുമുള്ള ആശങ്കകൾ ഉന്നയിച്ചിരുന്നു. ക്രമീകരണത്തിൽ അതൃപ്തി പ്രകടിപ്പിക്കുകയും ചെയ്തു.
പാനമ – യുഎസ് നയതന്ത്ര ബന്ധത്തിന്റെ പ്രാധാന്യം
ബിസിനസ് അനുകൂല, വലതുപക്ഷ ഗവൺമെൻ്റുകളുള്ള ഒരു യുഎസ് സഖ്യകക്ഷിയാണ് പാനമ. യുഎസ് ഡോളറാണ് രാജ്യം ഉപയോഗിക്കുന്നത്. അമേരിക്കൻ കമ്പനികളുടെ ഒരു ലോജിസ്റ്റിക് ഹബ്ബ് കൂടിയാണ് പാനമ. അതുകൊണ്ട് തന്നെ പാനമക്കെതിരായ യുഎസ് നടപടി നയതന്ത്രപരവും രാഷ്ട്രീയവുമായ തർക്കങ്ങളിലേക്ക് നയിക്കാൻ സാധ്യതയുണ്ട്.
പാനമയിലെ ചൈനീസ് നിക്ഷേപം വളർന്നിട്ടുണ്ടെങ്കിലും, സാംസ്കാരികവും ബിസിനസിലെ വ്യത്യാസങ്ങളും കാരണം മിക്ക ബിസിനസുകളും ഇപ്പോഴും അമേരിക്കയുമായി ചേർന്ന് പ്രവർത്തിക്കാൻ ആഗ്രഹിക്കുന്നവയാണ്. ചൈനയുടെ സ്വാധീനത്തെക്കുറിച്ചുള്ള ആശങ്കകൾ ചർച്ച ചെയ്യുന്നതിനായി യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർക്കോ റൂബിയോ അടുത്തയാഴ്ച പാനമ സന്ദർശിക്കുന്നുണ്ടെന്നാണ് റിപ്പോർട്ടുകൾ. ശീതയുദ്ധത്തിന് ശേഷം യുഎസിന് ഈ മേഖലയോടുള്ള താൽപര്യം നഷ്ടപ്പെട്ടതിനെ തുടർന്നാണ് ചൈന ഇടപെട്ടതെന്ന് പനാമയുടെ മുൻ വിദേശകാര്യ മന്ത്രിയും പ്രഥമ കനാൽ മന്ത്രിയുമായ ജോർജ് എഡ്വാർഡോ റിറ്റർ പറഞ്ഞു.
കനാൽ തിരിച്ചുപിടിക്കാൻ ട്രംപ് സൈനിക ആക്രമണത്തിന് ഉത്തരവിടുമെന്നതിൽ വ്യക്തതയില്ല. എന്നാൽ 4.5 ദശലക്ഷം ജനസംഖ്യയുള്ള പാനമക്ക് യുദ്ധത്തിൽ കാര്യമായ പരിചയമില്ല എന്നത് മറ്റൊരു യാഥാർത്ഥ്യമാണ്. തന്റെ വഴിക്ക് കാര്യങ്ങൾ വന്നില്ലെങ്കിൽ പ്രതികാര നടപടിക്ക് ട്രംപ് മുതിരുമോയെന്ന ആശങ്കയിലാണ് പാനമ പൗരന്മാർ. Trump’s Threat Over Panama Canal
Content Summary: Trump’s Threat Over Panama Canal Rekindles Memories of 1989 US Invasion
Panama Canal Donald trump latin america