June 04, 2026 |
Share on

യുവാക്കള്‍, ബിരുദധാരികള്‍, പ്രൊഫഷണലുകള്‍; ടിവികെയുടെ ‘വിജയ’ഘടകങ്ങള്‍

തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ ആദ്യ പോരാട്ടത്തിന് ഇറങ്ങി തമിഴ്‌നാടിന്റെ അധികാരം പിടിച്ചെടുത്തിരിക്കുകയാണ് തമിഴക വെട്രി കഴകം

ദിവസങ്ങള്‍ നീണ്ട അനിശ്ചിതത്വങ്ങള്‍ക്ക് വിരാമം, തമിഴ്‌നാട്ടില്‍ തമിഴക വെട്രി കഴകം (ടിവികെ) ഇന്ന് ഭരണത്തിലേറും. നിയമസഭയിലെ 234 സീറ്റുകളില്‍ കേവല ഭൂരിപക്ഷത്തിന് വേണ്ട 118 എന്ന സംഖ്യ മറികടന്ന്, സഖ്യകക്ഷികളുടെ പിന്തുണയോടെ 121 സീറ്റുകള്‍ ഉറപ്പിച്ചാണ് ടിവികെ സര്‍ക്കാര്‍ രൂപീകരണത്തിന് ഒരുങ്ങുന്നത്. ടിവികെയുടെ 108 എംഎല്‍എമാര്‍ക്കൊപ്പം കോണ്‍ഗ്രസ്, വിസികെ, ഇടത് പാര്‍ട്ടികള്‍, ഐയുഎംഎല്‍ എന്നിവരും പിന്തുണ പ്രഖ്യാപിച്ചിട്ടുണ്ട്. ഇതോടെ ഏവരും ഉറ്റുനോക്കുന്നത് പുതിയ മന്ത്രിസഭയിലേക്കും ടിവികെ നേതൃത്വം നല്‍കുന്ന സര്‍ക്കാരിന്റെ ആദ്യ നാളുകളിലേക്കുമാണ്.

ടിവികെയുടെ വിജയത്തില്‍ നിര്‍ണായകമായത് യുവാക്കളുടെ വോട്ടുകളാണ്. പാര്‍ട്ടിയുടെ എംഎല്‍എമാരിലും ഈ യുവത്വത്തിന്റെ സാന്നിധ്യം പ്രകടമാണ്. എംഎല്‍എമാരുടെ ശരാശരി പ്രായം 45 വയസ്സാണ്. ഇതില്‍ ഏറ്റവും പ്രായം കുറഞ്ഞ പ്രതിനിധിക്ക് 28 വയസ്സാണ് പ്രായം. 40 വയസ്സില്‍ താഴെയുള്ള 41 എംഎല്‍എമാരാണ് ടിവികെയിലുള്ളത്. അതേസമയം, 60 വയസ്സോ അതില്‍ കൂടുതലോ പ്രായമുള്ളവര്‍ 10 പേര്‍ മാത്രമാണ്. യുവത്വത്തിന് മുന്‍ഗണന നല്‍കുന്ന പാര്‍ട്ടിയുടെ നിലപാടാണ് യുവാക്കളെ ആകര്‍ഷിക്കുന്നതെന്ന് ഒരു യുവ നേതാവ് മാധ്യമങ്ങളോട് പ്രതികരിച്ചു. പരമ്പരാഗത പാര്‍ട്ടികള്‍ മുതിര്‍ന്ന നേതാക്കളെ പ്രോത്സാഹിപ്പിക്കുമ്പോള്‍ ടിവികെ പുതുമുഖങ്ങള്‍ക്കും യുവാക്കള്‍ക്കും അര്‍ഹമായ അവസരമാണ് നല്‍കിയതെന്ന് പാര്‍ട്ടി വൃത്തങ്ങള്‍ ചൂണ്ടിക്കാട്ടുന്നു. വിജയിന്റെ യുവ ആരാധകവൃന്ദവുമായി ചേര്‍ന്നുനില്‍ക്കുന്ന ഒരു തലമുറ മാറ്റമാണ് ഇതിലൂടെ പ്രകടമാകുന്നത്.

പുതിയൊരു രാഷ്ട്രീയ പ്രസ്ഥാനമായതുകൊണ്ട് തന്നെ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ രാഷ്ട്രീയ പരിചയമില്ലാത്ത പലരെയും പാര്‍ട്ടിക്ക് ആശ്രയിക്കേണ്ടി വന്നിട്ടുണ്ട്. വിജയിന്റെ രണ്ട് സീറ്റുകള്‍ മാറ്റിനിര്‍ത്തിയാല്‍ ടിവികെയുടെ 107 എംഎല്‍എമാരില്‍ 93 പേരും കന്നി അംഗങ്ങളാണ്. പാര്‍ട്ടി അധ്യക്ഷനായ വിജയ് ഉള്‍പ്പെടെയുള്ളവരാണിത്. മറ്റ് പാര്‍ട്ടികളില്‍ നിന്ന് വന്ന പരിചയസമ്പന്നരായ ഏതാനും നേതാക്കളും പാര്‍ട്ടിയിലുണ്ട്. മുന്‍ വിസികെ നേതാവ് ആദവ് അര്‍ജുന, ബിജെപി-എഐഎഡിഎംകെ പശ്ചാത്തലമുള്ള ആര്‍ നിര്‍മല്‍ കുമാര്‍, മുന്‍ ഡിഎംകെ അംഗം ആര്‍ എസ് മുരുകന്‍, മുന്‍ സ്പീക്കര്‍ പി ധനപാലിന്റെ മകന്‍ ലോഗേഷ് തമിഴ്‌സെല്‍വന്‍ എന്നിവര്‍ ഇതില്‍ ഉള്‍പ്പെടുന്നു. മുന്‍പ് എംഎല്‍എമാരായിരുന്ന വി സത്യഭാമ, വി നാരായണന്‍, എം വി കറുപ്പയ്യ തുടങ്ങിയവരും ടിവികെ ടിക്കറ്റില്‍ ഇത്തവണ വിജയിച്ചു. കോലാത്തൂരില്‍ ഡിഎംകെ നേതാവ് എം കെ സ്റ്റാലിനെ പരാജയപ്പെടുത്തിയ വി എസ് ബാബുവും ടിവികെ നിരയിലുണ്ട്.

കൂടാതെ എഐഎഡിഎംകെ സര്‍ക്കാരുകളില്‍ മന്ത്രിമാരായിരുന്ന കെ എ ചെങ്കോട്ടയ്യന്‍, എന്‍ സുബ്രഹ്‌മണ്യന്‍ എന്നിവരും പുതുച്ചേരിയില്‍ നിന്നുള്ള മുന്‍ എന്‍ആര്‍ കോണ്‍ഗ്രസ് എംഎല്‍എയും ടിവികെ ജനറല്‍ സെക്രട്ടറിയുമായ എന്‍ ആനന്ദും പാര്‍ട്ടിയുടെ പരിചയസമ്പന്നരായ മുഖങ്ങളാണ്. ഇലക്ഷന്‍ സത്യവാങ്മൂലം അനുസരിച്ച് വൈവിധ്യമാര്‍ന്ന തൊഴില്‍ പശ്ചാത്തലമുള്ളവരാണ് ടിവികെ എംഎല്‍എമാര്‍. ഇതില്‍ 46 ബിസിനസ്സുകാര്‍, 19 നിര്‍മ്മാണ-റിയല്‍ എസ്റ്റേറ്റ് മേഖലയിലുള്ളവര്‍, 9 ഡോക്ടര്‍മാര്‍, 8 അഭിഭാഷകര്‍ എന്നിവര്‍ക്ക് പുറമെ സിനിമാ-മാധ്യമ രംഗത്തെ 7 പേരും ഉള്‍പ്പെടുന്നു. വിദ്യാഭ്യാസ യോഗ്യതയുടെ കാര്യത്തില്‍ 67 എംഎല്‍എമാര്‍ ബിരുദധാരികളാണ്. 15 പേര്‍ പ്ലസ് ടു വരെയും 24 പേര്‍ പത്താം ക്ലാസ് വരെയുമാണ് പഠിച്ചിട്ടുള്ളത്. കൂടാതെ, 67 എംഎല്‍എമാര്‍ക്കെതിരെ ക്രിമിനല്‍ കേസുകളില്ലാത്തപ്പോള്‍ ബാക്കിയുള്ള 40 പേര്‍ക്കെതിരെ ഒന്നോ അതിലധികമോ ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്.

Content Summary; Vijay’s TVK prepares for the swearing-in ceremony in Tamil Nadu with 121 MLAs Sunday. Tamil Nadu Politics.

Support Azhimukham

ജനാധിപത്യത്തിന്റെ നിലനിൽപ്പിന് സ്വതന്ത്ര മാധ്യമങ്ങൾ ആവശ്യമാണ്. സ്വതന്ത്രമായി പ്രവർത്തിക്കുന്ന മാധ്യമ സ്ഥാപനങ്ങൾക്കാകട്ടെ പൊതുജനങ്ങളുടെ പിന്തുണയും അത്യാവശ്യമാണ്. ഭയരഹിതമായ അന്വേഷണാത്മക റിപ്പോർട്ടിങ്ങും ആഴത്തിലുള്ള വിശകലനങ്ങളും 'അഴിമുഖ'ത്തിൽ തുടരുന്നതിന് ദയവായി ഞങ്ങളെ പിന്തുണയ്ക്കുക.

Leave a Reply

Your email address will not be published. Required fields are marked *

×