കാലിഫോര്‍ണിയന്‍ തീരം തൊട്ട് സുനാമി; ഫോര്‍ട്ട് ബ്രാഗ് മുതല്‍ സാന്താ ബാര്‍ബറ വരെ ജാഗ്രത

യുഎസ് വെസ്റ്റ് കോസ്റ്റില്‍ സുനാമി തിരമാലകള്‍ ആഞ്ഞുവീശി

സുനാമി മുന്നറിയിപ്പിനെ തുടര്‍ന്ന് കാലിഫോര്‍ണിയയില്‍ ജാഗ്രത നിര്‍ദേശം ശക്തമാക്കി. യുഎസ് വെസ്റ്റ് കോസ്റ്റില്‍ സുനാമി തിരമാലകള്‍ ആഞ്ഞുവീശി. വാഷിംഗ്ടണ്‍, ഒറിഗോണ്‍, കാലിഫോര്‍ണിയ എന്നിവിടങ്ങളിലെ തീരങ്ങളെയാണ് ഇത് ബാധിച്ചത്. കാലിഫോര്‍ണിയയിലെ അരീന കോവില്‍ 1.6 അടി ഉയരമുള്ള തരംഗമാണ് ഇതുവരെ രേഖപ്പെടുത്തിയത്. ക്രസന്റ് സിറ്റിയില്‍ 1.5 അടിയും മോണ്ടെറിയില്‍ 1.4 അടിയും ഉയരമുള്ള തിരമാലകളും രേഖപ്പെടുത്തി.

വടക്കന്‍ കാലിഫോര്‍ണിയന്‍ തീരത്ത് സുനാമി മുന്നറിയിപ്പ് ഇപ്പോഴും നിലവിലുണ്ട്. അതേസമയം, സാന്‍ ഫ്രാന്‍സിസ്‌കോ ബേ ഏരിയ ഉള്‍പ്പെടെയുള്ള കാലിഫോര്‍ണിയന്‍ തീരത്തിന്റെ മറ്റ് ഭാഗങ്ങളിലും ഒറിഗോണ്‍, വാഷിംഗ്ടണ്‍ തീരങ്ങളിലും സുനാമി മുന്നറിയിപ്പുകള്‍ ഇപ്പോഴും സജീവമാണ്. ഹവായിയുടെ തീരപ്രദേശങ്ങളില്‍ ആദ്യ സുനാമി തരംഗങ്ങള്‍ ആഞ്ഞടിച്ചതിനെ തുടര്‍ന്ന്, കാലിഫോര്‍ണിയയുടെ പല ഭാഗങ്ങളിലും അപകടകരമായ മുന്നറിയിപ്പ് നല്‍കിയിരുന്നു. ഹവായിലെ ഹൊണോലുലു അന്താരാഷ്ട്ര വിമാനത്താവളത്തില്‍ നിന്നും സര്‍വീസുകള്‍ പുനരാരംഭിച്ചതായി അധികൃതര്‍ അറിയിച്ചു.

ലോസ് ഏഞ്ചല്‍സ്, സാന്‍ ഫ്രാന്‍സിസ്‌കോ, സാന്താ ബാര്‍ബറ എന്നിവിടങ്ങളിലും സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ആദ്യ തിരമാലകള്‍ക്ക് ശേഷവും അപകടകരമായ പ്രവാഹങ്ങളും കൂടുതല്‍ തിരമാലകളും മണിക്കൂറുകളോളം തുടര്‍ന്നേക്കാമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കുന്നു. ഔദ്യോഗിക മുന്നറിയിപ്പുകള്‍ പിന്‍വലിക്കുന്നത് വരെ കടല്‍ത്തീരങ്ങള്‍, തുറമുഖങ്ങള്‍, പിയറുകള്‍ എന്നിവയില്‍ നിന്ന് വിട്ടുനില്‍ക്കാന്‍ നാഷണല്‍ വെതര്‍ സര്‍വീസ് പൊതുജനങ്ങളോട് അഭ്യര്‍ത്ഥിച്ചു.

കാലിഫോര്‍ണിയയിലെ ലോസ് ഏഞ്ചല്‍സ് നാഷണല്‍ വെതര്‍ സര്‍വീസ് (NSW Los Angeles) സമാനമായ സുനാമി മുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. ജലനിരപ്പ് ഉയരുന്നതും ശക്തമായ തിരമാലകളും തുറമുഖങ്ങളെയും തീരമേഖലയെയും ബാധിക്കാമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. ‘സുനാമികള്‍ സാധാരണയായി ഒന്നിലധികം തിരമാലകളുടെ ഒരു നിരയായാണ് എത്തുന്നത്, ആദ്യ തരംഗത്തിന് ശേഷവും ഇത് മണിക്കൂറുകളോളം അപകടകരമായേക്കാം,’ എന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു.

അതേസമയം, സാന്‍ ഫ്രാന്‍സിസ്‌കോയിലെ ഇന്ത്യന്‍ മിഷന്‍ കാലിഫോര്‍ണിയയിലും യുഎസ് വെസ്റ്റ് കോസ്റ്റിലെ മറ്റ് സംസ്ഥാനങ്ങളിലുമുള്ള ഇന്ത്യന്‍ പൗരന്മാര്‍ക്ക് ജാഗ്രതാ നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. തീരദേശങ്ങള്‍ ഒഴിവാക്കാനും, സുനാമി മുന്നറിയിപ്പ് നല്‍കുകയാണെങ്കില്‍ ഉയര്‍ന്ന പ്രദേശങ്ങളിലേക്ക് മാറാനും, പ്രാദേശിക മുന്നറിയിപ്പുകള്‍ പാലിക്കാനും, അടിയന്തര സാഹചര്യങ്ങള്‍ക്കായി തയ്യാറെടുക്കാനും നിര്‍ദ്ദേശിച്ചിട്ടുണ്ട്. Tsunami reaches California coast; alert from Fort Bragg to Santa Barbara

Content Summary: Tsunami reaches California coast; alert from Fort Bragg to Santa Barbara

This post was last modified on July 30, 2025 3:13 pm

അഴിമുഖം ഡെസ്‌ക്:
Related Post
Leave a Comment