June 18, 2025 |

രന്തംഭോര്‍ വീണ്ടും ‘കങ്കടി’യുടെ മനുഷ്യവേട്ട; ഒരു മാസത്തിനുള്ളില്‍ രണ്ടാമത്തെ മനുഷ്യജീവനെടുത്ത് പെണ്‍ കടുവ

ഈ വിഷയത്തിൽ വേണ്ട നടപടിയെടുക്കാൻ വനംവകുപ്പ് തയ്യാറായിട്ടില്ല

രാജസ്ഥാനിലെ രന്തംഭോറിൽ വനപാലകൻ കടുവയാക്രമണത്തിൽ മരണപ്പെട്ടതായി റിപ്പോർട്ട്. ഒരു മാസത്തിനുള്ളിൽ രണ്ടാമത്തെ മരണമാണിത്. ജോ​ഗി മഹലിൽ വച്ചാണ് ദേവേന്ദ്ര സിം​ഗ് ചൗധരിയെന്ന ഫോറസ്റ്റ് റേഞ്ച് ഓഫീസറെ കടുവ ആക്രമിക്കുന്നത്. തുടർന്ന് കാട്ടിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോവുകയായിരുന്നു എന്നാണ് റിപ്പോർട്ട്.

എട്ട് വർഷങ്ങൾക്ക് മുമ്പ് തന്റെ പിതാവിന്റെ മരണശേഷമാണ് ദേവേന്ദ്ര ചൗധരി ഫോറസ്റ്റ് റേഞ്ച് ഓഫീസറായി നിയമിതനാവുന്നത്. രന്തംഭോറിലെ ജോ​ഗി മഹലിന് സമീപം വച്ച് മനുഷ്യ‌ർക്ക് നേരെ കടുവയുടെ ആക്രമണമുണ്ടാവുന്നത് ഒരു സ്ഥിര സംഭവമായി മാറിയിരിക്കയാണ്. ഈ വിഷയത്തിൽ വേണ്ട നടപടിയെടുക്കാൻ വനംവകുപ്പ് തയ്യാറായിട്ടില്ല.

രാജസ്ഥാനിലേക്കുള്ള യാത്രകൾക്കിടയിൽ പലപ്പോഴായി ജോഗി മഹലിന് സമീപം കടുവകളെ കണ്ടതായി വിനോദസഞ്ചാരിയും ചരിത്രകാരനുമായ ഒരു വ്യക്തി വെളിപ്പെടുത്തിയതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തിരുന്നു. കടുവകൾക്ക് നൽകുന്നതിനായി വനംകവകുപ്പിന്റെ ഓഫീസ് മുറിയോട് ചേർന്നുള്ള മുറിയിൽ പോത്തിനെ വളർത്തിയിരുന്നതായും ഇത് അപകടം വിളിച്ച് വരുത്തിയേക്കാമെന്ന് മുന്നറിയിപ്പ് നൽകിയിരുന്നതായും ഇദ്ദേഹം വ്യക്തമാക്കി. ഇവിടെ നിന്ന് വെറും നൂറു മീറ്റർ മാറിയാണ് ദേവേന്ദ്ര സിം​ഗ് ചൗധരിയെ കടുവ ആക്രമിക്കുന്നതും കൊല്ലുന്നതും. ദിനംപ്രതി നൂറുകണക്കിന് വിനോദ സഞ്ചാരികൾ വന്നു പോകുന്ന പ്രദേശമാണ് ജോ​ഗി മഹൽ, രന്തംഭോര്‍ കോട്ട, ​ഗണേഷ് ക്ഷേത്രം എന്നിവ. ഇതിന് ഏകദേശം അഞ്ച് ചതുരശ്ര കിലോമീറ്റർ ചുറ്റളവിൽ പതിവായി കടുവകളെ കാണാറുണ്ട്.

2023ലാണ് കടുവകൾക്ക് ഭക്ഷണത്തിനായി പോത്തുകളെ വനംവകുപ്പ് പോത്തിനെ വളർത്താൻ ആരംഭിക്കുന്നത്. 2023ൽ നാൽഘട്ടി പ്രദേശത്തേക്ക് കുടിയിറക്കപ്പെട്ട റിദ്ധി എന്ന കടുവയ്ക്ക് ഇടുപ്പ് അസ്ഥി വൈകല്യമുള്ളതായി കണ്ടെത്തിയിരുന്നു. റിദ്ധിയ്ക്ക് രണ്ട് കുഞ്ഞുങ്ങളുണ്ടായതോടെ ആരോ​ഗ്യം ക്ഷയിക്കാൻ തുടങ്ങി. ഇതോടെയാണ് കടുവയ്ക്ക് ഭക്ഷണമായി പോത്തിനെ വളർത്താൻ തുടങ്ങുന്നത്. ചുരുങ്ങിയ വർഷങ്ങൾക്കുള്ളിൽ തന്നെ റിദ്ധിയുടെ വംശം വിപുലമാവുകയും ജോ​ഗി മഹലിന് സമീപം താമസം ആരംഭിക്കുകയും ചെയ്തു.

എന്നാൽ മാംസം കൊടുത്ത് വളർത്തിക്കൊണ്ട് വന്ന ഈ കടുവകൾ കൂടുതൽ അപകടകാരികളായി തീർന്നു. ജോ​ഗി മഹലിലേക്കും ​ഗണേഷ് ക്ഷേത്രത്തിലേക്കും എത്തുന്ന സഞ്ചാരികളെ ഇവ പതിയിരുന്ന് ആക്രമിക്കാൻ തുടങ്ങി. ഈ പ്രദേശത്ത് കടുവകളുടെ ആദ്യ ആക്രമണമുണ്ടാവുന്നതും വനപാലകന് നേരെയാണ്. തലനാരിഴയ്ക്ക് ചെറിയ മുറിവുകളോടെ അന്നയാൾ രക്ഷപ്പെടുകയായിരുന്നു. കൂട്ടത്തിൽ ഏറ്റവും അപകടകാരിയായ കടുവയാണ് കങ്കടി. തുടർച്ചയായി റിപ്പോ‌‍‍‌‍ർട്ട് ചെയ്ത രണ്ട് ആക്രമണങ്ങളും നടത്തിയത് ഈ കടുവയായിരുന്നു.

ഏപ്രിൽ 16ന് ഗണേശ ചതുർത്ഥി ദിനത്തിൽ ഉച്ചകഴിഞ്ഞ് തന്റെ മുത്തശ്ശിയുടെ കൈ പിടിച്ച് തിരക്കേറിയ റോഡിലൂടെ നടന്നു പോയ ഏഴു വയയുകാരൻ കാർത്തിക് സുമനെ കൊലപ്പെടുത്തിയത് ഇതേ കടുവയാണെന്നാണ് റിപ്പോർട്ട്. രന്തംഭോര്‍ ദേശീയോദ്യാനത്തിൽ ഞായറാഴ്ച സോൺ നമ്പർ 3ൽ ഡ്യൂട്ടിയിലിരിക്കെയാണ് റേഞ്ചർ ദേവേന്ദ്ര ചൗധരിയെ കടുവ ആക്രമിക്കുന്നത്. ചൗധരിയുടെ നിലവിളി കേട്ട് ഏതാനും വനം വകുപ്പ് ജീവനക്കാർ സ്ഥലത്തെത്തിയെങ്കിലും രക്ഷിക്കാനായില്ല. ചൗധരിയുടെ കഴുത്തിൽ കടുവയുടെ പല്ലുകളുടെയും നഖങ്ങളുടെയും പാടുകൾ കണ്ടെത്തിയതായി ജീവനക്കാർ പറഞ്ഞു.

ഏപ്രിൽ 16 നും മെയ് 11 നും നടന്ന രണ്ട് മാരക ആക്രമണങ്ങളിലും ഉൾപ്പെട്ട കടുവയാണ് കങ്കടിയെന്ന് രന്തംഭോർ ഫീൽഡ് ഡയറക്ടർ കെ ആർ അനൂപ് ഇന്ത്യൻ എക്സ്പ്രസിനോട് സ്ഥിരീകരിക്കുന്നു. ആക്രമണങ്ങൾക്ക് ശേഷവും കടുവയെ നീക്കം മാറ്റി താമസിപ്പിക്കാനുള്ള നീക്കം വനംവകുപ്പ് നടത്തുന്നില്ല. ഇതിനെക്കുറിച്ച് കൃത്യമായ മറുപടി നൽകിയിട്ടുമില്ല. ഇത്തരം കാര്യങ്ങളിൽ കൃത്യമായ നടപടി സ്വീകരിച്ചാലേ മനുഷ്യ വന്യജീവി സംഘർഷത്തിന് കൃത്യമായ പരിഹാരം കണ്ടെത്താൻ സാധിക്കൂവെന്ന നിർദേശങ്ങളുമുയരുന്നു.

content summary: Two people were killed in tiger attacks within a month in Ranthambhore, and the forest department’s indifference contributed to the latest death

Leave a Reply

Your email address will not be published. Required fields are marked *

×