അമേരിക്കയിലുള്ള അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ സ്വത്തുക്കൾ മരവിപ്പിക്കാനും നാല് ഐ.സി.സി ഉദ്യോഗസ്ഥരെ വിലക്കാനും യു.എസ് സ്റ്റേറ്റ് ഡിപാർട്ട്മെന്റ് തീരുമാനിച്ചു. ഇസ്രയേൽ അധിപൻ ബഞ്ചമിൻ നെതന്യാഹൂവിനെതിരെ ഐ.സി.സി അറസ്റ്റ് വാറണ്ട് പുറപ്പെടുവിച്ച ഘട്ടം മുതൽ അമേരിക്കൻ പ്രസിഡന്റ് ട്രംപും കൂട്ടരും അന്താരാഷ്ട്ര ക്രിമിനൽ വിചാരണ സംവിധാനത്തിനെതിരെ കൈക്കൊണ്ടിട്ടുള്ള നടപടികളുടെ തുടർച്ചയാണിത്. . ‘അന്താരാഷ്ട്ര തലത്തിലുള്ള നിഷ്പക്ഷ നീതിന്യായ സംവിധാനത്തിന്റെ സ്വതന്ത്രമായ പ്രവർത്തനത്തിനെതിരെയുള്ള ഗൗരവമേറിയ ആക്രമണം’ ആണിതെന്ന് ഐ.സി.സി അപലപിച്ചു. ഐക്യരാഷ്ട്ര സഭയും ഫ്രാൻസും അമേരിക്കൻ നടപടിയിലുള്ള പ്രതിഷേധം അറിയിച്ചു. തുടർന്നും അന്താരാഷ്ട്ര ക്രിമിനൽ കോടതിയുടെ സ്വതന്ത്രമായ പ്രവർത്തനത്തിന് വേണ്ട എല്ലാ നടപടികളുമായി മുന്നോട്ട് പോകുമെന്ന് ഐക്യരാഷ്ട്ര സഭ അറിയിച്ചു.
അമേരിക്കൻ, ഇസ്രയേൽ പൗരസമൂഹത്തിനെ വിചാരണ ചെയ്യാനുള്ള ആയുധമായി അന്തeരാഷ്ട്ര ക്രിമിനൽ കോടതി നിലകൊള്ളുന്നുവെന്ന് പ്രഖ്യാപിച്ചാണ് യു.എസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റൂബിയോ വിലക്ക് പ്രഖ്യാപിച്ചത്. അമേരിക്കൻ അതിർത്തിയിലുള്ള ഐ.സി.സിയുടെ മുഴുവൻ സ്വത്തുക്കളും മരവിപ്പിക്കുകയും രണ്ട് ഐ.സി.സി ജഡ്ജുമാരേയും രണ്ട് പ്രോസിക്യൂട്ടർമാരെയും വിലക്കുകയുമാണ് ചെയ്തിരിക്കുന്നത്. ഇസ്രയേൽ ഈ നടപടിയിൽ സന്തോഷം പ്രകടിപ്പിച്ചു. ലോകത്താദ്യമായി യുദ്ധകുറ്റങ്ങളെ വിചാരണ ചെയ്യാനാരംഭിച്ച അന്താരാഷ്ട്ര നിയമസംവിധാനമാണ് ഐ.സി.സി. ഡൊണാൾഡ് ട്രംപ് ആദ്യം യു.എസ് പ്രസിഡന്റ് ആയിരിക്കുമ്പോഴും ഐ.സി.സിക്കെതിരെ വിലക്ക് പ്രഖ്യാപിച്ചിരുന്നു. എന്നാൽ ജോ ബൈഡൻ സർക്കാർ നിലവിൽ വന്നപ്പോൾ ആ വിലക്ക് പിൻവലിക്കുകയായിരുന്നു.
ഐ.സി.സിയുടെ മുൻ ചീഫ് പ്രോസിക്യൂട്ടർ കരീം ഖാനെതിരെ അമേരിക്ക നേരത്തേ തന്നെ പിഴയിട്ടിരുന്നു. മേയ് മാസത്തിൽ ലൈംഗികാരോപണങ്ങളെ കുറിച്ച് സ്ഥാനമൊഴിഞ്ഞ കരീം ഖാനെ കൂടാതെ മറ്റ് നാല് ട്രിബൂണൽ ജഡ്ജിമാരേയും അമേരിക്ക ഉന്നം വച്ചിരുന്നു. ഇത് കൂടാതെ ഐ.സി.സി. ജഡ്ജുമാരായ കാനഡക്കാരനായ കിംബേർലി പ്രോസ്റ്റ്, ഫ്രഞ്ച് പൗരനായ നിക്കളസ് ഗൈലൂ, പ്രോസിക്യൂട്ടർമാരായ ഫിജി സ്വദേശി നസാത്ത് ഷമീം ഖാൻ, സെനഗൽ സ്വദേശി മണ്ട്യായേ നിയാങ് എന്നിവർക്കെതിരെയാണ് അമേരിക്കയുടെ പുതിയ വിലക്കും പിഴയും. ‘വിദേശികളായ ഈ വ്യക്തികൾ അമേരിക്കക്കാരേയും ഇസ്രയേലുകാരേയും ഇരു രാജ്യങ്ങളുടേയും സമ്മതമില്ലാതെ അറസ്റ്റ് ചെയ്യാനും അവരെ കുറിച്ച് അന്വേഷിക്കാനും തടങ്കലിൽ താമസിപ്പിക്കാനും കുറ്റവിചാരണ ചെയ്യാനും നടപടികളെടക്കുന്നു’ എന്ന് മാർകോ റൂബിയോ പറഞ്ഞു. ‘ഞങ്ങളുടെ സൈനികരെയും, പരമാധികാരത്തെയും, സഖ്യകക്ഷികളെയും ഐ.സി.സിയുടെ നിയമവിരുദ്ധവും അടിസ്ഥാനരഹിതവുമായ നടപടികളിൽ നിന്ന് സംരക്ഷിക്കാൻ ആവശ്യമായ ഏത് നടപടിയും ഭരണകൂടം തുടർന്നും സ്വീകരിക്കുമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ മാക്രോൺ ഈ നടപടിയിൽ ഖേദം രേഖപ്പെടുത്തി. ഈ ഉപരോധങ്ങൾ ‘സ്വതന്ത്ര നീതിന്യായ വ്യവസ്ഥയുടെ തത്വത്തിന് വിരുദ്ധമാണ്’ എന്ന് പാരീസിലെ ഒരു വിദേശകാര്യ വക്താവ് പറഞ്ഞു. ഗാസയിലെ ഇസ്രായേലിന്റെ ആക്രമണങ്ങളെ കുറിച്ച് കരീം ഖാന്റെ അന്വേഷണം തുടർന്നതിനും, നെതന്യാഹുവിനും ഗാലന്റിനുമെതിരായ ഐ.സി.സിയുടെ അറസ്റ്റ് വാറന്റുകൾ ശരിവെച്ചതിനുമാണ് കരീം ഖാനേയും നിയാങിനേയും അടക്കമുള്ളവരെ വേട്ടയാടുന്നതെന്നും പ്രസ്താവന ചൂണ്ടിക്കാണിക്കുന്നു.
ഈ ഉപരോധങ്ങൾ ‘ഒരു നിഷ്പക്ഷ നീതിന്യായ സ്ഥാപനത്തിന്റെ സ്വാതന്ത്ര്യത്തിന് നേരെയുള്ള നഗ്‌നമായ ആക്രമണമാണ്’ എന്ന ഐ.സി.സി ചൂണ്ടിക്കാണിച്ചു. ‘കോടതിയിലെ അംഗരാജ്യങ്ങൾക്കും, നിയമങ്ങളെ അടിസ്ഥാനമാക്കിയുള്ള അന്താരാഷ്ട്ര ക്രമത്തിനും, അതിലുപരി ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് നിരപരാധികളായ ഇരകൾക്കും നേരെയുള്ള അപമാനമാണ്’ എന്നും ഐ.സി.സി പറഞ്ഞു. ഐക്യരാഷ്ട്രസഭയുടെ വക്താവ് സ്റ്റെഫാൻ ഡുജാറിക്, എ.സി.സിയുടെ പ്രവർത്തനങ്ങൾക്ക് ഐക്യരാഷ്ട്രസഭയുടെ പൂർണ്ണ പിന്തുണയുണ്ടെന്ന് പറഞ്ഞു.
content summary: U.S. imposes ban on the International Criminal Court
Leave a Comment