തമിഴക വെട്രി കഴക(ടിവികെ)ത്തെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ സമ്മതിക്കാത്ത നിലപാടാണ് ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കര്‍ സ്വീകരിച്ചിരിക്കുന്നത്. ഗവര്‍ണറുടെ വിവേചനാധികാരവും ജനവിധിയും തമ്മിലുള്ള പുതിയൊരു സംവാദത്തിന് വഴിതുറന്നിരിക്കുന്ന ഈ നിലപാടില്‍ വലിയ പ്രതിഷേധം അര്‍ലേക്കര്‍ക്കെതിരേ ഉയരുന്നുണ്ട്. സാധാരണഗതിയില്‍ തിരഞ്ഞെടുപ്പില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി മാറുന്ന പാര്‍ട്ടിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുകയും സഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യപ്പെടുകയുമാണ് പതിവ്. അതിനായി സമയവും കൊടുക്കും. എന്നാല്‍, 234 അംഗ നിയമസഭയില്‍ ഭൂരിപക്ഷം തെളിയിക്കാന്‍ ആവശ്യമായ 118 എംഎല്‍എമാരുടെ പിന്തുണ വ്യക്തമാക്കുന്ന രേഖകള്‍ ഹാജരാക്കാതെ വിജയ് യെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കില്ലെന്ന വാശിയിലാണ് ഗവര്‍ണര്‍. 118 എംഎല്‍എമാരുടെ കത്തുമായി വരാന്‍ പറഞ്ഞു രണ്ടു തവണയാണ് വിജയ്യെ ഗവര്‍ണര്‍ മടക്കിയയച്ചത്. നിലവില്‍ ടിവികെക്ക് 108 എംഎല്‍എമാരാണുള്ളത്. കോണ്‍ഗ്രസിന്റെ അഞ്ച് എംഎല്‍എമാരുടെ പിന്തുണ കൂടി ചേരുമ്പോള്‍ ഈ സംഖ്യ 113 ആയി ഉയരും. എങ്കിലും കേവല ഭൂരിപക്ഷത്തിന് ആവശ്യമായ 118 എന്ന സംഖ്യയിലേക്ക് എത്താന്‍ ഇനിയും അഞ്ച് അംഗങ്ങളുടെ കുറവുണ്ട്. ഗവര്‍ണര്‍ക്കെതിരേ സുപ്രീം കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് വിജയ്.
ഭരണഘടന നല്കുന്ന അധികാരം
ഭരണഘടനയുടെ 164-ാം അനുച്ഛേദം അനുസരിച്ച് മുഖ്യമന്ത്രിയെ നിയമിക്കാനുള്ള അധികാരം ഗവര്‍ണര്‍ക്കാണ്. മുഖ്യമന്ത്രിയുടെ നിര്‍ദേശപ്രകാരം മറ്റ് മന്ത്രിമാരെയും ഗവര്‍ണര്‍ നിയമിക്കുന്നു. ഗവര്‍ണറുടെ താല്‍പ്പര്യപ്രകാരമാണ് മന്ത്രിമാര്‍ പദവിയില്‍ തുടരുന്നത്. ഈ അധികാരം വിനിയോഗിക്കുന്നതിനായി, ജനവിധി നേടിയതും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദം ഉന്നയിക്കുന്നതുമായ പാര്‍ട്ടിയെ ഗവര്‍ണര്‍ ക്ഷണിക്കുന്നു. തുടര്‍ന്ന് മുഖ്യമന്ത്രിയായി നിശ്ചയിക്കപ്പെട്ട വ്യക്തിക്ക് സത്യവാചകം ചൊല്ലിക്കൊടുക്കുന്നതിനുള്ള സമയം ഗവര്‍ണര്‍ നിശ്ചയിക്കുന്നു. ഇതിന് പിന്നാലെ സഭയിലെ മുതിര്‍ന്ന അംഗത്തെ പ്രോ-ടേം സ്പീക്കറായി നിയമിക്കുകയും, മറ്റ് എംഎല്‍എമാരുടെ സത്യപ്രതിജ്ഞയ്ക്കും ഭൂരിപക്ഷം തെളിയിക്കാനുമുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യുന്നു.
സുപ്രീം കോടതിയുടെ മുന്‍കാല വിധികള്‍
ഏറ്റവും വലിയ ഒറ്റകക്ഷിയെ സര്‍ക്കാര്‍ രൂപീകരിക്കാന്‍ ക്ഷണിക്കുക എന്ന കീഴ്വഴക്കം പലതവണ സുപ്രീം കോടതി ഉത്തരവുകളിലൂടെ ആവര്‍ത്തിച്ചിട്ടുള്ളതാണ്. ലോക് ഭവനുകള്‍ രാഷ്ട്രീയ താല്‍പ്പര്യങ്ങള്‍ക്ക് വഴങ്ങുന്നു എന്ന ആരോപണം ഉയരുമ്പോള്‍ പലപ്പോഴും പ്രതിപക്ഷ പാര്‍ട്ടികള്‍ കോടതിയുടെ ഇടപെടല്‍ തേടാറുണ്ട്. 2018-ല്‍ കര്‍ണാടക ഗവര്‍ണര്‍ വാജുഭായ് വാല ബി.എസ്. യെദ്യൂരപ്പയെ മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്യാന്‍ ക്ഷണിച്ചതിനെതിരെ കോണ്‍ഗ്രസും ജെഡിഎസും അര്‍ദ്ധരാത്രിയില്‍ സുപ്രീം കോടതിയെ സമീപിച്ചത് ഇതിന് ഉദാഹരണമാണ്. ബിജെപി ഏറ്റവും വലിയ ഒറ്റകക്ഷിയായതിനാലാണ് ഗവര്‍ണര്‍ അവരെ ക്ഷണിച്ചത്. എന്നാല്‍ കോണ്‍ഗ്രസും ജെഡിഎസും തിരഞ്ഞെടുപ്പിന് ശേഷമുള്ള സഖ്യം പ്രഖ്യാപിച്ചിരുന്നു. അന്ന് ഭൂരിപക്ഷം തെളിയിക്കാന്‍ ഗവര്‍ണര്‍ ബിജെപിക്ക് 15 ദിവസത്തെ സമയം നല്‍കിയിരുന്നു.
ചീഫ് ജസ്റ്റിസ് ദീപക് മിശ്രയുടെ നേതൃത്വത്തില്‍ രാത്രി മുഴുവന്‍ നടന്ന വാദത്തിനൊടുവില്‍ സത്യപ്രതിജ്ഞ തടയാന്‍ കോടതി വിസമ്മതിച്ചു. എന്നാല്‍ കുതിരക്കച്ചവടത്തിനുള്ള സാധ്യതകള്‍ കണക്കിലെടുത്ത് 15 ദിവസത്തെ സമയം 36 മണിക്കൂറായി കോടതി വെട്ടിക്കുറച്ചു. ഒടുവില്‍ ബിജെപിക്ക് ഭൂരിപക്ഷം തെളിയിക്കാന്‍ കഴിയാതെ വരികയും കോണ്‍ഗ്രസ് സഖ്യം സര്‍ക്കാര്‍ രൂപീകരിക്കുകയും ചെയ്തു. സമാനമായി 2016-ല്‍ ഉത്തരാഖണ്ഡിലുണ്ടായ ഭരണഘടനാ പ്രതിസന്ധിയിലും, നിയമസഭയിലെ ‘ഫ്ളോര്‍ ടെസ്റ്റ്’ ആണ് ഭൂരിപക്ഷം തെളിയിക്കാനുള്ള ഏക മാര്‍ഗ്ഗമെന്ന് സുപ്രീം കോടതി വ്യക്തമാക്കിയിരുന്നു.
വിമര്‍ശനങ്ങളും രാഷ്ട്രീയ പ്രത്യാഘാതങ്ങളും
ഗവര്‍ണറുടെ ഈ നീക്കത്തെ രൂക്ഷമായ ഭാഷയിലാണ് മുന്‍ കേന്ദ്ര നിയമമന്ത്രി അശ്വനി കുമാര്‍ വിമര്‍ശിച്ചത്. ഗവര്‍ണറുടെ നടപടി ഒരു രാഷ്ട്രീയ തന്ത്രമാണെന്ന് അദ്ദേഹം ആരോപിച്ചു. ഗവര്‍ണറുടെ ഭരണഘടനാപരമായ വിവേചനാധികാരം ജനവിധിക്കോ ജനാധിപത്യ മൂല്യങ്ങള്‍ക്കോ എതിരാകാന്‍ പാടില്ല. സാങ്കേതികത്വത്തിന്റെ പേരില്‍ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് ഭരണഘടനാപരമായ തെറ്റാണെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിജയ്യുടെ സത്യപ്രതിജ്ഞ വൈകിപ്പിക്കുന്നത് രാഷ്ട്രീയപരമായ പ്രകോപനമാണെന്നും ജനാധിപത്യ മര്യാദകള്‍ക്ക് നിരക്കാത്തതാണെന്നും അദ്ദേഹം ഇക്കണോമിക് ടൈംസിനോട് പ്രതികരിച്ചു. ഗവര്‍ണറുടെ ഈ നിലപാട് തമിഴ്നാട് രാഷ്ട്രീയത്തില്‍ വലിയ ചര്‍ച്ചകള്‍ക്കാണ് വഴിവെച്ചിരിക്കുന്നത്.
Content Summary: Tamil Nadu faces a constitutional standoff as Governor Rajendra Arlekar refuses to invite TVK leader Vijay to form the government
ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.